Sunday, November 28, 2010

വിക്കിലീക്സ് 30 ലക്ഷം രേഖകൂടി പുറത്തുവിടുന്നു

വാഷിങ്ടണ്‍: അമേരിക്കയുടെ 30 ലക്ഷത്തോളം നയതന്ത്രരേഖകള്‍ വെളിപ്പെടുത്തുമെന്ന് വിക്കിലീക്സ് പ്രഖ്യാപിച്ചിരിക്കേ ഒബാമഭരണകൂടം കടുത്ത പരിഭ്രാന്തിയില്‍. വിവിധ രാജ്യങ്ങളില്‍ അമേരിക്ക നടത്തിയ ഇടപെടലിന്റെയും രാഷ്ട്രീയ അട്ടിമറികളുടെയും സിഐഎ സംഘടിപ്പിച്ച അരുംകൊലകളുടെയും രേഖകള്‍ വിക്കിലീക്ക്സ് വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. രേഖകള്‍ പുറത്തുവരുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അങ്ങേയറ്റം അപകടമാണെന്ന് അമേരിക്കന്‍ സേനാതലവന്‍ അഡ്മിറല്‍ മൈക്ക് മുല്ലന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ എംബസികളില്‍ അവധിയിലായിരുന്ന ഉദ്യോഗസ്ഥരോട് ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ അമേരിക്ക നിര്‍ദേശിച്ചു.

ലോകമെമ്പാടുമുള്ള 'അമേരിക്കന്‍ ദൌത്യങ്ങളുടെ' രേഖകള്‍ വിക്കിലീക്ക്സ് ചോര്‍ത്തിയതായി അമേരിക്കന്‍ വിദേശവകുപ്പ് വക്താവ് പി ജെ ക്രൌളി വ്യക്തമാക്കി. സഖ്യരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കാമെന്ന ഭയം അമേരിക്കക്ക് ഉണ്ട്. വിക്കിലീക്ക്സിന്റെ പുതിയ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് പി ജെ ക്രൌളി പിടിഐയോട് പറഞ്ഞു. എന്താണ് വിക്കിലീക്ക്സ് വെളിപ്പെടുത്താന്‍ പോകുന്നതെന്ന് കൃത്യമായി അറിയില്ലെങ്കിലും ഇത്തരം രേഖകള്‍ പുറത്തുവരാന്‍ പാടില്ലെന്ന് ക്രൌളി തുടര്‍ന്നു. ഇന്ത്യ-അമേരിക്ക ബന്ധത്തെ ബാധിക്കുന്ന രേഖകള്‍ പുറത്തുവന്നേക്കാമെന്ന് ക്രൌളി സൂചിപ്പിച്ചു.

റഷ്യ, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, ഇസ്രയേല്‍, തുര്‍ക്കി, യുഎഇ, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കി. അമേരിക്ക രഹസ്യമായി സൂക്ഷിച്ച നയതന്ത്രരേഖകള്‍ ചോര്‍ത്തിയാണ് വിക്കിലീക്ക്സ് ആഞ്ഞടിക്കാന്‍ ഒരുങ്ങിയിട്ടുള്ളത്. ചില പാശ്ചാത്യമാധ്യമങ്ങള്‍ക്കും വിക്കിലീക്ക്സ് ഈ രേഖകള്‍ കൈമാറിയതായി വിവരമുണ്ട്. നേരത്തെ, ഇറാഖ്-അഫ്ഗാന്‍ യുദ്ധരേഖകള്‍ ചോര്‍ത്തിയപ്പോഴും അവ ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പത്രങ്ങള്‍ക്ക് കൈമാറിയിരുന്നു. പെന്റഗണില്‍നിന്ന് നാലു ലക്ഷം യുദ്ധരേഖകളാണ് വിക്കിലീക്ക്സ് ആദ്യം ചോര്‍ത്തിയത്.

ഭരണകൂട ഭീകരതകളും മനുഷ്യാവകാശ ലംഘനങ്ങളും പുറത്തുകൊണ്ടുവരാനായി ഓസ്ട്രേലിയന്‍ പൌരനായ ജൂലിയന്‍ അസാഞ്ചെ എന്ന മാധ്യമപ്രവര്‍ത്തകന്‍ സ്ഥാപിച്ച വെബ്സൈറ്റാണ് വിക്കിലീക്ക്സ്. കംപ്യൂട്ടര്‍ വിദഗ്ധന്‍ കൂടിയായ അസാഞ്ചെ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഭരണരഹസ്യങ്ങള്‍ ചോര്‍ത്തുന്നത്. ഇതേത്തുടര്‍ന്ന് യൂറോപ്പിലെ സഖ്യരാജ്യങ്ങളെ ഉപയോഗിച്ച് അസാഞ്ചെയെ വേട്ടയാടാന്‍ അമേരിക്ക ശ്രമിച്ചുവരികയാണ്. നേരത്തെ സ്വീഡന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്ന അസാഞ്ചെ ഇപ്പോള്‍ ബ്രിട്ടനില്‍ രഹസ്യകേന്ദ്രത്തിലാണ്.

deshabhimani 281110

1 comment:

  1. അമേരിക്കയുടെ 30 ലക്ഷത്തോളം നയതന്ത്രരേഖകള്‍ വെളിപ്പെടുത്തുമെന്ന് വിക്കിലീക്സ് പ്രഖ്യാപിച്ചിരിക്കേ ഒബാമഭരണകൂടം കടുത്ത പരിഭ്രാന്തിയില്‍. വിവിധ രാജ്യങ്ങളില്‍ അമേരിക്ക നടത്തിയ ഇടപെടലിന്റെയും രാഷ്ട്രീയ അട്ടിമറികളുടെയും സിഐഎ സംഘടിപ്പിച്ച അരുംകൊലകളുടെയും രേഖകള്‍ വിക്കിലീക്ക്സ് വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. രേഖകള്‍ പുറത്തുവരുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അങ്ങേയറ്റം അപകടമാണെന്ന് അമേരിക്കന്‍ സേനാതലവന്‍ അഡ്മിറല്‍ മൈക്ക് മുല്ലന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ എംബസികളില്‍ അവധിയിലായിരുന്ന ഉദ്യോഗസ്ഥരോട് ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ അമേരിക്ക നിര്‍ദേശിച്ചു.

    ReplyDelete