Tuesday, November 30, 2010

ആന്ധ്രയില്‍ കോണ്‍ഗ്രസ് പിളര്‍ന്നു

ഹൈദരാബാദ്/ന്യൂഡല്‍ഹി: അന്തരിച്ച മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ മകനും വിമത നേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഢി കോണ്‍ഗ്രസിലെ പ്രാഥമികാംഗത്വവും എം പി സ്ഥാനവും രാജിവച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതോടെ ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. യൂത്ത് ശ്രമിക് റയട്ട് (വൈ എസ് ആര്‍ )കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം കഡപ്പയില്‍ ഉടന്‍ ഉണ്ടാകും. സംസ്ഥാനത്തെ ജനകീയ നേതാവായിരുന്ന വൈ എസ് ആറിന്റെ അനുയായികളില്‍ നല്ലൊരു പങ്കും ജഗനോടൊപ്പം ഉണ്ടെന്നത് കോണ്‍ഗ്രസില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ജഗന്റെ നീക്കം സംസ്ഥാന സര്‍ക്കാരിനെ ബാധിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

പിതാവിന്റെ മരണത്തെ തുടര്‍ന്ന് ജഗനെ മുഖ്യമന്ത്രിയാക്കണമെന്ന് 140 എം എല്‍ എമാര്‍ ആവശ്യമുന്നയിച്ചിരുന്നു. ഇരുപതോ ഇരുപത്തഞ്ചോ എം എല്‍ എമാര്‍ ഇപ്പോഴും ജഗനൊപ്പമുണ്ടെന്നാണ് കരുതുന്നത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍പോന്ന ശക്തി ജഗനും സംഘത്തിനും ഉണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ചിരഞ്ജീവിയുടെ നേതൃത്വത്തിലുള്ള പ്രജാരാജ്യം പാര്‍ട്ടിയിലെ 18 എം എല്‍ എമാരുടെ പിന്‍തുണ കോണ്‍ഗ്രസ് സര്‍ക്കാര്‍ തേടുന്നുണ്ട്.

കോണ്‍ഗ്രസ് നേതൃത്വം തന്നെയും കുടുംബത്തെയും അപമാനിക്കുകയും തരംതാഴ്ത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് ജഗന്‍ രാജിവച്ചത്. പിതാവ് വൈ എസ് രാജശേഖര റെഡ്ഢിയുടെ മരണത്തെ തുടര്‍ന്ന് കഡപ്പയില്‍നിന്നുള്ള എം പി കൂടിയായ ജഗന്‍ മുഖ്യമന്ത്രിയാകാന്‍ മോഹിച്ച് ശക്തമായ നീക്കങ്ങളാണ് നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കാതെ ജഗനെ കോണ്‍ഗ്രസ് നേതൃത്വം തഴയുകയായിരുന്നു. ഇതിനെതിരെ പാര്‍ട്ടിയില്‍ ആളെക്കൂട്ടിയ ജഗന്‍ വിമതശക്തിയായി കോണ്‍ഗ്രസിന് നിരന്തര തലവേദന സൃഷ്ടിച്ചു. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ച് നടത്തിയ ഒതര്‍പ്പ് യാത്രയിലൂടെ കോണ്‍ഗ്രസില്‍നിന്നും ജഗനെതിരായ സമ്മര്‍ദം വര്‍ധിപ്പിച്ചു. തന്റെ ഉടമസ്ഥതയിലുള്ള സാക്ഷി ടി വിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും പ്രധാനമന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിവിട്ടതാണ് ജഗനുമേലുള്ള സമ്മര്‍ദം ശക്തമാകാന്‍ കാരണമായത്.

സോണിയാ ഗാന്ധിക്കയച്ച അഞ്ച് പേജുള്ള തുറന്ന കത്തിലാണ് കോണ്‍ഗ്രസ് അംഗത്വം രാജിവയ്ക്കാനുള്ള തീരുമാനം ജഗന്‍ അറിയിച്ചത്. കഡപ്പയിലെ പുലിവേന്തുലയില്‍നിന്നുള്ള എം എല്‍ എ ആയ ജഗന്റെ മാതാവ് വിജയമ്മയും പാര്‍ട്ടിയിലെയും മറ്റും സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്. ഇവര്‍ എം എല്‍ എ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് ഇന്ന് സ്പീക്കര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

ജഗന്റെ തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും എന്നാല്‍ ആന്ധ്രയില്‍ പാര്‍ട്ടിക്ക് ഇത് ദോഷമുണ്ടാക്കില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. എം പി സ്ഥാനം രാജിവയ്ക്കുന്നതായി കാണിച്ച് ഒറ്റവരിയുള്ള കത്താണ് ജഗന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിന് ഫാക്‌സ് ചെയ്തതെന്നും കത്ത് സ്പീക്കര്‍ പരിശോധിച്ചുവരികയാണെന്നും ലോക്‌സഭാ വൃത്തങ്ങള്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു.

പിതാവിന്റെ സഹോദരനായ വൈ എസ് വിവേകാന്ദ റെഡ്ഢിക്ക് മന്ത്രിസ്ഥാനംനല്‍കി കുടുംബത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി ജഗന്‍ രാജിക്കത്തില്‍ ആരോപിക്കുന്നു. 14 മാസമായി പാര്‍ട്ടിയില്‍നിന്നുള്ള ആക്ഷേപങ്ങള്‍ സഹിക്കുകയാണ്. പ്രജാരാജ്യം പാര്‍ട്ടി നേതാവും നടനുമായ ചിരഞ്ജീവി കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടപ്പോള്‍ അടുത്ത ദിവസംതന്നെ അനുവദിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി സോണിയയെ കാണുന്നതിന് അനുമതിലഭിക്കുന്നതിന് കാത്തിരിക്കുകയാണെന്നും ഇത് തന്റെ കുടുംബത്തെ തരംതാഴ്ത്തുന്ന നടപടിയാണെന്നും ജഗന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് വ്യക്തിഹത്യ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് തനിക്കെതിരെ അധാര്‍മിക പ്രചാരണം നടത്തുകയാണെന്ന് ജഗന്‍ ആരോപിച്ചു. പാര്‍ട്ടിയില്‍ തന്നെ ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ഒതര്‍പ്പ് യാത്ര നടത്തിയതാണ് വലിയ കുറ്റമായി കണ്ടതെന്നും ജഗന്‍ പറഞ്ഞു. അവര്‍ കോണ്‍ഗ്രസില്‍ തന്നെ ഒറ്റപ്പെടുത്തുന്നതിനും പാര്‍ട്ടിയില്‍നിന്നു അകറ്റാനും ശ്രമിച്ചു. ഇതെല്ലാമാണ് രാജിവയ്ക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

2009 സെപ്തംബര്‍ 2ന് നടന്ന ഹെലികോപ്ടര്‍ അപകടത്തില്‍ രാജശേഖര റെഡ്ഢിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കടപ്പയിലെ പുലിവേന്തുല നിയമസഭാ മണ്ഡലത്തില്‍നിന്നാണ് വിജയമ്മ തിരഞ്ഞെടുക്കപ്പെട്ടത്. ജഗനെ പിന്‍തുണയ്ക്കുന്നവര്‍ ബന്‍ജാര ഹില്‍സിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ഒത്തുചേര്‍ന്ന് പടക്കം പൊട്ടിച്ചാണ് പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തത്. ഇതിനിടെ കഡപ്പ, അനന്തപുര്‍, ചിറ്റൂര്‍ ജില്ലകളിലെ കോണ്‍ഗ്രസിന്റെ പന്ത്രണ്ടോളം പ്രാദേശിക ഓഫീസുകള്‍ക്കുനേരെ ജഗന്‍ അനുകൂലികള്‍ ആക്രമണം നടത്തി.

ജനയുഗം 301110

1 comment:

  1. അന്തരിച്ച മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ മകനും വിമത നേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഢി കോണ്‍ഗ്രസിലെ പ്രാഥമികാംഗത്വവും എം പി സ്ഥാനവും രാജിവച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതോടെ ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. യൂത്ത് ശ്രമിക് റയട്ട് (വൈ എസ് ആര്‍ )കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം കഡപ്പയില്‍ ഉടന്‍ ഉണ്ടാകും. സംസ്ഥാനത്തെ ജനകീയ നേതാവായിരുന്ന വൈ എസ് ആറിന്റെ അനുയായികളില്‍ നല്ലൊരു പങ്കും ജഗനോടൊപ്പം ഉണ്ടെന്നത് കോണ്‍ഗ്രസില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ജഗന്റെ നീക്കം സംസ്ഥാന സര്‍ക്കാരിനെ ബാധിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

    ReplyDelete