കാസര്‍കോടിനെ കീടനാശിനി രഹിത ജില്ലയായി പ്രഖ്യാപിക്കും: മുല്ലക്കര
ന്യൂഡല്‍ഹി: കാസര്‍കോട് ജില്ലയെ കീടനാശിനി രഹിത ജില്ലയായി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍. ഇന്നലെ കേരളാ ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് ജില്ലയിലെ ജൈവവൈവിധ്യം വീണ്ടെടുക്കാനും കീടനാശിനി പ്രയോഗം മൂലമുണ്ടായ ദോഷവശങ്ങള്‍ ഇല്ലാതാക്കാനുമാണ് ജില്ലയെ കീടനാശിനി രഹിത ജില്ലയായി പ്രഖ്യാപിക്കുന്നത്. ഇതിനായി തനത് പദ്ധതി കേരളം രൂപീകരിക്കും. ഇതിനുവേണ്ട സാങ്കേതിക, സാമ്പത്തിക സഹായം കേന്ദ്രം സര്‍ക്കാര്‍ നല്‍കണമെന്ന് ഇന്നലെ കേന്ദ്ര കൃഷിമന്ത്രി ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുല്ലക്കര ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ നിരോധനമില്ല. നിരോധനത്തിന്റെ പ്രയോജനം കേരളത്തിന് ലഭ്യമാകണമെങ്കില്‍ രാജ്യം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതുണ്ട്. എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണമെന്ന് കേരളം 2007ല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ്. അതേസമയം നിരോധനം സംബന്ധിച്ച് കൃഷിമന്ത്രാലയം അനുകൂല നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് സമ്മര്‍ദ്ദം ശക്തമാക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ബുദ്ധിമുട്ടുകള്‍ ലോകം മുഴുവന്‍ അനുഭവിക്കുകയാണ്. കേരളവും ഇതിന്റെ ആഘാതം ഏറ്റുവാങ്ങുകയാണ്. കാര്‍ഷിക കലണ്ടര്‍തന്നെ മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം പഠിക്കാനും കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് കേരളത്തില്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതിനുള്ള സാമ്പത്തിക, സാങ്കേതിക സഹായം കേന്ദ്രം നല്‍കണമെന്നും കൂടിക്കാഴ്ചയില്‍ മുല്ലക്കര ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ 2007ല്‍ ആരംഭിച്ച കര്‍ഷക കടാശ്വസ കമ്മീഷന്റെ പ്രവര്‍ത്തനം സ്ഥിരം സംവിധാനമാക്കാന്‍ കേന്ദ്രം സഹായം അനുവദിക്കണം. മൂന്ന് വര്‍ഷത്തെ കാലാവധിയാണ് കമ്മീഷന് നിശ്ചയിച്ചിരുന്നത്. ഇത് രണ്ടു വര്‍ഷംകൂടി സര്‍ക്കാര്‍ നീട്ടി നല്‍കിയിട്ടുണ്ട്. ഇത് സ്ഥിരം സംവിധാനമാക്കി മാറ്റാന്‍ കേന്ദ്രം ചിലവിന്റെ പകുതി തുക വഹിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനോടകം കമ്മീഷന്‍ 1.44 കോടി കര്‍ഷക പരാതികളാണ് പരിഹരിച്ചതെന്നും മുല്ലക്കര പറഞ്ഞു.
കേന്ദ്രം പോതു വിതരണ സംവിധാനത്തിലൂടെ പാം ഓയിലിന് നല്‍കുന്ന 15 രൂപാ സബ്‌സിഡി വെളിച്ചെണ്ണയ്ക്കും ബാധകമാക്കണം. പൊതു വിതരണ സംവിധാനത്തിലൂടെ കേരളം സബ്‌സിഡി നിരക്കില്‍ ഗുണഭോക്താക്കളില്‍ വെളിച്ചെണ്ണ എത്തിക്കാന്‍ തയ്യാറാണ്. ഇതിന്റെ ചിലവ് കേന്ദ്രം വഹിക്കണം. കേരളത്തിലെ നാളീകേര കര്‍ഷകര്‍ക്ക് ഉപഭോക്താക്കള്‍ക്കും ഇത് ്രപയോജനകരമാണ്. ഈ ആവശ്യവും കൂടിക്കാഴ്ചയില്‍ മുല്ലക്കര മുന്നോട്ടുവെച്ചു.
നീണ്ടകരയിലെ ചെമ്മീന്‍ ഹാച്ചറി ഉദ്ഘാടനം ഡിസംബര്‍ ആദ്യവാരം
കൊല്ലം: സംസ്ഥാന ഫിഷറീസ് വകുപ്പ് നീണ്ടകരയില്‍ നിര്‍മ്മിക്കുന്ന അത്യാധുനിക ഹാച്ചറി യൂണിറ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ ആദ്യവാരം നടക്കും. സംസ്ഥാനത്തില്‍ ചെമ്മീനുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി അവസാനഘട്ടത്തിലാണ്.
രാഷ്ട്രീയ കൃഷിവികാസ് യോജന(ആര്‍കെവിവൈ) പ്രകാരം നടപ്പാക്കുന്ന പദ്ധതിക്കായി 96.53 ലക്ഷം രൂപയാണ് നീക്കിവച്ചത്. രണ്ട് ഘട്ടമായിട്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. ആദ്യഘട്ടത്തില്‍ 52.32 ലക്ഷം രൂപയും രണ്ടാം ഘട്ടത്തില്‍ 44.21 ലക്ഷം രൂപയുമാണ് നീക്കിവച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഡിവിഷനാണ് ഇതിന്റെ നിര്‍മ്മാണചുമതല. ഹാച്ചറിയോടനുബന്ധമായി ലാബുകള്‍, തീറ്റ ഉല്‍പ്പാദന യൂണിറ്റുകള്‍, അലങ്കാര മത്സ്യകൃഷി യൂണിറ്റുകള്‍ എന്നിവയും ഒരുങ്ങുന്നുണ്ട്.
ഹാച്ചറിയുടെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി ഉപ്പ് വെള്ളം ശുദ്ധീകരിക്കുന്നതിന് രണ്ട് പ്രത്യേക ടാങ്കുകള്‍, കരിമീന്‍ വളര്‍ത്തലിനുവേണ്ടി പ്രകൃതിദത്ത കുളങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം നടന്നുവരുന്നു. പുതിയ ജനറേറ്ററുകള്‍ സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നു. ചുറ്റുമതിലിന്റെ പണി നടന്നുവരുന്നു.
അത്യാധുനിക ചെമ്മീന്‍ ഹാച്ചറി യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതോടെ വര്‍ഷങ്ങളായി മന്ദീഭവിച്ചുകിടക്കുന്ന ജില്ലയിലെ മത്സ്യകൃഷിമേഖലയ്ക്ക് പുത്തനുണര്‍വ്വ് കൈവരുമെന്നാണ് പ്രതീക്ഷ. ആധുനിക സജ്ജീകരണങ്ങളോടെ ഉല്‍പ്പാദനശേഷി കൂടിയ ഈ ഹാച്ചറിയില്‍ ഒരു സീസണില്‍ 50 ലക്ഷത്തോളം പോസ്റ്റ് ലാര്‍വകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഫിഷറീസ് വകുപ്പ് നേരിട്ട് പരിശീലനം നല്‍കിയ മത്സ്യതൊഴിലാളികളില്‍ നിന്നുമാണ് വിത്തുശേഖരണം നടത്തുക.
കഴിഞ്ഞ സീസണ്‍ കാലയളവില്‍ ഏഴ് കോടി രൂപ വിലമതിക്കുന്ന 230 ടണ്‍ ചെമ്മീനാണ് ജില്ലയില്‍ ഉല്‍പ്പാദിപ്പിച്ചത്. അതിനാല്‍ സീസണ്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഹാച്ചറി നിര്‍മ്മാണം തുടങ്ങി. നിലവില്‍ ജില്ലയിലെ ചെമ്മീന്‍ കൃഷിക്കാവശ്യമായ പോസ്റ്റ് ലാര്‍വകള്‍ തൃശൂര്‍, വര്‍ക്കല എന്നിവിടങ്ങളില്‍ നിന്നാണ് ശേഖരിക്കുന്നത്. നിലവില്‍ നീണ്ടകരയിലുള്ള ഹാച്ചറിയില്‍ ഒരു സീസണില്‍ 25 ലക്ഷം ചെമ്മീന്‍ വിത്ത് മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ജില്ലയില്‍ മത്സ്യകൃഷി നടത്തുന്ന 7000ത്തോളം കര്‍ഷകരുണ്ട്. അവരില്‍ 400 പേര്‍ ചെമ്മീന്‍ കര്‍ഷകരാണ്. കൂടാതെ 152 ഹെക്ടര്‍ സ്ഥലത്ത് വകുപ്പ് നേരിട്ട് ചെമ്മീന്‍കൃഷി ചെയ്യുന്നുണ്ട്.
കുഞ്ഞുകൈകകളില്‍ ഇനിമുതല്‍ കോഴിക്കുഞ്ഞും
തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന 'കുഞ്ഞുകൈകകളില്‍ കോഴിക്കുഞ്ഞ്' പദ്ധതിയ്ക്ക് തുടക്കമായി. പേട്ട കെപ്‌കോ ആസ്ഥാനമന്ദിരത്തില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മൃഗസംരക്ഷണവകുപ്പ് മന്ത്രി സി ദിവാകരന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി പെരിനാട്, വിതുര ഗ്രാമപഞ്ചായത്തുകളിലെ പതിനായിരം കുടുംബങ്ങള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പദ്ധതിപ്രകാരം ഒരു കുട്ടിയ്ക്ക് മൂന്ന് കോഴിക്കുഞ്ഞുങ്ങളും മൂന്ന് കിലോ തീറ്റയും 25 രൂപയുടെ മരുന്നുമാണ് നല്‍കുന്നത്. സ്‌കൂള്‍ പൗള്‍ട്രി ക്ലബ്ബുകള്‍ വഴിയാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. 50,000 വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ സഹായം ലഭ്യമാകും.
കേന്ദ്രത്തിന്റേത് പ്രാദേശിക ഭാഷകളെ തകര്‍ക്കുന്ന സമീപനം: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രാദേശികഭാഷകളെ തകര്‍ക്കുന്ന സമീപനമാണ് പഴയ കരിക്കുലം കമ്മിറ്റികളെപ്പോലെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പും സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിലാണവര്‍ക്കു ശ്രദ്ധ മുഴുവന്‍. ഒന്നാംക്ലാസ് മുതല്‍ ഹിന്ദി നിര്‍ബന്ധിതമാക്കാന്‍ കേന്ദ്രം നീക്കം തുടങ്ങിയിരിക്കുകയാണ്. അതുകൂടി വന്നാല്‍ ചിത്രം പൂര്‍ത്തിയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ടു പഠിയ്ക്കാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ കരട് റിപോര്‍ട്ട് ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അര്‍ഹതപ്പെട്ട ക്ലാസിക്കല്‍ ഭാഷാ പദവി നേടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനു ഇക്കാര്യത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ല. പാഠ്യപദ്ധതിയില്‍ പാര്‍ട്ട് രണ്ട് മലയാളം പഠിപ്പിക്കണമെന്നു നിഷ്‌കര്‍ഷിക്കുമ്പോഴും മൂന്നിലൊന്നുഭാഗം പീരിയഡുകള്‍ മാത്രമാണ് നീക്കിവച്ചിട്ടുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലാസിക്കല്‍ പദവിയുമായി ബന്ധപ്പെട്ടു തന്നെയും മന്ത്രി എം എ ബേബിയെയും ഒ എന്‍ വിയെയും പരിഹസിയ്ക്കാനാണ് ചിലര്‍ മുതിര്‍ന്നത്. അതതു സംസ്ഥാനത്തെ കേന്ദ്രീയവിദ്യാലയങ്ങളിലും കേന്ദ്ര സിലബസ് വിദ്യാലയങ്ങളിലും മാതൃഭാഷ പഠിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭാഷാപഠന-ഗവേഷണത്തിനു മാത്രമായി എ ആര്‍ രാജരാജവര്‍മയുടെ പേരില്‍ കേരള പാണിനി വിദ്യാപീഠം തിരുവനന്തപുരത്തു സ്ഥാപിയ്ക്കാനുളള നടപടി പൂര്‍ത്തിയായി വരുന്നു.
സര്‍വകലാശാലകളില്‍ ഭാഷാശാസ്ത്രപഠനത്തിനും ഗവേഷണത്തിനും ഇന്നുളള പരിമിതികള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം എ ബേബി അധ്യക്ഷത വഹിച്ചു. കവയിത്രി സുഗതകുമാരി, പുതുശ്ശേരി രാമചന്ദ്രന്‍, ഡോ നടുവട്ടം ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
കായിക താരങ്ങള്‍ക്ക് പൊലീസില്‍ നിയമനം
കാസര്‍കോട്: കേരള പൊലീസിലെ സ്പോര്‍ട്സ് ക്വാട്ട നിയമനം പുനരാരംഭിച്ചതായി മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 64പേരെ നിയമിക്കുന്നതിനുള്ള അഭിമുഖം പൂര്‍ത്തിയായി. അടുത്തകൊല്ലം നൂറുപേരെ കൂടി നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ആറാമത്തെ തീരദേശ പൊലീസ് സ്റ്റേഷന്‍ തളങ്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദേശാഭിമാനി/ജനയുഗം വാര്‍ത്തകള്‍
പ്രാദേശികഭാഷകളെ തകര്‍ക്കുന്ന സമീപനമാണ് പഴയ കരിക്കുലം കമ്മിറ്റികളെപ്പോലെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പും സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിലാണവര്‍ക്കു ശ്രദ്ധ മുഴുവന്‍. ഒന്നാംക്ലാസ് മുതല്‍ ഹിന്ദി നിര്‍ബന്ധിതമാക്കാന്‍ കേന്ദ്രം നീക്കം തുടങ്ങിയിരിക്കുകയാണ്. അതുകൂടി വന്നാല്‍ ചിത്രം പൂര്‍ത്തിയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ടു പഠിയ്ക്കാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ കരട് റിപോര്‍ട്ട് ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ReplyDeleteകാസര്‍കോടിനെ ജൈവകൃഷി ജില്ലയായി പ്രഖ്യപിക്കുമെന്ന് കേന്ദ്രസഹമന്ത്രി കെ വി തോമസ് പറഞ്ഞു. അന്താരാഷ്ട്ര അഗ്രി എക്സ്പോ ഉദ്ഘാടനംചെയ്തശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവകൃഷി സംസ്ഥാനങ്ങളായി കേരളമടക്കം ഒമ്പതെണ്ണത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തില്‍ ആദ്യപടിയെന്ന നിലയിലാണ് കാസര്‍കോടിനെ ജൈവകൃഷി ജില്ലയായി പ്രഖ്യാപിക്കുന്നത്. ഇത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കും. സി ഡി മായി എന്‍ഡോസള്‍ഫാന്‍ പഠനസമതിയുടെ തലവനാകുന്നതു സംബന്ധിച്ച് സംസ്ഥാനത്തുയര്‍ന്ന വിമര്‍ശം പ്രധാനമന്ത്രിയുടെ പരിഗണനയിലാണ്്. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആരോഗ്യം, കൃഷി, ശാസ്ത്ര-സാങ്കേതികം തുടങ്ങി നാലു മന്ത്രാലയങ്ങള്‍ ചേര്‍ന്നാണ് തീരുമാനിക്കേണ്ടത്. 700 കോടിയുടെ വിദര്‍ഭ പാക്കേജില്‍ ജലസേചനത്തിനായി ലഭിച്ച 400 കോടി രൂപ സംസ്ഥാനം ജൈവകൃഷിക്കായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൃഷിയിടങ്ങളിലെ അമിത രാസവളപ്രയോഗം സംബന്ധിച്ച കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ സമീപനം കൈക്കൊള്ളണമെന്ന് പിന്നീട് ഉദ്ഘാടന പ്രസംഗത്തില്‍ കെ വി തോമസ് പറഞ്ഞു. (ദേശാഭിമാനി 121210)
ReplyDelete