Thursday, November 25, 2010

ബിഹാറില്‍ വീണ്ടും നിതീഷ്

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ്- ബി ജെ പി സഖ്യത്തിന് വര്‍ ഭൂരിപക്ഷം. ആര്‍ ജെ ഡി- എല്‍ ജെ പി സഖ്യത്തിനും കോണ്‍ഗ്രസിനും വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് 243 അംഗ നിയമസഭയില്‍ 206 സീറ്റിലാണ് ജെ ഡി യു- ബി ജെ പി സഖ്യം വിജയിച്ചത്. 2005 ലെ തിരഞ്ഞെടുപ്പില്‍ 143 സീറ്റില്‍ വിജയിച്ച് അധികാരത്തിലെത്തിയ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യം മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ തിളക്കമാര്‍ന്ന വിജയവുമായാണ് വീണ്ടും അധികാരത്തിലെത്തുന്നത്.

പുതിയ സര്‍ക്കാര്‍ വെള്ളിയാഴ്ച 2.30ന് സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിന് എല്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വ്യാഴാഴ്ച യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

ലാലു പ്രസാദും രാം വിലാസ് പസ്വാനും നേതൃത്വം നല്‍കുന്ന ആര്‍ ജെ ഡി- എല്‍ ജെ പി സഖ്യത്തിന് വെറും 25 സീറ്റ് മാത്രമാണ് നേടാനായത്. കഴിഞ്ഞ തവണ 64 സീറ്റുകളാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് വന്‍ തകര്‍ച്ചയാണ് നേരിട്ടത്.  2005ല്‍ ഒന്‍പത് സീറ്റുകള്‍ ഉണ്ടായിരുന്ന അവര്‍ ഇപ്പോള്‍ നാല് സീറ്റിലേക്ക് ഒതുങ്ങി. സി പി ഐ ഒരു സീറ്റില്‍ വിജയിച്ചിട്ടുണ്ട്.

വിജയത്തിനു പിന്നില്‍ പ്രത്യേകിച്ച് ജാലവിദ്യയൊന്നുമില്ലെന്നും ജനവിശ്വാസവും കഠിന പരിശ്രമവുമാണ് വിജയം കൊയ്യാന്‍ സഹായിച്ചതെന്ന് വിജയത്തെക്കുറിച്ച് നിതീഷ് കുമാര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം ജാതി രാഷ്ട്രീയത്തിനുള്ള തിരിച്ചടിയും വികസനത്തിനുള്ള അംഗീകാരവുമാണെന്നും  ഇത് ബിഹാറില്‍ പുതിയ അധ്യായം രചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2005ലെ തിരഞ്ഞെടുപ്പില്‍ 88 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ജെ ഡി യു ഇത്തവണ 115 സീറ്റുകളിലാണ് വിജയിച്ചത്. 55 സീറ്റുണ്ടായിരുന്ന ബി ജെ പിയും 91 സീറ്റില്‍ വിജയം കൊയ്ത് നില മെച്ചപ്പെടുത്തി. പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം തിരിച്ചടിയേറ്റ ഈ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ചിതറിയതാണ് നീതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യത്തിന് തുണയായത്. ബി ജെ പി- ജെ ഡി യു സഖ്യം 39 ശതമാനം വോട്ട് നേടിയപ്പോള്‍ ആര്‍ ജെ ഡി- എല്‍ ജെ പി സഖ്യം 26ഉം കോണ്‍ഗ്രസ് എട്ടും മറ്റുള്ളവര്‍ 27ഉം ശതമാനം വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസും മറ്റുകക്ഷികളും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് ബി ജെ പി- ജെ ഡി യു സഖ്യത്തിന് സഹായകമായി.

ആര്‍ ജെ ഡി- എല്‍ ജെ പി സഖ്യത്തിന് സംസ്ഥാനത്തുടനീളം വന്‍ തിരിച്ചടിയാണ് ഉണ്ടായത്. മുന്‍ മുഖ്യമന്ത്രിയും ലാലുപ്രസാദിന്റെ ഭാര്യയുമായ റാബ്രി ദേവി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെട്ടു. സരന്‍ ജില്ലയിലെ സൊനിപൂരിലും രഹോപൂരിലുമാണ് അവര്‍ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത്. ഗോപാല്‍ ഗഞ്ചില്‍നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ലാലുപ്രസാദിന്റെ സഹോദര പുത്രനാരായ സന്ധു യാദവും ബിക്കാറാമില്‍നിന്നും സ്വതന്ത്രമായി മത്സരിച്ച സുഭാഷ് യാദവിനും കനത്ത പരാജയമാണ് നേരിടേണ്ടിവന്നത്.

കുടുംബ രാഷ്ട്രീയ വാഴ്ചയ്‌ക്കേറ്റ തിരിച്ചടിയാണ് ബിഹാറില്‍ എന്‍ ഡി എ സഖ്യത്തിന്റെ വിജയമെന്ന് ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
രാഹുല്‍ ഗാന്ധി നേരിട്ടും പല മുന്‍നിര നേതാക്കളെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബിഹാറില്‍ ഇറക്കിയെങ്കിലും അതൊന്നും വോട്ടെടുപ്പില്‍ ഗുണം ചെയ്തില്ലെന്നാണ് ഫലങ്ങള്‍ കാണിക്കുന്നത്. മുന്‍നിര നേതാക്കള്‍ പങ്കെടുത്ത റാലികളില്‍ എത്തിച്ചേര്‍ന്ന വന്‍ ജനക്കൂട്ടം തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നതെന്താണെന്ന് പരിശോധിക്കുമെന്നാണ് തോല്‍വിയെക്കുറിച്ച് കോണ്‍ഗ്രസിന്റെ ബിഹാര്‍ ചുമതലയുള്ള നേതാവ് മുകുള്‍ വാസ്‌നിക് പറഞ്ഞു.

ജനയുഗം 251110

1 comment:

  1. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ്- ബി ജെ പി സഖ്യത്തിന് വര്‍ ഭൂരിപക്ഷം. ആര്‍ ജെ ഡി- എല്‍ ജെ പി സഖ്യത്തിനും കോണ്‍ഗ്രസിനും വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് 243 അംഗ നിയമസഭയില്‍ 206 സീറ്റിലാണ് ജെ ഡി യു- ബി ജെ പി സഖ്യം വിജയിച്ചത്

    ReplyDelete