ഇടത് സര്‍ക്കാര്‍ രണ്ട് ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി: കെ പി രാജേന്ദ്രന്‍
പാലക്കാട്: എല്‍ ഡി എഫ് സര്‍ക്കാര്‍ നാലരവര്‍ഷം പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞതായി റവന്യു മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പട്ടയം നല്‍കിയവര്‍ക്കെല്ലാം വീടും സാമൂഹികസുരക്ഷിതത്വം അടക്കമുളള പശ്ചാത്തലസൗകര്യവുമൊരുക്കിയുളള പാക്കേജും നടപ്പാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജില്ലാതല ഭൂമി വിതരണമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി നല്‍കിയ കാസര്‍കോട് ജില്ലയില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പേരില്‍ കമ്മ്യൂണിറ്റി വില്ലേജ് നിര്‍മിക്കാന്‍ തീരുമാനിച്ചതും ഇത്തരം പാക്കേജിന്റെ ഭാഗമായിരുന്നു. ആറളത്ത് 3100 കുടുംബങ്ങള്‍ക്ക് ഭൂമിയും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കിയതായും വനത്തോട് ചേര്‍ന്ന് അധിവസിക്കുന്ന ആദിവാസികള്‍ക്ക് വനാവകാശനിയമമനുസരിച്ച് 30,000 വനാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും മന്ത്രി പറഞ്ഞു. ആലത്തൂര്‍ താലൂക്കില്‍ യു ടി ടി കമ്പനിയില്‍ നിന്നും മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത് വലിയ നേട്ടമാണ്. 25 വര്‍ഷമായി കേസുകളില്‍പ്പെട്ടു കിടന്ന ഭൂമിയാണ് ഏറ്റെടുത്ത് വിതരണം ചെയ്യാനായത്. കേസുകളില്‍പ്പെട്ട് കിടക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട കേസ് ഉടന്‍ തീര്‍പ്പാക്കി 4500 കുടുംബങ്ങള്‍ക്ക് കൂടി ഭൂമി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
പിഎസ്സി നിയമനത്തില്‍ സര്‍വകാല റെക്കോഡ്: മുഖ്യമന്ത്രി
കഴിഞ്ഞ ഡിസംബര്‍വരെ പിഎസ്സി വഴി 1,59,000 പേര്‍ക്ക് നിയമനം നല്‍കിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. ഇത് സര്‍വകാല റെക്കോഡാണ്. എംപ്ളോയ്മെന്റ് എക്സേഞ്ചുവഴി 60,000 പേരെയും നിയമിച്ചു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിയമനനിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലുംമൂലം ആയിരങ്ങള്‍ക്ക് തൊഴില്‍ അവസരം നഷ്ടപ്പെട്ടു. എല്‍ഡിഎഫ് അധികാരത്തിലെത്തിയ ഉടന്‍ നിയമന നിരോധനം എടുത്തുകളഞ്ഞു. മുഴുവന്‍ ഒഴിവും റിപ്പോര്‍ട്ട് ചെയ്യാനും കൂടുതല്‍ തസ്തിക അനുവദിക്കാനും നടപടിയെടുത്തു. ദേവസ്വംബോര്‍ഡ്, സര്‍വകലാശാല തുടങ്ങിയവയുടെ നിയമനം പിഎസ്സിക്കു വിട്ടു. സര്‍വകലാശാലകളുടെ ചട്ടങ്ങളില്‍ ഇതിനായി ഭേദഗതി വരുത്തുന്നതിനുള്ള നടപടി ആരംഭിച്ചു.
പത്ത് പുതിയ പൊതുമേഖലാ സ്ഥാപനം തുടങ്ങാനുള്ള നടപടി സ്വീകരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുകയും അടച്ചു പൂട്ടുകയും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്ത യുഡിഎഫുകാര്‍ അസൂയപൂണ്ട് കള്ളപ്രചാരവേലയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത് വിലപ്പോകില്ല. പിഎസ്സി ശുപാര്‍ശചെയ്തിതിട്ടില്ലാത്തവര്‍ നിയമനം നേടിയ സംഭവം അറിഞ്ഞയുടന്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടിയാണെടുത്തത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. പത്തു വര്‍ഷത്തെ നിയമനങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്താന്‍ തീരുമാനിച്ചു. പൊതുമേഖലാസ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നെ ന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പി സി വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്രസര്‍ക്കാരിനെ വെള്ളപൂശാനും അവ മറച്ചുവയ്ക്കാനും യുഡിഎഫുകാര്‍ നടത്തുന്ന കള്ള പ്രചാരവേല ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് മന്ത്രി എം എ ബേബി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അടിയന്തരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
ധാരണാപത്രം ഒപ്പിട്ടു; പ്രിമോ പൈപ്പിന്റെ സ്ഥലത്ത് പിവിസി ഫാക്ടറിക്ക് നടപടിയായി
കൊല്ലം: അടഞ്ഞുകിടക്കുന്ന ചവറ പ്രിമോ പൈപ്പ് ഫാക്ടറിയുടെ സ്ഥലത്ത് പുതിയ പിവിസി ഫാക്ടറി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. പുതിയ പിവിസി ഫാക്ടറിയുടെ നിര്‍മാണച്ചുമതല കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ ഭാഗമായ എച്ച്എല്‍എല്‍ ലൈഫ്കെയറിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പുതിയ ഫാക്ടറിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 20ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യുമെന്ന് ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിവിസി പൈപ്പ്ഫാക്ടറിക്കുള്ള ധാരണാപത്രം ജലഅതോറിറ്റിയും എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡും ആശ്രാമം ഗസ്റ്ഹൌസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഒപ്പുവച്ചു. ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്റെ സാന്നിധ്യത്തില്‍ ജലഅതോറിറ്റി മാനേജിങ് ഡയറക്ടര്‍ വി കെ ബേബിയും എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് സിഎംഡി എം അയ്യപ്പനുമാണ് ധാരണാപത്രം ഒപ്പിട്ടത്.
കേരളത്തിലെ വിവിധ നിര്‍മാണമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഗുണനിലവാരത്തോടുകൂടി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കേന്ദ്ര പൊതുമേഖലയിലെ മിനി രത്ന പദവിയുള്ള സ്ഥാപനമാണ് എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ്. പതിനഞ്ച് മാസത്തിനകം ഫാക്ടറിയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. ഭാവിയിലെ വിപുലീകരണസാധ്യതയും ഉല്‍പ്പാദനവര്‍ധനവും കണക്കിലെടുത്താണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളും ഗുണനിലവാരമുള്ള യന്ത്രങ്ങളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജലഅതോറിറ്റിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഗുണനിലവാരമുള്ള വിവിധ വ്യാസത്തിലുള്ള പൈപ്പുകള്‍ നിര്‍മിക്കാനും അതിലൂടെ ശുദ്ധജലവിതരണ മേഖല ശക്തിപ്പെടുത്താനും ഫാക്ടറിയുടെ പ്രവര്‍ത്തനത്തിലൂടെ സാധ്യമാകുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
വലനിര്‍മാണ ഫാക്ടറി: അഴീക്കോട് വ്യവസായ നഗരമാകുന്നു
കണ്ണൂര്‍: അഴീക്കല്‍ തുറമുഖവും വല നിര്‍മാണ ഫാക്ടറിയും യാഥാര്‍ഥ്യമാകുന്നതോടെ കൈത്തറി ഗ്രാമം വ്യവസായ നഗരമാകും. വല നിര്‍മാണ ഫാക്ടറി ഈ മാസം ഉദ്ഘാടനം ചെയ്യും. ഫാക്ടറി യാഥാര്‍ഥ്യമാകുന്നതോടെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വന്‍ വികസനം ഉണ്ടാകും. തുറമുഖവും വല നിര്‍മാണ ഫാക്ടറിയും പ്രാവര്‍ത്തികമാകുന്നതോടെ ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കും. മംഗളൂരു തുറമുഖത്തെ ആശ്രയിക്കുന്ന മലബാറിലെ വ്യവസായികള്‍ മുഴുവന്‍ അഴീക്കോട് കേന്ദ്രീകരിക്കും. കൈത്തറി, റബ്ബര്‍ എന്നിവക്കും വയനാട്ടില്‍നിന്നുള്ള കുരുമുളകുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെയുടെയും കയറ്റുമതി വര്‍ധിക്കും. തുറമുഖത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഉദ്ഘാടനത്തോടെ എല്ലാ കപ്പലുകള്‍ക്കും എത്താന്‍ ആവശ്യമായ സംവിധാനം ഉണ്ടാക്കാന്‍ തീരുമാനമായി. വാര്‍ഫിന്റെ പ്രവൃത്തി പൂര്‍ണമായും പൂര്‍ത്തിയായില്ലെങ്കില്‍ തല്‍ക്കാലത്തേക്ക് രണ്ട് എന്‍ട്രി നിര്‍മിക്കും.
പോര്‍ട്ട് ഓഫീസര്‍ എന്‍ കെ ഷൈജു, കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ കെ വിനോദ്, വിവിധ വകുപ്പ് മേധാവികളായ കെ മൂസ, എ രാജമ്മ, ജോ വര്‍ഗീസ്, എ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായ സമയത്ത് കണ്ടെത്തിയ പഠനത്തെ തുടര്‍ന്ന് തുറമുഖം ആരംഭിക്കാന്‍ തീരുമാനമായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പദ്ധതി നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടായത്. ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയും തെരഞ്ഞെടുപ്പ് മാനിഫെസ്റോയിലെ വാഗ്ദാനവുമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഡ്രഡ്ജിങ് പ്രവൃത്തി ഈ മാസം മൂന്നാം വാരത്തോടെ ഡ്രഡ്ജിങ് പൂര്‍ത്തിയാകും. തുറമുഖത്തേക്കുള്ള റോഡ് വികസനത്തിന്് അറ്റകുറ്റപ്പണി തുടങ്ങി. 20 ടണ്ണിന്റെ ക്രെയിന്‍ അഴീക്കലില്‍ എത്തി. അനുബന്ധ ഉപകരണം വരുന്നതോടെ ക്രെയിന്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 1.8 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണ്.
പരമ്പരാഗത വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കും: എളമരം കരീം
ആലപ്പുഴ: പരമ്പരാഗത വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിച്ച് വ്യവസായം അഭിവൃദ്ധിപ്പെടുത്തുകയും അതുവഴി തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. കയര്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് 'ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവര്‍ണ്ണ നാര്-വികസനരേഖ തയ്യാറാക്കല്‍' എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കയര്‍മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായിരുന്നു ഇതേവരെയുള്ള ഗവണ്‍മെന്റുകള്‍ ശ്രമിച്ചിരുന്നത്. വ്യവസായം ആധുനികവല്‍ക്കരിക്കുന്നതിനോ അഭിവൃദ്ധിപ്പെടുത്തുന്നതിനോ കാര്യമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വ്യവസായം ആധുനികവല്‍ക്കരിച്ച് അഭിവൃദ്ധിപ്പെടുത്താനും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. കയര്‍വകുപ്പും കയര്‍ബോര്‍ഡും കയര്‍ റിസര്‍ച്ച് സെന്ററുമെല്ലാം കയര്‍മേഖലയില്‍ ശാസ്ത്രസാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി തുടങ്ങിയതോടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനും ജോലിഭാരം കുറയ്ക്കാനും കഴിയുന്നുണ്ട്. കയര്‍മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ പലര്‍ക്കും തൊഴിലുറപ്പ് പദ്ധതിപ്രകാരം കിട്ടുന്ന വേതനംപോലും ലഭിക്കുന്നില്ല. ഇപ്പോള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതിപ്രകാരം 100 രൂപ കൂലികിട്ടുന്ന തൊഴിലാളിക്ക് 50 രൂപ സര്‍ക്കാര്‍ നല്‍കി 150 രൂപ മിനിമം കൂലി ലഭ്യമാക്കും. ഇത് ഈ സര്‍ക്കാരിന്റെ നയമാണ്. എല്ലാ സര്‍ക്കാരും ഈ നയം തുടരണമെന്നില്ല. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം എന്നും തൊഴിലാളിക്ക് ലഭ്യമാകണമെന്നുമില്ല. എന്നാല്‍, തൊഴില്‍രംഗം അഭിവൃദ്ധിപ്പെട്ടാല്‍ മെച്ചപ്പെട്ട വേതനം തൊഴിലാളിക്ക് ലഭ്യമാകും. ഔദാര്യമില്ലാതെ മാന്യമായി തൊഴിലെടുത്ത് ജീവിക്കാനുള്ള സാഹചര്യം സംജാതമാകുകയും ചെയ്യും. അതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
സി വി ആനന്ദബോസ്, വി പത്മാനന്ദ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പ്ളീനറി സെക്ഷനില്‍ 'കയര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കയര്‍മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ള പുതിയ ഇടപെടലുകള്‍' എന്ന വിഷയം കയര്‍ വികസനവകുപ്പ് സെക്രട്ടറി ഡോ. കെ മദനന്‍ അവതരിപ്പിച്ചു. 'കയര്‍ ഉല്‍പ്പന്നങ്ങളുടെ വിപണി-വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയം മാര്‍ക്കറ്റിങ് കസള്‍ട്ടന്റ് എസ് സുരേഷ് അവതരിപ്പിച്ചു. ഡോ. ജോസിറ്റ് കുര്യന്‍, അന്റോണല്‍ വാസ്, എന്‍ സത്യരാജ്, എസ് രാജശേഖര്‍, കൃഷ്ണകുമാര്‍, ജി വേണുഗോപാല്‍, വി ആര്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി/ജനയുഗം 090211
രണ്ട് ലക്ഷം പട്ടയം, പി.എസ്.സി നിയമനത്തില്‍ റെക്കോര്‍ഡ്, പുതിയ വ്യവസായ സ്ഥാപനങ്ങള്‍, ആധുനികവല്‍ക്കരണം..നേട്ടങ്ങളുടെ പൊന്‍തൂവലുമായി ഇടതുസര്‍ക്കാര്‍.
ReplyDeleteപിഎസ്സി നിയമനത്തില്‍ സര്‍വകാല റെക്കോഡ്.. അതെയതെ.. കുട്ടി സഖാക്കള്‍ അങ്ങ് വടക്ക് കയറിക്കൂടിയത് നന്നായിരുന്നു!
ReplyDeleteകരുനാഗപ്പള്ളി: കാലിത്തീറ്റ ഉല്‍പ്പാദന-വിപണന രംഗത്ത് സമഗ്ര വികസനം ലക്ഷ്യമിട്ട് കേരള ഫീഡ്സ് ലിമിറ്റഡ് കല്ലേലിഭാഗത്ത് സ്ഥാപിച്ച ഹൈടെക് കാലിത്തീറ്റ ഫാക്ടറിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. ഭക്ഷ്യമന്ത്രി സി ദിവാകരന്‍ അധ്യക്ഷനാകും. കേന്ദ്ര ഊര്‍ജവകുപ്പ് സഹമന്ത്രി കെ സി വേണുഗോപാല്‍ മുഖ്യതിഥിയാകും. ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നതോടെ പാല്‍ ഉല്‍പ്പാദനരംഗത്ത് സ്ഥിരമായി അനുഭവപ്പെടുന്ന കാലിത്തീറ്റ പ്രതിസന്ധിക്ക് അറുതിയാകും. പ്രതിദിനം 300 മെട്രിക്ടണ്‍ ഉല്‍പ്പാദനശേഷിയുള്ളതാണ് ഫാക്ടറി. കേരള ഫീഡ്സ് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ച് 11 വര്‍ഷം പിന്നിടുമ്പോള്‍ കാലിത്തീറ്റ ഉല്‍പ്പാദന-വിപണനരംഗത്ത് വിജയക്കൊടി നാട്ടി വിപണിയുടെ 25 ശതമാനം സ്വന്തമാക്കിക്കഴിഞ്ഞു. 1999-2000 വര്‍ഷത്തെ കമ്പനിയുടെ വിറ്റുവരവ് 27 കോടി രൂപയായിരുന്നത് 2009-2010ല്‍ 227 കോടിയായി വര്‍ധിച്ചു. 300 കോടി രൂപയുടെ വില്‍പ്പനയാണ് കമ്പനി നടപ്പ് സാമ്പത്തികവര്‍ഷം ലക്ഷ്യമിട്ടിരിക്കുന്നത്.
ReplyDeleteകൊല്ലം: ചവറ പൈപ്പ് ഫാക്ടറിയുടെ സ്ഥലം കൈമാറാനുള്ള സര്‍ക്കാര്‍ നീക്കം പൈപ്പ്ലോബിയെ സഹായിക്കാനാണെന്ന് വാട്ടര്‍അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പ്രസ്താവനയില്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി പിവിസി പൈപ്പുകളുടെ കേരളത്തിലെ ഏറ്റവും വലിയ ഉപയോക്താവാണ്. കോടിക്കണക്കിന് രൂപയുടെ പൈപ്പാണ് ഓരോവര്‍ഷവും വാട്ടര്‍അതോറിറ്റിക്ക് ആവശ്യമുള്ളത്. പണം ലാഭിക്കാനും ഗുണനിലവാരമുള്ള പൈപ്പ് ലഭ്യമാക്കാനും അനേകം തൊഴിലവസരം സൃഷ്ടിക്കാനും പ്രിമോ പൈപ്പ് ഫാക്ടറിയുടെ സ്ഥലം അന്യാധീനപ്പെടാതിരിക്കാനുള്ള ബഹുമുഖ പദ്ധതിക്കാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയത്. നിര്‍മാണപ്രവര്‍ത്തനം നിര്‍വഹിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സിനെ ചുമതലപ്പെടുത്തി കരാര്‍ ഒപ്പുവച്ചു. പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പൈപ്പ്ലോബികളുടെ സമ്മര്‍ദങ്ങള്‍ തള്ളിയാണ് മുന്‍ ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഠിനപ്രയത്നം നടത്തിയത്.
ReplyDeleteഎന്നാല്‍ , പദ്ധതിതന്നെ അട്ടിമറിക്കുകയാണ് പ്രിമോപൈപ്പിന്റെ സ്ഥലത്ത് ഇഗ്നോ ക്യാമ്പസ് കൊണ്ടുവരുന്നതിന്റെ പിന്നിലെ ഗൂഢലക്ഷ്യം. സര്‍വകലാശാലകളോ വിദ്യാഭ്യാസസ്ഥാപനങ്ങളോ കൊല്ലത്തോ ചവറയിലോ വരുന്നതിന് യൂണിയന്‍ എതിരല്ല. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും നടത്താന്‍ കഴിയാത്ത വാട്ടര്‍ അതോറിറ്റി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വികസനപദ്ധതികള്‍ അട്ടിമറിക്കുന്നത് അംഗീകരിക്കാനാകില്ല. സര്‍വകലാശാലയുടെ മേഖലാ സ്ഥാപനത്തിന് അനുയോജ്യമായ മറ്റു സ്ഥലം കണ്ടെത്തണം. അതോടൊപ്പം പൈപ്പ് ഫാക്ടറി യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമവും നടത്തണം. വാട്ടര്‍ അതോറിറ്റിയുടെ വികസനപ്രവര്‍ത്തനത്തിനുള്ള സ്ഥലം അന്യാധീനപ്പെടുത്താനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് യൂണിയന്‍ ജനറല്‍സെക്രട്ടറി ജെ ശശാങ്കന്‍ പ്രസ്താവനയില്‍ പറഞ്ഞു.