Wednesday, February 9, 2011

ഐസ്ക്രീം കേസ് നിയമസംവിധാനത്തെ അട്ടിമറിച്ചു

ഐസ്ക്രീം കേസ് സംഘര്‍ഷം; നിയമസഭ നിര്‍ത്തിവച്ചു

ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭ കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ സംഘര്‍ഷം. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ രൂക്ഷമായ വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തി. ഇതേതുടര്‍ന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അരമണിക്കൂര്‍ നടപടികള്‍ നിര്‍ത്തിവച്ചു. പരസ്പരം പോര്‍വിളിയുമായി നിലയുറപ്പിച്ച അംഗങ്ങളെ മന്ത്രിമാരും മുതിര്‍ന്ന അംഗങ്ങളും ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.

സ്ത്രീ പീഡന കേസുകളിലെ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച കെ കെ ശൈലജ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ച കെ കെ ശൈലജ, കുഞ്ഞാലിക്കുട്ടിയുടെയും റജീനയുടെയും പേരുകള്‍ പറഞ്ഞപ്പോള്‍ മുസ്ളിംലീഗിലെ അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി എതിര്‍ത്തു. കുഞ്ഞാലിക്കുട്ടി തെറ്റുകാരനാണെന്ന് ജനങ്ങളുടെ മനസ്സില്‍ തെളിഞ്ഞെന്ന് ശൈലജ പറഞ്ഞപ്പോള്‍ ക്ഷുഭിതനായ രണ്ടത്താണി ചാടി എഴുന്നേറ്റ് ബഹളം വച്ചു. എവിടെയാണ് തെളിഞ്ഞതെന്ന് ആക്രോശിച്ച രണ്ടത്താണിയോട് വി ശിവന്‍കുട്ടി ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഉടനെ ശിവന്‍കുട്ടിക്ക് നേരെ തിരിഞ്ഞ രണ്ടത്താണി ആംഗ്യം കാണിച്ചത് ഭരണപക്ഷത്തെ പ്രകോപിതരാക്കി. രണ്ടത്താണിയുടെ നടപടിയെ ചോദ്യംചെയ്ത ഭരണപക്ഷ അംഗങ്ങള്‍ക്ക് നേരെ ലീഗിലെ കെ മുഹമ്മദുണ്ണി ഹാജിയും യു സി രാമനും മറ്റും പാഞ്ഞടുത്തു. വി ശിവന്‍കുട്ടി, ബാബു എം പാലിശേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഭരണപക്ഷ അംഗങ്ങളും രംഗത്ത് വന്നു. ഇതോടെ സഭയില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയായി. ആ സമയത്ത് അവിടെയെത്തിയ മന്ത്രി വി സുരേന്ദ്രന്‍പിള്ളയും മറ്റും ഇരുപക്ഷത്തെയും പിടിച്ചുമാറ്റി. സഭയില്‍ മാന്യമായ പരാമര്‍ശം നടത്തണമെന്ന് ചെയറിലിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ആവശ്യപ്പെട്ടു. ഉടനെ ചെയറിലെത്തിയ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ സഭ നിര്‍ത്തിയതായി അറിയിച്ചു. ഇതോടെയാണ് സംഘര്‍ഷം അയഞ്ഞത്.

കക്ഷിനേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അരമണിക്കൂറിന് ശേഷം സഭ വീണ്ടും ചേര്‍ന്നു. റജീനയുടെ വെളിപ്പെടുത്തലില്‍ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി പറഞ്ഞിട്ടുണ്ടെന്നും പിന്നീട് മൊഴി മാറ്റുകയാണ് ചെയ്തതെന്നും കെ കെ ശൈലജ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ കുറ്റം ജനങ്ങളുടെ മുമ്പാകെ തെളിയിക്കപ്പെട്ടതാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ വിശദീകരിച്ചു. കുഞ്ഞാലിക്കുട്ടിയെ കേസില്‍ പ്രതിയാക്കിയിട്ടില്ലാത്തതിനാല്‍ പരാമര്‍ശം രേഖയില്‍നിന്ന് നീക്കണമെന്ന് സി ടി അഹമ്മദാലി ആവശ്യപ്പെട്ടു. ശിക്ഷിക്കപ്പെട്ടതായി പറഞ്ഞിട്ടുണ്ടെങ്കില്‍ നീക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അംഗങ്ങള്‍ പരസ്പരം ബഹുമാനത്തോടെ പെരുമാറണമെന്നും സീറ്റ് വിട്ട് വാക്കേറ്റത്തിന് തുനിയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഐസ്ക്രീം കേസ് നിയമസംവിധാനത്തെ അട്ടിമറിച്ചു: കോടിയേരി

ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസിനെ കേവലം ലൈംഗികപീഡന കേസായിമാത്രം കാണാനാകില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. നിയമസംവിധാനത്തെ അട്ടിമറിച്ച സംഭവമാണിതെന്നാണ് പുതിയ വെളിപ്പെടുത്തലുകളില്‍ നിന്ന് മനസ്സിലാകുന്നത്. കെ കെ ശൈലജയുടെ (സിപിഐ എം) ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

അതീവ ഗൌരവമായ കാര്യങ്ങളാണ് പുറത്തുവന്നത്. രാഷ്ട്രീയാധികാരത്തിന്റെ തണലില്‍ നടത്തിയ ലൈംഗികചൂഷണം പുറത്തായപ്പോള്‍ നിയമ നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ ഹൈക്കോടതി ജഡ്ജിമാര്‍, അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തുടങ്ങിയവരെ സ്വാധീനിച്ചു. കുറ്റകൃത്യങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ പണവും സ്വാധീനവുമെല്ലാം ഉപയോഗിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാന്‍ ഐസ്ക്രീം പെണ്‍‌വാണിഭക്കേസിലെ സാക്ഷികള്‍ക്ക് വന്‍ തുക നല്‍കിയെന്നാണ് ബന്ധു റൌഫ് വെളിപ്പെടുത്തിയത്. മൊഴിതിരുത്താന്‍ ഒരു സാക്ഷിക്ക് 2.6 ലക്ഷവും മറ്റൊരു സാക്ഷിക്ക് മൂന്നുലക്ഷവും നല്‍കി. അഭിഭാഷകന്റെ സഹായത്തോടെ കള്ള സത്യവാങ്മൂലം തയ്യാറാക്കി. സാക്ഷികളുടെ മൊഴി തിരുത്താന്‍ ഗൂഢാലോചന നടത്തി. കുഞ്ഞാലിക്കുട്ടിയുടെ ടൂര്‍ ഡയറി തിരുത്തിയതും പുറത്തുവന്നിട്ടുണ്ട്. നിഷ്പക്ഷവും കാര്യക്ഷമവുമായ അന്വേഷണം നടത്തി കുറ്റവാളികളെ വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഈ കേസിന്റെ പ്രത്യേക പ്രാധാന്യം കണക്കിലെടുത്താണ് അന്വേഷണത്തിന് ഇന്റലിജന്‍സ് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.

കുഞ്ഞാലിക്കുട്ടിക്കെതിരായ അഴിമതിസംബന്ധിച്ച ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കും. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ടത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് സാക്ഷികളെയും വ്യാജരേഖയുണ്ടാക്കി ജുഡീഷ്യറിയെയും സ്വാധീനിച്ചാണ്. മുന്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വന്‍തുക നല്‍കിയതായാണ് ആരോപണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍‌കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിക്കും രണ്ട് സഹായികള്‍ക്കും എതിരെ കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഏറ്റവും ഉന്നതതലത്തിലുണ്ടായിരുന്ന വ്യക്തി നിരാലംബരായ പെണ്‍‌കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്തുവെന്നത് ഗൌരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി അനധികൃതമായി സ്വത്ത് സമ്പാദിച്ചതും അന്വേഷിക്കും

കോഴിക്കോട്: ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പി കെ കുഞ്ഞാലിക്കുട്ടി അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കും. ഐസ്ക്രീംകേസ് അട്ടിമറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് ലഭിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം. കേസ് അട്ടിമറിച്ചതിനെപ്പറ്റി നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരി ഭര്‍ത്താവ് കെ എ റൌഫില്‍നിന്നും ഇതേപ്പറ്റി പൊലീസ് തെളിവ് ശേഖരിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവന്‍ എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലാണ് റൌഫില്‍നിന്ന് വിവരം ആരാഞ്ഞത്. തൃശൂര്‍ രാമവര്‍മപുരത്തെ പൊലീസ് അക്കാദമിയിലായിരുന്നു ചോദ്യംചെയ്യല്‍. നാലര മണിക്കുറോളം നീണ്ടു.

അനധികൃത സ്വത്ത്സമ്പാദനം, കേസ് മാറ്റിമറിക്കാന്‍ ചെലവഴിച്ച പണം എന്നിവയുടെ വിശദാംശം പൊലീസിന് റൌഫ് നല്‍കിയതായാണ് വിവരം. വിവിധ ജില്ലകളില്‍ കുഞ്ഞാലിക്കുട്ടി സ്വന്തമാക്കിയ സ്വത്ത് സംബന്ധിച്ച തെളിവുകളാണ് നല്‍കിയത്. കൂടാതെ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് നല്‍കിയ പണത്തിന്റെ കണക്ക്, കേസിനായി ചെലവഴിച്ച കോഴപ്പണത്തിന്റെ അളവ്, ഇതിന്റെ സ്രോതസ് എന്നീ വിവരങ്ങളാണ് നാല്മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ അറിവായത്. അധികാരമുപയോഗിച്ച് കേസ് വഴിതിരിച്ചുവിടാനുണ്ടായ ഇടപെടലിനെക്കുറിച്ചുള്ള വിവരങ്ങളും റൌഫ് കൈമാറി.

തന്റെ കൈവശമുള്ള കുഞ്ഞാലിക്കുട്ടിക്കെതിരായ എല്ലാ തെളിവുകളും പ്രത്യേകഅന്വേഷണസംഘത്തിന് കൈമാറുമെന്ന് ചോദ്യം ചെയ്യലിന് ശേഷം റൌഫ് തൃശൂരില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. പ്രത്യേകസംഘത്തിലുള്ള കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ പി വിജയന്‍, തീരസുരക്ഷ എസ് പി അനൂപ് കുരുവിള, ഡിവൈഎസ്പിമാരായ ജയ്സണ്‍ കെ അബ്രഹാം, കെ സുദര്‍ശനന്‍, വേണുഗോപാല്‍ എന്നിവരടങ്ങിയ സംഘമാണ് ചോദ്യംചെയ്തത്. ഐസ്ക്രീംകേസ് അട്ടിമറി അന്വേഷണത്തിന് നിയോഗിച്ച പ്രത്യേകസംഘത്തിന്റെ സമ്പൂര്‍ണ കൂടിയാലോചനയും തൃശൂരില്‍ നടന്നു. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തിയ സംഘം വിശദാംശം വെളിപ്പെടുത്തിയില്ല.

പീഡനത്തിനിരയായ കെ വി റജീനയെ പൊലീസ് നേരത്തെ ചോദ്യംചെയ്തിരുന്നു. റജുലയടക്കം മറ്റുള്ളവരെയും അടുത്തദിവസം ചോദ്യംചെയ്യും. കേസില്‍ അനുകൂലവിധി സ്വന്തമാക്കാന്‍ ജുഡീഷ്യറിയെയും ന്യായാധിപരെയും വിലക്കെടുത്തെന്ന വെളിപ്പെടുത്തലിന് കഴിഞ്ഞദിവസം റൌഫില്‍നിന്ന് തെളിവെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു തിങ്കളാഴ്ചത്തെ ചോദ്യംചെയ്യല്‍. നാടിനെ ഞെട്ടിച്ച വെളിപ്പെടുത്തലിനുശേഷം മൂന്നാംതവണയാണ് പൊലീസ് റൌഫിനെ ചോദ്യംചെയ്യുന്നത്. പീഡനത്തിരയായ റജുലയടക്കമുള്ള പെണ്‍‌കുട്ടികളില്‍നിന്നും അടുത്തദിവസം വിവരങ്ങള്‍ ആരായും.

ഐസ്ക്രീം കേസ് ഇന്ത്യാവിഷന്‍ മുഖ്യമന്ത്രിക്ക് രേഖകള്‍ കൈമാറി

ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭകേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച രേഖകള്‍ ഇന്ത്യാവിഷന്‍ മുഖ്യമന്ത്രിക്ക് കൈമാറി. രേഖകള്‍ പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഐസ്ക്രീം കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കൂട്ടുപ്രതിയും ബന്ധുവുമായ റൌഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ പിന്നാലെ ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്തതടക്കമുള്ള ടേപ്പുകളും രേഖകളുമാണ് കൈമാറിയത്. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പണം നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ടിരുന്നു. ഇതിനു പുറമെ ഇരകളുടെയും സാക്ഷികളുടെയും വെളിപ്പെടുത്തലുകളും ഇതിലുള്ളതായി അറിയുന്നു. മൂന്നു പ്രതികളടക്കം 12 പേരുടെ മൊഴിയടങ്ങുന്ന രേഖകള്‍ പ്രത്യേക അന്വേഷണസംഘത്തലവന്‍ വിന്‍സ എം പോളിനും കൈമാറിയതായി ഇന്ത്യാവിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം: എ വിജയരാഘവന്‍

കോഴിക്കോട്: ഐസ്ക്രീംപാര്‍ലര്‍ പെണ്‍‌വാണിഭക്കേസില്‍ ആരോപണവിധേയനായ പി കെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നയത്തോട് കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ പറഞ്ഞു. പണവും അധികാരവും ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെട്ടെന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ മുന്നിലിരുത്തി മോചനയാത്ര നയിക്കയാണ് ഉമ്മന്‍ചാണ്ടി. അധികാരത്തിലേക്കുള്ള എളുപ്പവഴിയായി കുഞ്ഞാലിക്കുട്ടിയുടെ നാണംകെട്ട രാഷ്ട്രീയത്തെ കെട്ടിപ്പുണരുകയാണ്. ഇതേപ്പറ്റി കോണ്‍ഗ്രസിലെ 'ആദര്‍ശധീരര്‍' അഭിപ്രായം പറയണം. സ്വാതന്ത്ര്യസമര നായകനായ മുഹമ്മദ് അബ്ദുറഹിമാന്‍ നടന്ന വഴികളിലൂടെ കുഞ്ഞാലിക്കുട്ടിയെ എഴുന്നള്ളിച്ച് നടക്കുന്നത് കോണ്‍ഗ്രസിന്റെ അധഃപതനമാണ് കാണിക്കുന്നത്. അബ്ദുറഹിമാനെ നേതാവാക്കിയവര്‍ ഇന്ന് കുഞ്ഞാലിക്കുട്ടിക്ക് കാവലും സംരക്ഷണവുമൊരുക്കയാണ്- കെഎസ്ടിഎ സംസ്ഥാന സമ്മേളന സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത് വിജയരാഘവന്‍ പറഞ്ഞു.

ഹിമാലയത്തെയും നാണിപ്പിക്കുന്ന അഴിമതിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്നത്. ഈ അഴിമതിക്കാരെ വെള്ളപൂശുന്ന സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. രാജ്യാന്തര പ്രശസ്തമായ കേരളത്തിന്റെ മാതൃകാ വിദ്യാഭ്യാസനയമടക്കം തകര്‍ക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നയം. കോര്‍പറേറ്റുകള്‍ക്ക് വിദ്യാഭ്യാസമണ്ഡലം അടിയറ വയ്ക്കുകയാണ്. വിലക്കയറ്റം ഏറ്റവും രൂക്ഷം ഈ മേഖലയിലാണ്. അതിനാലാണ് രാജ്യത്തെ 40 ശതമാനം എന്‍ജിനീയറിങ് സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കോര്‍പറേറ്റ്വല്‍ക്കരണത്തില്‍നിന്നും ജനകീയവല്‍ക്കരണമെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നയം. ഈ മാതൃക സംരക്ഷിക്കാനുള്ള കൂട്ടായ്മയില്‍ പൊതുസമൂഹത്തിന്റെ മുന്‍നിരയില്‍ അധ്യാപകരും അണിനിരക്കണം- അദ്ദേഹം പറഞ്ഞു.

അഭിപ്രായം പറയില്ലെന്ന് ആന്റണി

കോട്ടയം: കേരള രാഷ്ട്രീയത്തില്‍ സജീവമല്ലാത്തതിനാല്‍ ഐസ്ക്രീംപാര്‍ലര്‍ കേസില്‍ അഭിപ്രായം പറയുന്നില്ലെന്ന് കേന്ദ്രമന്ത്രി എ കെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെപിസിസിയും യുഡിഎഫ് സംസ്ഥാന നേതൃത്വവും പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. കുഞ്ഞാലിക്കുട്ടി സംഭവം യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ല. എസ് ബാന്‍ഡ് അഴിമതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചതിനാല്‍ കൂടുതല്‍ പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 090211

2 comments:

  1. ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസിനെ കേവലം ലൈംഗികപീഡന കേസായിമാത്രം കാണാനാകില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. നിയമസംവിധാനത്തെ അട്ടിമറിച്ച സംഭവമാണിതെന്നാണ് പുതിയ വെളിപ്പെടുത്തലുകളില്‍ നിന്ന് മനസ്സിലാകുന്നത്. കെ കെ ശൈലജയുടെ (സിപിഐ എം) ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

    ReplyDelete
  2. ഐസ്ക്രീംപാര്‍ലര്‍ കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയ കെ എ റൌഫില്‍നിന്ന് മജിസ്ട്രേറ്റ് മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി. കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ബോധിപ്പിച്ചതായി റൌഫ് മൊഴി നല്‍കിയശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്കിനെക്കുറിച്ച് മുമ്പ് പറഞ്ഞതെല്ലാം ആവര്‍ത്തിച്ചിട്ടുണ്ട്. പൊലീസില്‍ പറയാന്‍ വിട്ടുപോയ വസ്തുതകളും മൊഴി നല്‍കിയതിലുണ്ട്. 14 വര്‍ഷമായി കേസുമായി ബന്ധപ്പെട്ട് ഓര്‍മയിലുള്ള എല്ലാകാര്യവും അറിയിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും റൌഫ് പറഞ്ഞു. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(അഞ്ച്) എന്‍ ആര്‍ കൃഷ്ണകുമാര്‍ മുമ്പാകെയാണ് മൊഴി നല്‍കിയത്. നാലുമണിക്കൂര്‍ നീണ്ടു. മൊഴിയെടുത്തശേഷം വായിച്ചുകേള്‍പ്പിച്ച് ഒപ്പിടുവിച്ചു. പകല്‍ 2.40നാണ് തുടങ്ങിയത്. ബുധനാഴ്ച ആദ്യഘട്ടമായി അരമണിക്കൂര്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രിമിനല്‍ നടപടി നിയമം 164-ാംവകുപ്പ് പ്രകാരമായിരുന്നു മൊഴിയെടുക്കല്‍. മജിസ്ട്രേറ്റ് സമന്‍സ് അയച്ച് റൌഫിനെ വരുത്തിയാണ് മൊഴിയെടുത്തത്. രേഖാപരമായി എഴുതിയെടുക്കുന്നത് കൂടാതെ ഓഡിയോ, വീഡിയോ സംവിധാനമുപയോഗിച്ചും മൊഴി സ്വീകരിച്ചിട്ടുണ്ട്. മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവായ റൌഫ,് ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി പണവും അധികാരവുമുപയോഗിച്ച് നടത്തിയ നീക്കങ്ങള്‍ ജനുവരി 28 ന് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് ടൌ പൊലീസ് റൌഫിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസെടുത്തു. ഇതിന്റെ തുടര്‍ച്ചയായാണ് പൊലീസ് അറിയിച്ചതനുസരിച്ച് മജിസ്ട്രേറ്റ് സമന്‍സ് അയച്ചത്. മൊഴി പൂര്‍ത്തിയായതിനാല്‍ ഇനി മജിസ്ട്രേറ്റിന് കേസില്‍ തുടര്‍നടപടി സ്വീകരിക്കാം. സാക്ഷികളെ വിളിച്ചുവരുത്താം. കേസില്‍ ആരോപിതനായ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കുന്നതടക്കമുള്ള നടപടികളുമെടുക്കാം. വിളിച്ചുവരുത്തി തെളിവെടുക്കുകയും ചെയ്യാം.

    ReplyDelete