Wednesday, February 9, 2011

എസ് ബാന്‍ഡ് അഴിമതി : കുരുക്ക് മുറുകിയപ്പോള്‍

സ്വകാര്യകമ്പനിയുടെ പങ്കാളിത്തം മന്ത്രിസഭയെ അറിയിച്ചില്ല

ഐഎസ്ആര്‍ഒയ്ക്ക് അനുവദിച്ച എസ് ബാന്‍ഡ് സ്പെക്ട്രം ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യകമ്പനിക്ക് നല്‍കുന്നതിനുള്ള കരാര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രിസഭയില്‍ നിന്ന് മറച്ചുവച്ചു. ഐഎസ്ആര്‍ഒ നിര്‍മിച്ച് വിക്ഷേപിക്കുന്ന ജിസാറ്റ് 6, 6എ ഉപഗ്രഹങ്ങള്‍ സ്വകാര്യകമ്പനിക്കുവേണ്ടിയാണെന്ന കാര്യം മന്ത്രിസഭയെ അറിയിച്ചിരുന്നില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. കരാര്‍ വിവാദമായ പശ്ചാത്തലത്തില്‍ റദ്ദാക്കല്‍ നടപടികള്‍ ആരംഭിച്ചതായും എന്നാലിത് സങ്കീര്‍ണമായ പ്രക്രിയയാണെന്നും അദ്ദേഹം അറിയിച്ചു. എസ് ബാന്‍ഡ് സ്പെക്ട്രം നല്‍കുന്നതിന് തീരുമാനമെടുത്തിട്ടില്ലെന്നും നഷ്ടം ഉണ്ടായിട്ടില്ലെന്നും ചൊവ്വാഴ്ച പ്രധാനമന്ത്രികാര്യാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ചെയര്‍മാന്റെ ഈ പ്രതികരണം. ഇതോടെ എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രി കാര്യാലയം കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്.

ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സും സ്വകാര്യ മള്‍ട്ടിമീഡിയ കമ്പനിയായ ദേവാസുമായുള്ള വിവാദ കരാര്‍ റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അറിയിക്കാനായി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് സ്വകാര്യകമ്പനിയുടെ പങ്കാളിത്തം മന്ത്രിസഭ അറിഞ്ഞിരുന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി രാധാകൃഷ്ണന്‍ പറഞ്ഞത്. കരാറിന്റെ വിശദാംശങ്ങള്‍ മന്ത്രിസഭയെ അറിയിച്ചിരുന്നില്ല. ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന രണ്ട് ജിസാറ്റ് ഉപഗ്രഹങ്ങളിലെ ട്രാന്‍സ്പോണ്ടറുകളില്‍ 90 ശതമാനവും സ്വകാര്യകമ്പനിയുടെ ഉപയോഗത്തിന് വേണ്ടിയാണെന്ന് മന്ത്രിസഭയെ അറിയിച്ചിരുന്നില്ല. രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നെന്ന് മാത്രമാണ് മന്ത്രിസഭയെ അറിയിച്ചത്. ജിസാറ്റ് ഉപഗ്രഹങ്ങളും എസ് ബാന്‍ഡ് സ്പെക്ട്രവും രാജ്യത്തിന്റെ തന്ത്രപര ആവശ്യങ്ങള്‍ക്കും സാമൂഹ്യമായ ആവശ്യങ്ങള്‍ക്കും അധികമായി ഉപയോഗിക്കേണ്ടിവരുമെന്ന് കണ്ടതുകൊണ്ടാണ് സ്വകാര്യകമ്പനിയുമായുള്ള കരാര്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്ന് രാധാകൃഷ്ണന്‍ അവകാശപ്പെട്ടു. പുനഃപരിശോധനയില്‍ കരാര്‍ റദ്ദാക്കാനുള്ള തീരുമാനത്തിലാണ് എത്തിയത്. ആ പ്രക്രിയ തുടര്‍ന്നുവരികയാണ്. സര്‍ക്കാരിന് നാണക്കേടുണ്ടാകാത്ത വിധത്തിലും സാമ്പത്തികബാധ്യത വരാത്ത വിധത്തിലും കരാറില്‍നിന്ന് പിന്‍വാങ്ങാനാണ് ശ്രമിക്കുന്നത്. ഇതൊരു സങ്കീര്‍ണമായ പ്രക്രിയയാണെങ്കിലും വേഗത്തില്‍ തീര്‍പ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- അദ്ദേഹം പറഞ്ഞു.

നൂതന സാങ്കേതികവിദ്യക്ക് തുടക്കമിടുക എന്ന ലക്ഷ്യത്തോടെയാണ് ദേവാസുമായി കരാറില്‍ എത്തിയത്. എസ് ബാന്‍ഡ് സ്പെക്ട്രമുപയോഗിച്ച് ഡിജിറ്റല്‍ പ്രക്ഷേപണമായിരുന്നു ലക്ഷ്യം. 2003ലാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. 2005 ജനുവരി 28ന് കരാറില്‍ ഒപ്പിട്ടു. കരാറില്‍ എത്തുന്നതില്‍ ഐഎസ്ആര്‍ഒ പങ്കാളിയാണ്. എന്നാല്‍, ദേശീയാവശ്യങ്ങള്‍ക്കായി എസ് ബാന്‍ഡ് സ്പെക്ട്രം കൂടുതലായി ഉപയോഗിക്കേണ്ടിവരുമെന്ന് കണ്ടതോടെ കരാര്‍ പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി താന്‍ ഒരു കമ്മിറ്റിയെ വച്ചു. കരാര്‍ റദ്ദാക്കാനും ബഹിരാകാശ കമീഷനെ ഈയാവശ്യവുമായി സമീപിക്കാനുമായിരുന്നു തീരുമാനം. 2010 ജൂലൈയില്‍ ബഹിരാകാശ കമീഷനെ സമീപിച്ചു. ജിസാറ്റ് ഉപഗ്രഹങ്ങള്‍ പൂര്‍ണമായും ദേശീയാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനായിരുന്നു തീരുമാനം. കരാറില്‍നിന്നുള്ള പിന്മാറ്റം പല വകുപ്പുകളും ഉള്‍പ്പെട്ട വിഷയമാണ്. ടെലികോം, നിയമ മന്ത്രാലയങ്ങള്‍ തുടങ്ങിയവയുടെ അഭിപ്രായങ്ങള്‍ ആരായേണ്ടതുണ്ട്. പ്രധാനമന്ത്രിയെ കണ്ട് താന്‍ ചര്‍ച്ച നടത്തിയിരുന്നു. ദേവാസിന്റെ 17 ശതമാനം ഓഹരി വിദേശകമ്പനി വാങ്ങിയത് പിന്നീടാണ്. അക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും പറയാനാകില്ല- രാധാകൃഷ്ണന്‍ പറഞ്ഞു.
(എം പ്രശാന്ത്)

എസ് ബാന്‍ഡ്: കുരുക്ക് മുറുകി പ്രധാനമന്ത്രി കള്ളംപറയുന്നു


ന്യൂഡല്‍ഹി: സ്വന്തം വകുപ്പിലെ തീരുമാനങ്ങളെയും കരാറുകളെയും മറച്ചുവച്ച് എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രികാര്യാലയത്തിന്റെ പ്രസ്താവന. വിലയേറിയതും ദുര്‍ലഭവുമായ എസ് ബാന്‍ഡ് സ്പെക്ട്രം നല്‍കുന്നതിന് തീരുമാനമെടുത്തിട്ടില്ലെന്നും അതുകൊണ്ട് നഷ്ടം ഉണ്ടായിട്ടില്ലെന്നുമാണ് ചൊവ്വാഴ്ച പ്രധാനമന്ത്രികാര്യാലയം അറിയിച്ചത്. ദേവാസ് മള്‍ട്ടിമീഡിയക്ക് എസ് ബാന്‍ഡ് സ്പെക്ട്രം അനുവദിച്ചതുവഴി സര്‍ക്കാരിന് രണ്ടുലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന വാര്‍ത്തയോട് പ്രതികരണമായാണ് പ്രസ്താവന.

എന്നാല്‍, പ്രധാനമന്ത്രിയുടെ നിഷേധത്തെ ഐഎസ്ആര്‍ഒ, സിഎജി തുടങ്ങിയവയുടെ പ്രതികരണങ്ങള്‍തന്നെ ഖണ്ഡിക്കുന്നു. എസ് ബാന്‍ഡ് സ്പെക്ട്രം ബംഗളൂരു ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടിമീഡിയക്ക് നല്‍കാന്‍ 2005 ജനുവരി 28ന് ഒപ്പിട്ട കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. ബഹിരാകാശ കമീഷനും നിയമമന്ത്രാലയവും എതിര്‍പ്പ് അറിയിച്ചിട്ടും ദേവാസിന് ട്രയല്‍ നടത്താന്‍ 70 മെഗാഹെഡ്സ് ആവൃത്തിയുള്ള എസ് ബാന്‍ഡ് സ്പെക്ട്രം നല്‍കാനാണ് പ്രധാനമന്ത്രിയുടെ നേരിട്ട് കീഴിലുള്ള ബഹിരാകാശമന്ത്രാലയം തയ്യാറായത്. എസ് ബാന്‍ഡ് സ്പെക്ട്രം ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സിനോ സ്വകാര്യസ്ഥാപനമായ ദേവാസ് കമ്യൂണിക്കേഷന്‍സിനോ നല്‍കിയിട്ടില്ലെന്നാണ് പ്രസ്താവന അവകാശപ്പെടുന്നത്. എന്നാല്‍, പ്രധാനമന്ത്രിയുടെ കീഴിലുള്ള ഐഎസ്ആര്‍ഒതന്നെ ഇത് നിഷേധിക്കുന്നു. ഓഡിറ്റ് നടന്നുകൊണ്ടിരിക്കയാണെന്ന സിഎജിയുടെ പ്രസ്താവനയും പ്രധാനമന്ത്രിയുടെ നിലപാടിനെ ചോദ്യംചെയ്യുന്നതാണ്.

ദേവാസിന്റെ സാരഥികള്‍ ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥര്‍


ബംഗളൂരു: എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിയില്‍ ഐഎസ്ആര്‍ഒയിലെ ഉന്നതര്‍ക്കും പങ്കെന്ന് സൂചന. കരാര്‍ ലഭിച്ച സ്വകാര്യ കമ്പനിയായ ദേവാസ് മള്‍ട്ടിമീഡിയ കമ്പനിയില്‍ ഐഎസ്ആര്‍ഒയിലെ മുന്‍ ഉദ്യോഗസ്ഥരാണ് ഏറെയും. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്ര സെക്രട്ടറികൂടിയായ ഡോ. എം ജി ചന്ദ്രശേഖര്‍ ചെയര്‍മാനായ ദേവാസ് മള്‍ട്ടിമീഡിയയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്, ഉപദേശകസമിതി, മാനേജ്മെന്റ് ടീം എന്നിവയുടെ ചുമതലക്കാരും അംഗങ്ങളും ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥരാണ്. ഇവരില്‍ പലരും ഇപ്പോഴും ഐഎസ്ആര്‍ഒയുടെ അനൌദ്യോഗിക ഉപദേശകരാണ്. ഐഎസ്ആര്‍ഒ വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ദേവാസിന്റേതായി മാറുകയുംചെയ്യുന്നു. പതിമൂന്ന് അംഗ ഡയറക്ടര്‍ബോര്‍ഡില്‍ ഡോ. ചന്ദ്രശേഖറിനു പുറമെ ചീഫ് ടെക്നോളജി ഓഫീസര്‍ ഡി വേണുഗോപാല്‍, ഡയറക്ടര്‍ കിര കാര്‍ണിക്, ഡയറക്ടര്‍ വി ആര്‍ കട്ടി എന്നിവര്‍ ഐഎസ്ആര്‍ഒയില്‍നിന്ന് വിരിമിച്ചവരാണ്.

1973ല്‍ ഐഎസ്ആര്‍ഒയില്‍ ചേര്‍ന്ന ചന്ദ്രശേഖര്‍ 1980 മുതല്‍ 1998 വരെ ശാസ്ത്ര സെക്രട്ടറിയായും അപ്പക്സ് മാനേജ്മെന്റ് കൌണ്‍സിലംഗമായും പ്രവര്‍ത്തിച്ചു. ചീഫ് ടെക്നോളജി ഓഫീസറായ ഡി വേണുഗോപാല്‍ 1989 മുതല്‍ 98 വരെ ഐഎസ്ആര്‍ഒയില്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം, സിസ്റം എന്‍ജിനിയര്‍ (സ്പേസ് ആപ്ളിക്കേഷന്‍) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഡയറക്ടര്‍മാരായ കിരണ്‍ കാര്‍ണിക്, വി ആര്‍ കട്ടി എന്നിവരും 20 വര്‍ഷത്തിലേറെ ഐഎസ്ആര്‍ഒയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ സ്പേസ് ടെക്നോളജി പ്ളാനിങ് ഇംപ്ളിമെന്റേഷന്‍ തലവനായിരുന്നു കിരണ്‍ കാര്‍ണിക്. ഇതിനുശേഷം സത്യം കംപ്യൂട്ടേഴ്സില്‍ സര്‍ക്കാര്‍ നോമിനിയായി പ്രവര്‍ത്തിച്ചുവരവെയാണ് ദേവാസില്‍ എത്തിയത്. ഐഎസ്ആര്‍ഒയുടെ ജിയോസാറ്റ് പദ്ധതിയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന വി ആര്‍ കട്ടി ആന്‍ഡ്രിക്സിന്റെ നോമിനിയായാണ് ദേവാസില്‍ എത്തിയത്. ആര്യഭട്ട അടക്കമുള്ള ഉപഗ്രഹ വിക്ഷേപണസമയത്തും കട്ടി സുപ്രധാന തസ്തികയിലുണ്ടായിരുന്നു. ഉപദേശകസമിതിയിലെ ജയ്സിങ്, കെ നാരായണന്‍ എന്നിവരും ഐഎസ്ആര്‍ഒയില്‍ ഉന്നത തസ്തികയിലിരുന്നവരാണ്. ദേവാസിന്റെ സ്പെക്ട്രം മാനേജ്മെന്റ് ഡയറക്ടര്‍കൂടിയായ ജയ്സിങ് ഇന്‍സാറ്റ് പ്രോഗ്രാം ഓഫീസര്‍, സാറ്റ്കോം പ്രോഗ്രാം എന്നീ പദ്ധതികളില്‍ നിര്‍വഹണച്ചുമതല വഹിച്ചിരുന്നു. ഐഎസ്ആര്‍ഒ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് പ്രോഗ്രാം ഡയറക്ടറായിരുന്നു നിലവില്‍ ദേവാസിലെ സീനിയര്‍ ഉപദേശകനായ കെ നാരായണന്‍. ദേവാസ് മാനേജ്മെന്റ് ടീമില്‍ ചന്ദ്രശേഖര്‍, ഡി വേണുഗോപാല്‍ എന്നിവര്‍ക്കുപുറമെ അസോസിയേറ്റ് പ്രസിഡന്റായ ഡോ. മുകുന്ദ്റാവുവും ഐഎസ്ആര്‍ഒയില്‍നിന്ന് റിട്ടയര്‍ചെയ്ത ഉദ്യോഗസ്ഥനാണ്.

അതിനിടെ, എസ് സ്പെക്ട്രം അഴിമതിയെപ്പറ്റി തനിക്കൊന്നുമറിയില്ലെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി മാധവന്‍നായര്‍ പറഞ്ഞു. സ്പെക്ട്രം അനുവദിക്കുകയെന്നത് ഐഎസ്ആര്‍ഒയുടെ ജോലിയല്ലെന്നും ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുകയും അത് പ്രവര്‍ത്തിപ്പിക്കുകയുമാണ് പ്രധാന ഉത്തരവാദിത്തവുമെന്ന് ഡോ. മാധവന്‍നായര്‍ ബംഗളൂരു വിമാനത്താവളത്തില്‍ പറഞ്ഞു. 2005ല്‍ കരാര്‍ ഒപ്പിടുന്ന സമയത്ത് മാധവന്‍നായരായിരുന്നു ഐഎസ്ആര്‍ഒ മേധാവി. എസ് ബാന്‍ഡ് സ്പെക്ട്രം അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന വാര്‍ത്തകളില്‍ വസ്തുതാപരമായ പിശകുണ്ടെന്ന് ദേവാസ് മള്‍ട്ടിമീഡിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സ്പെക്ട്രം സ്വന്തമായി ലഭിച്ചിട്ടില്ലെന്നും വാടകക്കുള്ള ട്രാന്‍സ്പോന്‍ഡറുകളില്‍ നിന്നും സേവനം ലഭ്യമാക്കുകയാണെന്നും വിശദീകരണത്തില്‍ പറഞ്ഞു.
(പി വി മനോജ്കുമാര്‍)

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ച സ്പെക്ട്രം നിരീക്ഷിക്കണമെന്ന് ട്രായ്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറിയ സ്പെക്ട്രം കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. പ്രധാനമന്ത്രി കാര്യാലയത്തിനു കീഴിലുള്ള ഐഎസ്ആര്‍ഒയും ദേവാസ് മള്‍ട്ടിമീഡിയയും തമ്മിലുള്ള എസ് ബാന്‍ഡ് സ്പെക്ട്രം കരാര്‍ വിവാദമായതോടെയാണ് ട്രായിയുടെ നിര്‍ദേശം വന്നത്.

അടുത്ത അഞ്ചുവര്‍ഷ കാലയളവില്‍ 500 മുതല്‍ 800 മെഗാഹെര്‍ട്സുവരെ സ്പെക്ട്രം വിവിധ ആവശ്യങ്ങള്‍ക്കായി വേണ്ടിവരുമെന്ന കണക്കുകൂട്ടലാണ് ട്രായിക്കുള്ളത്. ഇതുകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ച സ്പെക്ട്രത്തിന്റെ കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന് ട്രായ് അഭിപ്രായപ്പെട്ടത്. 450 മുതല്‍ 2500 വരെയുള്ള സ്പെക്ട്രം ശ്രേണിയില്‍ 668 മെഗാഹെര്‍ട്സ് സ്പെക്ട്രമാണ് ടെലികോം, പ്രതിരോധം, ബഹിരാകാശം, സര്‍ക്കാര്‍ മാധ്യമങ്ങള്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പക്കലുള്ളത്. 2010 മെയ് മാസത്തില്‍ സര്‍ക്കാരിനു നല്‍കിയ നിര്‍ദേശത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ചിട്ടുള്ള സ്പെക്ട്രം നിരീക്ഷിക്കണമെന്ന നിര്‍ദേശം ട്രായ് മുന്നോട്ടുവച്ചത്. അനുവദിക്കപ്പെട്ട സ്പെക്ട്രം ഏജന്‍സികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെങ്കില്‍ അത് പുനര്‍വിതരണം ചെയ്യണമെന്ന അഭിപ്രായവും ട്രായ് അറിയിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക നിധി രൂപീകരിക്കണമെന്നാണ് ട്രായിയുടെ അഭിപ്രായമെന്ന് ഒരു മുതിര്‍ന്ന ട്രായ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദേശാഭിമാനി 090211

What the PMO claims and what the facts are

2 comments:

  1. ഐഎസ്ആര്‍ഒയ്ക്ക് അനുവദിച്ച എസ് ബാന്‍ഡ് സ്പെക്ട്രം ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യകമ്പനിക്ക് നല്‍കുന്നതിനുള്ള കരാര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രിസഭയില്‍ നിന്ന് മറച്ചുവച്ചു. ഐഎസ്ആര്‍ഒ നിര്‍മിച്ച് വിക്ഷേപിക്കുന്ന ജിസാറ്റ് 6, 6എ ഉപഗ്രഹങ്ങള്‍ സ്വകാര്യകമ്പനിക്കുവേണ്ടിയാണെന്ന കാര്യം മന്ത്രിസഭയെ അറിയിച്ചിരുന്നില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. കരാര്‍ വിവാദമായ പശ്ചാത്തലത്തില്‍ റദ്ദാക്കല്‍ നടപടികള്‍ ആരംഭിച്ചതായും എന്നാലിത് സങ്കീര്‍ണമായ പ്രക്രിയയാണെന്നും അദ്ദേഹം അറിയിച്ചു. എസ് ബാന്‍ഡ് സ്പെക്ട്രം നല്‍കുന്നതിന് തീരുമാനമെടുത്തിട്ടില്ലെന്നും നഷ്ടം ഉണ്ടായിട്ടില്ലെന്നും ചൊവ്വാഴ്ച പ്രധാനമന്ത്രികാര്യാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ചെയര്‍മാന്റെ ഈ പ്രതികരണം. ഇതോടെ എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രി കാര്യാലയം കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്.

    ReplyDelete
  2. തീരുമാനമായില്ല എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്.. പിന്നെ കരാര്‍ റദ്ദാക്കുമെന്ന് ഐ.എസ്സ്.ആര്‍.ഒ. ചെയര്‍മാന്‍ എന്തിന് പറയുന്നു? 2005ലെ എഗ്രിമെന്റിന്റെ കോപ്പി പുറത്ത് വന്നത് കൂടാതെ ദേവാസ് അവരുടെ വെബ് സൈറ്റില്‍ ഈ കരാര്‍ എടുത്തു പറയുന്നു!!!

    ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയനിനാണ് അധികാരം എന്ന് മാധവന്‍ പറയുമ്പോള്‍ അവിടെ നിന്നും അനുമതി ലഭിക്കാന്‍ ആന്ദ്രിക്സ് ശ്രമിക്കുമെന്ന് കരാറില്‍ എഴുതി വെച്ചിരിക്കുന്നു...

    മാധവന് തനിക്കൊന്നും അറിയില്ല പോലും! താന്‍ ബോര്‍ഡ് ഓഫ് മെമ്പര്‍ ആയ ആന്ദ്രക്സിന്റെ ചെയ്തികളെ കുറിച്ചാണ് അറിയില്ല എന്ന് പറയുന്നത്!

    എന്തിന് ഈ ഒളിച്ച് കളികള്‍?

    ReplyDelete