മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന സംഭ്രമജനകമായ വാര്‍ത്ത പത്രസമ്മേളനം വിളിച്ചുചേര്‍ത്തു പ്രഖ്യാപിച്ചതിനെ തുടര്‍ന്നു ലീഗിലുണ്ടായ തര്‍ക്കങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്നാണ് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ഞായറാഴ്ച അവകാശപ്പെട്ടത്. ലീഗ് സംസ്ഥാന സെക്രട്ടറിയും ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാനുമായ എം കെ മുനീറിനെതിരെ കുഞ്ഞാലിക്കുട്ടി പരസ്യമായി ഉന്നയിച്ച ആരോപണങ്ങളും മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ അവിഹിത ഇടപാടുകളെക്കുറിച്ച് നടത്തിയ കുറ്റസമ്മതവുമെല്ലാം ഇതോടെ അപ്രസക്തമായെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം.
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തോടെ അവസാനിക്കുന്ന വിഷയങ്ങളല്ല കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ വിഴുപ്പലക്കലിന്നിടയില്‍ പുറത്തുവന്നത്. മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളിലേക്കും അധികാരദുര്‍വിനിയോഗത്തിലേയ്ക്കും വെളിച്ചംവീശുന്ന ഒട്ടേറെ വെളിപ്പെടുത്തലുകള്‍ ഇതിനിടയിലുണ്ടായി. അവ ഇന്ന് പൊതുസമൂഹത്തിലാകെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നവയാണ്. അവയ്ക്ക് തൃപ്തികരമായ മറുപടി ലഭിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ചര്‍ച്ചകളിലൂടെ ഒതുക്കിതീര്‍ക്കാന്‍ കഴിയാത്തവയാണ് ആ വിഷയങ്ങള്‍. മന്ത്രിയായിരുന്നപ്പോള്‍ വഴിവിട്ട് പലതും ചെയ്തുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പരസ്യമായി നടത്തിയ കുറ്റസമ്മതം. ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഒതുക്കാന്‍ ഒപ്പംനിന്ന ഭാര്യാസഹോദരി ഭര്‍ത്താവ് റൗഫിനെയാണ് അവിഹിതമായി സഹായിച്ചതെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ അന്നത്തെ യു ഡി എഫ് മന്ത്രിസഭയിലെ അംഗങ്ങളില്‍ പലരും നടത്തിയ അവിഹിത ഇടപാടുകള്‍ ജനങ്ങള്‍ക്ക് ബോധ്യമുണ്ടെങ്കിലും മന്ത്രിസഭയിലെ ഒരംഗം തന്നെ ഇപ്പോള്‍ അതു പരസ്യമായി സമ്മതിച്ചിരിക്കുകയാണ്. കുറ്റസമ്മതം നടത്തിയ കുഞ്ഞാലിക്കുട്ടിയെ പരസ്യമായി അഭിനന്ദിച്ചത് മുന്‍ മുഖ്യമന്ത്രിയും ഇന്നത്തെ പ്രതിപക്ഷ നേതാവുമായ ഉമ്മന്‍ചാണ്ടിയാണ്. കുഞ്ഞാലിക്കുട്ടി നടത്തിയ അവിഹിത ഇടപാടുകളെക്കുറിച്ച് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി കുറ്റസമ്മതം നടത്തി മണിക്കൂറുകള്‍ക്കകം ഉമ്മന്‍ചാണ്ടി അഭിനന്ദനവുമായി രംഗത്തുവന്നത്.
ലീഗിലെ തര്‍ക്കങ്ങളെല്ലാം തീര്‍ന്നുവെന്ന നേതൃത്വത്തിന്റെ അവകാശവാദത്തോടെ ഈ വിഷയം അവസാനിക്കുമോ?
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്നു രക്ഷപ്പെടാന്‍ ജഡ്ജിമാരെ സ്വാധീനിച്ചുവെന്ന് ആരോപിച്ചത് റൗഫും എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനലുമാണ്. ഇതിന്റെ വ്യക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഇന്ത്യാവിഷന്‍ അവകാശപ്പെടുന്നുമുണ്ട്. എം കെ മുനീറിനെതിരെ നടപടി എടുക്കാന്‍ കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല. മുനീറിന്റെ മുന്നില്‍ താല്‍ക്കാലികമായെങ്കിലും കീഴടങ്ങാന്‍ ലീഗ് നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത് കൂടുതല്‍ നാറ്റക്കേസുകള്‍ പുറത്തുവരുമെന്ന ഭീതിയാണ്. ഇന്ത്യാവിഷന്റെ വാര്‍ത്തകളിലും പ്രവര്‍ത്തനസ്വാതന്ത്ര്യത്തിലും ഒരു തരത്തിലും ഇടപെടില്ലെന്ന മുനീറിന്റെ അവകാശവാദം ജനങ്ങള്‍ വിശ്വസിക്കണമെങ്കില്‍ ഇന്ത്യാവിഷന്‍ അവകാശപ്പെടുന്ന തെളിവുകള്‍ മുഴുവന്‍ പരസ്യമാക്കണം. കുഞ്ഞാലിക്കുട്ടി ആരോപിച്ച ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിന് തെളിവുകള്‍ കൈമാറാന്‍ ഇന്ത്യാവിഷനും എം കെ മുനീറും തയ്യാറാകണം.
മുസ്‌ലിംലീഗിലെ ഗ്രൂപ്പു തര്‍ക്കങ്ങളിലൊന്നും ജനങ്ങള്‍ക്ക് താല്‍പര്യമില്ല. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ലീഗിലും കോണ്‍ഗ്രസിലും നടക്കുന്ന തമ്മിലടിയും അവരുടെ ആഭ്യന്തരകാര്യങ്ങളാണ്. എന്നാല്‍ അധികാരത്തിലിരുന്നപ്പോള്‍ അവര്‍ നടത്തിയ അഴിമതികളും അവിഹിത ഇടപാടുകളും ജനങ്ങളെ ബാധിക്കുന്നവയാണ്. ജനങ്ങളുടെ നികുതിപ്പണമാണ് അധികാരത്തിലിരുന്നപ്പോള്‍ അവര്‍ കൊള്ളയടിച്ചത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് നഗ്നമായി ലംഘിച്ചത്. അതിനെല്ലാം കണക്കുപറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒത്തുതീര്‍പ്പിലൂടെ പരിഹാരം കാണാനാവുന്ന വിഷയങ്ങളല്ല ഇവ.
മുസ്‌ലിംലീഗിനെ തകര്‍ക്കാന്‍ പുറത്തുനിന്നുള്ള കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തുന്നുവെന്ന പ്രചാരണത്തിലൂടെ ചെയ്ത തെറ്റുകളില്‍ നിന്നും അഴിമതികളില്‍ നിന്നും രക്ഷപ്പെടാമെന്നത് മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണ്. വരുംനാളുകള്‍ ഇതു തെളിയിക്കും.
ജനയുഗം മുഖപ്രസംഗം 080211
മുസ്‌ലിംലീഗിലെ ഗ്രൂപ്പു തര്‍ക്കങ്ങളിലൊന്നും ജനങ്ങള്‍ക്ക് താല്‍പര്യമില്ല. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ലീഗിലും കോണ്‍ഗ്രസിലും നടക്കുന്ന തമ്മിലടിയും അവരുടെ ആഭ്യന്തരകാര്യങ്ങളാണ്. എന്നാല്‍ അധികാരത്തിലിരുന്നപ്പോള്‍ അവര്‍ നടത്തിയ അഴിമതികളും അവിഹിത ഇടപാടുകളും ജനങ്ങളെ ബാധിക്കുന്നവയാണ്. ജനങ്ങളുടെ നികുതിപ്പണമാണ് അധികാരത്തിലിരുന്നപ്പോള്‍ അവര്‍ കൊള്ളയടിച്ചത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് നഗ്നമായി ലംഘിച്ചത്. അതിനെല്ലാം കണക്കുപറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒത്തുതീര്‍പ്പിലൂടെ പരിഹാരം കാണാനാവുന്ന വിഷയങ്ങളല്ല ഇവ.
ReplyDelete