Sunday, February 6, 2011

'കയര്‍ കേരള': കയറിന്റെയും പ്രകൃതിദത്തനാരുകളുടെയും ഉത്സവം

കേരളത്തിന്റെ കയറും കയറുല്‍പ്പന്നങ്ങളും നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ വിദേശവിപണി കീഴടക്കിയിരുന്നു. 11-ാം നൂറ്റാണ്ടിലെ അറേബ്യന്‍ സഞ്ചാരികളുടെ ലിഖിതങ്ങളില്‍ കേരളത്തില്‍ നിന്നും കൊണ്ടുപോയ കയര്‍ കപ്പലുകളുടെയും ഉരുക്കുകളുടെയും നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 12-ാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ സഞ്ചാരിയായ മാര്‍ക്കോ പോളോയും കേരളത്തില്‍ നിന്നും കൊണ്ടുപോകുന്ന കയറിനെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

കയര്‍ വ്യവസായം പ്രധാനമായും വിദേശവിപണിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. 1881 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഒരു അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ കേരളത്തില്‍ നിന്നുള്ള കയറും പ്രദര്‍ശനവസ്തുവായിരുന്നു. ഇവിടെനിന്നും തൊണ്ട് തന്നെ കപ്പല്‍കയറ്റി ഇംഗ്ലണ്ടില്‍ എത്തിച്ച് കയറും കയറുല്‍പ്പന്നങ്ങളുമാക്കി മാറ്റിയിരുന്നു. ഓറിയന്റല്‍ ഫൈബര്‍ മാറ്റ് ആന്‍ഡ് മാറ്റിംഗ് കമ്പനി, ഛബ് ആന്‍ഡ് കമ്പനി ട്രൈലര്‍ ആന്‍ഡ് കമ്പനി എന്നിങ്ങനെ പല വ്യവസായ സംരംഭങ്ങളും 16-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ കയറുല്‍പ്പന്നങ്ങളുടെ വിപണനം നടത്തിയിരുന്നു.
കയര്‍ പിരിക്കാന്‍ അടിസ്ഥാന ഉപകരണമായി ഉപയോഗിക്കുന്ന കയര്‍ റാട്ടുകള്‍ പരുത്തിനൂല്‍ നൂല്‍ക്കുന്ന ചര്‍ക്കകളുടെ പരിവര്‍ത്തിത രൂപമാണ്. സൂറത്തില്‍ നിന്നുമാണ് ചര്‍ക്ക പരിവര്‍ത്തനം ചെയ്ത് കയര്‍ റാട്ടായി 16-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ എത്തിയത്.

1859 ല്‍ ജയിംസ് ഡാറ, ഹെന്‍ട്രി സ്‌മെയില്‍ എന്നീ രണ്ട് വിദേശികള്‍ കയറുല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് സാധ്യത തേടി കല്‍ക്കത്തയില്‍ എത്തുകയും അതിന് കൂടുതല്‍ സാധ്യത കേരളത്തില്‍ - കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന ആലപ്പുഴയിലാണ് എന്ന് തിരിച്ചറിഞ്ഞ് ആദ്യത്തെ ഫാക്ടറി അവിടെ സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് പല വിദേശികളും കയര്‍വ്യവസായത്തില്‍ മുതല്‍മുടക്കി. പിയേഴ്‌സ് ലസ്ലി ആന്‍ഡ് കമ്പനി, വില്യം ഗുഡേക്കര്‍ ആന്‍ഡ് കമ്പനി, വോള്‍ക്കാട്ട് ബ്രദേഴ്‌സ്, ആസ്പിന്‍ വാള്‍ ആന്‍ഡ് കമ്പനി എന്നിങ്ങനെ പല സ്ഥാപനങ്ങളും ആലപ്പുഴയില്‍ ഉയര്‍ന്നുവന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് ആയിരക്കണക്കിനു തൊഴിലാളികള്‍ ഒരേ കൂരയ്ക്കു താഴെ പണിയെടുത്തിരുന്ന നിരവധി സ്ഥാപനങ്ങള്‍ ആലപ്പുഴയില്‍ ഉണ്ടായി.

സ്വാതന്ത്ര്യം സ്വന്തമായ 1947 ല്‍ കയറുല്‍പ്പന്നങ്ങളുടെ കയറ്റുമതി എട്ട് കോടി രൂപയായിരുന്നു. കഴിഞ്ഞവര്‍ഷം അത് 840 കോടി രൂപയായി വര്‍ധിച്ചു. ഇതിന്റെ സിംഹഭാഗവും കേരളത്തിന്റെ, വിശേഷിച്ചും ആലപ്പുഴയുടെ സംഭാവനയാണ്.

സംസ്ഥാനത്തെ ഏറ്റവുമധികം പരിഗണന അര്‍ഹിക്കുന്ന പരമ്പരാഗത വ്യവസായമാണ് കയര്‍. നാലുലക്ഷത്തോളം മനുഷ്യര്‍ കയര്‍ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നേടുന്നുണ്ട്. കൂലിയും തൊഴിലിടങ്ങളും ആകര്‍ഷണീയമല്ലെങ്കിലും ഇതരമേഖലകളിലെ തൊഴിലില്ലായ്മയാണ് കയര്‍ രംഗത്ത് തൊഴിലാളികളെ പിടിച്ചുനിര്‍ത്തുന്നത്. മറ്റൊരു പ്രധാന വസ്തുത കയര്‍മേഖലയില്‍ പണിയെടുക്കുന്നവരില്‍ 80 ശതമാനത്തിലേറെപേരും സ്ത്രീകളാണ് എന്നതാണ്.

പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് വിദേശവിപണിയെ മാത്രം ആശ്രയിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ബദലായി ശക്തമായ ആഭ്യന്തര വിപണിയുടെ അടിത്തറ വിപുലീകരിക്കണമെന്നുമുള്ളത് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട തത്വമാണ്. സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് കയര്‍ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയും സഹകരണസ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് 'ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നമെങ്കിലും' എന്ന വിപുലമായ ഒരു ക്യാമ്പയിന്‍ വഴി 10 കോടി രൂപയുടെയെങ്കിലും കയറുല്‍പ്പന്നങ്ങള്‍ വിറ്റഴിക്കണം എന്ന ലക്ഷ്യത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ കയറിന്റെ തനിമ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ബ്രാന്റ് സൃഷ്ടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനായി ''Kerala Co-ir - Golden Yarn of God’s own Country'' എന്ന ബ്രാന്റ് നെയിം ആവിഷ്‌കരിച്ച് പ്രചരണം നടത്തുകയാണ്.
കയറിനെ ഒരു ദരിദ്ര ഉല്‍പ്പന്നമാക്കിയാണ് നാം വിറ്റഴിക്കാന്‍ ശ്രമിച്ചിരുന്നത്. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണസംഘങ്ങളുടെയും ഈ സമീപനം മാറ്റാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുകയാണ്. അതിമനോഹരമായ ഡിസൈനുകളും വര്‍ണവൈവിധ്യങ്ങളുമുള്ള കയറുല്‍പ്പന്നങ്ങള്‍ നാം വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഏതെങ്കിലും ഒരു ഉല്‍പ്പന്നം നമ്മുടെ നാട്ടില്‍ വില്‍ക്കുന്നത് പാപമാണെന്നാണ് ഇവരുടെ ധാരണ. സായിപ്പിന് ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നമ്മുടെ നാട്ടാര്‍ക്കും ലഭിക്കണം. ഇവിടെ ഗുണനിലവാരം കുറഞ്ഞ നിറംകെട്ട ഉല്‍പ്പന്നങ്ങള്‍മാത്രം കണ്ടു ശീലിച്ചതുമൂലം നമ്മുടെ നാട്ടുകാര്‍ ഇതാണ് കയര്‍ എന്ന് തെറ്റിദ്ധരിച്ചു പോയിട്ടുണ്ട്.

കയര്‍ തൊഴിലാളികള്‍ കേരളത്തിലെ സാമുഹ്യമാറ്റത്തിന് ഊര്‍ജംപകര്‍ന്ന ആദ്യത്തെ തൊഴിലാളി വിഭാഗമാണ്. കേരളത്തിലെ ഒന്നാമത്തെ തൊഴിലാളി സംഘടന ഉണ്ടാക്കി അവകാശ സമരങ്ങള്‍ നയിച്ചത് അവരാണ്. തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കപ്പുറം എല്ലാവര്‍ക്കും റേഷന്‍ സംവിധാനമടക്കമുള്ള സാമൂഹിക ആവശ്യങ്ങള്‍ക്കുവേണ്ടിയും ജനാധിപത്യ ഭരണം സ്ഥാപിക്കുന്നതിനുള്ള പ്രസ്ഥാനം  നയിച്ചതിലും മുഖ്യപങ്കു വഹിച്ചത് സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തിലെ ആലപ്പുഴയിലെ കയര്‍ ഫാക്ടറി തൊഴിലാളികളാണ്. അവരാണ് അവകാശബോധമുള്ള കേരളീയ സമൂഹസൃഷ്ടിയിലെ ആദ്യപഥികര്‍.

പരമ്പരാഗത വ്യവസായങ്ങള്‍ എല്ലാംതന്നെ പ്രതിസന്ധികളെ നേരിടുന്നുണ്ട്. അതിന് ചരിത്രപരമായും ഭൗതികവുമായുള്ള നിരവധി കാരണങ്ങള്‍ ഉണ്ട്. മുതലാളിത്ത സങ്കല്‍പ്പങ്ങളില്‍ പരമ്പരാഗത വ്യവസായങ്ങളെ പൊതുവേ 'അസ്തമിക്കുന്ന വ്യവസായങ്ങള്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവ്, പഴകിയ സാങ്കേതികവിദ്യയും ഉല്‍പ്പാദന പ്രക്രിയയും, അനാകര്‍ഷകമായ തൊഴിലിടങ്ങള്‍, വിലകുറഞ്ഞ, കൂടുതല്‍ ആകര്‍ഷണീയത തോന്നിക്കുന്ന സിന്തറ്റിക് ഉല്‍പ്പന്നങ്ങളുടെ തള്ളിക്കയറ്റം എന്നിങ്ങനെ നിരവധി പ്രതിസന്ധികള്‍ കയര്‍ വ്യവസായവും നേരിടുന്നുണ്ട്.

ദീര്‍ഘകാല ലക്ഷ്യം വെച്ചുകൊണ്ട് മേല്‍പ്പറഞ്ഞ പരിമിതികളെ മുറിച്ചുകടക്കാനുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും വലിയൊരളവുവരെ മുന്നോട്ടുപോകുന്നതിനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അസംസ്‌കൃത വസ്തുവായ തൊണ്ടു ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ക്കും അത് സംസ്‌കരിച്ച് ചകിരിയാക്കാനുള്ള മിനി ഡീഫൈബറിംഗ് മില്ലുകളുടെ ആവിഷ്‌കാരവും പ്രചരണവും മുതല്‍ വിപണി വിപുലീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.

ആധുനികവല്‍ക്കരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടാന്‍ കയര്‍ വ്യവസായത്തിന് മാത്രമായി യന്ത്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഫാക്ടറി ആലപ്പുഴയില്‍ ഉയര്‍ന്നുവരികയാണ്. കയറ്റുപായ ഉപയോഗിച്ച് തടിക്കുപകരമായി ഉപയോഗിക്കാന്‍ കഴിയുന്ന കയര്‍ കോമ്പോസിറ്റ് ബോര്‍ഡ് ഫാക്ടറി, കയറും ഇതര പ്രകൃതിദത്ത നാരുകളും ഉപയോഗിച്ച് സങ്കര യാണുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ബ്ലണ്ടഡ് യാണ്‍ ഫാക്ടറി എന്നിങ്ങനെ നിരവധി ആധുനിക സ്ഥാപനങ്ങള്‍ ഇക്കാലയളവില്‍ ഉയര്‍ന്നുവരികയാണ്.

വിദേശവിപണിയോടൊപ്പം ശക്തമായ ആഭ്യന്തരവിപണിയുടെ അടിത്തറ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ആവിഷ്‌കരിച്ച ''ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നം'' ക്യാമ്പയിന് വലിയ സ്വീകാര്യതയുണ്ടായി. കയറുല്‍പ്പന്നങ്ങളുടെ വിപണി വിപുലീകരണത്തിന് ഏകോപിതമായ പരിശ്രമങ്ങള്‍ക്കായി കയര്‍മേഖലയിലെ മുഴുവന്‍ പേരുടെയും - തൊഴിലാളികള്‍, ചെറുകിട ഉല്‍പ്പാദകര്‍, സഹകരണ സ്ഥാപനങ്ങള്‍, വന്‍കിട - ചെറുകിട കയറ്റുമതിക്കാര്‍, കയര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവരുടെയെല്ലാം പങ്കാളിത്തത്തോടുകൂടി കയര്‍ മാര്‍ക്കറ്റിംഗ് കണ്‍സോര്‍ഷ്യം ഈ മാസം തന്നെ യാഥാര്‍ഥ്യമാവും.

സാധാരണയായി കേരളത്തിലെ കയര്‍ വ്യവസായികള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി തേടി വിദേശ രാജ്യങ്ങളിലേയ്ക്ക് പോവുകയും അവിടെയുള്ള വിവിധ വ്യാപാരമേളകളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഏറ്റവും അധികം ഓര്‍ഡറുകള്‍ നേടിയെടുക്കുന്നത് ജനുവരിയില്‍ ജര്‍മനിയില്‍ നടക്കുന്ന ഡെമോട്ടക്‌സ് ഫെയറില്‍ നിന്നുമാണ്. മറ്റ് പല ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്ന ഇടങ്ങളിലേയ്ക്ക് വ്യാപാരികള്‍ അത് തേടി എത്താറുണ്ട്. ഈ പ്രവണത കേരളത്തിന്റെ കയര്‍ വ്യവസായത്തിലും വളര്‍ത്തിയെടുക്കണം. ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അന്താരാഷ്ട്ര കയര്‍ വിപണന മേള - ''കയര്‍ കേരള 2011'' ആലപ്പുഴയില്‍ സംഘടിപ്പിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന മേള ഏഴുവരെ തുടരും. അതോടൊപ്പം ദേശീയ വ്യാപാരമേള ഒമ്പതുവരെയും സംഘടിപ്പിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഒരേ സമയത്ത് സംഘടിപ്പിക്കുന്ന ഒരു വാര്‍ഷികമേളയാക്കി ഇത് മാറ്റുവാനാണ് ശ്രമിക്കുന്നത്. കയറിനോടൊപ്പം ലോകത്തുള്ള എല്ലാത്തരം പ്രകൃതിദത്ത നാരുകളുടെയും ഒരു മേളയാക്കി ഇതിനെ വളര്‍ത്താന്‍ കഴിയും അതുവഴി കയര്‍ വ്യവസായത്തിന്റെ കളിത്തൊട്ടിലിനെ - ആലപ്പുഴയെ - ലോക പരവതാനി വ്യവസായത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു കേന്ദ്രമാക്കി മാറ്റുവാന്‍ കഴിയും.

ജി.സുധാകരന്‍ ജനയുഗം 040211

2 comments:

  1. സംസ്ഥാനത്തെ ഏറ്റവുമധികം പരിഗണന അര്‍ഹിക്കുന്ന പരമ്പരാഗത വ്യവസായമാണ് കയര്‍. നാലുലക്ഷത്തോളം മനുഷ്യര്‍ കയര്‍ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നേടുന്നുണ്ട്. കൂലിയും തൊഴിലിടങ്ങളും ആകര്‍ഷണീയമല്ലെങ്കിലും ഇതരമേഖലകളിലെ തൊഴിലില്ലായ്മയാണ് കയര്‍ രംഗത്ത് തൊഴിലാളികളെ പിടിച്ചുനിര്‍ത്തുന്നത്. മറ്റൊരു പ്രധാന വസ്തുത കയര്‍മേഖലയില്‍ പണിയെടുക്കുന്നവരില്‍ 80 ശതമാനത്തിലേറെപേരും സ്ത്രീകളാണ് എന്നതാണ്.

    ReplyDelete
  2. കേരളത്തിലെ പ്രധാന പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയിലെ ലക്ഷക്കണക്കായ കയര്‍പിരി തൊഴിലാളികള്‍ക്കുള്ള വരുമാനം ഉറപ്പാക്കല്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച വൈക്കത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. പ്ളാനിങ് ബോര്‍ഡ്, ധനകാര്യ വകുപ്പ്, തൊഴില്‍ വകുപ്പ്, സഹകരണ, കയര്‍ വകുപ്പുകള്‍ എന്നിവ ചേര്‍ന്ന് കയര്‍പിരി മേഖലയിലെ വരുമാനം ഉറപ്പാക്കല്‍ പദ്ധതിക്കായി 20 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് കയര്‍ഫെഡ് പ്രസിഡന്റ് എസ് ബാഹുലേയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കയര്‍പിരി മേഖലയില്‍െ തൊഴിലാളികള്‍ക്ക് 60 രൂപയില്‍നിന്ന് 90,100 രൂപയായും ഇപ്പോഴിത് 150 രൂപയായും വര്‍ധിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. സഹകരണ, സ്വകാര്യ സംരംഭ മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി ലഭ്യമാക്കാനാണ് 'ഇന്‍കം സപ്പോര്‍ട്ട് സ്കീം' കയര്‍ഫെഡ് വഴി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചിരിക്കുന്നത്. പകല്‍ മൂന്നിന് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കെ അജിത്ത് എംഎല്‍എ അധ്യക്ഷനാകും. പ്ളാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. പ്രഭാത് പട്നായിക് മുഖ്യപ്രഭാഷണം നടത്തും. വരുമാനം ഉറപ്പാക്കല്‍ പദ്ധതിയുടെ കയര്‍, കയര്‍ഫെഡ് പ്രസിഡന്റ് ഏറ്റുവാങ്ങും. വാര്‍ത്താസമ്മേളനത്തില്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍, സ്വാഗതസംഘം ചെയര്‍മാന്‍ എം കെ ശീമോന്‍, എസ് ശുഭ എന്നിവരും പങ്കെടുത്തു.

    ReplyDelete