Sunday, February 6, 2011

മുബാറക്കിന്റെ രാജിക്ക് വഴിയൊരുങ്ങുന്നു

കെയ്റോ: ജനകീയപ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ ഈജിപ്ത് പ്രസിഡന്റ് ഹൊസ്നി മുബാറക് അധികാരം കൈമാറണമെന്ന ആവശ്യം അന്താരാഷ്ട്രതലത്തില്‍ ശക്തമായി. തുടര്‍ച്ചയായ പന്ത്രണ്ടാംദിവസവും പ്രക്ഷോഭകര്‍ തെരുവുകള്‍ കീഴടക്കി. മുബാറക് രാജിവയ്ക്കാതെ പിന്മാറില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതിനിടെ, പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നു. പ്രക്ഷോഭം തണുപ്പിക്കാന്‍ മുബാറക് നിയമിച്ച വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന്‍ മുബാറകിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നതായും വിവരമുണ്ട്. അതിനായി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി സുലൈമാന്‍ ചര്‍ച്ച നടത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുബാറകിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനെയും അദ്ദേഹത്തെ അധികാരത്തില്‍നിന്ന് നീക്കുന്നതിനെയുംകുറിച്ചായിരുന്നു ചര്‍ച്ച. സുലൈമാന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചശേഷം പ്രതിപക്ഷവുമായി കൂടിയാലോചിച്ച് ഭരണഘടനാ ഭേദഗതിക്കും ജനാധിപത്യത്തിലേക്കുള്ള നടപടികള്‍ക്കുമാണ് ചര്‍ച്ചയില്‍ ധാരണയായത്. വലിയ ബഹളമില്ലാതെ മുബാറകിനെ താഴെയിറക്കാനാണ് ആലോചന നടക്കുന്നതെന്ന് ടൈംസ് പറയുന്നു.

ജനുവരി 29ന് അധികാരമേറ്റയുടന്‍ സുലൈമാനുനേരെ വധശ്രമം ഉണ്ടായെന്നും ആക്രമണത്തില്‍ രണ്ട് അംഗരക്ഷകര്‍ കൊല്ലപ്പെട്ടതായും ഫോക്സ് ന്യൂസ് ചാനല്‍ വെളിപ്പെടുത്തി. മുബാറക് ഉടന്‍ അധികാരം കൈമാറണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. എല്ലാ രാഷ്ട്രീയകക്ഷികളും ഉള്‍പ്പെടുന്ന ഒരു പരിവര്‍ത്തനപ്രക്രിയയിലൂടെ മാത്രമേ ഈജിപ്തിന്റെ ശോഭനമായ ഭാവി സാധ്യമാകൂവെന്ന് ഒബാമ പറഞ്ഞു. ഈജിപ്തിന്റെ പരിവര്‍ത്തനപ്രക്രിയ ഇപ്പോള്‍ത്തന്നെ ആരംഭിക്കണമെന്ന് ബ്രസ്സല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി വ്യക്തമാക്കി. ഇതിനിടെ, തനിക്കു മതിയായെന്ന് എബിസി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മുബാറക് പറഞ്ഞു. രാജിവയ്ക്കണമെന്ന് കരുതുന്നെങ്കിലും ഈ അവസരത്തില്‍ അങ്ങനെയൊരു തീരുമാനം രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തുമെന്ന് ഭയപ്പെടുന്നു. ജനങ്ങള്‍ എന്തുപറയുന്നുവെന്നത് താന്‍ പരിഗണിക്കുന്നില്ലെന്നും രാജ്യത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും മുബാറക് വ്യക്തമാക്കി. ഇസ്രയേല്‍ അതിര്‍ത്തിക്കടുത്ത വാതക ടെര്‍മിനല്‍ അക്രമികള്‍ തകര്‍ത്തു. സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പലയിടത്തായി പൈപ്പ്ലൈന്‍ തകര്‍ക്കുകയായിരുന്നു. പ്രക്ഷോഭത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഈജിപ്ത് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. അല്‍ താവൂന്‍ പത്രത്തിന്റെ ലേഖകന്‍ അഹമദ് മുഹമ്മദ് മഹ്മൂദാണ് മരിച്ചത്.

ദേശാഭിമാനി 060211

1 comment:

  1. ജനകീയപ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ ഈജിപ്ത് പ്രസിഡന്റ് ഹൊസ്നി മുബാറക് അധികാരം കൈമാറണമെന്ന ആവശ്യം അന്താരാഷ്ട്രതലത്തില്‍ ശക്തമായി. തുടര്‍ച്ചയായ പന്ത്രണ്ടാംദിവസവും പ്രക്ഷോഭകര്‍ തെരുവുകള്‍ കീഴടക്കി. മുബാറക് രാജിവയ്ക്കാതെ പിന്മാറില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതിനിടെ, പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നു. പ്രക്ഷോഭം തണുപ്പിക്കാന്‍ മുബാറക് നിയമിച്ച വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന്‍ മുബാറകിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നതായും വിവരമുണ്ട്. അതിനായി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി സുലൈമാന്‍ ചര്‍ച്ച നടത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുബാറകിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനെയും അദ്ദേഹത്തെ അധികാരത്തില്‍നിന്ന് നീക്കുന്നതിനെയുംകുറിച്ചായിരുന്നു ചര്‍ച്ച. സുലൈമാന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചശേഷം പ്രതിപക്ഷവുമായി കൂടിയാലോചിച്ച് ഭരണഘടനാ ഭേദഗതിക്കും ജനാധിപത്യത്തിലേക്കുള്ള നടപടികള്‍ക്കുമാണ് ചര്‍ച്ചയില്‍ ധാരണയായത്. വലിയ ബഹളമില്ലാതെ മുബാറകിനെ താഴെയിറക്കാനാണ് ആലോചന നടക്കുന്നതെന്ന് ടൈംസ് പറയുന്നു.

    ReplyDelete