അഴിമതിയുടെ ഉപ്പുകാറ്റേറ്റ് പഴകിദ്രവിച്ച കപ്പലിനെപ്പോലെയായിരിക്കുന്നു, കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണകൂടം. അനുദിനം അതിനെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് പുതിയ പുതിയ അഴിമതിക്കൊടുങ്കാറ്റുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അഴിമതിക്കെതിരെ നിരന്തരം വാചകക്കസര്‍ത്തു നടത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാവട്ടെ, സ്വന്തം സര്‍ക്കാരിനെ ചൂഴ്ന്നുനില്‍ക്കുന്ന അഴിമതിക്കെതിരെ ചെറുവിരലനക്കാന്‍ പോലും കഴിയാതെ മുഖം നഷ്ടപ്പെട്ട കപ്പിത്താനെപ്പോലെയായിരിക്കുന്നു. എല്ലാവഴികളും റോമിലേയ്‌ക്കെന്ന പഴമൊഴിയെ അനുസ്മരിപ്പിച്ചുകൊണ്ട് എല്ലാ അഴിമതിയുടെയും വേരുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്കും കോണ്‍ഗ്രസ് നേതൃത്വത്തിലേയ്ക്കുമെന്ന സംശയങ്ങള്‍ ദിവസങ്ങള്‍ പിന്നിടുംതോറും ബലപ്പെട്ടുവരികയും ചെയ്യുന്നു.
ശതകോടികളും സഹസ്രകോടികളും പിന്നിട്ട് ലക്ഷക്കണക്കിനു കോടികളിലാണ് കേന്ദ്ര സര്‍ക്കാരിലെ അഴിമതിക്കണക്കുകള്‍. ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ 2ജി സ്‌പെക്ട്രം അഴിമതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെതന്നെയാണ്, ഇപ്പോള്‍ രണ്ടു ലക്ഷം കോടിയുടെ എസ് ബാന്‍ഡ് സ്‌പെക്ട്രം അഴിമതി പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്‌പേസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ എസ് ആര്‍ ഒ) ആണ് ഇവിടെ സംശയത്തിന്റെ പുകമറയിലായിരിക്കുന്നത്. ഐ എസ് ആര്‍ ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് ഒരു സ്വകാര്യ കമ്പനിക്ക് സൗജന്യനിരക്കില്‍ എസ് ബാന്‍ഡ് സ്‌പെക്ട്രം അനുവദിച്ചതിലൂടെ പൊതുഖജനാവിന് രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) ആണ് കണ്ടെത്തിയിരിക്കുന്നത്. സി എ ജിയുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകളാണിത്.
ഐ എസ് ആര്‍ ഒയിലെ തന്നെ ഒരു മുന്‍ ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ്, ടെലികോം രംഗത്ത് ഏറെ ആവശ്യക്കാരുള്ള എസ് ബാന്‍ഡ് സ്‌പെക്ട്രം ഒരു ലേല നടപടിയുമില്ലാതെ നല്‍കിയത്. ഈ കരാറിനെതിരെ നേരത്തെ തന്നെ സ്‌പേസ് കമ്മിഷന്‍ നിലപാടെടുത്തിരുന്നെങ്കിലും അതുമായി മുന്നോട്ടുപോവുകയായിരുന്നു അധികൃതര്‍. ഇപ്പോള്‍ വിവരങ്ങള്‍ പുറത്തായ പശ്ചാത്തലത്തില്‍ കരാര്‍ പുനപ്പരിശോധിക്കുകയാണെന്നാണ് ഐ എസ് ആര്‍ ഒ പറയുന്നത്.
എസ് ബാന്‍ഡ് സ്‌പെക്ട്രം ഇടപാടില്‍ ക്രമം വിട്ട് ഒന്നുമില്ലെന്നാണ് പതിവുപോലെ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ഓരോ അഴിമതിക്കഥ പുറത്തുവന്നപ്പോഴും പി എം ഒയുടെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും പ്രതികരണം ഇതുതന്നെയായിരുന്നു. ചട്ടം വിട്ട് ഒന്നും പ്രവര്‍ത്തിച്ചില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു വാഴ്ത്തിക്കൊണ്ടിരുന്ന, മുന്‍ ടെലികോം മന്ത്രി എ രാജ ഇപ്പോള്‍ സി ബി ഐയുടെ കസ്റ്റഡിയിലാണ്. 2ജി ഇടപാടില്‍ ക്രമക്കേടൊന്നുമില്ലെന്നാണ് സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും പറഞ്ഞുകൊണ്ടിരിക്കുന്നത്. എങ്കില്‍പ്പിന്നെ രാജയെ എന്തിന് അറസ്റ്റ് ചെയ്‌തെന്ന ചോദ്യം ബാക്കിയാണ്. 2ജി ഇടപാടിലെ നഷ്ടം കണക്കാക്കിയ, ഭരണഘടനാ സ്ഥാപനമായ സി എ ജിയെ പുലഭ്യം പറയുന്നതില്‍ വരെ എത്തി സര്‍ക്കാരിന്റെ പ്രതിരോധം. സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് ജെ പി സി അന്വേഷണം വേണമെന്ന ആവശ്യം കക്ഷിഭേദമെന്യേ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുകയും ചെയ്യുന്നു.
സ്‌പെക്ട്രം അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ ക്രമക്കേടു മുമ്പും നടന്നിട്ടുണ്ടെന്ന് മറുവാദമുന്നയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. മുമ്പ് നടന്നിട്ടുണ്ട് എന്നത് ഒരു നിയമവിരുദ്ധ പ്രവര്‍ത്തനത്തിനുമുള്ള ന്യായീകരണമല്ല. എന്തുകൊണ്ടാണ് സ്‌പെക്ട്രം അന്വേഷണത്തെ സര്‍ക്കാര്‍ പ്രതിരോധിച്ചുനിന്നതെന്ന് ഇപ്പോള്‍ പതുക്കെ പതുക്കെ വ്യക്തമാവുകയാണ്. സാങ്കേതിക വിദ്യയുടെ വികാസത്തിലൂടെ വിലയേറിയ പ്രകൃതിവിഭവമായി റേഡിയോ തരംഗങ്ങള്‍ മാറിയപ്പോള്‍ അതിനെ ഖജനാവിലേയ്ക്കു മുതല്‍ കൂട്ടാനല്ല, മറിച്ച് സ്വന്തം കീശ വീര്‍പ്പിക്കാനുള്ള മാര്‍ഗമാക്കി മാറ്റുകയാണ് അധികാരത്തിലിരിക്കുന്നവര്‍ ചെയ്തത്. ടെലികോം വകുപ്പില്‍ മാത്രമല്ല, ബാഹ്യാകാശ വകുപ്പിലും മറ്റു പലയിടത്തും നടക്കുന്നത് ഇതാണ്. എല്ലാം പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു എന്ന എ രാജയുടെ വാദത്തിന്റെ പൊരുളാണ് വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. അതെ, എന്തോ ചീഞ്ഞുനാറുന്നുണ്ട്, അത് ഡെന്മാര്‍ക്കില്‍ തന്നെയാവാതെ തരമില്ല.
ജനയുഗം മുഖപ്രസംഗം 090211
അഴിമതിയുടെ ഉപ്പുകാറ്റേറ്റ് പഴകിദ്രവിച്ച കപ്പലിനെപ്പോലെയായിരിക്കുന്നു, കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണകൂടം. അനുദിനം അതിനെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് പുതിയ പുതിയ അഴിമതിക്കൊടുങ്കാറ്റുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അഴിമതിക്കെതിരെ നിരന്തരം വാചകക്കസര്‍ത്തു നടത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാവട്ടെ, സ്വന്തം സര്‍ക്കാരിനെ ചൂഴ്ന്നുനില്‍ക്കുന്ന അഴിമതിക്കെതിരെ ചെറുവിരലനക്കാന്‍ പോലും കഴിയാതെ മുഖം നഷ്ടപ്പെട്ട കപ്പിത്താനെപ്പോലെയായിരിക്കുന്നു. എല്ലാവഴികളും റോമിലേയ്‌ക്കെന്ന പഴമൊഴിയെ അനുസ്മരിപ്പിച്ചുകൊണ്ട് എല്ലാ അഴിമതിയുടെയും വേരുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്കും കോണ്‍ഗ്രസ് നേതൃത്വത്തിലേയ്ക്കുമെന്ന സംശയങ്ങള്‍ ദിവസങ്ങള്‍ പിന്നിടുംതോറും ബലപ്പെട്ടുവരികയും ചെയ്യുന്നു.
ReplyDeleteഐ എസ് ആര്‍ ഒ ഈയിടെ വിട്ടത് അതിനേക്കാള്‍ സ്പീഡില്‍ തിരിച്ചെത്തിയതുമൊക്കെ........................................ ??
ReplyDeleteആ, ആരറിഞ്ഞ്!
ഐ എസ് ആര്‍ ഒ ഈയിടെ വിട്ടത് അതിനേക്കാള്‍ സ്പീഡില്‍ തിരിച്ചെത്തിയതുമൊക്കെ........................................ ?... പൂണില്ലേല്‍ പ്രമോഷനില്ലാ എന്നാ ഐ എസ് ആര്‍ ഒ ചൊല്ല്... ഒരു എക്സ്!
ReplyDelete