പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. ഇത്തരത്തിലൊരു നിയമം പാസാക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍ മടക്കിയത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന നിയമവകുപ്പിനോട് വിശദീകരണവും തേടി. സംസ്ഥാന സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭ ഏകകണ്ഠമായാണ് ബില്‍ പാസ്സാക്കിയത്. കൊക്കകോള കേന്ദ്രസര്‍ക്കാരിനു നല്കിയ നിവേദനത്തില്‍ ഉന്നയിച്ച കാര്യങ്ങളിലാണ് വീണ്ടും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭയില്‍ ബില്ലിന്റെ ചര്‍ച്ചയില്‍ ഇപ്പോഴത്തെ നിയമമന്ത്രി കെ എം മാണി ഇതേ തടസ്സവാദങ്ങള്‍ ഉന്നയിച്ചിരുന്നു. കോള കമ്പനിയില്‍നിന്നു നഷ്ടപരിഹാരം ഈടാക്കി ദുരിതത്തിനിരയായവര്‍ക്ക് ആശ്വാസം നല്‍കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ , ബില്ലിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്നതിനുപകരം സംസ്ഥാന സര്‍ക്കാരിനോട് നേരിട്ട് വിശദീകരണം തേടിയിരിക്കുകയാണ്. ബില്ലിന് അംഗീകാരം നല്‍കണമെന്ന് കേരളത്തില്‍നിന്നുള്ള എല്‍ഡിഎഫ് എംപിമാര്‍ രാഷ്ട്രപതിയോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. നിയമമന്ത്രാലയം ചോദിച്ചിരിക്കുന്ന വിശദീകരണത്തിന് ഒരു പ്രസക്തിയുമില്ലെന്ന് മുന്‍ ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന് പറഞ്ഞു. നിയമവശങ്ങള്‍ പരിശോധിക്കുന്നതിനുപകരം തങ്ങളുടെ പരിധിയില്‍പ്പെടാത്ത വിഷയങ്ങളാണ് മന്ത്രാലയം ഉന്നയിച്ചിരിക്കുന്നത്. കോള കമ്പനിയുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്ലാച്ചിമട ട്രിബ്യൂണല്‍ നിയമം തടയാന്‍ ആസൂത്രിത നീക്കം: വി എസ്
സംസ്ഥാന നിയമസഭ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ നിയമമാക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ആസൂത്രിത ഗൂഢാലോചന നടക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ട്രിബ്യൂണല്‍ രൂപീകരണം തടയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആഗോളകുത്തകയായ കൊക്കകോള കമ്പനിക്ക് എല്ലാ സഹായവും ചെയ്യുകയാണ്. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി 216.26 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയത്. കൃഷി, ആരോഗ്യം, കുടിവെള്ളം, തൊഴില്‍ തുടങ്ങി എല്ലാ രംഗങ്ങളിലും കമ്പനിയുടെ ജലചൂഷണംമൂലം വന്‍ പ്രത്യാഘാതമാണുണ്ടായത്. ഇതിന്റെ നഷ്ടപരിഹാരം ഈടാക്കി ഇരകള്‍ക്ക് ലഭ്യമാക്കാനാണ് നിയമസഭ ബില്‍ പാസാക്കിയത്. രാഷ്ട്രപതിക്ക് നാലു മാസം മുമ്പ് അയച്ചുകൊടുത്ത ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ തടഞ്ഞുവച്ചു. ട്രിബ്യൂണല്‍ രൂപീകരണം തടയാന്‍ കൊക്കകോള നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് ബില്‍ പൂഴ്ത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി കൊക്കകോളയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചയാളാണ്. ചിദംബരത്തിന്റെ ഭാര്യ കൊക്കകോള കമ്പനിയുടെ അഭിഭാഷകസംഘത്തിലുണ്ടായിരുന്ന ആളാണ്. കൊക്കകോള കമ്പനി അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ വന്‍കിട അഭിഭാഷകരെക്കൊണ്ട് വാദമുഖങ്ങള്‍ തയ്യാറാക്കി കേന്ദ്രത്തിന് നല്‍കുകയും അത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അയക്കുകയുമാണ് ചെയ്തത്. നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നത് തടയുന്നതിന് കേന്ദ്ര മന്ത്രാലയങ്ങള്‍ ഗൂഢാലോചന നടത്തിയതിന്റെ തെളിവാണിത്.
deshabhimani
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. ഇത്തരത്തിലൊരു നിയമം പാസാക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍ മടക്കിയത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന നിയമവകുപ്പിനോട് വിശദീകരണവും തേടി. സംസ്ഥാന സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം.
ReplyDelete