Thursday, September 29, 2011

മന്ത്രിമാര്‍ക്ക് കോടികള്‍ ചെലവിട്ട് ആഢംബര കാറുകള്‍ വാങ്ങുന്നു

മന്ത്രിമാര്‍ക്ക് സഞ്ചരിക്കാനായി പുതിയ 15 ടയോട്ട കാറുകള്‍ വാങ്ങുന്നു. ഏകദേശം രണ്ട് കോടിയില്‍പരം രൂപ ചെലവില്‍ 13 ടയോട്ട ഇന്നോവയും രണ്ട് ടയോട്ട ഓള്‍ട്ടിസുമാണ് ടൂറിസം വകുപ്പ് വാങ്ങുന്നത്.

ഇതിന് വകുപ്പ് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. സംസ്ഥാന മന്ത്രിസഭയിലെ നാലില്‍ മൂന്നുഭാഗത്തിനും ഇതിലൂടെ പുതിയ കാറുകള്‍ ലഭിക്കും. രണ്ട് മുസ്‌ലീം ലീഗ് മന്ത്രിമാര്‍ക്കാണ് ഓള്‍ട്ടിസ് ലഭിക്കുന്നത്. ആദ്യം 12 കാറുകളാണ് ആദ്യം വാങ്ങാന്‍ തീരുമാനിച്ചത്.

പിറകേ മൂന്ന് മന്ത്രിമാര്‍ക്ക് കൂടി കാര്‍ വാങ്ങാനുള്ള നിര്‍ദ്ദേശമെത്തുകയായിരുന്നു. നിലവില്‍ എല്ലാ മന്ത്രിമാര്‍ക്കും ആഡംബര വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇന്നോവ, കൊറോള, ലാന്‍സര്‍, ഓള്‍ട്ടിസ്, ഫിയസ്റ്റ തുടങ്ങി വിപണിയില്‍ ലഭ്യമായ പല ആഡംബര കാറുകളും മന്ത്രിമാര്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് ഒരു പുതിയ കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സാധാരണ അംബാസഡര്‍ കാര്‍ ഉപയോഗിക്കുന്ന പ്രതിപക്ഷനേതാവിനായും ഇത്തവണ കണ്ടുവച്ചിരിക്കുന്നത് ടയോട്ട ഇന്നോവയാണ്. പിന്നീട് ഉണ്ടാകുന്ന വിവാദങ്ങള്‍ ഒഴിവാക്കാനായാണിതെന്ന് സൂചനയുണ്ട്.

അറ്റകുറ്റപ്പണികള്‍ക്കായി വന്‍ തുക ചെലവായി തുടങ്ങിയ സാഹചര്യത്തില്‍ അധിക ചെലവ് ഒഴിവാക്കാനാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുറച്ച് ആഡംബര കാറുകള്‍ വാങ്ങിയിരുന്നു. ഈ കാറുകള്‍ക്ക് കാര്യമായ അറ്റകുറ്റപണി ഇതുവരെ വന്നിട്ടില്ല. ഈ സാഹചര്യത്തിലും മന്ത്രിമാര്‍ പുതിയ കാറുകള്‍ക്ക് പിന്നലെ പായുകയാണ് ചെയ്യുന്നത്.
12,23,000 രൂപയാണ് ഓരോ ഇന്നോവ കാറിന്റെയും വില. വെള്ള പെയിന്റും, മറ്റ് എക്ട്രാ ഫിറ്റിംഗ്‌സും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഇവയുടെ ഓരോന്നിന്റയും വില ഇനിയും വര്‍ധിക്കും.
ഒരു കാറിന്റെ ശരാശരി വില 13.50 ലക്ഷം രൂപയാണെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. രണ്ട് മാസത്തോളമായി ടൂറിസം വകുപ്പിന് വാഹനങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡര്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ട്. ടെന്‍ഡര്‍ വിളിക്കാതെയാണ് വാഹനങ്ങള്‍ വാങ്ങുന്നതും. നിപ്പോണ്‍ മോട്ടോര്‍ കോര്‍പ്പറേഷനാണ്  ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഓര്‍ഡര്‍ നല്‍കി ഇത്രയും ദിവസും കഴിഞ്ഞിട്ടും വാഹനങ്ങളില്‍ ഒന്ന് പോലും ഇതുവരെ ടൂറിസം വകുപ്പിന് കമ്പനി കൈമാറിയിട്ടില്ല. വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് പുറത്തും വന്‍ ഡിമാന്‍ഡ് ഉള്ളതിനാലാണ് വാഹനങ്ങള്‍ ഇതുവരെയും ടൂറിസം വകുപ്പിന് കൈമാറാത്തതെന്നാണ് സൂചന.

ഈ മാസം അവസാനത്തോടെ മൂന്ന് വാഹനങ്ങള്‍ കൈമാറാമെന്നാണ് കമ്പിനി ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന് വരുന്ന ഓരോ മാസങ്ങളിലും മൂന്ന് കാറുകള്‍ വീതം നല്‍കി അഞ്ച് മാസം കൊണ്ട് വാഹനങ്ങളെല്ലാം ടൂറിസം വകുപ്പിന് കൈമാറാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ജി ഗിരീഷ്‌കുമാര്‍ janayugom 290911

1 comment:

  1. മന്ത്രിമാര്‍ക്ക് സഞ്ചരിക്കാനായി പുതിയ 15 ടയോട്ട കാറുകള്‍ വാങ്ങുന്നു. ഏകദേശം രണ്ട് കോടിയില്‍പരം രൂപ ചെലവില്‍ 13 ടയോട്ട ഇന്നോവയും രണ്ട് ടയോട്ട ഓള്‍ട്ടിസുമാണ് ടൂറിസം വകുപ്പ് വാങ്ങുന്നത്.

    ReplyDelete