മന്ത്രി അടൂര്‍ പ്രകാശ് ഒന്നാംപ്രതിയായ റേഷന്‍ മൊത്തവ്യാപാര ഡിപ്പോ ലൈസന്‍സ് അഴിമതിക്കേസില്‍ പുനരന്വേഷണം നടത്താനുള്ള വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേചെയ്തു. അടൂര്‍ പ്രകാശ്, പ്രൈവറ്റ് സെക്രട്ടറി എന്നിവരടക്കം അഞ്ചു പ്രതികള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസ് വീണ്ടും അന്വേഷിച്ച് മന്ത്രിയെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വരും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്. ഹര്‍ജിയില്‍ മന്ത്രി അടൂര്‍ പ്രകാശിനും സംസ്ഥാന സര്‍ക്കാരിനും ഡെസ്മണ്ട് നെറ്റോയ്ക്കും നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടൂര്‍ പ്രകാശ് ഭക്ഷ്യമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് നേതാവ് എന്‍ കെ അബ്ദുള്‍റഹിമാനില്‍നിന്ന് 25 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്. കോഴിക്കോട് ഓമശേരിയില്‍ റേഷന്‍ മൊത്തവിതരണ ഡിപ്പോലൈസന്‍സ് അനുവദിക്കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കോഴിക്കോട് വിജിലന്‍സ് കോടതിയയില്‍ വിചാരണയിലിരിക്കുന്ന കേസില്‍ കോടതി അനുമതികൂടാതെ പുനരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് ഡയറക്ടറുടെ നടപടി നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി തൃശൂരിലെ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയി കൈതാരത്ത് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഒന്നാംപ്രതിയായ അടൂര്‍ പ്രകാശ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മെണ്ട് നെറ്റോ ഉത്തരവിട്ടത്. ഈ നടപടി ക്രിമിനല്‍ കേസുകളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതും ദുരുദ്ദേശ്യപരവുമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇത് നിയമവ്യവസ്ഥയില്‍ അനാരോഗ്യകരമായ കീഴ്വഴക്കം ഉണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞു. കേസ് അന്വേഷിച്ച വിജിലന്‍സ്, പ്രതികള്‍ക്കെതിരെ മതിയായ തെളിവ് ശേഖരിച്ചിട്ടുണ്ട്. നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പുനരന്വേഷണത്തിലൂടെ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കാനാണ് ഉദ്ദേശ്യമെന്നും ഹര്‍ജിയില്‍ പറഞ്ഞു. അതിനിടെ, റേഷന്‍കട അഴിമതികേസ് കോഴിക്കോട് വിജിലന്‍സ് കോടതി നവംബര്‍ 21ലേക്ക് നീട്ടി. നിയമസഭ ചേരുന്നതിനാല്‍ മന്ത്രി അടൂര്‍ പ്രകാശിന് ഹാജരാകാന്‍ പ്രയാസമുണ്ടെന്ന് കാട്ടി നല്‍കിയ അപേക്ഷ പരിഗണിച്ചാണിത്. കേസ് പുനരന്വേഷണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നല്‍കിയ ഹര്‍ജിയും വിജിലന്‍സ് പ്രത്യേക ജഡ്ജി വി ജയറാം 21ലേക്ക് മാറ്റി.
പുനരന്വേഷണത്തിന് സ്റ്റേ: സര്‍ക്കാരിന് തിരിച്ചടി
കോഴിക്കോട്: മന്ത്രി അടൂര്‍പ്രകാശിനെതിരായ വിജിലന്‍സ് കേസില്‍ പുനരന്വേഷണം നടത്താനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് തിരിച്ചടിയായി.അഴിമതിക്കാരെ രക്ഷിക്കാനുള്ള നീക്കത്തിനാണ് നീതിപീഠം തടയിട്ടത്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനായിരുന്നു അടൂര്‍ പ്രകാശിനെതിരായ അഴിമതിക്കേസ് അട്ടിമറിക്കാന്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനമേറ്റതിന്റെ പിറ്റേന്നായിരുന്നു വിജിലന്‍സിനെ കൂട്ടുപടിച്ചുള്ള നീക്കം. കോണ്‍ഗ്രസ് നേതാവ് ഉന്നയിച്ച അഴിമതി ആരോപണമാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത്. അഴിമതിക്കാരെ അധികാരവും സ്വാധീനവും പ്രയോഗിച്ച് വിശുദ്ധരാക്കാനുള്ള നീക്കം നീതിപീഠത്തിനുമുന്നില്‍ തകര്‍ന്നതോടെ അടൂര്‍പ്രകാശിനൊപ്പം ഉമ്മന്‍ചാണ്ടിയും പ്രതിക്കൂട്ടിലായിരിക്കയാണ്.
അടൂര്‍പ്രകാശിനും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി രാജുവിനും എതിരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസാണിത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരം വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോആണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കുന്നതിന് കെപിസിസി എക്സി. അംഗമായിരുന്ന എന്‍ കെ അബ്ദുറഹിമാനോട്, അന്ന് ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് 25 ലക്ഷം രൂപ കോഴ ചോദിച്ചെന്നാണ് കേസ്. ഈ കേസിലെ പ്രധാന സാക്ഷിയായ അബ്ദുറഹിമാന്‍ ഒരു വര്‍ഷംമുമ്പ് നല്‍കിയ കത്തിന്റെ പേരിലാണ്, വിജിലന്‍സ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ പുനരന്വേഷണം നടത്താന്‍ ഏകപക്ഷീയമായി ഉത്തരവിട്ടത്.
കോഴിക്കോട് ഓമശേരിയില്‍ റേഷന്‍ മൊത്തവ്യാപാര ഡിപ്പോയ്ക്ക് ലൈസന്‍സ് കിട്ടാന്‍ 2005ല്‍ അബ്ദുറഹിമാനും അപേക്ഷിച്ചിരുന്നു. ഇതിനായി 2005 ഡിസംബര്‍ ആറിന് കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ അടൂര്‍ പ്രകാശിനെയും വി രാജുവിനെയും സമീപിച്ചു. അവര്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട്, തിരുവനന്തപുരത്തെ മന്ത്രിവസതിയില്‍വച്ചും പണം ചോദിച്ചു. കോഴ നല്‍കാത്തതിനാല്‍ അബ്ദുറഹിമാന് ലൈസന്‍സ് നിഷേധിച്ചു. ഇക്കാര്യം പരസ്യമായി ഉന്നയിച്ചതിന് അബ്ദുറഹിമാനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി പി സി സചിത്രന്‍ ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കി. പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി. അടൂര്‍ പ്രകാശിനും രാജുവിനുമെതിരെ അബ്ദുറഹിമാന്‍ മൊഴി നല്‍കുകയും ചെയ്തു. സംഭവം നടന്നത് കോഴിക്കോട്ടായതിനാല്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ചെയ്ത് കുറ്റപത്രവും സമര്‍പ്പിച്ചു.
(പി വി ജീജോ)
deshabhimani 290911
മന്ത്രി അടൂര്‍ പ്രകാശ് ഒന്നാംപ്രതിയായ റേഷന്‍ മൊത്തവ്യാപാര ഡിപ്പോ ലൈസന്‍സ് അഴിമതിക്കേസില്‍ പുനരന്വേഷണം നടത്താനുള്ള വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേചെയ്തു. അടൂര്‍ പ്രകാശ്, പ്രൈവറ്റ് സെക്രട്ടറി എന്നിവരടക്കം അഞ്ചു പ്രതികള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസ് വീണ്ടും അന്വേഷിച്ച് മന്ത്രിയെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വരും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്. ഹര്‍ജിയില്‍ മന്ത്രി അടൂര്‍ പ്രകാശിനും സംസ്ഥാന സര്‍ക്കാരിനും ഡെസ്മണ്ട് നെറ്റോയ്ക്കും നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.
ReplyDelete