Monday, September 26, 2011

ജഡ്ജിയെ പുകച്ചുചാടിച്ച ഉമ്മന്‍ചാണ്ടി പരുങ്ങലില്‍

പാമൊലിന്‍ അഴിമതി കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ വിജിലന്‍സ് ജഡ്ജിയെ പുകച്ചുചാടിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലില്‍ . ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാരും അതിന്റെ തലപ്പത്തിരിക്കുന്നവരും നേരിട്ട് ന്യായാധിപനെ അധിക്ഷേപിച്ച് പുറത്താക്കുന്നത്. പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത് ഇപ്പോഴത്തെ വിജിലന്‍സ് ജഡ്ജി പി കെ ഹനീഫയായിരുന്നില്ല. എന്നിട്ടും യുഡിഎഫ് നേതാക്കളുടെ ആസൂത്രിത ആക്രമണം അദ്ദേഹത്തിനു നേരെയായിരുന്നു. 2011 മാര്‍ച്ച് 14ന് അന്നത്തെ സ്പെഷ്യല്‍ ജഡ്ജി എസ് ജഗദീശാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവനുസരിച്ച് വിജിലന്‍സ് തയ്യാറാക്കിയ യഥാര്‍ഥ റിപ്പോര്‍ട്ട് മറച്ചുവച്ച് വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മെണ്ട് നെറ്റോ തട്ടിക്കൂട്ടിയ റിപ്പോര്‍ട്ട് നിരാകരിക്കുകയും പുനരന്വേഷണം അനിവാര്യമാണെന്നതിന് പത്തു കാരണം ചൂണ്ടിക്കാട്ടുകയും മാത്രമാണ് പി കെ ഹനീഫ ചെയ്തത്.

റിപ്പോര്‍ട്ട് നല്‍കാന്‍ പിന്നെയും ഒരുമാസം ബാക്കിനില്‍ക്കെയാണ് തെരഞ്ഞെടുപ്പു ഫലം വന്ന ദിവസം ഉമ്മന്‍ചാണ്ടിക്ക് തടിയൂരാന്‍ പാകത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ റിപ്പോര്‍ട്ട് ഏതു ന്യായാധിപനും തള്ളുമെന്നിരിക്കെ ഹനീഫയെ വ്യക്തിപരമായി അധിക്ഷേപിച്ചും തെറിവിളിച്ചും പുകച്ചുചാടിക്കുകയാണ് യുഡിഎഫ് നേതൃത്വം ചെയ്തത്. പാകിസ്ഥാന്‍കാരന്‍ പോലും ചെയ്യാത്തതാണ് ജഡ്ജി ചെയ്തതെന്ന് പോലും ചീഫ് വിപ്പ് പി സി ജോര്‍ജ് ആക്ഷേപിച്ചു. ഉമ്മന്‍ചാണ്ടിയുമായി ആലോചിച്ചാണ് ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിച്ച് രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഉള്‍പ്പെടെ പരാതി ജോര്‍ജ് പരാതി അയച്ചതും ആ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയതും.

ഇതിനിടെ, കേസിലെ മറ്റൊരു പ്രതിയായ പി ജെ തോമസുമായി മുഖ്യമന്ത്രി രഹസ്യ ചര്‍ച്ച നടത്തി. ഒടുവില്‍ ജിജി തോംസണെ കൊണ്ട് തുടരന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയും കൊടുപ്പിച്ചു. ഇതെല്ലാം ചെയ്തിട്ടും താന്‍ ഒന്നും ചെയ്തില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം ആരും മുഖവിലക്കെടുക്കുന്നില്ല.

ഒരു ഉത്തരവിന്റെ പേരില്‍ ഭരണാധികാരികള്‍ ജഡ്ജിയെ ഇത്രയും നിന്ദ്യമായി ആക്ഷേപിച്ച സംഭവം ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ അപൂര്‍വമാണ്. സര്‍ക്കാര്‍ എതിര്‍കക്ഷിയല്ലാത്ത കേസില്‍ കോടതി ഉത്തരവ് സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എതിര്‍കക്ഷിയായി സര്‍ക്കാര്‍ വരുന്ന കേസുകളില്‍ പ്രതികൂല വിധി ഉണ്ടാകുമ്പോള്‍ സര്‍ക്കാരിന് അപ്പീല്‍ പോകാനോ അതല്ലെങ്കില്‍ വിധി നടപ്പാക്കാനോ ഉള്ള ബാധ്യതയും ഇതോടൊപ്പമുണ്ട്. ഈ കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ സാഹചര്യത്തില്‍ അപ്പീല്‍ പോകാമായിരുന്നു. അതുണ്ടായില്ല. അപ്പോള്‍ ഉത്തരവ് നടപ്പാക്കേണ്ട ബാധ്യത പൂര്‍ണമായും സര്‍ക്കാരിനാണ്. എന്നാല്‍ ,സര്‍ക്കാര്‍ വക്താവ് ജഡ്ജിയെ ആക്ഷേപിച്ചുകൊണ്ടിരുന്നു. ഗവ. ചീഫ് വിപ്പിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നു പറയുന്ന മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളിപ്പറയാന്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. നിയമമന്ത്രി കെ എം മാണിയാകട്ടെ ചീഫ് വിപ്പിനെ പിന്തുണച്ചു. ഈ ഗൂഢനീക്കത്തിലൂടെ ഉമ്മന്‍ചാണ്ടിയും യുഡിഎഫും ലക്ഷ്യമിട്ടത് ഒന്നുകില്‍ ജഡ്ജിയെ പുകച്ചുചാടിക്കുക, അതല്ലെങ്കില്‍ ജഡ്ജിയെ മാറ്റുക. ഇതില്‍ ആദ്യത്തേത് സംഭവിച്ചതില്‍ ഉമ്മന്‍ചാണ്ടി നെടുവീര്‍പ്പിടുകയാണെങ്കിലും കുരുക്ക് പിന്നെയും മുറുകുകയാണ്. സംശയത്തിന്റെ മുള്‍മുനയില്‍ മുഖ്യമന്ത്രിക്ക് എത്രകാലം തുടരാനാകും എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

ഉമ്മന്‍ചാണ്ടിയുടെ ശ്രമം പരിഹാസ്യം: വി എസ്

പാമൊലിന്‍ കേസ് കൈകാര്യംചെയ്ത വിജിലന്‍സ് കോടതിയെ കക്ഷികള്‍ വിമര്‍ശിക്കുകയോ അവിശ്വാസം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നുപറഞ്ഞ് നിരപരാധി ചമയാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമം പരിഹാസ്യമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേസില്‍ ഉമ്മന്‍ചാണ്ടി നിയമത്തെ വെല്ലുവിളിക്കുന്നത് ഇതാദ്യമല്ല. രാഷ്ട്രീയലക്ഷ്യത്തോടെയാണ് പാമൊലിന്‍ കേസിന്റെ എഫ്ഐആര്‍ തയ്യാറാക്കിയതെന്നും അത് തള്ളണമെന്നും ആവശ്യപ്പെട്ട് ഒന്നാം പ്രതിയായിരുന്ന കെ കരുണാകരന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായകവിധി വന്നത് 2000 മാര്‍ച്ച് 29നാണ്. കരുണാകരന്റെ ആവശ്യം കോടതി തള്ളി. ബാഹ്യപ്രേരണയോ ദുരുദ്ദേശ്യമോ എഫ്ഐആറില്‍ ഇല്ലെന്നും അത് നിലനില്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ വിധിയെ വെല്ലുവിളിച്ചാണ് കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ 2005ല്‍ തീരുമാനിച്ചത്. തൊട്ടുമുമ്പ് നാലുകൊല്ലം ഭരിച്ച എ കെ ആന്റണി മന്ത്രിസഭ കൈക്കൊള്ളാതിരുന്ന തീരുമാനമാണ് ഉമ്മന്‍ചാണ്ടി കൈക്കൊണ്ടത്.

പാമൊലിന്‍ ഇടപാടിലെ അവിഹിതമായ പങ്കാളിത്തമാണ് ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നത്. ഇറക്കുമതി ഏജന്റായ കമ്പനിയുമായി കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും വില നിശ്ചയിച്ചിരുന്നില്ല. എല്ലാ ചട്ടങ്ങളും ലംഘിച്ചായിരുന്നു പാമൊലിന്‍ ഇറക്കുമതി. ഒരു വന്‍തുക കമീഷന്‍ നല്‍കി. ഇത് ശ്രദ്ധയില്‍വന്നാല്‍ ധനമന്ത്രി എന്ന നിലയില്‍ അടിയന്തരമായി ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി ചെയ്തില്ല. 1992 ഫെബ്രുവരി 13ന് മറ്റൊരു ഇറക്കുമതി ഏജന്റ് വില ക്വോട്ടുചെയ്ത് അയച്ച ഓഫര്‍ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചു. അതിലും നടപടിയെടുത്തില്ല. ഇടപാട് ക്രമവിരുദ്ധമാണെന്ന് ധനവകുപ്പുതന്നെ രേഖപ്പെടുത്തിയ ഫയല്‍കുറിപ്പുകള്‍ 1992 ജൂലൈ 21ന് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നു. അപ്പോഴും ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒന്നുംചെയ്തില്ല. ഈ സത്യങ്ങള്‍ ഉമ്മന്‍ചാണ്ടി അഭിമുഖീകരിച്ചേ മതിയാകൂ. ചിലരുടെ പിറകില്‍ ഒളിച്ചിരുന്ന് രക്ഷപ്പെടാനാകില്ല. കോടതിയെ വെല്ലുവിളിച്ചവരുടെ നടപടിയെ ന്യായീകരിച്ച നിയമമന്ത്രി കെ എം മാണിയുടെയും മറ്റും സംരക്ഷണയില്‍ ഉമ്മന്‍ചാണ്ടിക്ക് എത്രകാലം കഴിഞ്ഞുകൂടാനാകുമെന്നും വി എസ് ചോദിച്ചു.

നീതിപീഠത്തിനെതിരായ ഗൂഢാലോചന: ചന്ദ്രപ്പന്‍

പാമൊലിന്‍ കേസ് വിചാരണയില്‍നിന്ന് വിജിലന്‍സ് ജഡ്ജി പിന്മാറിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫും നടത്തിയ ഗൂഢാലോചനയുടെയും ബ്ലാക്ക് മെയിലിന്റെയും ഫലമാണ്-സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യവ്യവസ്ഥയില്‍ ഒരിക്കലും നീതീകരിക്കാനാകാത്ത പ്രവൃത്തിയാണ് നീതിപീഠത്തിനെതിരായ ഗൂഢാലോചന. വിജിലന്‍സ് ജഡ്ജിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വിസമ്മതിച്ച് പുണ്യവാളന്‍ ചമഞ്ഞ മുഖ്യമന്ത്രി, ഫലത്തില്‍ കേസ് അട്ടിമറിക്കുകയാണ് ചെയ്തത്. നീതിന്യായവ്യവസ്ഥയെയും ജനാധിപത്യത്തെയും അംഗീകരിക്കുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ചീഫ് വിപ്പിനെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കുകയും സ്വയം മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയും വേണമെന്ന് സി കെ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു.

deshabhimani 260911

2 comments:

  1. പാമൊലിന്‍ അഴിമതി കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ വിജിലന്‍സ് ജഡ്ജിയെ പുകച്ചുചാടിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലില്‍ . ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാരും അതിന്റെ തലപ്പത്തിരിക്കുന്നവരും നേരിട്ട് ന്യായാധിപനെ അധിക്ഷേപിച്ച് പുറത്താക്കുന്നത്.

    ReplyDelete