Thursday, September 29, 2011

സഹ.ബാങ്കുകളുടെ അംഗീകാരം റദ്ദാക്കല്‍ : മുഖ്യമന്ത്രിയും മന്ത്രിയും സഭയെ തെറ്റിദ്ധരിപ്പിച്ചു

താലൂക്ക് സഹകരണ കാര്‍ഷിക വികസനബാങ്കുകളുടെ അംഗീകാരം റദ്ദാക്കിയത് നബാര്‍ഡ് മാനദണ്ഡം പാലിക്കാത്തതുകൊണ്ടാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനും നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ഇ പി ജയരാജന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രിയും മന്ത്രിയും സഭയില്‍ പച്ചക്കള്ളം പറഞ്ഞത്.

സംസ്ഥാന കാര്‍ഷിക വികസനബാങ്കില്‍ അഫിലിയേറ്റുചെയ്ത 17 സഹകരണബാങ്കുകളുടെ അംഗീകാരം റദ്ദാക്കിയത് ഈ സംഘങ്ങള്‍ രൂപീകരിക്കുന്നതിനുമുമ്പുള്ള ആസ്തി ബാധ്യതകള്‍ രേഖപ്പെടുത്തണമെന്ന നബാര്‍ഡ് വ്യവസ്ഥകള്‍ പാലിക്കാത്തതുകൊണ്ടാണെന്നായിരുന്നു ഇരുവരും സഭയില്‍ പറഞ്ഞത്. എന്നാല്‍ , അഫിലിയേഷന്‍ റദ്ദാക്കിയ സംഘങ്ങളില്‍ മിക്കതിനും നബാര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് നബാര്‍ഡ് വായ്പ നല്‍കാനും അംഗീകാരം നല്‍കി. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ അംഗീകാരം റദ്ദാക്കിയ സുല്‍ത്താന്‍ ബത്തേരി, കുട്ടനാട്, കൊടുങ്ങല്ലൂര്‍ ബാങ്കുകള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ അനുമതി നല്‍കി 2010 ജൂലൈ 14നാണ് നബാര്‍ഡ് സംസ്ഥാന കാര്‍ഷിക വികസനബാങ്കിന് കത്തയച്ചത്. ഇതനുസരിച്ച് സുല്‍ത്താന്‍ ബത്തേരി ബാങ്ക് എട്ടരക്കോടി രൂപയും കൊടുങ്ങല്ലൂര്‍ ബാങ്ക് ഏഴു കോടിയും കുട്ടനാട് ഒന്നരക്കോടിയും വായ്പ നല്‍കി. അടുത്ത ഗഢു കൊടുക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഈ ബാങ്കുകളുടെ അംഗീകാരംതന്നെ റദ്ദാക്കിയത്.

സംസ്ഥാനത്ത് 63 താലൂക്കുകള്‍ ഉണ്ടെങ്കിലും 49 താലൂക്ക് കാര്‍ഷിക സഹകരണബാങ്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ 26ല്‍ എല്‍ഡിഎഫ് ഭരണവും 23ല്‍ യുഡിഎഫ് ഭരണവുമായിരുന്നു. പിന്നീട് ഏഴു താലൂക്കുകളില്‍കൂടി ബാങ്കുകള്‍ രജിസ്റ്റര്‍ചെയ്തു. അവശേഷിക്കുന്ന ഏഴില്‍ കൂടി ബാങ്ക് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈ സര്‍ക്കാര്‍ വന്ന ശേഷം മരവിപ്പിച്ചു. അതോടൊപ്പം ഓര്‍ഡിനന്‍സിലൂടെ 10 ബാങ്കുകളുടെ അംഗീകാരം റദ്ദാക്കി. ഇങ്ങനെ 17 ബാങ്കുകളുടെ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഇതില്‍ മൂന്നെണ്ണം 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇത്തരം അവസരങ്ങളില്‍ ഭരണസമിതി അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതിനുപകരം ബാങ്ക് തന്നെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇതിന് മുഖ്യമന്ത്രി നല്‍കിയ ന്യായീകരണം എല്‍ഡിഎഫ് ഭരണകാലത്ത് ശാസ്താംകോട്ട ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടുയെന്നാണ്. എന്നാല്‍ , അഴിമതി ശ്രദ്ധയില്‍പെട്ടതിനാലാണ് ഭരണസമിതി പിരിച്ചുവിട്ടത്. അപ്പോഴും ബാങ്കുകള്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു. ഓര്‍ഡിനന്‍സിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ലെന്നത് മാത്രമാണ് വസ്തുത. അതേസമയം, കേസ് ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഒരേ വിഷയത്തില്‍ രണ്ട് കള്ളം പറഞ്ഞ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും സഭയെ തെറ്റിദ്ധരിപ്പിച്ചത് അംഗങ്ങളുടെ അവകാശലംഘനമായി കണക്കാക്കുന്നു.

deshabhimani 290911

1 comment:

  1. താലൂക്ക് സഹകരണ കാര്‍ഷിക വികസനബാങ്കുകളുടെ അംഗീകാരം റദ്ദാക്കിയത് നബാര്‍ഡ് മാനദണ്ഡം പാലിക്കാത്തതുകൊണ്ടാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനും നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ഇ പി ജയരാജന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രിയും മന്ത്രിയും സഭയില്‍ പച്ചക്കള്ളം പറഞ്ഞത്.

    ReplyDelete