Saturday, September 24, 2011

സ്‌പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രിയുടെ പങ്ക് എന്താണ്?

2 ജി സ്‌പെക്ട്രം അഴിയാത്ത കുരുക്കായി യു പി എ ഗവണ്‍മെന്റിനെ വരിഞ്ഞു മുറുക്കുകയാണ്. 1,76,000 കോടി രൂപയുടെ അഴിമതി ഇടപാടില്‍ രാജയെയും കനിമൊഴിയെയും ജയിലിലാക്കിയപ്പോള്‍ കാര്‍മേഘം ഒഴിഞ്ഞുപോയി എന്ന് മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും ആശ്വാസം കൊണ്ടതായിരുന്നു. അഴിമതിക്കെതിരായ കോണ്‍ഗ്രസ് നിലപാടിന്റെ തെളിവായി ആ അറസ്റ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സഖ്യകക്ഷിയായ ഡി എം കെ നേതാക്കളോടുപോലും വിട്ടുവീഴ്ച കാണിക്കാത്ത കോണ്‍ഗ്രസിന്റെ ആദര്‍ശധീരതയെ പാടിപുകഴ്ത്തി. പര്‍വതാകാരം പൂണ്ട സ്‌പെക്ട്രം അഴിമതി ഒരു 'ചിന്ന' രാജ മാത്രമായി ചെയ്യുമോ എന്നു സംശയിച്ചവരുണ്ട്. അവരോടു പ്രധാനമന്ത്രി പറഞ്ഞത് കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങളെക്കുറിച്ചായിരുന്നു. 'പച്ചവെള്ളം ചവച്ചുകുടിക്കുന്ന' പ്രധാനമന്ത്രിയുടെ ആദര്‍ശ പരിവേഷമാണ് ഇപ്പോള്‍ അഴിഞ്ഞുവീണത്. അഴിമതിയുടെ വേരുകള്‍ ഡി എം കെ യില്‍ അവസാനിക്കുന്നില്ല. അത് കോണ്‍ഗ്രസിന്റെ അകത്തളങ്ങള്‍ വരെ നീണ്ടുകിടക്കുന്നു.

ഇപ്പോള്‍ പുറത്തുവന്ന പ്രണബ്കുമാര്‍ മുഖര്‍ജിയുടെ കുറിപ്പ് കോണ്‍ഗ്രസ് മൂടിവച്ച രഹസ്യങ്ങളുടെ അടപ്പാണു തെറിപ്പിച്ചത്. ആ കുറിപ്പിന്റെ മൂര്‍ച്ചയുള്ള മുന തറച്ചുകയറുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ ദേഹത്താണ്. പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ നിന്നു മടങ്ങി എത്തുംവരെ ഇതേപ്പറ്റി മിണ്ടില്ലെന്നാണ് പ്രാഗത്ഭ്യമേറിയ അഭിഭാഷകനായ ആഭ്യന്തരമന്ത്രി ചിദംബരം പറഞ്ഞിരിക്കുന്നത്. ന്യൂയോര്‍ക്കിലേക്കുള്ള യാത്രാ മധ്യേ ഫ്രാങ്ക് ഫര്‍ട്ടിലിറങ്ങിയ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തന്റെ സഹപ്രവര്‍ത്തകനോട് ഉപദേശിച്ചതും താന്‍ വരുംവരെ മിണ്ടരുതെന്നാണ്.

2001 ലെ നിരക്കില്‍ തന്നെ സ്‌പെക്ട്രം വിതരണം ചെയ്യാന്‍ രാജയെ ഉപദേശിച്ചത് അന്നത്തെ ധനകാര്യമന്ത്രി ചിദംബരമാണെന്ന് ഇപ്പോള്‍ രാജ്യം മനസ്സിലാക്കുന്നു. 'ആദ്യം വന്നവര്‍ക്ക് ആദ്യം ലൈസന്‍സ്' എന്ന പ്രമാണം രാജയുടേതുമാത്രമല്ലെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. സ്‌പെക്ട്രം ലേലം വേണ്ടെന്നുവച്ചതും ചിദംബരത്തിന്റെ അറിവോടെയും സമ്മതത്തോടെയും ആണ്. 2003 നു ശേഷം സെല്ലുലാര്‍ ഫോണ്‍ രംഗത്തുണ്ടായ വന്‍കുതിച്ചു ചാട്ടത്തെക്കുറിച്ച് അറിയാത്ത ആളല്ല ചിദംബരം. അതിലൂടെയുണ്ടായ മത്സരാന്തരീക്ഷത്തില്‍ സ്‌പെക്ട്രം ലേലം നടത്തിയാല്‍ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. രാജ്യത്തിനുണ്ടാകേണ്ട ആ നേട്ടം വേണ്ടെന്നു വയ്ക്കാന്‍ അദ്ദേഹവും രാജയും കൂടി തീരുമാനിച്ചത് വെറുതെയായിരിക്കില്ലല്ലോ. പണമുണ്ടാക്കുന്നതിനായി ആരുടെ കേസും വാദിച്ചുപോന്ന ഈ വക്കീല്‍ ഒടുവില്‍ പണത്തിന്റെ മാത്രം വക്കീലായി മാറുകയായിരുന്നില്ലേ? താന്‍ ഇന്ത്യയുടെ ധനകാര്യ മന്ത്രിയാണെന്ന സത്യം വിസ്മരിച്ചുകൊണ്ടാണ് ചിദംബരം അന്നത്തെ ധനകാര്യ വകുപ്പ് സെക്രട്ടറി നല്‍കിയ നിര്‍ദേശത്തെ ചവറ്റുകൊട്ടയിലെറിഞ്ഞത്.

ഈ സത്യങ്ങളെല്ലാം ഇന്നു നാടിന്റെ മുമ്പിലുള്ള രേഖകള്‍ വിളിച്ചു പറയുന്നതാണ്. ചിദംബരം മന്ത്രിയെന്ന നിലയിലുള്ള തന്റെ കടമകള്‍ വിസ്മരിച്ചുവെന്നു വ്യക്തം. രാജയെ മുന്‍നിര്‍ത്തി നടന്ന 2 ജി സ്‌പെക്ട്രം കുംഭകോണത്തിന്റെ യഥാര്‍ഥ പ്രതിനായകന്‍ ചിദംബരം തന്നെയാണെന്ന് വിശ്വസിക്കാന്‍ ഇന്നു തെളിവുകളേറെയുണ്ട്. ആ ചിദംബരത്തോടു രാജി വയ്ക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടാത്തതെന്താണ്? സ്‌പെക്ട്രം ഇടപാടുകളിലെ ചിദംബരത്തിന്റെ പങ്കിനെപ്പറ്റി സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യത്തോടു പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റും പുറം തിരിഞ്ഞു നില്‍ക്കുന്നതെന്തിനാണ്?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ 2007 ഡിസംബര്‍ 26 ന് പ്രധാനമന്ത്രിക്ക് പ്രണബ് കുമാര്‍ മുഖര്‍ജി എഴുതിയ സുപ്രധാനമായ കുറിപ്പില്‍ ഇന്ത്യക്കാരുടെ ശ്രദ്ധ തറച്ചുനില്‍ക്കും. കത്ത് എഴുതിയ പ്രണബ്കുമാര്‍ മുഖര്‍ജി അന്ന് വിദേശകാര്യ മന്ത്രി മാത്രമായിരുന്നില്ല, സ്‌പെക്ട്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിതല സമിതിയുടെ തലവനുമായിരുന്നു. 'അതീവ രഹസ്യം' എന്നു രേഖപ്പെടുത്തപ്പെട്ട ആ കുറിപ്പില്‍ സുതാര്യമായ ഒരു നയത്തിന്റെ ആവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. സ്‌പെക്ട്രം ഇടപാടുകള്‍ സംബന്ധിച്ച ഏറ്റവും ഗൗരവതരമായ ആ കുറിപ്പിലെ നിര്‍ദേശങ്ങളോട് പ്രധാനമന്ത്രിയുടെ പ്രതികരണം എന്തായിരുന്നു? കാര്യങ്ങള്‍ സുതാര്യമാക്കാന്‍ അദ്ദേഹം എന്തു നടപടി സ്വീകരിച്ചു? ഈ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പ്രധാനമന്ത്രിക്കു ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പ്രണബിന്റെ കുറിപ്പ് അടങ്ങുന്ന ഫയലില്‍ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി 2007 ഡിസംബര്‍ 28 ന് ഇങ്ങനെ കുറിച്ചിരുന്നു: ''ഈ കാര്യങ്ങള്‍ പരിശോധിക്കപ്പെടണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു''. അതിനാല്‍ പ്രധാനമന്ത്രിക്ക് അജ്ഞത നടിക്കാനും കൈകഴുകി മാറി നല്‍ക്കാനും കഴിയില്ല.

രാജ്യത്തിന് അറിയേണ്ടത്, പ്രധാനമന്ത്രി ആഗ്രഹിച്ച ആ പരിശോധന നടന്നുവോ എന്നാണ്? എങ്കില്‍ അതിന്റെ ഫലം എന്തായിരുന്നു? നടന്നില്ലെങ്കില്‍, അത് എന്തുകൊണ്ടെന്ന് പറയേണ്ടതും മന്‍മോഹന്‍സിംഗ് തന്നെയാണ്. മിണ്ടാതിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞാല്‍ ഇന്നത്തെ ചുറ്റുപാടില്‍ ചിദംബരം മിണ്ടുകയില്ല. എന്നാല്‍ സത്യത്തിന്റെ മുദ്രകളുമായി രേഖകള്‍ പുറത്തുവന്നിരിക്കുന്നു. അവയ്ക്കു വായടയ്ക്കാന്‍ കഴിയില്ല. സ്വര്‍ണപാത്രം കൊണ്ട് അവയെ മൂടിവെയ്ക്കാന്‍ കഴിയുമെന്ന് യു പി എ ഗവണ്‍മെന്റ് വ്യാമോഹിക്കേണ്ടതില്ല. ഇത് അവരുടെ അവസാനത്തിന്റെ ആരംഭമായിരിക്കും.

janayugom editorial 240911

1 comment:

  1. 2 ജി സ്‌പെക്ട്രം അഴിയാത്ത കുരുക്കായി യു പി എ ഗവണ്‍മെന്റിനെ വരിഞ്ഞു മുറുക്കുകയാണ്. 1,76,000 കോടി രൂപയുടെ അഴിമതി ഇടപാടില്‍ രാജയെയും കനിമൊഴിയെയും ജയിലിലാക്കിയപ്പോള്‍ കാര്‍മേഘം ഒഴിഞ്ഞുപോയി എന്ന് മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും ആശ്വാസം കൊണ്ടതായിരുന്നു. അഴിമതിക്കെതിരായ കോണ്‍ഗ്രസ് നിലപാടിന്റെ തെളിവായി ആ അറസ്റ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സഖ്യകക്ഷിയായ ഡി എം കെ നേതാക്കളോടുപോലും വിട്ടുവീഴ്ച കാണിക്കാത്ത കോണ്‍ഗ്രസിന്റെ ആദര്‍ശധീരതയെ പാടിപുകഴ്ത്തി. പര്‍വതാകാരം പൂണ്ട സ്‌പെക്ട്രം അഴിമതി ഒരു 'ചിന്ന' രാജ മാത്രമായി ചെയ്യുമോ എന്നു സംശയിച്ചവരുണ്ട്. അവരോടു പ്രധാനമന്ത്രി പറഞ്ഞത് കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങളെക്കുറിച്ചായിരുന്നു. 'പച്ചവെള്ളം ചവച്ചുകുടിക്കുന്ന' പ്രധാനമന്ത്രിയുടെ ആദര്‍ശ പരിവേഷമാണ് ഇപ്പോള്‍ അഴിഞ്ഞുവീണത്. അഴിമതിയുടെ വേരുകള്‍ ഡി എം കെ യില്‍ അവസാനിക്കുന്നില്ല. അത് കോണ്‍ഗ്രസിന്റെ അകത്തളങ്ങള്‍ വരെ നീണ്ടുകിടക്കുന്നു.

    ReplyDelete