മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ആരോപണമുയര്‍ന്ന പലരെയും പൊലീസ് ഇതുവരെ ചോദ്യംചെയ്തിട്ടില്ലെന്ന് വി എസിന്റെ അഭിഭാഷകന്‍ ഡി അനില്‍കുമാര്‍ പരാതിപ്പെട്ടു. കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്യേണ്ടത് എപ്പോഴെന്നു തീരുമാനിക്കേണ്ടത് പൊലീസാണെന്ന് കോടതി വ്യക്തമാക്കി. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയമിച്ച ഉദ്യോഗസ്ഥര്‍ തന്നെ പ്രത്യേക അന്വേഷണസംഘത്തില്‍ തുടരുകയാണെന്ന സര്‍ക്കാര്‍ വിശദീകരണം രേഖപ്പെടുത്തുകയാണെന്നും കൂടുതല്‍ ഉത്തരവുകള്‍ ഡിസംബര്‍ 22ന് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു.
അതേസമയം, ഐസ്ക്രീം കേസ് അന്വേഷണം ഹൈക്കോടതി നിരീക്ഷണത്തിലാക്കിയതോടെ, ആരോപണവിധേയനായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും നിയമക്കുരുക്കിലാകാനുള്ള സാധ്യതയേറിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയ പ്രത്യേകസംഭവം എടുത്തുകാണിച്ചില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍ , തങ്ങളുടെ മൊഴി കുഞ്ഞാലിക്കുട്ടിയുടെ അടുത്ത സഹായി ചേളാരി ഷെരീഫ് ഭീഷണിപ്പെടുത്തി മാറ്റിച്ചെന്ന് ഇരകളായ പെണ്‍കുട്ടികള്‍ തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളുടെ ഈ പരാതി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനും അയച്ചിട്ടുണ്ട്. കേസ് ഇനിയും പരിഗണിക്കുമ്പോള്‍ ഈ പുതിയ വഴിത്തിരിവും ഹൈക്കോടതിയുടെ ശ്രദ്ധയില്‍ വരും. കൂടുതല്‍ ഉത്തരവുകള്‍ ഡിസംബര്‍ 22ന് പുറപ്പെടുവിക്കുമെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്.
കേസ് നീതിപീഠത്തിന്റെ മേൽനേട്ടത്തിലാകുന്നതോടെ കുടത്തിലടച്ചെന്ന് കരുതിയ പെണ്‍വാണിഭക്കേസ് വീണ്ടും കരുത്താര്‍ജിക്കുകയാണ്. പണവും അധികാരവും സ്വാധീനവും ഉപയോഗിച്ച് അട്ടിമറിച്ച പെണ്‍വാണിഭക്കേസില്‍ നീതി നടപ്പാകുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നത്. പതിനാല് വര്‍ഷത്തിനുശേഷം ഐസ്ക്രീം കേസ് വീണ്ടും കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമുണ്ടാക്കും വിധത്തിലേക്കാണ് കേസിലുണ്ടായ ഇപ്പോഴത്തെ വഴിത്തിരിവ്. കേസ് അന്വേഷണത്തിന്റെ തുടര്‍ച്ചയായി വരുംനാളില്‍ കുഞ്ഞാലിക്കുട്ടിയെയും പൊലീസിന് ചോദ്യംചെയ്യേണ്ടി വരും. മുമ്പ് അധികാരപദവി ഉപയോഗിച്ച് ന്യായാധിപരെയടക്കം വിലയ്ക്കെടുത്തയാള്‍ ഈ സമയത്ത് മന്ത്രിയായി തുടരുന്നതില്‍ പൊതുസമൂഹത്തിനുള്ള ആശങ്കയും കോടതിക്ക് പരിഗണിക്കേണ്ടിവരും.
*****
ദേശാഭിമാനി 280911
No comments:
Post a Comment