Wednesday, September 28, 2011

പ്രതിപക്ഷ പ്രതിഷേധം; ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ഖേദം പ്രകടിപ്പിച്ചു

ആരോഗ്യ മന്ത്രിയുടെ വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരെല്ലാം മദ്യപാനം മൂലം കരള്‍രോഗമുണ്ടായവരാണെന്ന അടൂര്‍ പ്രകാശിന്റെ പ്രസ്താവന തിരുത്തി മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.കേരളീയരെ അപമാനിക്കുന്ന നടപടിയാണിതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മരിച്ചവരെല്ലാം മദ്യപാനികളാണെന്നു പറഞ്ഞത് അംഗീകരിക്കാനാവില്ല. അധികാരികള്‍ ഇത്രമേല്‍ അധപതിച്ചുപോയി.

ദുര്‍ബലമായ വാദങ്ങളുമായി ആരോഗ്യമന്ത്രി തന്റെ പ്രസ്താവനയെ ന്യായീകരിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. സംസ്ഥാനത്തെ പനിമരണത്തെക്കുറിച്ചന്വേഷിക്കാന്‍ എത്തിയ കേന്ദ്രസംഘം തന്ന പ്രാഥമികറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളതെന്നാണ് മന്ത്രിയുടെ വിശദീകരണം. തുടര്‍ന്ന് ആരോഗ്യമന്ത്രിയും പിന്നീട് മുഖ്യമന്ത്രിയും സഭയില്‍ഖേദപ്രകടനം നടത്തി. തെരഞ്ഞെടുക്കപ്പെട്ട സഹകരണസ്ഥാപനങ്ങളെ പിരിച്ചുവിടാന്‍ശ്രമിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഇപി ജയരാജന്റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

deshabhimani

1 comment:

  1. പനി ബാധിച്ചവരെല്ലാം മദ്യപാനികളായിരുന്നുവെന്നും മദ്യപാനത്തിന്റെ ഭാഗമായി വന്ന രോഗമാണിതെന്നും പറയാന്‍ തൊലിക്കട്ടിയുള്ളവരായിരിക്കുകയാണ് നമ്മുടെ ഭരണാധികാരികളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പനിബാധിച്ച് മരിച്ചവരെ സര്‍ക്കാര്‍ അധിക്ഷേപിച്ചിരിക്കയാണ്. മരിച്ചുവീണ നിര്‍ഭാഗ്യവാന്മാരെ മദ്യപാനികളാക്കുന്ന ഈ സമീപനം പ്രതിഷേധാര്‍ഹമാണ്. രോഗത്തിന് ചികിത്സ തേടുന്നവരെ, റോഡിനുവേണ്ടി പ്രകടനം നടത്തുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം കൂടുതല്‍ പ്രക്ഷോഭം ക്ഷണിച്ചുവരുത്തും. സര്‍ക്കാര്‍ ഭാഗത്തുനിന്ന് വിവേകപൂര്‍ണമായ സമീപനമുണ്ടാകണം- കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ഡിവൈഎഫ്ഐ നേതാക്കളെ സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പിണറായി. ജയിലിലടക്കപ്പെട്ടവരുടെ പേരില്‍ കള്ളക്കേസുണ്ടാക്കുകയാണ്. കുറേക്കാലം ഇവരെ ബോധപൂര്‍വം ജയിലിലടക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

    ReplyDelete