Wednesday, September 28, 2011

കര്‍ഷകരെ ദ്രോഹിക്കുന്ന നയം

ഇന്ത്യ കാര്‍ഷികരാജ്യമാണെന്നും 70 ശതമാനത്തിലധികം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണെന്നും ഭരണാധികാരികള്‍ ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരിക്കും. ഒപ്പം കര്‍ഷക ആത്മഹത്യ പെരുകുകയും ചെയ്യും. കാര്‍ഷികമേഖലയിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കുറഞ്ഞുവരുന്നു. കര്‍ഷകന്റെ വിലാപവും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കാര്‍ഷികമേഖലയോടുള്ള ഭരണാധികാരിവര്‍ഗത്തിന്റെ അവഗണനയും അവസാനിക്കുന്നമട്ടില്ല. എം എസ് സ്വാമിനാഥനെപ്പോലുള്ള വിദഗ്ധര്‍ അന്വേഷണം നടത്തി ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാറുണ്ട്. അതിന്റെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്നതാണ് യാഥാര്‍ഥ്യം.

പൊട്ടാഷ് വളത്തിന്റെ വില വന്‍തോതില്‍ വര്‍ധിച്ചു എന്ന വാര്‍ത്തയാണ് ഇത്രയും സൂചിപ്പിക്കാന്‍ കാരണമായത്. രാസവളത്തിന് മൂന്നു മാസത്തിനിടെ അഞ്ചുതവണ വിലകൂടിയതിനുപുറമെ ഇറക്കുമതി ചെയ്യുന്ന പൊട്ടാഷിന്റെ വിലയും കൂടി. ഒരു ചാക്ക് പൊട്ടാഷിന് 148 രൂപയാണ് ഇപ്പോള്‍ വര്‍ധിച്ചത്. അതോടെ ചാക്കിന് 442 രൂപ വിലയുണ്ടായിരുന്നത് 588 രൂപയായി. രാസവളങ്ങളുടെ വിലനിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ , കമ്പനികള്‍ക്ക് നല്‍കിയ ശേഷം ഏപ്രില്‍മുതല്‍ അഞ്ചുതവണയാണ് കൂടിയത്. രാസവളങ്ങളുടെ വിലവര്‍ധനമൂലം കേരളത്തിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞ ഒരുവര്‍ഷം 250 കോടി രൂപയുടെ അധികബാധ്യതയാണ് ഏറ്റെടുക്കേണ്ടിവന്നത്. പൊട്ടാഷിന്റെമാത്രമല്ല എല്ലാ രാസവളത്തിന്റെയും വില കുതിച്ചുയരുകയാണ്. ഫാക്ടംഫോസിന് 359 രൂപയുണ്ടായിരുന്നത് മൂന്നുതവണ ഉയര്‍ന്ന് 526 രൂപയിലെത്തി. രാസവളം ആവശ്യാനുസരണം കര്‍ഷകന് ലഭിക്കുന്നില്ലെന്നത് മറ്റൊരു പ്രശ്നമാണ്. വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് പെട്രോളിന്റെ വില 11 തവണ വര്‍ധിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപയാണ് കൂടിയത്. അതുപോലെ രാസവളവിലയും അനിയന്ത്രിതമായി ഉയരുമെന്ന ഭീതിയിലാണ് കര്‍ഷകര്‍ .

ഭൂമി തരിശിടാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് ഇന്ത്യയിലാകെ നിലനില്‍ക്കുന്നത്. ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയം വേണ്ട. കഴിഞ്ഞ 10 വര്‍ഷത്തിനകം രണ്ടുലക്ഷം കര്‍ഷകര്‍ കടബാധ്യതമൂലം ആത്മഹത്യചെയ്തു. 80 ലക്ഷംപേര്‍ കൃഷി ഉപേക്ഷിച്ചു. വിദര്‍ഭപോലുള്ള പ്രദേശങ്ങളില്‍ കര്‍ഷക ആത്മഹത്യ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായതുമൂലം ഈ വര്‍ഷം കാര്‍ഷികോല്‍പ്പാദനം കൂടിയതായി റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ആറുകോടിയിലധികം ടണ്‍ ഭക്ഷ്യധാന്യം ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 11-ാം പഞ്ചവത്സരപദ്ധതിക്കാലത്തെ കാര്‍ഷികവളര്‍ച്ച മൂന്ന് ശതമാനം മാത്രമാണെന്ന് ഓര്‍ക്കണം. വ്യവസായവളര്‍ച്ചയാണെങ്കില്‍ കേവലം 3.3 ശതമാനംമാത്രമാണ്. സാമ്പത്തികവളര്‍ച്ച കമ്മിയായതിനാല്‍ കടുത്ത തീരുമാനം വേണ്ടിവരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ആഗോള സാമ്പത്തികമേഖല നട്ടംതിരിയുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് വിലക്കയറ്റമാണെന്നും പലിശനിരക്ക് ഉയരുന്നതില്‍ വ്യവസായലോകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറയുന്നു. ഭക്ഷ്യവിലക്കയറ്റം അതീവ ഗുരുതരമാണ്. വിലക്കയറ്റം തടയാന്‍ തന്റെ കൈയില്‍ മാന്ത്രികവടി ഇല്ലെന്ന് പ്രധാനമന്ത്രി തുറന്നുപറഞ്ഞിരിക്കുകയാണ്.
കൃഷിയും വ്യവസായവും തകര്‍ച്ചയെ നേരിടുമ്പോള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ വീണവായിക്കുന്ന പ്രതീതിയാണുള്ളത്. അതിശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവന്നില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി ഇരുളടഞ്ഞതായിരിക്കും. കാര്‍ഷികമേഖലയില്‍ കൂടുതല്‍ മൂലധനം നിക്ഷേപിച്ച് കര്‍ഷകരുടെ കണ്ണീരൊപ്പാനുള്ള സത്വരനടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം. സബ്സിഡി പുനഃസ്ഥാപിച്ച് വളത്തിന്റെ വില കുറയ്ക്കുകയും വളം കര്‍ഷകര്‍ക്ക് ആവശ്യാനുസരണം ലഭ്യമാക്കുകയും വേണം. വിലക്കയറ്റം തടയുന്നതിന് സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം ആവിഷ്കരിച്ച് നടപ്പാക്കുകമാത്രമാണ് ഏക പോംവഴി. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ കോണ്‍ഗ്രസ് ഭരണാധികാരികളെ അനുവദിച്ചുകൂടാ.

*****

ദേശാഭിമാനി മുഖപ്രസംഗം 28092011

No comments:

Post a Comment