Thursday, September 29, 2011

അഞ്ച് വിരലിലെണ്ണാം അഴിമതിരഹിതരെ

ആധുനിക ഇന്ത്യയിലെ അഴിമതിഭീകരത ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ ഉദാഹരിച്ചത് ഇങ്ങനെ: "പഴയകാലത്ത് ഭരണരംഗത്തെ അഴിമതിക്കാരെ എണ്ണാന്‍ വിരലുകള്‍ അഞ്ചു മതിയായിരുന്നു. ഇപ്പോഴും അഞ്ചുവിരലുകള്‍ മതി; അഴിമതിരഹിതരെ എണ്ണാന്‍ ." സാമൂഹ്യ, രാഷ്ട്രീയ, പഠന-ഗവേഷണ രംഗങ്ങളിലെ പ്രമുഖര്‍ ഭൂരിഭാഗമുള്ള ഒരു സദസ്സിലാണ് ആഗോളവല്‍ക്കരണത്തെ ആനയിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ തനിനിറം അദ്ദേഹം വെളിവാക്കിയത്.

കൊടിയ അഴിമതിയുടെ ഈ പ്രതിഭാസത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ ശക്തി പോരാ. അണ്ണാഹസാരെയുടെ സമരംപോലെ ചിലതുണ്ട്. അതിന്റെ ഫലമായി അസാധാരണ നടപടികള്‍ പാര്‍ലമെന്റിലും ഉണ്ടായല്ലോ എന്നും സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ പറഞ്ഞു. ഇ ബാലാനന്ദന്‍ ഗവേഷണ ഫൗണ്ടേഷന്‍ കൊച്ചി സര്‍വകലാശാലയിലെ സാമൂഹ്യപ്രശ്നങ്ങളുടെ പഠനകേന്ദ്രമായ സിഎസ്എസ്ഇഐപി എന്നിവ സംയുക്തമായി സംഘടിപ്പിച്ചതാണ് സെമിനാര്‍ . സെമിനാറിലെ പ്രഭാഷകര്‍ , സദസ്സിലെ പങ്കാളിത്തം എന്നിവകൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു സെമിനാര്‍ .

പ്രബന്ധത്തിലും ചര്‍ച്ചയിലും ഉയര്‍ന്നുനിന്നത് രാജ്യത്തെ ഭീകരമായ അഴിമതി തന്നെയായിരുന്നു. ഇപ്പോഴത്തെ കുംഭകോണങ്ങള്‍ പുതിയ പ്രതിഭാസമാണെന്നുതന്നെ സന്തോഷ് ഹെഗ്ഡെ ചൂണ്ടിക്കാട്ടി. ഈ ദുരവസ്ഥ ഒഴിവാക്കാനുള്ള പരിഹാരമാര്‍ഗങ്ങളും സെമിനാറില്‍ ഉരുത്തിരിഞ്ഞു. കാടുകാണാതെ മരം കാണുന്നതുപോലെയാണ് അഴിമതിയെക്കുറിച്ച് പല ധാരണകളും നിലപാടുകളുമെന്ന് പ്രമുഖ ധനതത്വശാസ്ത്രജ്ഞന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. മുമ്പെങ്ങുമില്ലാത്ത തോതിലുള്ള അഴിമതിയും സ്വജനപക്ഷപാതവും ഇന്ത്യന്‍ ജനാധിപത്യത്തിനു ഭീഷണിയാണെന്ന് പ്രബന്ധം അവതരിപ്പിച്ച് ഡോ. കെ എന്‍ പണിക്കര്‍ സമര്‍ഥിച്ചു. രാജ്യത്ത് അഴിമതിയുടെ പ്രധാന കാരണം അത് ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയാണെന്ന് അനുപമ ഝാ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനായ ജെ ഗോപീകൃഷ്ണന്‍ മാധ്യമങ്ങള്‍ക്കെതിരെതന്നെയാണ് ആഞ്ഞടിച്ചത്. മാധ്യമങ്ങളുടെ ഹൃദയത്തിലും തലച്ചോറിലും നിക്ഷേപത്തിലൂടെയും ആളുകളിലൂടെയും നുഴഞ്ഞുകയറിയിട്ടുള്ള കുത്തക മൂലധനാധിപത്യം അവയെ നിശ്ശബ്ദത പാലിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പി രാജീവ് എംപി ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ , പഠിതാക്കള്‍ , ഗവേഷകര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ കെടുതികളില്‍നിന്ന് രാജ്യത്തെ ശാശ്വതമായി രക്ഷിക്കാന്‍ അധ്വാനിക്കുന്നവന്റെ പടയൊരുക്കുക എന്നതേ മാര്‍ഗമുള്ളു എന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം എം ലോറന്‍സ് പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യം അഴിമതിയുടെ ഭീഷണിയിലാണ്. ഇതിനു തടയിടാന്‍ നിയമനിര്‍മാണം മാത്രം പോര; സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ജനമുന്നേറ്റത്തിന്റെ പ്രതിരോധംതന്നെ അനിവാര്യമാണെന്ന് ഇ ബാലാനന്ദന്‍ ഗവേഷണ ഫൗണ്ടേഷന്റെ പ്രഥമ സംരംഭമായ സെമിനാര്‍ ചൂണ്ടിക്കാട്ടി.

അഴിമതി കുതിക്കുന്നു: സന്തോഷ് ഹെഗ്ഡെ

കൊച്ചി: രാജ്യത്ത് വളര്‍ച്ചയില്‍ അമിതവേഗം കൈവരിച്ചിരിക്കുന്നത് അഴിമതിക്കാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ. ഭരണഘടനാ സ്ഥാപനങ്ങളാകെത്തന്നെ അഴിമതിയില്‍നിന്ന് വിമുക്തമല്ല; രാജ്യത്തെ നീതിന്യായവ്യവസ്ഥപോലും- അദ്ദേഹം പറഞ്ഞു. ഇ ബാലാനന്ദന്‍ ഗവേഷണ ഫൗണ്ടേഷന്റെയും കൊച്ചി സര്‍വകലാശാലയിലെ സാമൂഹ്യപഠനകേന്ദ്രമായ സിഎസ്എസ്ഇഐപിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ "ആഗോള ധനമൂലധനം ഇന്നലെ ഇന്ന്" എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്തകാലത്തെ ഏതാനും കുംഭകോണങ്ങളിലെ പണം മാത്രം വിനിയോഗിച്ചിരുന്നെങ്കില്‍ ഇന്ത്യയിലെ ഗ്രാമീണജീവിതം എത്രയോ പുരോഗമിക്കുമായിരുന്നു. 2ജി സ്പെക്ട്രം കുംഭകോണത്തില്‍ 1,76,000 കോടി രൂപയാണ് ഏതാനും ഭരണാധികാരികള്‍ പങ്കിട്ടെടുത്തത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതി, കൃഷ്ണ-ഗോദാവരി എണ്ണ കുംഭകോണം എന്നിവയും സമാനമായ വലിയ തുകയുടേതാണ്. 2008ല്‍ കുടിവെള്ളം, ഉച്ചഭക്ഷണം തുടങ്ങി പാവപ്പെട്ടവര്‍ക്കുള്ള എട്ടു ക്ഷേമപദ്ധതികള്‍ക്ക് അനുവദിച്ച തുകയില്‍ 51,000 കോടി രൂപയുടെ വെട്ടിപ്പുനടന്നു എന്ന് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. അതിലും ഒരു നടപടിയും ഇല്ല. അഴിമതി തടയാന്‍ സര്‍ക്കാരിന് പ്രതിബദ്ധതയില്ല. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭഘട്ടത്തില്‍ ഇത് ഒന്നുകൂടി വ്യക്തമായി. രാഷ്ട്രീയത്തിലെ അഴിമതി അവസാനിപ്പിച്ചാല്‍ ഉദ്യോഗസ്ഥസംവിധാനത്തിലെ അഴിമതിക്കും കടിഞ്ഞാണിടാനാകുമെന്ന് സന്തോഷ് ഹെഗ്ഡെ ചൂണ്ടിക്കാട്ടി.

ഉദ്ഘാടനസമ്മേളനത്തില്‍ കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് അധ്യക്ഷനായി. ഇ ബാലാനന്ദന്‍ ഗവേഷണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം എം ലോറന്‍സ് ആമുഖപ്രസംഗം നടത്തി. സിഎസ്എസ്ഇഐപി ഡയറക്ടര്‍ ഡോ. ഡി രാജസേനന്‍ സ്വാഗതവും ഇ ബാലാനന്ദന്‍ ഗവേഷണ ഫൗണ്ടേഷന്‍ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള നന്ദിയും പറഞ്ഞു. തുടര്‍ന്നുചേര്‍ന്ന ചര്‍ച്ചാസമ്മേളനത്തില്‍ ഡോ. കെ എന്‍ പണിക്കര്‍ മോഡറേറ്ററായി. സംസ്ഥാന ആസൂത്രണബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രഭാത് പട്നായിക്, ട്രാന്‍സ്പേരന്‍സി ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുപമ ഝാ, പയനിയര്‍ പ്രത്യേക ലേഖകന്‍ ജെ ഗോപീകൃഷ്ണന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.

deshabhimani 290911

1 comment:

  1. ആധുനിക ഇന്ത്യയിലെ അഴിമതിഭീകരത ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ ഉദാഹരിച്ചത് ഇങ്ങനെ: "പഴയകാലത്ത് ഭരണരംഗത്തെ അഴിമതിക്കാരെ എണ്ണാന്‍ വിരലുകള്‍ അഞ്ചു മതിയായിരുന്നു. ഇപ്പോഴും അഞ്ചുവിരലുകള്‍ മതി; അഴിമതിരഹിതരെ എണ്ണാന്‍ ." സാമൂഹ്യ, രാഷ്ട്രീയ, പഠന-ഗവേഷണ രംഗങ്ങളിലെ പ്രമുഖര്‍ ഭൂരിഭാഗമുള്ള ഒരു സദസ്സിലാണ് ആഗോളവല്‍ക്കരണത്തെ ആനയിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ തനിനിറം അദ്ദേഹം വെളിവാക്കിയത്.

    ReplyDelete