Tuesday, September 27, 2011

"അഴിമതിയുടെ ഗംഗോത്രി"

പാമൊലിന്‍ കേസും വിജിലന്‍സ് ജഡ്ജിയുടെ പിന്മാറ്റവും സഭാതലത്തില്‍ ആളിക്കത്തി. വിജിലന്‍സ് ജഡ്ജി കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്മാറിയതിനെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസാണ് സഭയെ ചൂടുപിടിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധം ആളിപ്പടര്‍ന്നതോടെ മിനിറ്റുകള്‍ക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കി സഭ പിരിയുകയും ചെയ്തു. ഇടയ്ക്ക് സഭ നിര്‍ത്തിവച്ച് സ്പീക്കര്‍ അനുരഞ്ജനശ്രമം നടത്തിയെങ്കിലും അതെല്ലാം വിഫലമായി. പതിമൂന്നാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ പ്രതിപക്ഷം കച്ചമുറുക്കിത്തന്നെയാണ് അരങ്ങിലെത്തിയത്. വാക്കിലും നോക്കിലും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു വിചാരണ.

മുഖ്യമന്ത്രിയുമായി പ്രതിപക്ഷം കൊമ്പുകോര്‍ത്തപ്പോള്‍ നടുവൊടിഞ്ഞ മൂരിയെപ്പോലെ സാക്ഷിയാകാനായിരുന്നു പി സി ജോര്‍ജിന്റെ നിയോഗം. ഐസ്ക്രീംകേസുമായി ബന്ധപ്പെട്ട ചോദ്യം ഒഴിവാക്കിയത് ചോദ്യോത്തരവേളയില്‍ പ്രതിഷേധത്തിനിടയാക്കി. ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നായിരുന്നു അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കോടിയേരിയുടെ ആരോപണം. അഴിമതിയുടെ ഉറവിടമായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നു പറഞ്ഞ കോടിയേരിയുടെ വകയായി ഒരു വിശേഷണവും അദ്ദേഹത്തിന് കിട്ടി. "അഴിമതിയുടെ ഗംഗോത്രി". ചീഫ് വിപ്പ് പി സി ജോര്‍ജിനെ പുറത്താക്കണം, മുഖ്യമന്ത്രി രാജിവയ്ക്കണം. ഇതായിരുന്നു കോടിയേരിയുടെ ആവശ്യം. അടുത്തിടെ മുഖ്യമന്ത്രിയുടെ കസേരയില്‍ കയറിയിരുന്ന് ഒരുവന്‍ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞതറിയാം. ആ മാനസികാവസ്ഥയാണെങ്കില്‍ ജഡ്ജിക്കെതിരെ ജോര്‍ജ് കത്തയച്ചതില്‍ തെറ്റുണ്ടെന്ന് കരുതാനാകില്ലെന്നാണ് കോടിയേരിയുടെ പക്ഷം. പൂഞ്ഞാറുകാരന്‍ ജോര്‍ജ് ആ ഇനത്തില്‍പ്പെടുമോ എന്നായിരുന്നു കോടിയേരിയുടെ ചോദ്യം. വിജിലന്‍സ് ജഡ്ജിയെക്കുറിച്ച് പുറത്ത് നല്ലത് പറയുകയും മറുഭാഗത്തുകൂടി ഇടപെടുകയും ചെയ്യുകയെന്ന തന്ത്രമാണ് മുഖ്യമന്ത്രിയുടേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയ്ക്ക് ചേര്‍ന്ന ഉപമ വി എസിന്റെ വക. "അച്ഛന്‍ പത്തായത്തിലില്ലെന്നു പറഞ്ഞ കുട്ടി". മുഖ്യമന്ത്രിയെ പാമൊലിന്‍ കേസില്‍നിന്ന് ഒഴിവാക്കിയെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ നീക്കങ്ങളും പ്രതിപക്ഷ നേതാവ് വിശദമാക്കി.

ഉമ്മന്‍ചാണ്ടിയുടെ കളികാണുമ്പോള്‍ കെ കരുണാകരന്‍ എത്രയോ ഭേദമായിരുന്നുവെന്ന് തോന്നിപ്പോവുകയാണെന്നും വി എസ് അഭിപ്രായപ്പെട്ടു. നീതിന്യായ നിര്‍വഹണത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിന് വിശദീകരണം നല്‍കിയ മുഖ്യമന്ത്രിയുടെ നിലപാട്. പക്ഷേ, പി സി ജോര്‍ജിന്റെ കത്ത് അംഗീകരിക്കുന്നില്ലെങ്കില്‍ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ തയ്യാറുണ്ടോയെന്ന ചോദ്യത്തിന് മുന്നില്‍ മുഖ്യമന്ത്രി മൗനം പൂണ്ടു. മുഖ്യമന്ത്രി രാജിവയ്ക്കുക, പി സി ജോര്‍ജിനെ നിലയ്ക്ക് നിര്‍ത്തുക എന്നീ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനുശേഷം ഒന്നരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം അണുവിട പിന്മാറിയില്ല. കെ മുരളീധരനെ ശ്രദ്ധക്ഷണിക്കല്‍ അവതരണത്തിന് സ്പീക്കര്‍ ക്ഷണിച്ചതോടെ പ്രതിപക്ഷം വീണ്ടും നടുത്തളത്തില്‍ കുതിച്ചെത്തി. സ്പീക്കര്‍ക്ക് സംരക്ഷണവലയം തീര്‍ത്ത് വാച്ച് ആന്‍ഡ് വാര്‍ഡുകളും നിരന്നു. രണ്ട് ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം അംഗീകരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ സഭ പിരിയുകയും ചെയ്തു. ഭൂപതിവ് ഭേദഗതി ബില്‍ , തദ്ദേശഭരണ സ്ഥാപന വായ്പാ ഭേദഗതി ബില്‍ എന്നിവയാണ് പരിഗണിച്ചത്. സഭയ്ക്കുള്ളില്‍ അച്ചടക്കമില്ലാതെ കൂട്ടംകൂടി നിന്ന ഭരണപക്ഷ അംഗങ്ങളെ സ്പീക്കര്‍ കണക്കിന് ശകാരിച്ചു. യുപി സ്കൂള്‍ കുട്ടികള്‍പോലും ഇതിനേക്കാള്‍ അച്ചടക്കം പാലിക്കുമെന്നാണ് സ്പീക്കറുടെ നിലപാട്. സഭ നടത്താന്‍ പ്രതിപക്ഷംമാത്രം സഹകരിച്ചാല്‍ പോരെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ദേശാഭിമാനി 270911

1 comment:

  1. പാമൊലിന്‍ കേസും വിജിലന്‍സ് ജഡ്ജിയുടെ പിന്മാറ്റവും സഭാതലത്തില്‍ ആളിക്കത്തി. വിജിലന്‍സ് ജഡ്ജി കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്മാറിയതിനെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസാണ് സഭയെ ചൂടുപിടിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധം ആളിപ്പടര്‍ന്നതോടെ മിനിറ്റുകള്‍ക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കി സഭ പിരിയുകയും ചെയ്തു. ഇടയ്ക്ക് സഭ നിര്‍ത്തിവച്ച് സ്പീക്കര്‍ അനുരഞ്ജനശ്രമം നടത്തിയെങ്കിലും അതെല്ലാം വിഫലമായി. പതിമൂന്നാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ പ്രതിപക്ഷം കച്ചമുറുക്കിത്തന്നെയാണ് അരങ്ങിലെത്തിയത്. വാക്കിലും നോക്കിലും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു വിചാരണ.

    ReplyDelete