Friday, September 30, 2011

യു ഡി എഫിന് ലിറ്റ്മസ് പരീക്ഷണം

പ്രബുദ്ധ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച നിഷ്ഠൂരവും പൈശാചികവുമായ ആക്രമണമാണ് അഴിമതി കേസില്‍ ജയില്‍വാസമനുഭവിക്കുന്ന (?) ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വാളകം സദനത്തില്‍ കൃഷ്ണകുമാറിന് കഴിഞ്ഞ ദിവസം നേരിടേണ്ടിവന്നത്. ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന കൃഷ്ണകുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അബോധാവസ്ഥയിലാണ്. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്.

നാടുവാഴിത്തം തുടച്ചു നീക്കപ്പെട്ട കേരളത്തിന്റെ മണ്ണില്‍ നിയമത്തെയും നീതി വ്യവസ്ഥയെയും ലംഘിച്ച് ഇനിയും അവശേഷിക്കുന്ന മാടമ്പിത്തത്തിന്റെ ദാര്‍ഷ്ട്യവും സംസ്‌ക്കാര ശൂന്യതയുമാണ് കൃഷ്ണകുമാറിന്റെ നേരെ നടന്ന ആക്രമണത്തിലൂടെ പുറത്തുവന്നത്. 1957 ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് നിയമം മൂലം അവസാനിപ്പിച്ചതാണ് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ സ്വേച്ഛാധികാരം. എന്നാല്‍ ഇനിയും അവസാനിക്കാതെ തുടരുന്ന മാടമ്പി തുരുത്തുകള്‍ക്ക് ഉദാഹരണമാണ് വാളകം സ്‌കൂളും അതിന്റെ മാനേജ്‌മെന്റും.

ക്രിമിനല്‍ കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയേണ്ട ബാലകൃഷ്ണപിള്ള നാട്ടിലെ മുഴുവന്‍ നിയമങ്ങളും നീതി വ്യവസ്ഥയും കാറ്റില്‍ പറത്തി ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ പഞ്ചനക്ഷത്ര ആശുപത്രികളില്‍ അഭയം തേടുന്നു. സംസ്ഥാന ഭരണാധികാരം ദുരുപയോഗപ്പെടുത്തി ശിക്ഷാ കാലാവധി സുഖവാസമാക്കി മാറ്റുകമാത്രമല്ല ബാലകൃഷ്ണപിള്ള ചെയ്യുന്നത്. തന്റെ മാടമ്പിത്തത്തിന് ഇണങ്ങുംവിധം ക്വട്ടേഷന്‍ സംഘങ്ങളെ തരപ്പെടുത്തി പൈശാചികമായി കുടിപ്പക തീര്‍ക്കാനും ശിക്ഷാ കാലാവധി പ്രയോജനപ്പെടുത്തുന്നു. ജന്മിത്വത്തിനു കൊടിയിറങ്ങാത്ത വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത അതിക്രമത്തിനാണ് ബാലകൃഷ്ണപിള്ളയും കുടുംബവും നേതൃത്വം നല്‍കുന്നത്.

വാളകത്ത് അരങ്ങേറിയ മനുഷ്യത്വഹീനമായ അക്രമത്തിന് നേരിട്ട് നേതൃത്വം നല്‍കിയ ബാലകൃഷ്ണപിള്ളയേയും ഗണേഷ്‌കുമാറിനെയുംകാള്‍ ഈ കുറ്റകൃത്യത്തിന് ഉത്തരവാദി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യു ഡി എഫ് സര്‍ക്കാരാണ്. ഇത്രയും പൈശാചികമായ അക്രമത്തിന് അവസരമൊരുക്കിയത് ക്രിമിനല്‍ കുറ്റവാളിയെന്ന് രാജ്യത്തെ നീതിന്യായ വ്യവസ്ഥ അര്‍ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ച് ജയിലിലടച്ച ബാലകൃഷ്ണപിള്ളയ്ക്ക് തുടര്‍ന്നും തന്റെ ക്രൂരകൃത്യങ്ങള്‍ക്ക് അവസരം നല്‍കിയത് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ സര്‍ക്കാരുമാണ്. അഴിമതിയുടെ മാത്രമല്ല ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ സംരക്ഷകരാണ് തങ്ങളെന്ന് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു.

ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലും നേതൃത്വത്തിലുമുള്ള സ്‌കൂളുകള്‍ അധ്യാപകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. പതിറ്റാണ്ടുകളായി അവര്‍ തുടര്‍ന്നുവരുന്ന അതിക്രമങ്ങളുടെ അവസാനത്തെ കണ്ണി മാത്രമാണ് ഇപ്പോള്‍ അരങ്ങേറിയിട്ടുള്ളത്. വാളകം സ്‌കൂളില്‍ അകാരണമായി പിരിച്ചുവിടപ്പെട്ട അധ്യാപകനെ തിരികെ നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സമരം നാട്ടുകാര്‍ ഇനിയും വിസ്മരിച്ചിട്ടില്ല. ബാലകൃഷ്ണപിള്ള തന്നെ മാനേജരായിരുന്ന എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ വക സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ യാതൊരു ആനുകൂല്യവും ലഭിക്കാതെ പിരിഞ്ഞുപോകേണ്ടി വന്നതും ഈ മാടമ്പിത്തത്തിന്റെ തെളിവാണ്. ബാലകൃഷ്ണപിള്ളയെ ഡി പി ഐ ഇടപെട്ടു മാനേജര്‍ സ്ഥാനത്ത് തുടരുന്നതിനു അയോഗ്യനാക്കുകപോലും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അക്രമത്തിനിരയായ കൃഷ്ണകുമാറിന്റെ പത്‌നി കെ ആര്‍ ഗീതയെ പ്രധാന അധ്യാപികയായി ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് തല്‍സ്ഥാനത്തു നിയമിക്കേണ്ടി വന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ മൂലകാരണം.

ആര്‍ ബാലകൃഷ്ണപിള്ളയും ഇപ്പോള്‍ യു ഡി എഫ് മന്ത്രിസഭയില്‍ അംഗമായ മകന്‍ ഗണേഷ്‌കുമാറും ഈ സ്‌കൂളിന്റെ മനേജര്‍മാരായിരുന്നു. ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനുശേഷമാണ് സ്‌കൂളില്‍ 'പ്രോക്‌സി' ഭരണം ഏര്‍പ്പെടുത്തിയത്. അവരിരുവരുടെയും ഇച്ഛയ്ക്കു വിരുദ്ധമായി യാതൊന്നും ആ സ്‌കൂളില്‍ നടക്കില്ല. നടക്കാന്‍ പാടില്ല. ഈ മാടമ്പി സമീപനം കോടതിയിടപെടലിലൂടെ ചോദ്യം ചെയ്യപ്പെട്ടതാണ് ഇപ്പോഴത്തെ സംഭവ വികാസത്തിനു നിദാനം.

സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് വാളകത്തും പത്തനാപുരത്തും കുന്നിക്കോടും ജനങ്ങള്‍ ഹര്‍ത്താലാചരിച്ചു. യുവജന വിദ്യാര്‍ഥി സംഘടനകള്‍ സംഭവത്തില്‍ ക്ഷുഭിതരും പ്രക്ഷുബ്ധരുമാണ്. യു ഡി എഫ് ഭരണത്തിന്റെ അന്ത്യം കുറിക്കാനുള്ള തുറുപ്പുശീട്ടായ ഗണേഷ്‌കുമാര്‍ മന്ത്രിസഭയിലും നിയമസഭയിലും അംഗമാണ്. മന്ത്രിയും പ്രബലരായ ഐ എ എസ് ഉദ്യോഗസ്ഥരുമുള്‍പ്പെട്ട മാടമ്പി കുടുംബമാണ് മനുഷ്യത്വ ഹീനമായ ഈ സംഭവത്തിനു മൂലഹേതു. തടവുശിക്ഷ വിധിക്കപ്പെട്ടിട്ടും പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖചികിത്സയുമായി താമസമുറപ്പിച്ചിരിക്കുന്ന ബാലകൃഷ്ണപിള്ള എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി മാധ്യമങ്ങളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമം തുടങ്ങിക്കഴിഞ്ഞു.

കേരളത്തെ ലജ്ജിപ്പിച്ച ഈ സംഭവത്തിലുള്ള അന്വേഷണത്തിന്റെ ഗതിയെപ്പറ്റി ആശങ്ക ഉളവാകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ബാലകൃഷ്ണപിള്ളയുടെയും മകന്‍ മന്ത്രി ഗണേഷ് കുമാറിന്റെയും കുടുംബത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അവരെ രക്ഷിക്കാന്‍ അന്വേഷണം പ്രഖ്യാപിച്ച ഉടന്‍ തന്നെ ശ്രമം ആരംഭിച്ചുവെന്നുവേണം കരുതാന്‍. വാളകം സംഭവത്തില്‍ ഭീകരവാദികളുടെ പങ്ക് കണ്ടെത്താനുള്ള ശ്രമം തീര്‍ത്തും പരിഹാസ്യമാണ്.

ജനാധിപത്യത്തിലും നിയമസ്ഥവ്യവസ്ഥയിലും തെല്ലെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ബാലകൃഷ്ണപിള്ളക്കും കുടുംബത്തിനും സ്വാധീനിക്കാന്‍ കഴിയാത്ത ഉന്നതതല അന്വേഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. നിയമങ്ങള്‍ക്കും നീതിവ്യവസ്ഥയ്ക്കും നിരക്കാത്തവിധം സുഖവാസമാസ്വദിക്കുന്ന ബാലകൃഷ്ണപിള്ളയ്ക്ക് രാജ്യത്തെ പരമോന്നത നീതിപീഠം വിധിച്ച ശിക്ഷ ഉറപ്പുവരുത്തണം. ചുരുങ്ങിയ കാലത്തെ ഭരണ നിര്‍വഹണത്തിലൂടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയ യു ഡി എഫ് ഭരണത്തിന്റെ അവസാന ലിറ്റ്മസ് പരീക്ഷണമാണ് വാളകം സംഭവവും അതിനെപ്പറ്റിയുള്ള അന്വേഷണവും.

janayugom editorial 300911

1 comment:

  1. നാടുവാഴിത്തം തുടച്ചു നീക്കപ്പെട്ട കേരളത്തിന്റെ മണ്ണില്‍ നിയമത്തെയും നീതി വ്യവസ്ഥയെയും ലംഘിച്ച് ഇനിയും അവശേഷിക്കുന്ന മാടമ്പിത്തത്തിന്റെ ദാര്‍ഷ്ട്യവും സംസ്‌ക്കാര ശൂന്യതയുമാണ് കൃഷ്ണകുമാറിന്റെ നേരെ നടന്ന ആക്രമണത്തിലൂടെ പുറത്തുവന്നത്. 1957 ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് നിയമം മൂലം അവസാനിപ്പിച്ചതാണ് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ സ്വേച്ഛാധികാരം. എന്നാല്‍ ഇനിയും അവസാനിക്കാതെ തുടരുന്ന മാടമ്പി തുരുത്തുകള്‍ക്ക് ഉദാഹരണമാണ് വാളകം സ്‌കൂളും അതിന്റെ മാനേജ്‌മെന്റും.

    ReplyDelete