Monday, September 26, 2011

അരിവില കുതിക്കുന്നു

വിപണിയില്‍ അരിവില കുതിച്ചുയരുന്നു. കേരളത്തില്‍ വന്‍തോതില്‍ വിറ്റഴിയുന്ന ജയ, സുരേഖ തുടങ്ങിയ ഇനങ്ങള്‍ക്ക് മൊത്തവിലയില്‍ ഒരാഴ്ചയ്ക്കിടെ മൂന്നു രൂപയുടെ വര്‍ധനയാണുണ്ടായത്. ആന്ധ്രയിലെ മില്ലുകാര്‍ അരിയുടെ കയറ്റുമതി തുടങ്ങിയതും കേരളത്തിലേയ്ക്കുള്ള ലോഡുകള്‍ തടഞ്ഞുവെയ്ക്കുന്നതുമാണ് അരി വില ഉയരുന്നതിനു കാരണം.അരിയുടെ കൊച്ചി മാര്‍ക്കറ്റിലെ മൊത്തവില ഈ മാസം 17 ന് ക്വിന്റലിന് 1950-2450 രൂപയായിരുന്നു. 21 ന് അത് 2200-2400 രൂപയായും 24 ന് 2200-2500 രൂപയായും ഉയര്‍ന്നു. ചില്ലറ വില്പനശാലകളിലെത്തുമ്പോള്‍ ഈ അരിയ്ക്ക് വീണ്ടും വില കൂടും. ആന്ധ്രയില്‍ നിന്ന് ധാരാളമായി എത്തുന്ന ജയ, ഫല്‍ഗുണ ഇനത്തിലുള്ള വെള്ള അരിയും മട്ട അരിയും ഇതില്‍ ഉള്‍പ്പെടും.
ബസ്മതി ഒഴികെയുള്ള അരി ഇനങ്ങളുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് എല്ലായിനം അരിയും കയറ്റുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെ ആഭ്യന്തര വിപണിയില്‍ നിന്ന് ആന്ധ്രയിലെ മില്ലുടമകള്‍ വിട്ടുനില്ക്കാന്‍ തുടങ്ങി. ഉടനടി പണം ലഭിക്കുമെന്നതിനാല്‍ മില്ലുടമകള്‍ക്കും താല്പര്യം കയറ്റുമതിയോടാണ്. 20 ലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്യാനാണ് കേന്ദ്രം ഈയിടെ അനുമതി നല്‍കിയത്.

എഫ് സി ഐ ഗോഡൗണുകളില്‍ 2.5 കോടി ടണ്‍ അരിയുടെ വന്‍ സംഭരണമുള്ള സാഹചര്യത്തിലാണ് അരി കയറ്റുമതിയ്ക്ക് അനുമതി നല്‍കിയതെന്ന് കേന്ദ്രം ന്യായീകരിക്കുന്നുണ്ടെങ്കിലും കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ നടപടി വന്‍ തിരിച്ചടിയായിരിക്കുകയാണ്.

ഓണത്തിന് പത്തു ദിവസം മുമ്പാണ് തീവണ്ടി മാര്‍ഗ്ഗം ഏറ്റവുമൊടുവില്‍ ആന്ധ്രാ അരി കേരളത്തിലെത്തിയത്. ട്രക്ക്‌ലോഡ് കിട്ടാനില്ലെന്നും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയുടെ പേരുപറഞ്ഞ് മില്ലുടമകള്‍ ദിനംപ്രതി വില കൂട്ടുകയാണെന്നും മൊത്ത വ്യാപാരികള്‍ പറയുന്നു. ട്രാന്‍സ്‌പോര്‍ട്ടിംഗ് കൂലിയിലുണ്ടായ വര്‍ധനയാണ് മില്ലുടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.
കിലോഗ്രാമിന് 17-19 രൂപയായിരുന്ന അരിയുടെ വില ഒരാഴ്ചയ്ക്കിടെ 20-22 രൂപയായി ഉയര്‍ന്നു. ജയ അരിയുടെ മൊത്ത വില 21 രൂപയില്‍ നിന്ന് 23-24 വരെ ആയിട്ടുണ്ട്. സുരേഖയുടെ വിലയും ഏകദേശം ഇതുതന്നെ. ആന്ധ്രയിലെ ഈ വിലനിലവാരം കേരളത്തിലെത്തുമ്പോള്‍ പിന്നെയും ഉയരും. തമിഴ്‌നാട്ടില്‍ നിന്നുള്ള പൊന്നി അരിയുടെ വിലയിലും കിലോഗ്രാമിന് 2 രൂപയുടെ വര്‍ധനയുണ്ടായി. മട്ട അരിയുടെ വില 30 നു മേലായും ഉയര്‍ന്നു.

സപ്ലൈകോ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഓണക്കാലത്ത് അരി ധാരാളമായി സ്‌റ്റോക്കു ചെയ്തിട്ടുള്ളതിനാല്‍ പൊതുവിതരണ ശൃംഖലയെ പെട്ടെന്ന് വില വര്‍ധന ബാധിക്കില്ല. എന്നാല്‍ ഈ സ്‌റ്റോക്കു തീരുന്നതോടെ അവിടെയും വില കൂടുമെന്നാണ് സൂചന. ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും മില്ലുടമകള്‍ അരി വന്‍തോതില്‍ സ്‌റ്റോക്ക് ചെയ്തു വച്ചിട്ടുള്ളതിനാല്‍ വിലയുടെ കടിഞ്ഞാണ്‍ അവരുടെ കയ്യില്‍ തന്നെയായിരിക്കും.

janayugom 260911

1 comment:

  1. വിപണിയില്‍ അരിവില കുതിച്ചുയരുന്നു. കേരളത്തില്‍ വന്‍തോതില്‍ വിറ്റഴിയുന്ന ജയ, സുരേഖ തുടങ്ങിയ ഇനങ്ങള്‍ക്ക് മൊത്തവിലയില്‍ ഒരാഴ്ചയ്ക്കിടെ മൂന്നു രൂപയുടെ വര്‍ധനയാണുണ്ടായത്. ആന്ധ്രയിലെ മില്ലുകാര്‍ അരിയുടെ കയറ്റുമതി തുടങ്ങിയതും കേരളത്തിലേയ്ക്കുള്ള ലോഡുകള്‍ തടഞ്ഞുവെയ്ക്കുന്നതുമാണ് അരി വില ഉയരുന്നതിനു കാരണം.അരിയുടെ കൊച്ചി മാര്‍ക്കറ്റിലെ മൊത്തവില ഈ മാസം 17 ന് ക്വിന്റലിന് 1950-2450 രൂപയായിരുന്നു. 21 ന് അത് 2200-2400 രൂപയായും 24 ന് 2200-2500 രൂപയായും ഉയര്‍ന്നു. ചില്ലറ വില്പനശാലകളിലെത്തുമ്പോള്‍ ഈ അരിയ്ക്ക് വീണ്ടും വില കൂടും. ആന്ധ്രയില്‍ നിന്ന് ധാരാളമായി എത്തുന്ന ജയ, ഫല്‍ഗുണ ഇനത്തിലുള്ള വെള്ള അരിയും മട്ട അരിയും ഇതില്‍ ഉള്‍പ്പെടും.

    ReplyDelete