Monday, September 26, 2011

ഫണ്ടില്ല; സ്കൂള്‍ കലോത്സവവും കായികമേളയും പ്രതിസന്ധിയില്‍

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവവും കായികമേളയും ഫണ്ടില്ലാത്തതിനാല്‍ പ്രതിസന്ധിയിലായി. വിദ്യാര്‍ഥികളില്‍നിന്ന് ഫണ്ട് പിരിക്കുന്നത് തടഞ്ഞ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പകരം ഫണ്ട് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മറ്റ് തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടുമില്ല. ആഗസ്ത് 24ലെ വിദ്യാഭ്യാസ ഡയറക്ടറുടെ സ്പോര്‍ട്സ് (1) 40450/11/നമ്പര്‍ സര്‍ക്കുലറും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മെയ് 26ലെ 124/11 നമ്പര്‍ ഉത്തരവും പ്രകാരമാണ് സ്കൂളുകളിലെ പണപ്പിരിവ് തടഞ്ഞത്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിനാല്‍ അഞ്ചാംതരം മുതല്‍ എട്ടാം തരം വരെയുള്ള വിദ്യാര്‍ഥികളില്‍നിന്ന് സ്പെഷ്യല്‍ ഫീസ്, അത്ലറ്റിക് ഫീസ്, ഫെസ്റ്റിവല്‍ ഫീസ് എന്നിവയും എല്ലാവിധ കൂപ്പണ്‍ പിരിവുകളും നിര്‍ത്തിയതായാണ് ഉത്തരവ്.

ഒക്ടോബര്‍ 15നുമുമ്പ് സ്കൂള്‍ തലത്തിലും നവംബര്‍ 30നു മുമ്പ് ഉപജില്ലാ തലത്തിലും ഡിസംബര്‍ 31നു മുമ്പ് ജില്ലാ തലത്തിലും കലാമത്സരങ്ങള്‍ നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് കലണ്ടറില്‍ പറയുന്നുണ്ട്. വിവിധ തലങ്ങളിലെ മത്സര നടത്തിപ്പിന് ഈ മാസംതന്നെ സംഘാടകസമിതിയും സബ്കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിക്കേണ്ടതായിരുന്നു. ഇത്തവണ മേളയുടെ ആലോചനായോഗം പോലും നടത്താന്‍ ഭൂരിപക്ഷം ഉപജില്ലകളിലും കഴിഞ്ഞിട്ടില്ല. ആലോചന നടന്ന ചില സ്ഥലങ്ങളില്‍ അധ്യാപകര്‍ പണം മുന്‍കൂര്‍ നല്‍കി മേള നടത്തണമെന്നാണ് ഓഫീസര്‍മാര്‍ നിര്‍ദേശിച്ചത്. പണം തിരികെ കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ അതിന് അധ്യാപകര്‍ തയാറല്ല.

കലാ കായികമേളകള്‍ക്ക് ആവശ്യമായ ഫണ്ട് അഞ്ചാം തരംമുതലുള്ള വിദ്യാര്‍ഥികളില്‍നിന്ന് ഫെസ്റ്റിവല്‍ ഫീസ്, അത്ലറ്റിക് ഫീസ് എന്നീ ഇനങ്ങളില്‍ ജൂണ്‍മാസം സ്പെഷ്യല്‍ ഫീസിനൊപ്പം സമാഹരിക്കുകയാണ് പതിവ്. ഈ ഫണ്ടില്‍നിന്ന് കുറഞ്ഞത് 10,000 രൂപ വീതം ഉപജില്ലകള്‍ക്കും ഒരുലക്ഷം രൂപ വീതം ജില്ലകള്‍ക്കും മത്സര നടത്തിപ്പിനായി വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കും. ഇത്തരത്തില്‍ കായികമേളയ്ക്കും ശാസ്ത്ര-പ്രവൃത്തിപരിചയ മേളകള്‍ക്കും വിഹിതം അനുവദിക്കും. ഉപജില്ലകളില്‍ ഒരുലക്ഷം രൂപയും ജില്ലകളില്‍ എട്ടുലക്ഷം രൂപയും കലോത്സവങ്ങള്‍ക്കു മാത്രം ചെലവാകുമെന്ന് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
(ജോര്‍ജ് വര്‍ഗീസ്)

deshabhimani 260911

1 comment:

  1. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവവും കായികമേളയും ഫണ്ടില്ലാത്തതിനാല്‍ പ്രതിസന്ധിയിലായി. വിദ്യാര്‍ഥികളില്‍നിന്ന് ഫണ്ട് പിരിക്കുന്നത് തടഞ്ഞ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പകരം ഫണ്ട് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മറ്റ് തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടുമില്ല. ആഗസ്ത് 24ലെ വിദ്യാഭ്യാസ ഡയറക്ടറുടെ സ്പോര്‍ട്സ് (1) 40450/11/നമ്പര്‍ സര്‍ക്കുലറും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മെയ് 26ലെ 124/11 നമ്പര്‍ ഉത്തരവും പ്രകാരമാണ് സ്കൂളുകളിലെ പണപ്പിരിവ് തടഞ്ഞത്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിനാല്‍ അഞ്ചാംതരം മുതല്‍ എട്ടാം തരം വരെയുള്ള വിദ്യാര്‍ഥികളില്‍നിന്ന് സ്പെഷ്യല്‍ ഫീസ്, അത്ലറ്റിക് ഫീസ്, ഫെസ്റ്റിവല്‍ ഫീസ് എന്നിവയും എല്ലാവിധ കൂപ്പണ്‍ പിരിവുകളും നിര്‍ത്തിയതായാണ് ഉത്തരവ്.

    ReplyDelete