Saturday, September 24, 2011

കര്‍ണാടക-ആന്ധ്ര അനധികൃത ഖനനം ബന്ധം അന്വേഷിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി/ബംഗളൂരു: കര്‍ണാടകത്തിലെയും ആന്ധ്രാപ്രദേശിലെയും അനധികൃതഖനനം തമ്മിലുള്ള ബന്ധത്തെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. അസോസിയേറ്റഡ് മൈനിങ് കമ്പനിക്കും ഡക്കാണ്‍ മൈനിങ് സിന്‍ഡിക്കേറ്റിനും കര്‍ണാടകത്തിലെ ബല്ലാരിയിലും ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലും നടക്കുന്ന അനധികൃതഖനനങ്ങളുമായി ബന്ധമുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഇരുകമ്പനികള്‍ക്കും എതിരായി അന്വേഷണം നടത്താനും ബെഞ്ച് സിബിഐയോട് ആവശ്യപ്പെട്ടു.

അനധികൃത ഖനനം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ നിലപാടിന് സുപ്രീംകോടതി ഉത്തരവ് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അനധികൃത ഖനനക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍മന്ത്രി ജി ജനാര്‍ദന റെഡ്ഡി അടക്കമുള്ളവരുടെ നിലയും ഇതോടെ കൂടുതല്‍ പരുങ്ങലിലായി.
ബല്ലാരി, ചിത്രദുര്‍ഗ, തുമക്കൂറു ജില്ലകളിലെ അനധികൃതഖനനത്തെപ്പറ്റി സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര ശാക്തീകരണസമിതി വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബല്ലാരിയിലെ അസോസിയേറ്റഡ് മൈനിങ് കമ്പനി(എഎംസി)ക്കെതിരെ സിബിഐ അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചത്. അനധികൃതഖനനവുമായി ബന്ധപ്പെട്ട് അസോസിയേറ്റഡ് മൈനിങ് കമ്പനിയും ഡെക്കാണ്‍ മൈനിങ് സിന്‍ഡിക്കറ്റും തമ്മില്‍ അഭേദ്യബന്ധമുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കര്‍ണാടക ബല്ലാരിയിലെ അസോസിയേറ്റഡ് മൈനിങ് കമ്പനിക്കെതിരെ സിബിഐ അന്വേഷണത്തിന് നിര്‍ദേശിക്കുന്നതെന്നും കോടതി പറഞ്ഞു. ഒബല്ലാപുരം മൈനിങ് കമ്പനിക്കെതിരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാനും നിര്‍ദേശമുണ്ട്.

കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദന റെഡ്ഡിയും ഭാര്യ ലക്ഷ്മി അരുണയുമാണ് അസോസിയേറ്റഡ് കമ്പനി ഉടമകള്‍ . മുന്‍മന്ത്രി ബി ശ്രീരാമലുവും പങ്കാളിയാണ്. ജനാര്‍ദന റെഡ്ഡി മറച്ചുവച്ച ഈ കാര്യം ഖനന അഴിമതി അന്വേഷിച്ച ലോകായുക്തയാണ് രേഖ സഹിതം പുറത്തുവിട്ടത്. ഇതിനുശേഷം സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര ശാക്തീകരണസമിതിക്കും എഎംസിയെപ്പറ്റിയും അനധികൃതഖനനത്തെപ്പറ്റിയും വ്യക്തമായ തെളിവുലഭിച്ചു. ബല്ലാരിയില്‍ പത്ത് ഹെക്ടര്‍ സ്ഥലത്ത് ഖനനം ചെയ്യാനായിരുന്നു എഎംഎസിക്ക് ലൈസന്‍സ് ഉണ്ടായിരുന്നത്. എന്നാല്‍ , ലൈസന്‍സിന്റെ മറവില്‍ വന്‍തോതില്‍ ഭൂമി കൈയേറി ഖനനം നടത്തിയ കമ്പനി 2009ല്‍ മാത്രം എഎംസി 10 ലക്ഷം ടണ്‍ ഇരുമ്പയിര് കയറ്റുമതി ചെയ്തു. ആന്ധ്രയിലെ അനധികൃതഖനനവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റുചെയ്ത ജനാര്‍ദന റെഡ്ഡി ഇപ്പോള്‍ ഹൈദരാബാദില്‍ ജയിലിലാണ്. കര്‍ണാടകത്തിലെ അനധികൃതഖനനം അന്വേഷിക്കാന്‍ സിബിഐയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയതതോടെ ജനാര്‍ദന റെഡ്ഡിക്കെതിരെയുള്ള കുരുക്ക് കൂടുതല്‍ മുറുകും. ആന്ധ്രയിലെ കേസുമായി ബന്ധപ്പെട്ട് റെഡ്ഡിയുടെ അടുത്ത കൂട്ടാളിയായ സ്വസ്തിക് നാഗരാജുവിനെയും എസ്ഡിടി മഞ്ജുനാഥിനെയും സിബിഐ വെള്ളിയാഴ്ച ചോദ്യംചെയ്തു. സിബിഐ അന്വേഷണം സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡ ബല്ലാരിയില്‍ പ്രതികരിച്ചു.

deshabhimani 240911

1 comment:

  1. കര്‍ണാടകത്തിലെയും ആന്ധ്രാപ്രദേശിലെയും അനധികൃതഖനനം തമ്മിലുള്ള ബന്ധത്തെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. അസോസിയേറ്റഡ് മൈനിങ് കമ്പനിക്കും ഡക്കാണ്‍ മൈനിങ് സിന്‍ഡിക്കേറ്റിനും കര്‍ണാടകത്തിലെ ബല്ലാരിയിലും ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലും നടക്കുന്ന അനധികൃതഖനനങ്ങളുമായി ബന്ധമുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഇരുകമ്പനികള്‍ക്കും എതിരായി അന്വേഷണം നടത്താനും ബെഞ്ച് സിബിഐയോട് ആവശ്യപ്പെട്ടു.

    ReplyDelete