ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍നിന്ന് മടങ്ങിവരുംവഴി വിമാനത്തില്‍വച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ പ്രസ്താവന സ്വന്തം ഭരണവീഴ്ചകള്‍ക്ക് മറയിടാനുദ്ദേശിച്ചുള്ളതാണ്. ഭരണം ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്നുവെന്ന ഉല്‍ക്കണ്ഠയില്‍നിന്നുളവാകുന്ന ഭയമാകണം പ്രധാനമന്ത്രിയെ ഇപ്പോള്‍ നയിക്കുന്നത്. ഇന്ത്യന്‍ ഭരണവ്യവസ്ഥയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നത് എന്ന് ആരോപിച്ച പ്രധാനമന്ത്രി, അസ്ഥിരപ്പെടുത്തുന്ന തരത്തിലുള്ള ഏതുനീക്കം ആരില്‍നിന്നുണ്ടായി എന്നു പറഞ്ഞില്ല. അതുസംബന്ധിച്ച തുടര്‍ ചോദ്യങ്ങള്‍ക്കുമുമ്പില്‍ പ്രധാനമന്ത്രി നിശബ്ദനാകുകയായിരുന്നു.
ഭരണം ജനങ്ങള്‍ക്ക് അസ്സഹനീയമായി എന്ന് തിരിച്ചറിയുകയും അവര്‍ സമരോത്സുകരായി ഉണരുന്നു എന്ന് ആശങ്കപ്പെടുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ ഭരണാധികാരികള്‍ അമര്‍ഷത്തിന് തടയിടാനെന്നോണം അവതരിപ്പിക്കുന്ന വാദമാണിത് എന്ന് ഇന്ത്യ മുഴുവന്‍തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദുചെയ്യുകയും തുടര്‍ന്ന് വമ്പിച്ച ജനപ്രക്ഷോഭം ഉയര്‍ന്നുവരികയുംചെയ്ത വേളയില്‍ മുമ്പ് ഇന്ദിരാഗാന്ധി പറഞ്ഞതും ഇതേ വാചകമാണ്. ജനാധിപത്യം റദ്ദാക്കപ്പെട്ട് ഇന്ത്യ ഏകാധിപത്യത്തിന്റെ ഇരുളിലേക്ക് നീങ്ങുകയായിരുന്നു പിന്നീട് എന്നത് ചരിത്രവസ്തുത. നില്‍ക്കക്കള്ളിയില്ലാതെ വരുന്ന വേളയില്‍ ഭരണാധികാരത്തിന്റെ ഭാഷ ഈ വിധത്തിലാകുന്നതില്‍ അത്ഭുതമില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പിന്തിരിപ്പിക്കാനാകുമോ എന്ന് നോക്കാനുള്ള വ്യര്‍ഥതന്ത്രം എന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും അതിനില്ല. ഇന്ത്യയെ ആരെങ്കിലും അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കിലത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. ആ സാമ്രാജ്യത്വത്തിന്റെ ഏജന്‍സി എന്ന നിലയ്ക്ക് ഇന്ത്യയുടെ ഭരണം കൊണ്ടുപോകുന്നത് മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവുമാണ്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറവു പറയുന്നതാണ് യുപിഎ ഭരണത്തിന്റെ തനിനിറമെന്നത് ജനങ്ങള്‍ വര്‍ധിച്ച തോതില്‍ തിരിച്ചറിയുന്ന ഘട്ടമാണിത്. ആണവകരാറിന്റെ കാര്യത്തിലിതു കണ്ടു. ചേരിചേരാനയം ഉപേക്ഷിച്ച് സാമ്രാജ്യത്വ പ്രീണനനയം കൈക്കൊള്ളുന്നിടത്തും ഇറാനെതിരെ വോട്ടുചെയ്യുന്നിടത്തും ആണവദുരന്തമുണ്ടായാല്‍ തുച്ഛമായ നഷ്ടപരിഹാരം മതി എന്ന് സമ്മതിച്ചുകൊടുക്കുന്നിടത്തും ഇസ്രയേലും അമേരിക്കയുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തുന്നിടത്തും ഇതു കണ്ടു.
പ്രതിപക്ഷം അസ്ഥിരപ്പെടുത്താന്‍ എത്ര ശ്രമിച്ചാലും ജനങ്ങളുടെ മാന്‍ഡേറ്റുള്ള തങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് മന്‍മോഹന്‍സിങ് പറഞ്ഞിരിക്കുന്നു. മാന്‍ഡേറ്റ് വന്ന വഴി ഏതാണെന്നതിന് തെളിവ് തിഹാര്‍ ജയിലിലുണ്ട്. വിശ്വാസവോട്ട് നേടാന്‍ കോടികള്‍ എംപിമാര്‍ക്ക് കോഴ കൊടുത്തതിന് മന്‍മോഹന്‍സിങ്ങിന്റെ സഹപ്രവര്‍ത്തകനായ അമര്‍സിങ് അവിടെയാണല്ലോ അടയ്ക്കപ്പെട്ടിട്ടുള്ളത്. കോടികള്‍ സംഭരിച്ചുവയ്ക്കുക മാത്രമല്ല, അമേരിക്കന്‍ എംബസിയില്‍നിന്നുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ബോധപ്പെടുത്തിക്കൊടുക്കുകകൂടി ചെയ്തു കോണ്‍ഗ്രസ്. ഡേവിഡ് ഹെഡ്ലിയെയും ആന്‍ഡേഴ്സനെയും ക്വട്ട്റോച്ചിയെയും പോലുള്ളവരെ രക്ഷപ്പെടാനനുവദിച്ച ഭരണത്തെ നയിച്ച നേതൃത്വമാണ് കോണ്‍ഗ്രസിന്റേത് എന്നത് ആര്‍ക്കാണറിയാത്തത്. ആര്‍ക്കുവേണ്ടിയായിരുന്നു അവരെ രക്ഷപ്പെടുത്തി അയച്ചത് എന്ന് ആലോചിക്കുന്ന ആര്‍ക്കും വ്യക്തമാവും യുപിഎ ഭരണം ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ളതല്ല, മറിച്ച് വിദേശശക്തികള്‍ക്കുവേണ്ടിയുള്ളതാണെന്ന സത്യം.
ഭരണം തുടങ്ങിയ വേളയില്‍ മന്‍മോഹന്‍സിങ്ങിനൊപ്പമുണ്ടായിരുന്ന എത്രയോ പേര്‍ ഇന്ന് ജയിലിലാണ്. അമര്‍സിങ്, എ രാജ, കനിമൊഴി, സുരേഷ് കല്‍മാഡി തുടങ്ങി എത്രയോ പേര്‍ . ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണങ്ങള്‍ക്ക് അധ്യക്ഷത വഹിച്ച പ്രധാനമന്ത്രിയിലേക്കുതന്നെ ഒടുവില്‍ സംശയത്തിന്റെ സൂചിമുന നീണ്ടെത്തുന്നു. പ്രണബ് മുഖര്‍ജിയില്‍നിന്ന് ഏറ്റവും ഒടുവിലുണ്ടായ വെളിപ്പെടുത്തല്‍ അതാണ് വ്യക്തമാക്കുന്നത്. എ രാജ അടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ കോടതിയില്‍ വിളിപ്പിക്കണമെന്ന് പറയുന്നു. പ്രധാനമന്ത്രിയാകട്ടെ ദയാനിധി മാരനാണ് എല്ലാത്തിനും ഉത്തരവാദി എന്നു പറയുന്നു. സ്പെക്ട്രത്തിന്റെ ലൈസന്‍സ് നിര്‍ണയം മന്ത്രിതല സമിതിക്ക് പുറത്തുവച്ചായത് മാരന്റെ നിര്‍ബന്ധം കൊണ്ടായിരുന്നത്രെ. മാരന്‍ നിര്‍ബന്ധിച്ചാല്‍ എന്തും സമ്മതിച്ചുകൊടുക്കുന്നയാളാണോ പ്രധാനമന്ത്രി? 1,76,643 കോടി രൂപയുടെ കുംഭകോണത്തില്‍ ഒരു ചെറുഭാഗമേ ഡിഎംകെ നേതാക്കള്‍ കൊണ്ടുപോയുള്ളൂ. വന്‍ഭാഗവും മറ്റുചില നേതാക്കള്‍ക്കാണ് കിട്ടിയത് എങ്കിലും അറസ്റ്റ് അവരിലേക്കോ, കോര്‍പറേറ്റ് വമ്പരിലേക്കോ നീളുന്നില്ല. അത് എന്തുകൊണ്ട് എന്നതിന് പ്രധാനമന്ത്രിക്കാകട്ടെ ഉത്തരവുമില്ല.
ഐക്യരാഷ്ട്രസഭയില്‍നിന്നുള്ള മടക്കയാത്രയില്‍ പ്രധാനമന്ത്രി പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്. ആഗോളവല്‍ക്കരണത്തെക്കുറിച്ചുള്ള വ്യാമോഹങ്ങളില്‍ കഥയില്ലായിരുന്നുവെന്ന തിരിച്ചറിവാണതിലുള്ളത്. ആഗോളവല്‍ക്കരണത്തിന്റെ ആനുകൂല്യങ്ങള്‍ കിട്ടുമെന്നുകരുതി കാത്തിരുന്നപ്പോള്‍ പ്രതികൂല ഫലങ്ങളാണ് ഉണ്ടാകുന്നതത്രെ. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതം ആഗോളവല്‍ക്കരണത്തിന്റെ പേരുപറഞ്ഞ് രണ്ടു പതിറ്റാണ്ടായി തകര്‍ത്തുതരിപ്പണമാക്കുകയായിരുന്നു ഈ നയങ്ങള്‍ . രാജ്യത്തോട് ഇത്തരമൊരു കുറ്റകൃത്യം ചെയ്തിട്ട് ഇങ്ങനെ ഒരു ഏറ്റുപറച്ചില്‍ നടത്തിയാല്‍ മതിയോ? 83.6 കോടി ജനങ്ങള്‍ പ്രതിദിനം 20 രൂപയുടെ വരുമാനംപോലുമില്ലാത്ത രാജ്യമാക്കി ഇന്ത്യയെ മാറ്റി ഈ പ്രധാനമന്ത്രി. അതിനുശേഷം ജീവിക്കാന്‍ പ്രതിദിനം 25 രൂപ മതിയെന്ന് ആസൂത്രണ കമീഷനെക്കൊണ്ട് സുപ്രീംകോടതിയില്‍ പറയിച്ചു. ഒടുവില്‍ ഈ കുറ്റസമ്മതം! 90 ലക്ഷം കോടി രൂപയുടെ കള്ളപ്പണം വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നു വന്നു. ഈ തുക ആരുടേതെന്ന് അന്വേഷിക്കാമെന്നും കണ്ടുപിടിക്കാമെന്നും വന്നു. എന്നാല്‍ , അന്വേഷണമില്ല. തുക പിടിച്ചെടുക്കാന്‍ നീക്കമില്ല. കള്ളപ്പണക്കാരുടെ താല്‍പ്പര്യത്തിലുള്ള ഭരണം എന്നല്ലാതെ ഈ ഭരണത്തെ എന്താണ് പറയുക? എന്‍ഡോസള്‍ഫാനുവേണ്ടി അന്താരാഷ്ട്രവേദികളില്‍ പോയി വാദിച്ച് ലോകസമൂഹത്തിനുമുന്നില്‍ അപമാനിതമായ ഭരണമാണിത്. ഇന്ത്യയെ അസ്ഥിരീകരിക്കുന്നവരുടെ ഏജന്‍സിപ്പണി ചെയ്യുന്നവര്‍തന്നെ പ്രതിപക്ഷം ഇന്ത്യന്‍ ഭരണവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നു പറയുന്നു. കള്ളന്‍! കള്ളന്‍! എന്ന് വിളിച്ചുകൊണ്ട് കള്ളന്‍തന്നെ മുമ്പില്‍ ഓടുംപോലെ.
deshabhimani editorial 300911
ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍നിന്ന് മടങ്ങിവരുംവഴി വിമാനത്തില്‍വച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ പ്രസ്താവന സ്വന്തം ഭരണവീഴ്ചകള്‍ക്ക് മറയിടാനുദ്ദേശിച്ചുള്ളതാണ്. ഭരണം ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്നുവെന്ന ഉല്‍ക്കണ്ഠയില്‍നിന്നുളവാകുന്ന ഭയമാകണം പ്രധാനമന്ത്രിയെ ഇപ്പോള്‍ നയിക്കുന്നത്. ഇന്ത്യന്‍ ഭരണവ്യവസ്ഥയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നത് എന്ന് ആരോപിച്ച പ്രധാനമന്ത്രി, അസ്ഥിരപ്പെടുത്തുന്ന തരത്തിലുള്ള ഏതുനീക്കം ആരില്‍നിന്നുണ്ടായി എന്നു പറഞ്ഞില്ല. അതുസംബന്ധിച്ച തുടര്‍ ചോദ്യങ്ങള്‍ക്കുമുമ്പില്‍ പ്രധാനമന്ത്രി നിശബ്ദനാകുകയായിരുന്നു.
ReplyDelete