Thursday, September 29, 2011

കോടതിക്ക് സര്‍ക്കാരില്‍ വിശ്വാസമില്ലാതായി: വി എസ്

ഐസ്ക്രീം കേസിന്റെ അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന കോടതിയുടെ നിരീക്ഷണം യുഡിഎഫ് സര്‍ക്കാരിലുള്ള അവിശ്വാസം രേഖപ്പെടുത്തലാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് നിരീക്ഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നതെന്നും വി എസ് നിയമസഭയില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ അതിദൂരം ബഹുദൂരമെന്ന പ്രഖ്യാപനത്തോടെയുള്ള സുതാര്യഭരണത്തിന്റെ തനിനിറം ജനങ്ങള്‍ തിരിച്ചറിഞ്ഞു. പാമൊലിന്‍ കേസില്‍ സര്‍ക്കാരിന്റെ സൂത്രവിദ്യയും വെളിപ്പെട്ടു. വിജിലന്‍സ് ജഡ്ജിയെ ഭീഷണിപ്പെടുത്തിയും അദ്ദേഹത്തെ ആക്ഷേപിച്ചുമാണ് കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചത്. ഐസ്ക്രീംകേസില്‍ കുറ്റവാളികള്‍ക്കായി ജുഡീഷ്യറിയെ സ്വാധീനിച്ചവരെയും കോഴ കൊടുത്ത ഇടനിലക്കാരെയുമാണ് സുപ്രധാന തസ്തികകളില്‍ നിയോഗിച്ച് കേസ് അട്ടിമറിക്കുന്നത്. മന്ത്രിസഭയിലെ രണ്ടാം നമ്പരുകാരന്‍ പെണ്‍വാണിഭക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ വൃത്തികേടുകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരികയാണ്. സന്തതസഹചാരിയായിരുന്ന റഊഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും പണം കൊടുത്ത് കേസ് അട്ടിമറിക്കുകയുമാണ്. ഇതിന്റെയെല്ലാം ഗൂഢാലോചനയാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അതിവേഗം ബഹുദൂരം ഇത്ര സുതാര്യതയോടെ കാര്യങ്ങള്‍ പുറത്തുവന്നതില്‍ സര്‍ക്കാരിന് അഭിമാനിക്കാം.

നൂറു ദിവസം നൂറ്റൊന്നു നേട്ടമെന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആത്മപ്രശംസ മാത്രമാണ്. ഈ ആത്മപ്രശംസ സര്‍ക്കാരിനെ രക്ഷിക്കില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനനേട്ടങ്ങളെ സ്വന്തം നേട്ടമായി ഉമ്മന്‍ചാണ്ടി ചിത്രീകരിക്കുകയാണ്. എല്‍ഡിഎഫിന്റെ അഞ്ചുകൊല്ലത്തെ ഭരണ വികസനപ്രവര്‍ത്തനങ്ങളുടെ മേല്‍ ഒരു കുറ്റി കൊണ്ടുവന്ന് അടിച്ച് സ്വന്തം നേട്ടമാക്കുന്ന തട്ടിപ്പ് ജനങ്ങള്‍ മനസിലാക്കും. പഴയ കാര്യങ്ങളില്‍ അറിവില്ലാത്തതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിക്കുവേണ്ടി കെ മുരളീധരന്‍ വീറോടെ വാദിക്കുന്നത്. പാമൊലിന്‍ കേസിനു ശേഷമുണ്ടായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ കരുണാകരനോട് യുദ്ധം പ്രഖ്യാപിച്ച് ഉമ്മന്‍ചാണ്ടി ധനമന്ത്രിസ്ഥാനം രാജിവച്ചത് മുരളീധരന്‍ ഓര്‍ക്കുന്നുണ്ടാവില്ല. കനിമൊഴിക്കും ദയാനിധിമാരനും പുറമെ ചിദംബരവും തുടര്‍ന്ന് പ്രധാനമന്ത്രിയും തിഹാര്‍ ജയിലിലേക്ക് പോകുന്ന സ്ഥിതിയാണ് കേന്ദ്രത്തിലുള്ളത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേന്ദ്രത്തിന്റെ ഈ മാതൃകയല്ല ഉമ്മന്‍ചാണ്ടിയും കൂട്ടരും പിന്തുടരേണ്ടതെന്നും വി എസ് പറഞ്ഞു.

പാമൊലിന്‍ കേസിലെ കള്ളക്കളി ജുഡീഷ്യറിക്ക് അപമാനം: ലോയേഴ്സ് യൂണിയന്‍

കൊച്ചി: പാമൊലിന്‍ കേസില്‍ ജിജി തോംസണ്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിഭാഗവുമായി ചേര്‍ന്ന് പ്രതികള്‍ക്ക് അനുകൂലമായി വിധി സമ്പാദിക്കാനിടയായത് നീതിന്യായ സംവിധാനത്തിന് തീരാകളങ്കമാണെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കോടതിയുടെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാതെയും പ്രതിഭാഗം ഉദ്ധരിച്ച കോടതിവിധി ഉദ്ധരിക്കുകയുംചെയ്ത് യജമാനന്മാര്‍ക്കുവേണ്ടി വിടുപണി ചെയ്യുകയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ . അഴിമതിനിരോധനിയമത്തിലെ 19(3) പ്രകാരം ഇത്തരം കേസുകളില്‍ വിചാരണക്കോടതി പാസാക്കുന്ന ഉത്തരവ് തടയാനുള്ള മേല്‍ക്കോടതികളുടെ അവകാശത്തിന്മേലുള്ള നിയന്ത്രണവും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പ്രോസിക്യൂട്ടര്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയുടെ മകന്‍കൂടിയായ പ്രോസിക്യൂട്ടറെ ചുമതലയേല്‍പ്പിച്ച് കേസ് അട്ടിമറിച്ചതിലൂടെ മുഖ്യമന്ത്രിയുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണത്.

കേസ് പരിഗണിക്കുന്ന കോടതിയിലെ സ്ഥിരം ചുമതലക്കാരായ രണ്ടു പ്രോസിക്യൂട്ടര്‍മാരെ മാറ്റിനിര്‍ത്തി പ്രതികള്‍ക്ക് അനുകൂലമായി തീരുമാനമുണ്ടാക്കാന്‍ അഡ്വക്കറ്റ് ജനറലും കൂട്ടുനിന്നു എന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിചാരണക്കോടതിയിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹൈക്കോടതി അഭിഭാഷകന്‍കൂടിയാണ്. പ്രോസിക്യൂട്ടറെ നിലനിര്‍ത്തി എന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനും അതേ പ്രോസിക്യൂട്ടറെതന്നെ ചുമതലപ്പെടുത്താനുള്ള ആര്‍ജവം കാണിക്കണമെന്നും യൂണിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഇ കെ നാരായണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 290911

1 comment:

  1. ഐസ്ക്രീം കേസിന്റെ അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന കോടതിയുടെ നിരീക്ഷണം യുഡിഎഫ് സര്‍ക്കാരിലുള്ള അവിശ്വാസം രേഖപ്പെടുത്തലാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് നിരീക്ഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നതെന്നും വി എസ് നിയമസഭയില്‍ പറഞ്ഞു.

    ReplyDelete