Thursday, September 29, 2011

ഓരോ കുഞ്ഞിനും 10,000 രൂപ സ്ഥിരനിക്ഷേപം നടപ്പാക്കില്ല

ജനിക്കുന്ന ഓരോ കുഞ്ഞിന്റെയും പേരില്‍ പതിനായിരം രൂപ സ്ഥിരം നിക്ഷേപിക്കുമെന്ന മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പാക്കില്ലെന്ന് ധനമന്ത്രി കെ എം മാണി നിയമസഭയില്‍ വ്യക്തമാക്കി. കേട്ടാല്‍ സുന്ദരമെന്ന് തോന്നുമെങ്കിലും പദ്ധതികൊണ്ട് ഗുണമില്ല. വര്‍ഷങ്ങളോളം പണം കെട്ടിക്കിടക്കുമെന്നതിനാല്‍ ട്രഷറിക്കാണ് ഗുണമെന്നും മന്ത്രി പറഞ്ഞു. അയ്യായിരം രൂപ അടയ്ക്കേണ്ടിവരുന്നതിനാല്‍ എപിഎല്ലുകാര്‍ക്ക് പദ്ധതി പ്രയോജനംചെയ്യില്ല. മുന്‍ സര്‍ക്കാരിന്റെ ഏതൊക്കെ പദ്ധതി തുടരണമെന്ന് തീരുമാനിക്കേണ്ടത് പുതിയ സര്‍ക്കാരാണ്. ഈ പദ്ധതി വേണ്ട എന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ആര്‍ രാജേഷിന് മന്ത്രി മറുപടി നല്‍കി.

സംസ്ഥാനത്ത് ജനിക്കുന്ന ഓരോ കുട്ടിയുടെയും പേരില്‍ പതിനായിരം രൂപയുടെ സ്ഥിരനിക്ഷേപം എന്‍ഡോവ്മെന്റായി സര്‍ക്കാര്‍ നല്‍കുന്നതായിരുന്നു പദ്ധതി. ഏപ്രില്‍ മുതല്‍ നടപ്പാക്കേണ്ട പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ നൂറുകോടിനീക്കിവച്ചു. രാജ്യത്തിനാകെ മാതൃകയായ ഈ പദ്ധതിയാണ് യുഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്ന് വച്ചത്.

ഭൂപതിവ് ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

ഭൂമി പതിച്ചുകിട്ടിയവര്‍ക്ക് നിയന്ത്രണങ്ങളോടെ ഭൂമി കൈമാറ്റം ചെയ്യുന്നതിന് മുന്‍കാലപ്രാബല്യം നല്‍കുന്നതിനുള്ള ഭൂപതിവ് ഭേദഗതി ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. പതിച്ചുനല്‍കുന്ന ഭൂമി പിന്‍തുടര്‍ച്ചാവകാശികള്‍ കൈമാറ്റംചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ നീക്കംചെയ്യണമെന്ന ആവശ്യം കണക്കിലെടുത്ത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമുള്ളതാണ് ബില്‍ . മുന്‍കാലപ്രാബല്യത്തോടുകൂടിയോ പില്‍ക്കാലപ്രാബല്യത്തോടുകൂടിയോ ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാരിനെ പ്രാപ്തമാക്കുന്ന രീതിയില്‍ 1960ലെ ഭൂപതിവ് ആക്ടിലെ ഏഴാംവകുപ്പ് ഭേദഗതി ചെയ്യുന്നതാണ് ബില്‍ . മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച ബില്‍ ചര്‍ച്ച കൂടാതെയാണ് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചത്.

10 മന്ത്രിമാര്‍ വിദേശയാത്ര നടത്തി

യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം പത്തുമന്ത്രിമാര്‍ വിദേശയാത്ര നടത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. അഞ്ചുപേര്‍ സ്വകാര്യാവശ്യങ്ങള്‍ക്കാണ് പോയത്. കെ ബി ഗണേഷ്കുമാര്‍ , വി കെ ഇബ്രാഹിംകുഞ്ഞ്, ടി എം ജേക്കബ്, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ എന്നിവരാണ് സ്വകാര്യാവശ്യത്തിന് വിദേശസന്ദര്‍ശനം നടത്തിയത്. അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ , കെ സി ജോസഫ്, ഷിബു ബേബിജോണ്‍ , കെ എം മാണി എന്നിവരാണ് വിദേശത്തുപോയ മറ്റു മന്ത്രിമാര്‍ . ഡല്‍ഹി യാത്ര നടത്തിയ മന്ത്രിമാര്‍ വിവരം ശേഖരിച്ചു വരികയാണെന്നും വി എസ് സുനില്‍കുമാറിന്റെ ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി അറിയിച്ചു.

deshabhimani 290911

1 comment:

  1. ജനിക്കുന്ന ഓരോ കുഞ്ഞിന്റെയും പേരില്‍ പതിനായിരം രൂപ സ്ഥിരം നിക്ഷേപിക്കുമെന്ന മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പാക്കില്ലെന്ന് ധനമന്ത്രി കെ എം മാണി നിയമസഭയില്‍ വ്യക്തമാക്കി.

    ReplyDelete