Wednesday, September 28, 2011

ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണത്തിന് സ്റ്റേ

പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ തുടരന്വേഷണം ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേചെയ്തു. വിജിലന്‍സ് കോടതി ഉത്തരവ് നിയമപരമല്ലെന്നാരോപിച്ച് അഞ്ചാംപ്രതി ജിജി തോംസണ്‍ സമര്‍പ്പിച്ച ഹര്‍ജിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ അനുകൂലിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് കെ ടി ശങ്കരന്റെ സ്റ്റേ ഉത്തരവ്. മെയ് 13ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ അന്തിമ റിപ്പോര്‍ട്ടടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരായ തുടരന്വേഷണം ഹര്‍ജിക്കാരനെ എങ്ങനെ ബാധിക്കുമെന്ന് കോടതി ആരാഞ്ഞു. ആവര്‍ത്തിച്ച് തുടരന്വേഷണം നടക്കുന്നത് കേസ് നടപടികള്‍ ഒരിടത്തുമെത്താത്ത സാഹചര്യം ഉണ്ടാക്കുമെന്ന് ജിജി തോംസണുവേണ്ടി ഹാജരായ അഡ്വ. എസ് രാജീവ് പറഞ്ഞു. ഒരിക്കല്‍ തുടരന്വേഷണത്തിനു നിര്‍ദേശിച്ച കേസില്‍ വിജിലന്‍സ് കോടതിക്ക് വീണ്ടും സ്വമേധയാ തുടരന്വേഷണത്തിനു ഉത്തരവിടാനാവില്ലെന്ന് ഹര്‍ജിക്കാരന്റെ വാദങ്ങള്‍ ആവര്‍ത്തിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ സി എസ് മണിലാലും വാദിച്ചു. കേസ് നടപടികള്‍ നീളുന്നത് പ്രതികളുടെ അവകാശത്തെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു. പ്രതിഭാഗം ഉദ്ധരിച്ച സുപ്രീംകോടതി വിധിതന്നെ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെയും വാദം. ജിജി തോംസന്റെ ഹര്‍ജി നിലനില്‍ക്കുന്നതാണോയെന്ന് കോടതി ആവര്‍ത്തിച്ചുചോദിച്ചെങ്കിലും സര്‍ക്കാര്‍ അഭിഭാഷകന്‍ ഉത്തരം നല്‍കിയില്ല. കോടതിയെ നിയമപരമായി സഹായിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് വാദത്തിനിടെ പറയുന്നുമുണ്ടായിരുന്നു. വിജിലന്‍സ് കോടതി ഉത്തരവ് തെറ്റാണെന്നു വാദിക്കുകയാണോ എന്ന കോടതിയുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല. കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ സാധാരണ ഹാജരാകാന്‍ ചുമതലയുള്ള രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ മാറ്റിനിര്‍ത്തിയാണ് ജിജി തോംസന്റെ ഹര്‍ജിയില്‍ ഹാജരാകാന്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സി എസ് മണിലാലിനെ അഡ്വക്കറ്റ് ജനറല്‍ നിയോഗിച്ചത്. കേസ് ഒക്ടോബര്‍ 17ന് വീണ്ടും പരിഗണിക്കും. ഹര്‍ജിഭാഗവും സര്‍ക്കാരും അന്തിമവാദത്തിന് തയ്യാറായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് ഒഴിവായതിനെത്തുടര്‍ന്നാണ് പുതിയ ബെഞ്ച് കേസ് കേട്ടത്.



*****

ദേശാഭിമാനി 28092011

No comments:

Post a Comment