Friday, September 23, 2011

വന്‍കിടകൈയ്യേറ്റമൊഴിപ്പിക്കാന്‍ സര്‍ക്കാരിന് ഭയം വൃന്ദകാരാട്ട്

2 ജി അഴിമതി: ചിദംബരത്തിന്റെ പങ്കും അന്വേഷിക്കണം

2 ജി അഴിമതി ഇടപാടില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പങ്കും അന്വേഷിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി തിരുവനന്തപുരത്ത് നിര്‍മിച്ച സുശീലാഗോപാലന്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ.

രാജയ്ക്കൊപ്പം അന്നത്തെ ധനമന്ത്രി പി ചിദംബരത്തിനും അഴിമതിയില്‍ ഉത്തരവാദിത്തമുണ്ടെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത് പ്രതിപക്ഷപാര്‍ടികളോ സിപിഐ എമ്മോ ഒന്നുമല്ല. കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും സീനിയറായ ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ മന്ത്രാലയമാണ്. സിബിഐ ഈ കത്തും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് ഈ സാഹചര്യത്തില്‍ ഉയരുന്ന പ്രധാന ചോദ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. വെള്ളത്തിന്റെ സ്രോതസ്സ് മലിനമായാല്‍ മുഴുവന്‍ വെള്ളവും മലിനമാവും എന്നതുപോലെയാണ് അഴിമതി. സമ്പത്തിന്റെ സ്രോതസ്സുതന്നെ അഴിമതിയില്‍ മുങ്ങിയതോടെ രാജ്യമാകെ അഴിമതിയില്‍ മുങ്ങി. കേന്ദ്രസര്‍ക്കാര്‍ ഓരോ ദിവസവും ഒരു അഴിമതിയില്‍നിന്നും മറ്റൊന്നിലേക്ക് നീങ്ങുന്നതുപോലെ ഒരു ജനവിരുദ്ധനയത്തില്‍നിന്നും മറ്റൊന്നിലേക്ക് നീങ്ങുകയാണ്.

കേന്ദ്ര ആസൂത്രണകമീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് ഗ്രാമപ്രദേശങ്ങളില്‍ പ്രതിദിനം 26 രൂപ വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലാണെന്നാണ്. 26 രൂപ ഒരു നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് ആര്‍ക്കാണറിയാത്തത്. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു കണക്ക് തയ്യാറാക്കിയതെന്ന് ആസൂത്രണകമീഷന്‍ വ്യക്തമാക്കണം. കമീഷന്‍ തലവന്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ ജനങ്ങളോട് ഉത്തരം പറയാന്‍ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്. വിലക്കയറ്റം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആസൂത്രണകമീഷന്‍ ഇത്തരം നിഗമനത്തിലെത്തിയതെന്ന് ഓര്‍ക്കണം.

ഏറ്റവും ഒടുവില്‍ പെട്രോളിയം വില വീണ്ടും വര്‍ധിപ്പിച്ചിരിക്കയാണ്. എല്‍പിജി സിലിണ്ടറിന്റെ സബ്സിഡി എടുത്തുകളയാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്. നവോത്ഥാന മൂല്യങ്ങള്‍ ഉള്‍പ്പെടെ കാത്തുസൂക്ഷിച്ചിരുന്ന കേരളത്തില്‍ അടുത്ത കാലത്തുണ്ടാകുന്ന സംഭവവികാസങ്ങള്‍ ഉല്‍ക്കണ്ഠയുണ്ടാക്കുന്നു. ലൈംഗിക പീഡനകേസില്‍ പെട്ടവര്‍ പോലും മന്ത്രിമാരായി തുടരുന്നു. ഒരു സ്ത്രീനയിക്കുന്ന പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കീഴിലാണ് ഇതെന്ന് നാം ഗൗരവത്തോടെ കാണണം. വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നു. ഇത്തരം ക്രിമിനല്‍വല്‍ക്കരണത്തിനെതിരെ സ്ത്രീസമൂഹം ശക്തമായ പോരാട്ടം നടത്തണം. ശ്രീനാരായണഗുരുവും എ കെ ജിയും ഇ എം എസും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകര്‍ കെട്ടിപ്പടുത്ത മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ രണ്ടാം നവോത്ഥാന പോരാട്ടത്തിന് മുന്‍കൈ എടുക്കണമെന്നും വൃന്ദ അഭ്യര്‍ഥിച്ചു.

വന്‍കിടകൈയ്യേറ്റമൊഴിപ്പിക്കാന്‍ സര്‍ക്കാരിന് ഭയം വൃന്ദകാരാട്ട്

കല്‍പ്പറ്റ: വന്‍കിടക്കാര്‍ കൈയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മടിയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. എച്ച്എന്‍എല്‍ അടക്കം നിരവധി കമ്പനികള്‍ ഭൂമി കൈയ്യേറിയിട്ടുണ്ട്. ഇതൊന്നും തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സര്‍ക്കാരിന് റവന്യൂറിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഭയമാണ്്.മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കെത്തിയ ആദിവാസി സ്ത്രീകളുടെ വസ്ത്രമഴിപ്പിച്ചത് സംസ്കാരശൂന്യമാണ്. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും വൃന്ദാകാരാട്ട് ആവശ്യപ്പെട്ടു.

ആധാര്‍ നടപടിക്രമങ്ങള്‍ പാര്‍ലമെന്റിന്റെഅനുമതിയില്ലാതെ: വൃന്ദാ കാരാട്ട്

തിരുവനന്തപുരം: പാര്‍ലമെന്റിന്റെ അനുമതിയില്ലാതെയാണ് ആധാര്‍ നടപടിക്രമങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രവേശിച്ചിരിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതിന് കാത്ത് നില്‍ക്കുന്നതിന് പകരമാണ് ആധാര്‍ നടപ്പാക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇതുമായി ബന്ധപെട്ട നിയമം പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിന് മുമ്പേ തന്നെ ആധാര്‍ നടപ്പാക്കുകയാണ്. ഇന്ത്യപോലൊരു രാജ്യത്ത് ഇതില്‍ പിശകുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഇടത് സര്‍ക്കാര്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് പോലെയുള്ള നടപടികള്‍ പുതിയ ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കിയാല്‍ നടപ്പാക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ഭക്ഷ്യ സുരക്ഷാ ബില്ലിനേക്കാള്‍ നല്ല നിലയില്‍ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളെങ്കിലും പൊതുവിതരണ സംവിധാനം നിലവില്‍ നടപ്പിലാക്കുന്നുണ്ട്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ പൊതുമേഖലാ സംവിധാനം ഒരിക്കലും തുറന്ന് കൊടുക്കരുതെന്നാണ് അഭിപ്രായമെന്നും അവര്‍ പറഞ്ഞു. കെ യു ഡബ്യു ജെ ജില്ലാ പ്രസിഡന്റ് സിബി കാട്ടാമ്പള്ളി സ്വാഗതവും ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം നന്ദിയും പറഞ്ഞു. സി പി എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതിയും സംബന്ധിച്ചു.

deshabhimani 230911

1 comment:

  1. കേന്ദ്ര ആസൂത്രണകമീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് ഗ്രാമപ്രദേശങ്ങളില്‍ പ്രതിദിനം 26 രൂപ വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലാണെന്നാണ്. 26 രൂപ ഒരു നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് ആര്‍ക്കാണറിയാത്തത്. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു കണക്ക് തയ്യാറാക്കിയതെന്ന് ആസൂത്രണകമീഷന്‍ വ്യക്തമാക്കണം. കമീഷന്‍ തലവന്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ ജനങ്ങളോട് ഉത്തരം പറയാന്‍ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്. വിലക്കയറ്റം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആസൂത്രണകമീഷന്‍ ഇത്തരം നിഗമനത്തിലെത്തിയതെന്ന് ഓര്‍ക്കണം.

    ReplyDelete