കള്ളത്തോക്കുകള്‍ കണ്ടെത്തി
രാജപുരം: ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് സെക്രട്ടറി അഡ്വ. ബി മോഹന്‍കുമാറിന്റെ വീടിന് നേരെ വെടിവച്ച സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ളത്തോക്ക് നിര്‍മാണ കേസിലെ പ്രതിയും ഇവര്‍ക്കൊപ്പം അറസ്റ്റിലായി. പ്രതികള്‍ യാത്ര ചെയ്ത ജീപ്പും വെടിവയ്ക്കാനുപയോഗിച്ച കള്ളത്തോക്കുകളും പൊലീസ് പിടിച്ചെടുത്തു. പനക്കയം മുത്തുമണിയാണിയുടെ മകന്‍ ദാമോദരന്‍ (50), ബളാംതോട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ ജനാര്‍ദനപിള്ളയുടെ മകന്‍ അനില്‍കുമാര്‍ (38), പുലിക്കടവിലെ ബാലകൃഷ്ണന്റെ മകന്‍ വിശ്വനാഥന്‍ (49), കൃഷ്ണന്‍ നായരുടെ മകന്‍ ജയകൃഷ്ണന്‍ (40) എന്നിവരെയാണ് വെള്ളരിക്കുണ്ട് സിഐയുടെ ചുമതല വഹിക്കുന്ന നീലേശ്വരം സിഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മലയോരത്ത് കള്ളത്തോക്ക് നിര്‍മിച്ച് നല്‍കുന്ന കേസില്‍ മുമ്പ് നിരവധി തവണ പ്രതിയായിട്ടുള്ള ആലക്കോട് കാര്‍ത്തികപുരം സ്വദേശി ദാമോദരന്റെ മകന്‍ അജി (50)യും ഇവര്‍ക്കൊപ്പം പിടിയിലായി.
കഴിഞ്ഞ 18ന് പുലര്‍ച്ചെയാണ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും സിപിഐ എം ചാമുണ്ഡിക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും പരപ്പ ബ്ലോക്ക് പഞ്ചായത്തംഗവുമായ അഡ്വ. ബി മോഹന്‍കുമാറിന്റെ ബളാംതോട് കോയത്തടുക്കത്തുള്ള വീടിനുനേരെ വെടിവച്ചത്. വെടിവയ്പ്പില്‍ ജനല്‍ ചില്ലുകളും കസേരകളും വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന അയല്‍വാസികളുടെ വാഹനങ്ങളും തകര്‍ന്നിരുന്നു. സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ചൊവ്വാഴ്ച രാത്രി പത്തോടെ പൊലീസ് സംഘം പ്രതി ദാമോദരന്റെ വീട്ടില്‍ ചെന്നപ്പോള്‍ അജി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കള്ളത്തോക്ക് നിര്‍മാണ കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ദാമോദരനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. രാത്രി തന്നെ മറ്റ് പ്രതികളുടെ വീടുകളിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒന്നാം പ്രതി ദാമോദരന്റെ വീട്ടില്‍ നിന്ന് ഒരു കള്ളത്തോക്കും സംഭവ ദിവസം ഇവര്‍ സഞ്ചരിച്ച പ്രതി ജയകൃഷ്ണന്റ ഉടമസ്ഥതതയിലുള്ള കെഎല്‍ 10 ഇ 5187 ജീപ്പും കസ്റ്റഡിയിലെടുത്തു. ഇതിനുപുറമെ കള്ളത്തോക്ക് നിര്‍മാണ കേസിലെ പ്രതിയായ അജിയുടെ കൈയില്‍ നിന്ന് ഒരു കള്ളത്തോക്കും പിടികൂടി. ഈ തോക്കുകള്‍ ഉപയോഗിച്ചാണ് സംഭവ ദിവസം പ്രതികള്‍ മോഹന്‍കുമാറിന്റെ വീടിന് നേരെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. നാട്ടിലെ റോഡുകള്‍ പ്രതികളില്‍ ചിലര്‍ കൈയേറിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളില്‍ ജനപ്രതിനിധി എന്ന നിലയില്‍ മോഹന്‍കുമാര്‍ ഇടപെട്ടതാണ് അദ്ദേഹത്തിനെതിരെ അക്രമം നടത്താന്‍ കാരണമെന്നും പൊലീസ് പറഞ്ഞു.
ദാമോദരന്റെ സ്ഥലത്തിനരികിലൂടെ കടന്നുപോകുന്ന പുലിക്കടവ്- പനക്കയം റോഡ് പ്രതി ദാമോദരന്‍ അടച്ചിരുന്നു. പ്രശ്നത്തില്‍ നാട്ടുകാര്‍ക്കൊപ്പം നിന്ന മോഹന്‍കുമാര്‍ പൊലീസ് സഹായത്തോടെ റോഡ് തുറന്ന് കൊടുത്തിരുന്നു. കേസിലെ മറ്റൊരു പ്രതി ജയകൃഷ്ണന്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ മാനടുക്കത്തുള്ള പഞ്ചായത്ത് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ടിരുന്നു. ഇതിന് പഞ്ചായത്ത് നോട്ടീസ് അയക്കുകയുണ്ടായി. ഇതിന്റെയൊക്കെ വിരോധമാണ് മോഹന്‍കുമാറിന്റെ വീട് അക്രമിച്ചതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, ആയുധം കൈവശംവയ്ക്കല്‍ , വീട് അക്രമിക്കല്‍ , വാഹനം തകര്‍ക്കല്‍ തുടങ്ങിയ കേസുകളില്‍ വിവിധ വകുപ്പുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അധ്യാപികയെ ആര്‍എസ്എസ്സുകാരന്‍ സ്കൂട്ടര്‍ തടഞ്ഞ് ആക്രമിച്ചു
തലശേരി: സ്കൂളില്‍നിന്ന് സ്കൂട്ടറില്‍ മടങ്ങുന്ന അധ്യാപികയെ ആര്‍എസ്എസ്സുകാരന്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. അരങ്ങേറ്റുപറമ്പ് യുപി സ്കൂള്‍ അധ്യാപിക ശുഭയെയാണ് വാടിയില്‍പീടികയിലെ തോക്ക് ജിതേഷ്(32) ആക്രമിച്ചത്. സ്കൂളിനു സമീപം വ്യാഴാഴ്ച വൈകിട്ട് നാലരക്കാണ് സംഭവം. മൂന്നാംക്ലാസില്‍ തന്നെ തല്ലിയെന്ന് പറഞ്ഞ് ബൈക്ക് കുറുകെയിട്ട് ആക്രമിക്കുകയായിരുന്നു. സ്കൂട്ടര്‍ തടഞ്ഞാണ് അധ്യാപികയെ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തത്. ആളുകള്‍ കണ്ടുനില്‍ക്കെയായിരുന്നു ആക്രമണം. ക്രിമിനല്‍ കേസ് പ്രതിയായ ആര്‍എസ്എസ്സുകാരനെ ഭയന്ന് ആദ്യം ആരും തടഞ്ഞില്ല. പിന്നീട് ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് പ്രതിയെ പിടിച്ചു കെട്ടിയിട്ടു. ഇതിനിടെ ടീച്ചര്‍ രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായ ടീച്ചറുടെ മകനെ ശരിപ്പെടുത്തുമെന്നും വീടാക്രമിക്കുമെന്നും പറഞ്ഞുകൊണ്ടായിരുന്നു മര്‍ദനം. എരഞ്ഞോളി കൊടക്കളത്തെ കാര്‍ഡ്രൈവര്‍ സുധീര്‍കുമാറിനെ കൊലപ്പെടുത്തിയതടക്കം നിരവധി ക്രിമിനല്‍കേസില്‍ പ്രതിയാണ് ജിതേഷ്. പ്രതിയെ ഭയന്ന് പരാതി നല്‍കാന്‍ ടീച്ചര്‍ ആദ്യം മടിച്ചു. ഒടുവില്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറി എം പ്രസന്ന, പഞ്ചായത്ത് പ്രസിഡന്റ് എ കെ രമ്യ, പി പ്രഭാവതി, കണ്ട്യന്‍ഷീബ എന്നിവര്‍ ഇടപെട്ട് രാത്രി പത്തരയോടെയാണ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. അക്രമത്തിനിടെ നാട്ടുകാര്‍ കെട്ടിയിട്ട പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പഴശ്ശിരാജ കോളേജില്‍ എബിവിപി അക്രമം
പുല്‍പ്പള്ളി: പഴശ്ശിരാജ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി അക്രമം. യൂണിയര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന മുഖാമുഖം പരിപാടിക്കിടെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എം കെ സുമീര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെ നിലക്ക് നിര്‍ത്തണം
കുറ്റ്യാടി: കായക്കൊടിയിലെ കരിമ്പാലക്കണ്ടിയില്‍ ആര്‍എസ്എസ് സംഘം ബുധനാഴ്ച രാത്രി നടത്തിയ അക്രമത്തെ സിപിഐ എം കായക്കൊടി ലോക്കല്‍ കമ്മിറ്റി അപലപിച്ചു. കരിമ്പാലക്കണ്ടിയില്‍ പുറത്തു നിന്നെത്തിയ സാമൂഹ്യ വിരുദ്ധരാണ് മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ അക്രമിച്ചത്. കരിമ്പാലക്കണ്ടി ബ്രാഞ്ച് അംഗം കിണറുള്ള പറമ്പത്ത് നാണുവിന് തലക്ക് പരിക്കേറ്റു. പ്രദേശികമായി ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം തൊട്ടില്‍പ്പാലം സ്റ്റേഷനില്‍ സിപിഐ എം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറഞ്ഞു പിരിഞ്ഞതിന് ശേഷമാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം അക്രമം നടത്തിയത്. സമാധാനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമം ചെറുത്ത് തോല്‍പിക്കണമെന്ന് സിപിഐ എം ലോക്കല്‍ സെക്രട്ടറി അറിയിച്ചു.
ദേശാഭിമാനിയില്‍ നിന്ന്
ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് സെക്രട്ടറി അഡ്വ. ബി മോഹന്‍കുമാറിന്റെ വീടിന് നേരെ വെടിവച്ച സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ളത്തോക്ക് നിര്‍മാണ കേസിലെ പ്രതിയും ഇവര്‍ക്കൊപ്പം അറസ്റ്റിലായി
ReplyDelete