Monday, September 26, 2011

കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു

കണ്‍സ്യൂമര്‍ഫെഡില്‍ താല്‍ക്കാലിക ജീവനക്കാരെ അനാവശ്യമായി കുത്തിനിറച്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തന ങ്ങളെ താളംതെറ്റിക്കുന്ന നടപടികളില്‍നിന്ന് സംസ്ഥാനസര്‍ക്കാര്‍ പിന്മാറണമെന്ന് കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാനസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലിലൂടെ കേരളത്തിലെ പൊതുവിതരണരംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കാനും ജനകീയസ്ഥാപനമായി വളരാനും കണ്‍സ്യൂമര്‍ഫെഡിന് കഴിഞ്ഞിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ താല്‍ക്കാലിക ജീവനക്കാരെ കുത്തി നിറച്ച് സ്ഥാപനത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുകയാണ്. ഈ നയം തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു.

മഹാരാജാസ് കോളേജ് സെന്റിനറി ഹാളില്‍ ചേര്‍ന്ന സംസ്ഥാനസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. സമ്മേളനനഗരിയില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി വി ശശീന്ദ്രന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അനില്‍ രക്തസാക്ഷിപ്രമേയവും സംസ്ഥാനകമ്മിറ്റിയംഗം കെ അനില്‍കുമാര്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. അഡ്വ. വി വി ശശീന്ദ്രന്‍ (പ്രസിഡന്റ്), ആര്‍ ജയകുമാര്‍ (ജനറല്‍ സെക്രട്ടറി), എ ശ്യാംകുമാര്‍ , കെ എം ഷാജി, കെ ഹോയിക്കുട്ടി, അജിത് കുരീപ്പുഴ, പി കെ അനില്‍കുമാര്‍ , ആര്‍ വി മഹേഷ്, വി സതീഷ്, കെ ജെ സുധീര്‍ (സെക്രട്ടറിമാര്‍), എ അജീംഖാന്‍ , എസ് അനില്‍കുമാര്‍ , കെ അനില്‍കുമാര്‍ , ടി എസ് ഷീബ, ജി രാജേഷ്, വി കെ നവിന്‍ , കെ ജെ ജിജു, കെ ഗിരീഷ്കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ദീപ ശേഖര്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

വാട്ടര്‍ അതോറിറ്റി ഓഫീസുകളിലെ വൈദ്യുതിയും വിച്ഛേദിക്കുന്നു

വാട്ടര്‍ അതോറിറ്റിയുടെ ഓഫീസുകളില്‍ വൈദ്യുതി വിച്ഛേദിച്ചും കുടിവെള്ളം മുട്ടിക്കാന്‍ ശ്രമം. തൃശൂര്‍ , ആലപ്പുഴ, കൊല്ലം ജില്ലകളിലെ പമ്പുഹൗസുകളില്‍ വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിച്ചതിനു പിന്നാലെയാണ് വാട്ടര്‍ അതോറിറ്റി ഓഫീസുകളിലും കണക്ഷന്‍ വിച്ഛേദിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ആലപ്പുഴ, നെയ്യാറ്റിന്‍കര ഡിവിഷണല്‍ ഓഫീസുകളില്‍ കഴിഞ്ഞദിവസം മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു. പമ്പുഹൗസും വാട്ടര്‍ അതോറിറ്റി ഓഫീസുകളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്നതോടെ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ശുദ്ധജലവിതരണം പൂര്‍ണമായി മുടങ്ങും. സര്‍ക്കാരിന്റെ ധന-ജലവിഭവ-വൈദ്യുതി വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാതായതോടെ തകരുന്നത് കാലങ്ങളായി പൊതുമേഖലയില്‍ നിലനില്‍ക്കുന്ന കുടിവെള്ള സംവിധാനമാണ്.

സ്വന്തം പാര്‍ടിയുടെ നേതാവ് പി ജെ ജോസഫ് മന്ത്രിയായിട്ടും ധനമന്ത്രി കെ എം മാണി വാട്ടര്‍ അതോറിറ്റിയുടെ സംരക്ഷണത്തിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തിയില്ല. തുക ലഭിക്കാതായതോടെ വൈദ്യുതി വകുപ്പും ഇടഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബജറ്റുകളില്‍ നോണ്‍ പ്ലാന്‍ ഫണ്ടില്‍ പ്രത്യേകം തുക വകയിരുത്തിയിരുന്നു. വകുപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രത്യേകം യോഗം വിളിച്ചു. ജല അതോറിറ്റിയുടെ കുടിശ്ശിക പിരിക്കാന്‍ അദാലത്തുകളും സംഘടിപ്പിച്ചു. കുടിശ്ശികയുടെ പേരില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചിരുന്നെന്ന് മുന്‍ ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ദേശാഭിമാനിയോട് പറഞ്ഞു.

പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുമ്പോഴാണ് ശുദ്ധജലവിതരണ സംവിധാനം തകര്‍ക്കുന്നത്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കേണ്ട സമയത്താണ് ജല അതോറിറ്റിയുടെ പ്രവര്‍ത്തനം താളംതെറ്റുന്നത്. അനാവശ്യ തടസ്സവാദമുന്നയിച്ച് വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം തടയുന്നത് കുടിവെള്ളത്തിന് പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്ന തുക വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. പത്തുലിറ്റര്‍ വെള്ളം ഒമ്പതുരൂപയ്ക്ക് ജല അതോറിറ്റി നല്‍കുമ്പോള്‍ സ്വകാര്യ കമ്പനികള്‍ 150 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ജല അതോറിറ്റിയുടെ മൂലധനച്ചെലവ് വഹിക്കുന്നത് അതത് സര്‍ക്കാരാണ്. കേരളത്തില്‍ വാട്ടര്‍ അതോറിറ്റി നേരിട്ടാണ് പണം മുടക്കുന്നത്. പ്രതിവര്‍ഷം 200 കോടി മാത്രം വരുമാനമുള്ള വാട്ടര്‍ അതോറിറ്റിക്ക് വൈദ്യുതി ചാര്‍ജ് ഇനത്തില്‍ 180 കോടിയും ശമ്പള ഇനത്തില്‍ 120 കോടിയും ചെലവുവരും.

deshabhimani 260911

1 comment:

  1. കണ്‍സ്യൂമര്‍ഫെഡില്‍ താല്‍ക്കാലിക ജീവനക്കാരെ അനാവശ്യമായി കുത്തിനിറച്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തന ങ്ങളെ താളംതെറ്റിക്കുന്ന നടപടികളില്‍നിന്ന് സംസ്ഥാനസര്‍ക്കാര്‍ പിന്മാറണമെന്ന് കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാനസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

    ReplyDelete