Tuesday, September 27, 2011

ജനകീയ പ്രതിഷേധങ്ങള്‍ക്കു നേരെ കേരളമാകെ പോലീസ് ഭീകരത

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതില്‍ പെട്രോളിന്റെ വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞ് അത് എണ്ണക്കമ്പനികളെ ഏല്‍പിക്കാന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് 2010 ജൂണ്‍ 25ന് ആയിരുന്നു. അതോടെ പാവപ്പെട്ട ജനവിഭാഗങ്ങളെ എണ്ണക്കമ്പനികളുടെ കണ്ണില്ലാത്ത ചൂഷണത്തിന് എറിഞ്ഞുകൊടുക്കുകയായിരുന്നു സര്‍ക്കാര്‍ . വിലനിയന്ത്രണാധികാരം ലഭിച്ച ജൂണ്‍ 25നുതന്നെ ഒരു ലിറ്റര്‍ പെട്രോളിന് 3 രൂപ 50 പൈസയാണ് എണ്ണക്കമ്പനികള്‍ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. തുടര്‍ന്ന് 11 തവണ കമ്പനികളും രണ്ടുതവണ സര്‍ക്കാരും വിലയില്‍ വര്‍ദ്ധനവ് വരുത്തി. അങ്ങനെ 15 മാസത്തിനുള്ളില്‍ 24 രൂപയുടെ വര്‍ദ്ധനവാണ് ഒരു ലിറ്റര്‍ പെട്രോളിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്.

പെട്രോള്‍ വില അന്താരഷ്ട്ര വിപണി വിലയ്ക്കനുസരിച്ച് നിശ്ചയിക്കുകയാണ് എന്നാണ് കമ്പനികള്‍ പറയുന്ന ന്യായം. എന്നാല്‍ ക്രൂഡ് ഓയിലിന്റെ വില താഴുന്നതിനനുസരിച്ച് പെട്രോളിന്റെ വില കുറയ്ക്കാന്‍ അവര്‍ തയ്യാറല്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ ശരാശരി വില 80 ഡോളറിനടുത്താണ് കുറെ നാളായി. എന്നാല്‍ അത് പരിഗണിക്കാന്‍ കമ്പനികള്‍ തയ്യാറല്ല. ഒരുമാസത്തെ ശരാശരി വില നോക്കി ചെയ്യാന്‍പോലും അവര്‍ തയ്യാറല്ല. പകരം ഏതെങ്കിലും ഒരാഴ്ച വില കൂടിയാല്‍ അതുപറഞ്ഞ് പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ് വരുത്തും. കുറവുവരുമ്പോള്‍ കണ്ണടച്ചിരിക്കയും ചെയ്യും. ഡോളര്‍ - രൂപ വിപണനനിരക്കിലെ അന്തരം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ 3.14 രൂപ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വിപണന നിരക്കകിന്റെ കാര്യവും ഇതിന് സമാനമാണ്. ഈ പകല്‍ കൊള്ളയ്ക്ക് എല്ലാവിധ പിന്തുണയും കൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ . മാത്രമല്ല പെട്രോള്‍ വിലയില്‍ 54-55 ശതമാനവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ്. എണ്ണക്കമ്പനികളുടെ വല്ലാതെ ഊതിപ്പെരുപ്പിച്ച വാദം അംഗീകരിച്ചാല്‍പോലും വര്‍ദ്ധിപ്പിക്കുന്ന വിലയുടെ നികുതി കേന്ദ്രസര്‍ക്കാരിന് ഉപേക്ഷിക്കാവുന്നതേയുള്ളു. അങ്ങനെ ചെയ്തിരുന്നെങ്കില്‍പോലും 15 മാസത്തിനുള്ളില്‍ 24 രൂപ കൂടിയതിനുപകരം 11 രൂപയില്‍ താഴെയായി വിലവര്‍ദ്ധന നില്‍ക്കുമായിരുന്നു.

എണ്ണക്കമ്പനികളുടെ പേരുപറഞ്ഞ് സര്‍ക്കാരും ഭീകരമായി ജനങ്ങളെ കൊള്ളയടിക്കുന്നു എന്ന് വ്യക്തം. പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നഷ്ടമുണ്ടായാല്‍തന്നെ സര്‍ക്കാരിന് സബ്സിഡി നല്‍കാവുന്നതേയുള്ളൂ. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരാകട്ടെ സബ്സിഡികള്‍ മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്കായി സംവരണം ചെയ്തിരിക്കയാണ്. കഴിഞ്ഞ ബജറ്റില്‍തന്നെ 5.5 ലക്ഷം കോടി രൂപയിലധികം നികുതിയിളവാണ് കുത്തകകള്‍ക്ക് നല്‍കിയത്. അതായത് പട്ടിണിപ്പാവങ്ങളായ ദരിദ്രരെ നികുതിചുമത്തി കൊല്ലാക്കൊലചെയ്യുന്ന സര്‍ക്കാര്‍ ശതകോടീശ്വരന്മാര്‍ക്കും സഹസ്രകോടീശ്വരന്മാര്‍ക്കും നികുതിയിളവ് നിരന്തരം നല്‍കിവരുന്നു. യുപിഎ ഭരണത്തില്‍ എംപിമാരില്‍ 350ല്‍ ഏറെപ്പേര്‍ കോടീശ്വരന്മാരാണെന്ന വസ്തുത സര്‍ക്കാരിെന്‍റ ഈ ചെയ്തികള്‍ക്കൊപ്പം ചേര്‍ത്ത് പരിശോധിക്കേണ്ടതാണ്. പെട്രോള്‍ വിലയുടെ നിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്കു നല്‍കാം എന്ന നിര്‍ദ്ദേശം ഒന്നാം യുപിഎ സര്‍ക്കാരിെന്‍റ കാലത്ത് പലതവണ സര്‍ക്കാര്‍ ഉന്നയിച്ചതാണ്. എന്നാല്‍ യുപിഎ സര്‍ക്കാരിന് അന്ന് പിന്തുണ നല്‍കിയിരുന്ന ഇടതുപക്ഷ കക്ഷികള്‍ നഖശിഖാന്തം അതിനെ എതിര്‍ത്തതുകൊണ്ടാണ് അത് നടക്കാതെപോയത്. രണ്ടാം യുപിഎ സര്‍ക്കാരിെന്‍റ കാലമായപ്പോഴേക്ക് കോണ്‍ഗ്രസും മറ്റ് ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളും അടങ്ങിയ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമായി.

ഇടതുപക്ഷ പിന്തുണയുള്ളതിനാലാണ് വലിയ ജനദ്രോഹത്തിന് സര്‍ക്കാര്‍ മുതിരാഞ്ഞത് എന്ന വസ്തുത തെരഞ്ഞെടുപ്പുവേളയില്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഇതാണ് കോണ്‍ഗ്രസിനും കൂട്ടര്‍ക്കും തുണയായത്. അതോടെ അവര്‍ തനിനിറം പുറത്തെടുക്കുകയും ചെയ്തു. സമാനതകളില്ലാത്ത സമ്പന്ന പക്ഷപാതിത്വം കാട്ടുന്ന സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളെ പാടേ അവഗണിക്കുന്നു. ഇടതുപക്ഷ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒന്നാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്ക് ഈ വര്‍ഷത്തെ ബജറ്റില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഒരു രൂപപോലും കൂടുതല്‍ പണം അനുവദിച്ചിട്ടില്ല എന്നതുതന്നെ അതിന്റെ ഒന്നാംനമ്പര്‍ തെളിവാണ്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് നല്‍കിവരുന്ന സൗജന്യങ്ങളെ അട്ടിമറിക്കാന്‍ അയഥാര്‍ത്ഥങ്ങളായ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നു. പെട്രോള്‍ വില വര്‍ദ്ധനയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള കുത്തകകളാണ്. റിലയന്‍സ് പമ്പുകളിലൂടെ വിതരണംചെയ്യപ്പെടുന്ന പെട്രോള്‍ ഇന്ത്യയില്‍ ഖനനം ചെയ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്യപ്പെടുന്നവപോലെ അന്താരാഷ്ട്ര വിപണിവിലയുമായി ബന്ധമില്ല. എന്നാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നതിന്റെ ഒപ്പം റിലയന്‍സ് പെട്രോളിനും ഭീമമായി വില ഉയരുന്നു. ഫലമോ? വെറുതെയിരിക്കുന്ന അവര്‍ വളരെ വേഗം പണം വാരിക്കൂട്ടുന്നു. കേന്ദ്രമന്ത്രിമാരും ഭരണസഖ്യം നേതാക്കളുമൊക്കെ റിലയന്‍സിെന്‍റ മാസപ്പടിക്കാരാവുമ്പോള്‍ അവര്‍ക്കനുകൂലമാകുമല്ലോ നടപടികളെല്ലാം.

കോര്‍പ്പറേറ്റുകള്‍ക്കുമുമ്പില്‍ ബഹുജന താല്‍പര്യം അടിയറവെച്ചുകൊണ്ടാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ഭരണം നടത്തുന്നത്. അവരുടെ ഓരോ നടപടിയിലും അതു പ്രതിഫലിക്കുന്നുണ്ട്. വിലക്കയറ്റത്തിന്റെ വറുതിയില്‍ പൊറുതിമുട്ടുന്ന ജനങ്ങളുടെ തലയില്‍ വീണ്ടും വീണ്ടും അധികഭാരം കയറ്റിവെയ്ക്കാന്‍ തോന്നുന്ന ക്രൂരതയെ നിര്‍വചിക്കാന്‍ നിഘണ്ഡുവില്‍ വാക്കുകളില്ല. ജനാധിപത്യവ്യവസ്ഥയില്‍ ജനഹിതത്തിനനുസരിച്ചാണ് അധികാരികള്‍ ഭരണം നടത്തേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിലക്കയറ്റം തടയുന്നതുള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ സ്വീകരിക്കുമെന്ന വന്‍ വാഗ്ദാനങ്ങളാണ് യുപിഎ ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിച്ചത്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം ലംഘിച്ച് ജനതയെ നിരന്തരം വഞ്ചിക്കുന്ന ഭരണക്കാരെ പാഠം പഠിപ്പിക്കാന്‍ ജനങ്ങളുടെ ഉജ്വലമായ പ്രതിഷേധ സമരങ്ങള്‍ക്കേ കഴിയൂ. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുമുണ്ട്. പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ രാജ്യമൊട്ടാകെ നടന്ന സമരം ജനങ്ങളുടെ പൊറുതിമുട്ടലില്‍ നിന്നുള്ള പ്രതികരണമാണ്.ജനങ്ങളോട് പ്രതിബദ്ധതയുള്ള ഇടതുപക്ഷ കക്ഷികള്‍ ആഹ്വാനംചെയ്ത പ്രതിഷേധ സമരങ്ങളിലെ ജനകീയ പങ്കാളിത്തം അതാണ് തെളിയിക്കുന്നത്. ജനങ്ങളുടെ പ്രതിഷേധസമരത്തെ മര്‍ദനമുറകളിലൂടെ നിശ്ശബ്ദമാക്കാമെന്ന വ്യാമോഹത്തോടെയാണ് ഉമ്മന്‍ചാണ്ടി പൊലീസിനെ കയറൂരിവിട്ടത്. യുവജനങ്ങളേയും വിദ്യാര്‍ത്ഥികളേയും തലയ്ക്കടിച്ച് നിശ്ശബ്ദരാക്കാനാണ് പൊലീസ് തുനിഞ്ഞത്. പെട്രോള്‍ വിലവര്‍ദ്ധനയ്ക്കെതിരെ സെപ്തംബര്‍ 16ന് സമരംചെയ്ത വിദ്യാര്‍ത്ഥികളേയും യുവാക്കളെയും തലസ്ഥാനത്ത് നിഷ്ഠൂരമായി മര്‍ദ്ദിക്കുകയായിരുന്നു പൊലീസ്. സെക്രട്ടറിയേറ്റിലേക്കും ഹെഡ് പോസ്റ്റ് ഓഫീസിലേക്കും മാര്‍ച്ചുചെയ്ത വിദ്യാര്‍ത്ഥി - യുവജനസംഘടനാ പ്രവര്‍ത്തകര്‍ക്കുനേരെ യുദ്ധം ചെയ്യുകയായിരുന്നു പൊലീസ്. സമരം നേരിടാനെന്ന വ്യാജേന യൂണിവേഴ്സിറ്റികോളേജിലേക്കു പ്രവേശിച്ച പോലീസ് ക്ലാസിലിരുന്ന വിദ്യാര്‍ത്ഥികളെപ്പോലും ഭീകരമായി മര്‍ദ്ദിച്ചു. രണ്ടുതവണ ഗ്രനേഡ് പ്രയോഗിച്ചു. ഉന്നത പൊലീസുദ്യോഗസ്ഥരാണ് മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്‍റും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന എ എ റഹിമിനെ മര്‍ദ്ദിക്കാന്‍ നേതൃത്വം നല്‍കിയത് പൊലീസ് ഡിസിപി രാജ്പാല്‍ മീണയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് എബ്രഹാമിെന്‍റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജനറല്‍ പോസ്റ്റ് ഓഫീസ് മുതല്‍ യൂണിവേഴ്സിറ്റി കോളേജുവരെ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും വളഞ്ഞിട്ട് തല്ലിയത്. പലവട്ടം ജലപീരങ്കികളും ഗ്രനേഡുകളും അവര്‍ പ്രയോഗിച്ചു. ഇരുന്നൂറോളം പൊലീസുകാരാണ് യൂണിവേഴ്സിറ്റി കോളേജില്‍ കയറി ഭീകര താണ്ഡവമാടിയത്. പൊലീസ് മര്‍ദ്ദനത്തിനെതിരെ 20-ാം തീയതി നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനുനേരെയും പൊലീസ് ഭീകരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ലാത്തിച്ചാര്‍ജ്ജിലും ജലപീരങ്കി പ്രയോഗത്തിലും കണ്ണീര്‍വാതകപ്രയോഗത്തിലും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി പി ബിജു, സംസ്ഥാനകമ്മിറ്റി അംഗവും മുന്‍ സിന്‍ഡിക്കേറ്റ് മെമ്പറുമായ ഷിജുഖാന്‍ തുടങ്ങി നിരവധിപേര്‍ക്ക് പരിക്കേറ്റു. ചെവിക്ക് ഗുരുതരമായി പരുക്കേറ്റ ഷിജുഖാനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അന്ന് കോഴിക്കോട്ടുനടന്ന പ്രകടനത്തിനുനേരെയും പൊലീസ് ഭീകരമായ മര്‍ദ്ദനം അഴിച്ചുവിട്ടു. ഒരു പ്രകോപനവുമില്ലാതെയാണ് യുവജനങ്ങള്‍ക്കുനേരെ അതിക്രമം അഴിച്ചുവിട്ടത്. ഗ്രനേഡും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച പൊലീസ് ഭീകരമായി ലാത്തിചാര്‍ജുനടത്തി. യുവതികളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. കലിമൂത്ത പൊലീസ് മാധ്യമപ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല. ഏഴ് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. അധികാരത്തിലേറിയ നാള്‍ മുതല്‍ അത് നല്‍കിയ ഇനങ്ങള്‍ക്കുനേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ് യുപിഎ സര്‍ക്കാര്‍ . പെട്രോളിനൊപ്പം ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില ഭീമമായി വര്‍ദ്ധിപ്പിക്കാനുള്ള ആലോചനകള്‍ കേന്ദ്രസര്‍ക്കാര്‍ തകൃതിയായി നടത്തുന്നു.

യുപിഎയിലെ ഘടകകക്ഷികളുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പുമൂലം തല്‍ക്കാലം മാറ്റിവെച്ചിരിക്കുന്നു എന്നു മാത്രം. തലയ്ക്കുമുകളില്‍ വില ഉയര്‍ത്തല്‍ ഭീഷണി എപ്പോഴുമുണ്ട്. ജനങ്ങള്‍ക്കുമേല്‍ നിരന്തരം അമിതഭാരം അടിച്ചേല്‍പിക്കുന്ന സര്‍ക്കാരിനെ പ്രതിഷേധത്തിലൂടെ മാത്രമേ പിന്തിരിപ്പിക്കാനാവൂ. പ്രതിഷേധം അതിശക്തവും ജനപിന്തുണയാല്‍ ഉജ്ജ്വലവുമായാല്‍ മാത്രമേ കണ്ണുതുറക്കൂ എന്നതാണ് സര്‍ക്കാരിെന്‍റ സമീപനം. ഇന്ത്യയൊട്ടാകെ നടന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് 19-ാം തീയതി കേരളത്തില്‍ വാഹന പണിമുടക്കു നടന്നത്. സംസ്ഥാനത്തെ നിശ്ചലമാക്കിയ ആ പണിമുടക്ക് ജനപിന്തുണയുടെ ഉദാത്ത മാതൃകയായിരുന്നു. ഐഎന്‍ടിയുസിയും ബിഎംഎസും ഉള്‍പ്പെടെയുള്ള ട്രേഡുയൂണിയനുകള്‍ക്കും അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. ജനദ്രോഹനയങ്ങള്‍ കണ്ണില്‍ചോരയില്ലാതെ അടിച്ചേല്‍പിക്കുന്ന സര്‍ക്കാര്‍ , പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്ന് വ്യാമോഹിക്കുന്നു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് ഈ നരാധമന്മാര്‍ വെല്ലുവിളിക്കുന്നത്. ഗ്രീക്ക് പുരാണനായകനായ അക്വിലീസിന് ഭൂമിയില്‍ തൊട്ടുനില്‍ക്കുമ്പോള്‍ ശക്തി അപാരമായി വര്‍ദ്ധിക്കുന്നു. അതുപോലെയാണ് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെയും കാര്യം. പ്രതിഷേധിക്കയും മര്‍ദ്ദനം സഹിക്കയും ചെയ്യുമ്പോള്‍ പ്രസ്ഥാനത്തിെന്‍റ കരുത്ത് വര്‍ദ്ധിക്കുകയേയുള്ളു. എല്ലാം മറക്കുന്ന കോണ്‍ഗ്രസും അവരുടെ ഭരണവും അക്കാര്യം മറക്കാതിരിക്കുന്നത് നന്ന്.

സി പി നാരായണന്‍ chintha 300911

1 comment:

  1. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതില്‍ പെട്രോളിന്റെ വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞ് അത് എണ്ണക്കമ്പനികളെ ഏല്‍പിക്കാന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് 2010 ജൂണ്‍ 25ന് ആയിരുന്നു. അതോടെ പാവപ്പെട്ട ജനവിഭാഗങ്ങളെ എണ്ണക്കമ്പനികളുടെ കണ്ണില്ലാത്ത ചൂഷണത്തിന് എറിഞ്ഞുകൊടുക്കുകയായിരുന്നു സര്‍ക്കാര്‍ . വിലനിയന്ത്രണാധികാരം ലഭിച്ച ജൂണ്‍ 25നുതന്നെ ഒരു ലിറ്റര്‍ പെട്രോളിന് 3 രൂപ 50 പൈസയാണ് എണ്ണക്കമ്പനികള്‍ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. തുടര്‍ന്ന് 11 തവണ കമ്പനികളും രണ്ടുതവണ സര്‍ക്കാരും വിലയില്‍ വര്‍ദ്ധനവ് വരുത്തി. അങ്ങനെ 15 മാസത്തിനുള്ളില്‍ 24 രൂപയുടെ വര്‍ദ്ധനവാണ് ഒരു ലിറ്റര്‍ പെട്രോളിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്.

    ReplyDelete