Friday, September 30, 2011

ചിദംബരത്തെ രക്ഷിക്കാന്‍ സിബിഐ; പ്രണബും പിന്‍വലിഞ്ഞു

2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ആരോപണവിധേയനായ മന്ത്രി പി ചിദംബരത്തെ ഏതുവിധേനയും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനൊപ്പം സിബിഐയും. അഴിമതിയില്‍ ചിദംബരത്തിനു പങ്കില്ലെന്നും ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സിബിഐ വ്യാഴാഴ്ച സുപ്രീംകോടതിയില്‍ പറഞ്ഞു. അതേസമയം, ചിദംബരത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്താതെ ഇത്തരമൊരു നിലപാടില്‍ എങ്ങനെയെത്തിയെന്ന് വിശദീകരിക്കാന്‍ സിബിഐ അഭിഭാഷകന്‍ കെ കെ വേണുഗോപാലിനുകഴിഞ്ഞില്ല. കേസിലെ തുടര്‍വാദം കോടതി ഒക്ടോബര്‍ പത്തിലേക്ക് മാറ്റി.

സ്പെക്ട്രം ഇടപാടില്‍ വ്യവസായി അനില്‍ അംബാനിയുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് സിബിഐ അറിയിച്ചു. സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഹാജരാക്കിയ രേഖകളില്‍ എല്ലാ പേജുകളും ഇല്ലായിരുന്നു. അതിനാല്‍ മുഴുവന്‍ പേജുകളോടെയും രേഖകള്‍ ഹാജരാക്കാന്‍ സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

അതേസമയം, പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ചിദംബരത്തിനൊപ്പം നിലയുറപ്പിച്ചതോടെ ധനമന്ത്രി പ്രണബ് മുഖര്‍ജി മുന്‍നിലപാട് തിരുത്തി. 2ജി ഇടപാട് സംബന്ധിച്ച് ധനമന്ത്രാലയം തയ്യാറാക്കിയ കുറിപ്പിലെ ചിദംബരത്തിനെതിരായ പരാമര്‍ശങ്ങള്‍ തന്റെ കാഴ്ചപ്പാടല്ലെന്ന് പ്രധാനമന്തിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രണബ്മുഖര്‍ജി പറഞ്ഞു. പ്രണബിന്റെ പ്രസ്താവനയില്‍ താന്‍ സന്തുഷ്ടനാണെന്നും വിവാദം ഇതോടെ അവസാനിച്ചുവെന്നും ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരാഴ്ചയായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്പെക്ട്രം വിവാദത്തിന് തിരശ്ശീലയിടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രണബിനെക്കൊണ്ട് കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിപ്പിച്ച് പ്രസ്താവനയിറക്കിയത്.
എന്നാല്‍ കോണ്‍ഗ്രസ് നടത്തിയ നാടകം കളിയിലൂടെ പ്രശ്നം അവസാനിക്കുന്നില്ലെന്നും ചിദംബരം രാജിവെയ്ക്കുക തന്നെ വേണമെന്നും പ്രതിപക്ഷ പാര്‍ടികള്‍ പ്രതികരിച്ചു. സ്പെക്ട്രം ഇടപാടില്‍ ചിദംബരത്തിനു പങ്കില്ലെന്ന് കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ വാദം സിബിഐ അഭിഭാഷകന്‍ വേണുഗോപാല്‍ ആവര്‍ത്തിച്ചു. സ്പെക്ട്രം ലേലം ചെയ്യണമെന്ന നിലപാടാണ് ചിദംബരം സ്വീകരിച്ചതെന്നും വേണുഗോപാല്‍ അവകാശപ്പെട്ടു. സ്പെക്ട്രം വിഷയത്തിലേക്ക് ചിദംബരത്തിന്റെ പേര് വലിച്ചിഴയ്ക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്-വേണുഗോപാല്‍ പറഞ്ഞു.

ഇടപാടില്‍ ചിദംബരത്തിന്റെ പങ്കുകൂടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി ഒക്ടോബര്‍ പത്തിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പാണ് സിബിഐ ചിദംബരത്തെ ന്യായീകരിച്ചത്. ചിദംബരത്തിനെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാരും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സ്പെക്ട്രം അന്വേഷണം വിപുലപ്പെടുത്തുന്നതിന് അനില്‍ അംബാനിയുടെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. അഴിമതിയുടെ ഗുണഭോക്താക്കള്‍ ആരെന്നു കണ്ടെത്താനാണ് അന്വേഷണം വിപുലപ്പെടുത്തുന്നതെന്ന് വേണുഗോപാല്‍ വിശദീകരിച്ചു. എന്നാല്‍ , ടാറ്റ ഗ്രൂപ്പിനെയും വീഡിയോകോണ്‍ ഗ്രൂപ്പിനെയും സംരക്ഷിക്കുന്ന നിലപാടും സിബിഐ സ്വീകരിച്ചു.

മാരനും അറസ്റ്റിലാകും

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ നേതാവും മുന്‍ ടെലികോംമന്ത്രിയുമായ ദയാനിധി മാരനും പ്രതിപ്പട്ടികയിലേക്ക്. മാരനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കകം കേസെടുക്കുമെന്നും സിബിഐ ബുധനാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. സ്പെക്ട്രം ഇടപാടില്‍ എസ്സാര്‍ ഗ്രൂപ്പിനെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാകുമെന്നും സിബിഐ അറിയിച്ചു. അന്വേഷണപുരോഗതി വിവരിക്കുന്ന റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സിബിഐ കോടതിക്ക് കൈമാറി.
സ്പെക്ട്രം ഇടപാടില്‍ മാരന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയെന്നും മൗറീഷ്യസില്‍നിന്ന് വിവരങ്ങള്‍ തേടുന്നതിന് നടപടി ആരംഭിച്ചെന്നും സിബിഐ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ അറിയിച്ചു. മാരനെതിരെ അന്വേഷണം പൂര്‍ത്തിയായി. എല്ലാവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഏതാനും ദിവസംകൂടി ഇതിന് വേണ്ടിവരും. എന്നാല്‍ , ഈ മാസംതന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും- വേണുഗോപാല്‍ പറഞ്ഞു.

മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പ് എയര്‍സെല്‍ മൊബൈല്‍ കമ്പനി വാങ്ങിയ ഇടപാടിലാണ് മാരനെ പ്രതിചേര്‍ക്കുന്നതെന്ന സൂചനയും വേണുഗോപാല്‍ നല്‍കി. തന്റെ കമ്പനി മാക്സിസ് ഗ്രൂപ്പിന് വില്‍ക്കാന്‍ മാരന്‍ സമ്മര്‍ദം ചെലുത്തിയെന്ന് എയര്‍സെല്‍ കമ്പനി ഉടമ സി ശിവശങ്കരന്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതി അന്വേഷിക്കുന്നുണ്ട്. വിദേശ കമ്പനിക്ക് അനര്‍ഹമായ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പരസ്പരസഹായ ഇടപെടല്‍ നടന്നിട്ടുണ്ടോയെന്നും പരിശോധിച്ചു. 549 കോടി രൂപയുടെ ഇടപാടാണ് നടന്നത്. എസ്സാര്‍ ഗ്രൂപ്പിനെതിരായ അന്വേഷണത്തിന്റെ സ്ഥിതിയെന്തെന്ന് കോടതി ആരാഞ്ഞപ്പോള്‍ അന്വേഷണം തുടരുകയാണെന്നും രണ്ടാഴ്ചകൂടി വേണ്ടിവരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
എയര്‍സെല്‍ വാങ്ങിയ മാക്സിസ് ഗ്രൂപ്പിന്റെ മുതിര്‍ന്ന എക്സിക്യൂട്ടീവ് റാല്‍ഫ് മാര്‍ഷലിനെ സിബിഐ ചോദ്യംചെയ്തിരുന്നു. സണ്‍ ടിവിയില്‍ നിക്ഷേപമുള്ള അസ്ട്രൊ എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൂടിയാണ് മാര്‍ഷല്‍ . ദയാനിധി മാരന്റെ സഹോദരനും സണ്‍ ടിവി ഉടമയുമായ കലാനിധി മാരന്‍ മാക്സിസ് ഗ്രൂപ്പിലെ ബോര്‍ഡംഗമാണ്. എയര്‍സെല്‍ - മാക്സിസ് ഗ്രൂപ്പ് ഇടപാടില്‍ പങ്കാളിയായിട്ടുണ്ടെന്ന് കരുതുന്ന അപ്പോളോ ആശുപത്രി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുനീത റെഡ്ഡിയെയും സിബിഐ ചോദ്യംചെയ്തിരുന്നു. സ്പെക്ട്രം ഇടപാടില്‍ സിബിഐയുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ പറഞ്ഞു. ചിദംബരത്തെയും മാരനെയുമൊക്കെ സംരക്ഷിക്കാനാണ് സിബിഐയുടെ ശ്രമം. ചിദംബരത്തിന്റെ പങ്കാളിത്തം അന്വേഷിക്കാന്‍ കോടതി പ്രത്യേകാന്വേഷണ സംഘത്തെ വയ്ക്കണം. സ്പെക്ട്രം ഇടപാടില്‍ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയുടെ പങ്കും അന്വേഷിക്കണം. കുറ്റപത്രം സമര്‍പ്പിച്ചെന്ന കാരണം പറഞ്ഞ് ചിദംബരത്തിനെതിരായ അന്വേഷണം ഒഴിവാക്കാനുള്ള സിബിഐയുടെ ശ്രമം അനുവദിക്കരുത്. ഗുജറാത്ത് വംശഹത്യാ കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍ എത്തിയ സമയത്ത് പോലും കോടതി പ്രത്യേകാന്വേഷണസംഘത്തെ നിയമിച്ചിട്ടുണ്ട്- ഭൂഷണ്‍ പറഞ്ഞു. ഭൂഷണിന്റെ വാദങ്ങള്‍ക്ക് സിബിഐയും സര്‍ക്കാരും വ്യാഴാഴ്ച മറുപടി നല്‍കും. അതിനിടെ, സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ധനസെക്രട്ടറി സുബ്ബറാവു തയ്യാറാക്കിയ കുറിപ്പുകളെല്ലാം ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ചിദംബരത്തെ രക്ഷിക്കാന്‍ തീരുമാനിച്ചത് സോണിയ

ന്യൂഡല്‍ഹി: സ്പെക്ട്രം വിവാദത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിച്ചതോടെയാണ് ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് പിന്നോക്കംപോകേണ്ടിവന്നത്. വ്യാഴാഴ്ച രാവിലെ സോണിയയുടെ വസതിയില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തുചേര്‍ന്ന യോഗത്തിലാണ് ചിദംബരത്തെ സംരക്ഷിക്കാന്‍ ധാരണയായത്. പ്രതിരോധമന്ത്രി എ കെ ആന്റണി, സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ചിദംബരത്തിനൊപ്പം നില്‍ക്കുകയെന്ന നിര്‍ദേശം സോണിയ പ്രധാനമന്ത്രിക്ക് കൈമാറി. സിക്കിമിലെ ഭൂകമ്പബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി വൈകിട്ട് മടങ്ങിയെത്തിയ ശേഷമാണ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ പ്രതിസന്ധിപരിഹാര നടപടികള്‍ പുരോഗമിച്ചത്.

പ്രധാനമന്ത്രി എത്തിയശേഷം ആദ്യം പ്രണബും പിന്നീട് ചിദംബരവും അദ്ദേഹത്തിന്റെ വസതിയിലെത്തി. തുടര്‍ന്ന് ഹ്രസ്വനേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരും പുറത്തുവന്നു. ധനമന്ത്രിയുടെ ഓഫീസായ നോര്‍ത്ത്ബ്ലോക്കിലേക്ക് പോയ പ്രണബിനെ ചിദംബരവും അനുഗമിച്ചു. ഇതിനിടെ നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും ടെലികോംമന്ത്രി കപില്‍ സിബലും നോര്‍ത്ത്ബ്ലോക്കിലെത്തിയിരുന്നു. പിന്നീട് നാലുനേതാക്കളും പുറത്തുവന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ടു. പ്രണബ് എഴുതി തയ്യാറാക്കിയ ചെറിയ പ്രസ്താവന വായിച്ചു. 2011 ജനുവരിയില്‍ ഒട്ടേറെ കഥകള്‍ സ്പെക്ട്രം ഇടപാടിനെ കുറിച്ച് പ്രചരിച്ചെന്ന് പറഞ്ഞായിരുന്നു പ്രസ്താവനയുടെ തുടക്കം. സര്‍ക്കാരിന്റെ വിവിധ പ്രതിനിധികള്‍ക്ക് ഉപയോഗിക്കുന്നതിന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഒരു കുറിപ്പ് തയ്യാറാക്കാന്‍ പിന്നീട് ധാരണയായി. ഒരു പശ്ചാത്തല കുറിപ്പ് വിവിധ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തയ്യാറാക്കി. ഈ കുറിപ്പ് 2011 മാര്‍ച്ച് 25ന് പ്രധാനമന്ത്രി കാര്യാലയത്തിന് അയച്ചു. വസ്തുതാപരമായ പശ്ചാത്തലത്തിനപ്പുറം കുറിപ്പിലുള്ള ചില പരാമര്‍ശങ്ങളും വിശകലനങ്ങളും തന്റെ അഭിപ്രായം പ്രതിഫലിപ്പിക്കുന്നതല്ല- പ്രണബ് പറഞ്ഞു. പ്രണബിന്റെ പ്രസ്താവന കഴിഞ്ഞയുടന്‍ താനിത് അംഗീകരിക്കുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന ചിദംബരം പറഞ്ഞു. സര്‍ക്കാരിനെ സംബന്ധിച്ച് വിഷയം അവസാനിച്ചെന്നും ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു. കൂടുതല്‍ പ്രതികരണത്തിന് നില്‍ക്കാതെ മന്ത്രിമാര്‍ മടങ്ങി.

കുറിപ്പ് തന്റെ മന്ത്രാലയത്തിന്റെ മാത്രം സൃഷ്ടിയല്ലെന്ന വാദത്തില്‍ ഉറച്ചുനിന്ന പ്രണബ് നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു. നിര്‍ണായക ഘട്ടത്തില്‍ നേതൃത്വം ഉപേക്ഷിച്ചത് മുതിര്‍ന്ന നേതാവായ പ്രണബിന് തിരിച്ചടിയാണ്. ചിദംബരത്തിനാകട്ടെ വിജയവും. പ്രണബും ചിദംബരവും തമ്മിലുള്ള ഭിന്നതയ്ക്ക് പരിഹാരമായെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പോര് മുറുകുമെന്നാണ് സൂചനകള്‍ . അവസാനനിമിഷം നേതൃത്വത്തിന് വഴങ്ങിയെങ്കിലും സ്പെക്ട്രം ഇടപാടിലെ ചിദംബരത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരാനായതും കോടതിയില്‍ വിഷയം എത്തിച്ചതും പ്രണബിന് നേട്ടമാണ്.

deshabhimani 300911

1 comment:

  1. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ആരോപണവിധേയനായ മന്ത്രി പി ചിദംബരത്തെ ഏതുവിധേനയും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനൊപ്പം സിബിഐയും. അഴിമതിയില്‍ ചിദംബരത്തിനു പങ്കില്ലെന്നും ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സിബിഐ വ്യാഴാഴ്ച സുപ്രീംകോടതിയില്‍ പറഞ്ഞു. അതേസമയം, ചിദംബരത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്താതെ ഇത്തരമൊരു നിലപാടില്‍ എങ്ങനെയെത്തിയെന്ന് വിശദീകരിക്കാന്‍ സിബിഐ അഭിഭാഷകന്‍ കെ കെ വേണുഗോപാലിനുകഴിഞ്ഞില്ല. കേസിലെ തുടര്‍വാദം കോടതി ഒക്ടോബര്‍ പത്തിലേക്ക് മാറ്റി.

    ReplyDelete