Sunday, September 25, 2011

രൂപയുടെ തകര്‍ച്ച: കേന്ദ്രത്തിന്റെ അവ്യക്തത അപകടം- സി പി ചന്ദ്രശേഖര്‍

രൂപയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കുന്നതിന് എന്ത് നടപടി സ്വീകരിക്കണമെന്നതില്‍ കേന്ദ്രസര്‍ക്കാരിന് വ്യക്തതയില്ലെന്ന് ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സാമ്പത്തികവിഭാഗം പ്രൊഫസര്‍ ഡോ. സി പി ചന്ദ്രശേഖര്‍ പറഞ്ഞു. ഡോളറിനെതിരെ രൂപ ഇപ്പോഴും ശക്തമാണെന്ന വാദമാണ് ധനമന്ത്രാലയവും റിസര്‍വ് ബാങ്കും ഉയര്‍ത്തുന്നത്. ലോകമാകെ പ്രതിസന്ധിയിലാണെന്ന് തിരിച്ചറിഞ്ഞ് നടപടി ഉണ്ടായില്ലെങ്കില്‍ അപകടമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രൂപയെ അടുത്തകാലം വരെ ശക്തമായി നിര്‍ത്തിയത് വിദേശ മൂലധനത്തിന്റെ ഒഴുക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുമായിരുന്നു. സാമ്പത്തികരംഗത്ത് നിലനില്‍ക്കുന്ന ഇരട്ടകൂപ്പ് (ഡബിള്‍ ഡിപ്പ്) ഭീതിയും യൂറോപ്പിലെ പ്രതിസന്ധിയുമാണ് ഡോളറിനെ ശക്തിപ്പെടുത്തിയത്. നിക്ഷേപങ്ങള്‍ ഡോളറിലേക്ക് മാറാന്‍ ഇത് കാരണമായി. ഡോളറിന്റെ അവസ്ഥ മോശമാണെങ്കില്‍ കൂടി തികച്ചും അനിശ്ചിതമായ അന്തരീക്ഷത്തില്‍ നിക്ഷേപകര്‍ ഇപ്പോഴും ഡോളറിനെ തന്നെ ആശ്രയിക്കുന്നു. ഈ ഘട്ടത്തില്‍ എണ്ണയും സ്വര്‍ണവും അവര്‍ക്ക് വിശ്വാസമേകില്ല. ഇന്ത്യയില്‍നിന്ന് വിദേശനിക്ഷേപകരെ അകറ്റുന്നത് ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയാണ്. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലടക്കം ഈ പ്രശ്നമുണ്ട്. ഇതിനിടയിലും രൂപ ശക്തമാണെന്ന് വാദിക്കുന്നത് അമിതവിശ്വാസമാണ്.

2008ല്‍ അമേരിക്കയില്‍ രൂപപ്പെട്ട പ്രതിസന്ധി ഇപ്പോള്‍ യൂറോപ്പിലും വ്യാപിച്ചിരിക്കയാണ്. യൂറോമേഖലയില്‍നിന്ന് പുറത്തുപോകുമെന്ന ഘട്ടത്തിലാണ് ഗ്രീസ്. അയര്‍ലന്‍ഡും സ്പെയിനും പ്രതിസന്ധിയിലാണ്. 2008ലെ പ്രതിസന്ധിഘട്ടത്തില്‍ ബാങ്കുകളെയും മറ്റ് സാമ്പത്തികസ്ഥാപനങ്ങളെയുമൊക്കെ കരകയറ്റാന്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ വന്‍തുക ചെലവഴിച്ചിരുന്നു. എന്നാല്‍ , കാര്യങ്ങള്‍ ഇരട്ടകൂപ്പിലേക്ക് നീങ്ങിയാല്‍ ഇതേപോലെ പണം മുടക്കാന്‍ രാജ്യങ്ങള്‍ക്കാവില്ല. യൂറോമേഖലയില്‍നിന്ന് ചില രാജ്യങ്ങള്‍ പുറത്തുപോയാലും പ്രശ്നമില്ലെന്ന നിലപാടിലാണ് യൂറോ രാജ്യങ്ങള്‍ . എന്നാല്‍ , ചില രാജ്യങ്ങള്‍ മാത്രം അമിതപ്രഹരം ഏറ്റുവാങ്ങിയാല്‍ അവസാനിക്കുന്നതല്ല പ്രശ്നങ്ങള്‍ . പ്രതിസന്ധി പ്രമുഖരാജ്യങ്ങളിലേക്കും നീങ്ങും. ഈ ഘട്ടത്തില്‍ കേന്ദ്രം സ്വീകരിക്കേണ്ട നിലപാടുകളിലെ വ്യക്തതകുറവ് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കും.

deshabhimani 250911

1 comment:

  1. രൂപയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കുന്നതിന് എന്ത് നടപടി സ്വീകരിക്കണമെന്നതില്‍ കേന്ദ്രസര്‍ക്കാരിന് വ്യക്തതയില്ലെന്ന് ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സാമ്പത്തികവിഭാഗം പ്രൊഫസര്‍ ഡോ. സി പി ചന്ദ്രശേഖര്‍ പറഞ്ഞു. ഡോളറിനെതിരെ രൂപ ഇപ്പോഴും ശക്തമാണെന്ന വാദമാണ് ധനമന്ത്രാലയവും റിസര്‍വ് ബാങ്കും ഉയര്‍ത്തുന്നത്. ലോകമാകെ പ്രതിസന്ധിയിലാണെന്ന് തിരിച്ചറിഞ്ഞ് നടപടി ഉണ്ടായില്ലെങ്കില്‍ അപകടമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

    ReplyDelete