Saturday, September 24, 2011

വാര്‍ഡുകള്‍ക്ക് ഫണ്ടില്ല; ശുചീകരണം നിലച്ചു

എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കാന്‍ ഇടയാക്കിയത് വാര്‍ഡുകള്‍ തോറുമുള്ള ശുചീകരണപ്രവര്‍ത്തനം നിലച്ചതിനാല്‍ . വാര്‍ഡ് ഹെല്‍ത്ത് ആന്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ക്ക് അഞ്ചുവര്‍ഷമായി നല്‍കി വരുന്ന 10,000 രൂപ വീതമുള്ള ഫണ്ട് നല്‍കാത്തതാണ് ശുചീകരണം നിലക്കാനിടയാക്കിയതും പ്രതിസന്ധി രൂക്ഷമാക്കിയതും. കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിക്കളയുന്നതിനും ഓടകളും തോടുകളും ശുചീകരിക്കുന്നതിനും മാലിന്യ- കൊതുകുനിര്‍മാര്‍ജനത്തിനും വേണ്ടിയാണ് 19,000ത്തിലേറെ വരുന്ന ഗ്രാമ-മുനിസിപ്പല്‍ -കോര്‍പറേഷന്‍ വാര്‍ഡുകള്‍ക്ക് ഓരോന്നിനും 10,000 രൂപ വീതം നല്‍കിയിരുന്നത്. എന്നാല്‍ , ഈ സാമ്പത്തികവര്‍ഷം ആറുമാസം പിന്നിട്ടിട്ടും 75 ശതമാനത്തിലേറെ വാര്‍ഡുകള്‍ക്കും ഫണ്ട് ലഭിച്ചിട്ടില്ല.

ജൂണില്‍ ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നപ്പോള്‍ എല്ലാ വാര്‍ഡുകള്‍ക്കും ശുചീകരണത്തിന് ഫണ്ട് അനുവദിച്ചുവെന്നായിരുന്നു ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വിനിയോഗിച്ചില്ലെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ടും പറഞ്ഞു. എന്നാല്‍ , കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് ലഭ്യമാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. മഴക്കാലത്തിനുമുമ്പ് വാര്‍ഡ് കമ്മിറ്റികള്‍ക്ക് 10,000 രൂപ വീതം നല്‍കിയിരുന്നു. ഈ ഫണ്ട് വാര്‍ഡ് ഹെല്‍ത്ത് ആന്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ ഫലപ്രദമായി വിനിയോഗിച്ചതിനാല്‍ പകര്‍ച്ചവ്യാധി ഒരുപരിധി വരെ പ്രതിരോധിക്കാനായി. ഈ വര്‍ഷം കേന്ദ്രസര്‍ക്കാരില്‍നിന്നും ഫണ്ട് ലഭ്യമാക്കുന്നതില്‍ എന്‍ആര്‍എച്ച്എം വീഴ്ചവരുത്തി. ജൂലൈയില്‍ മാത്രമാണ് ഫണ്ട് ലഭിച്ചത്. ഈ ഫണ്ട് ജില്ലകളിലേക്ക് കൈമാറിയത് ജൂലൈ അവസാനം മാത്രം. 19 കോടി രൂപയാണ് 14 ജില്ലകളിലേക്ക് വീതിച്ച് നല്‍കിയത്. അതേസമയം, ജില്ലാതല സമിതികള്‍ ഈ ഫണ്ട് ഇനിയും വാര്‍ഡുകളിലേക്ക് കൈമാറിയിട്ടില്ല. കൃത്യമായ മോണിറ്ററിങും സര്‍ക്കാര്‍ ഇടപെടലുകളുമില്ലാത്തതിനാലാണ് വാര്‍ഡുകള്‍ക്ക് ഫണ്ട് വിതരണം ചെയ്യാന്‍ വൈകിയത്.

വാര്‍ഡ് ഹെല്‍ത്ത് ആന്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം തന്നെ നിലച്ചിരിക്കുകയാണിപ്പോള്‍ . വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും ജെപിഎച്ച്എന്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരില്‍ ആരെങ്കിലും ഒരാള്‍ കണ്‍വീനറുമായുള്ള സമിതിക്കാണ് ഈ ഫണ്ട് നല്‍കുന്നത്. എന്നാല്‍ , പുതിയ തദ്ദേശ ഭരണസമിതികള്‍ നിലവില്‍ വന്ന ശേഷം ഈ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചില്ല. ദേശീയ ഗ്രാമീണാരോഗ്യ പദ്ധതി (എന്‍ആര്‍എച്ച്എം) താളംതെറ്റിയതിനാല്‍ സബ്സെന്ററുകള്‍ക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കും നല്‍കുന്ന വാര്‍ഷിക ഗ്രാന്റും ഇതുവരെയും വിതരണം ചെയ്തിട്ടില്ല. ആരോഗ്യമന്ത്രിയോ വകുപ്പ് സെക്രട്ടറിയോ മറ്റ് ഉദ്യോഗസ്ഥരോ എന്‍ആര്‍എച്ച്എം പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യാത്തതാണ് പദ്ധതി അവതാളത്തിലാകാന്‍ കാരണം.

deshabhimani 240911

1 comment:

  1. എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കാന്‍ ഇടയാക്കിയത് വാര്‍ഡുകള്‍ തോറുമുള്ള ശുചീകരണപ്രവര്‍ത്തനം നിലച്ചതിനാല്‍ . വാര്‍ഡ് ഹെല്‍ത്ത് ആന്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ക്ക് അഞ്ചുവര്‍ഷമായി നല്‍കി വരുന്ന 10,000 രൂപ വീതമുള്ള ഫണ്ട് നല്‍കാത്തതാണ് ശുചീകരണം നിലക്കാനിടയാക്കിയതും പ്രതിസന്ധി രൂക്ഷമാക്കിയതും. കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിക്കളയുന്നതിനും ഓടകളും തോടുകളും ശുചീകരിക്കുന്നതിനും മാലിന്യ- കൊതുകുനിര്‍മാര്‍ജനത്തിനും വേണ്ടിയാണ് 19,000ത്തിലേറെ വരുന്ന ഗ്രാമ-മുനിസിപ്പല്‍ -കോര്‍പറേഷന്‍ വാര്‍ഡുകള്‍ക്ക് ഓരോന്നിനും 10,000 രൂപ വീതം നല്‍കിയിരുന്നത്. എന്നാല്‍ , ഈ സാമ്പത്തികവര്‍ഷം ആറുമാസം പിന്നിട്ടിട്ടും 75 ശതമാനത്തിലേറെ വാര്‍ഡുകള്‍ക്കും ഫണ്ട് ലഭിച്ചിട്ടില്ല.

    ReplyDelete