ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഇതൊരു സാധാരണ കേസ് അല്ല. അതുകൊണ്ടു തന്നെ കോടതിയുടെ ഉത്തരവാദിത്വം ഇരട്ടിക്കുന്നു. സര്‍ക്കാരിനെതിരെ എന്നതുപോലെ വിവിധ മേഖലകളിലുള്ളവരെയും ബാധിക്കുന്നവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. മുന്‍ മുഖ്യമന്ത്രി കൂടിയായ വി എസ് അച്യുതാനന്ദന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റീസ് ജെ ചെലമേശ്വര്‍, ജസ്റ്റീിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള കെ.എ. റൗഫിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം സി.ബി.ഐക്കു വിടണോ എന്നു തീരുമാനിക്കാന്‍ കേസ് ഡയറിയും ഇതുവരെയുള്ള നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കേസ് പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റുകയാണെന്ന് കോടതി അറിയിച്ചു.
റൗഫിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഡയറിയും ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടും അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പ്രതിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ സാക്ഷികളെയും ജുഡീഷ്യല്‍ ഓഫീസര്‍മാരെയും സ്വാധീനിച്ചെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധു കൂടിയായ റൗഫിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജനുവരി 30 ന് കോഴിക്കോട് ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് അന്വേഷിക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സര്‍ക്കാര്‍ ഫെബ്രുവരി മൂന്നിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായി. അതിനു ശേഷം അന്വേഷണം നിലച്ചെന്നും കുഞ്ഞാലിക്കുട്ടി മന്ത്രിയായതിനാല്‍ പൊലീസ് അന്വേഷണം നീതിപൂര്‍വകമാവില്ലെന്നും ആരോപിച്ചാണ് പ്രതിപക്ഷ നേതാവായ വി.എസ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും സി.ബി.ഐയെയും എതിര്‍ കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആവശ്യം കേസന്വേഷണം സി.ബി.ഐക്കു വിടണമെന്നാണ്.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍, അന്വേഷണം നിലച്ചിരിക്കുകയാണെന്ന ഹര്‍ജിക്കാരന്റെ വാദത്തെ അഡ്വക്കേറ്റ് ജനറല്‍ എതിര്‍ത്തു. കേസില്‍ ഇതുവരെ 82 സാക്ഷികളെ ചോദ്യം ചെയ്തു കഴിഞ്ഞു. 56 രേഖകള്‍ പിടിച്ചെടുത്തു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ 47 സാക്ഷികളെ ചോദ്യം ചെയ്തിരുന്നു. ബാക്കിയുള്ളവരെ ചോദ്യം ചെയ്തത് ഈ സര്‍ക്കാരിന്റെ കാലത്താണ്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നിയോഗിച്ച അതേ അന്വേഷണ സംഘമാണ് ഇപ്പോഴും കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിനെതിരെ ഹര്‍ജിയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി.
കെ.എ. റൗഫിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെക്കുറിച്ച് കോടതി വിശദമായ പരിശോധന നടത്തണമെന്നും, ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മജിസ്‌ട്രേട്ട് മുമ്പാകെ റൗഫിന്റെ മൊഴി രേഖപ്പെടുത്തിയത് പ്രത്യേകം പരിശോധിക്കണമെന്നും വി.എസിനു വേണ്ടി കോടതിയില്‍ വാദമുന്നയിച്ചു. തുടര്‍ന്നാണ് കേസ് സെപ്തംബര്‍ 26 ലേക്ക് മാറ്റിയത്
janayugom 240911
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ReplyDelete