Friday, September 30, 2011

എസ്എഫ്ഐയുടെ പടയോട്ടം


തൃശൂര്‍ : കച്ചവട വിദ്യാഭ്യാസ നയത്തിന് താക്കീതായി കലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കോളേജ് ക്യാമ്പസുകളില്‍ എസ്എഫ്ഐയുടെ പടയോട്ടം. അവിശുദ്ധ സഖ്യങ്ങളും മാനേജ്മെന്റുകളുടെ തിട്ടൂരങ്ങളും അവഗണിച്ച് ജില്ലയിലെ ക്യാമ്പസുകള്‍ എസ്എഫ്ഐക്ക് ചരിത്ര വിജയം സമ്മാനിച്ചു. സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന പതിനേഴ് കോളേജുകളില്‍ പതിനാലിടത്തും എസ്എഫ്ഐ തകര്‍പ്പന്‍ വിജയം നേടി. ഇതില്‍ പത്തിടത്ത് മുഴുവന്‍ സീറ്റും തൂത്തുവാരി.

എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ, പഴഞ്ഞി എംഡി, വടക്കാഞ്ചേരി വ്യാസ, ഗവ. കോളേജ് കുട്ടനല്ലൂര്‍ , കെകെടിഎം പുല്ലൂറ്റ്, അസ്മാബി വെമ്പല്ലൂര്‍ , പെരുവല്ലൂര്‍ മദര്‍ , ഐസിഎ വടക്കേക്കാട്, സിസിഐടി തളിക്കുളം എന്നിവിടങ്ങളിലാണ് എസ്എഫ്ഐ മുഴുവന്‍ സീറ്റുകളും നേടിയത്. ആകെയുള്ള 21 കൗണ്‍സിലര്‍ സീറ്റുകളില്‍ 17ഉം എസ്എഫ്ഐ നേടിയപ്പോള്‍ കെഎസ്യുവിന് മൂന്നും എബിവിപിക്ക് ഒന്നും സീറ്റ് മാത്രം. 126 ജനറല്‍ സീറ്റില്‍ 106ഉം എസ്എഫ്ഐക്കാണ്. കെഎസ്യു ഏഴിലേക്ക് ചുരുങ്ങി. എബിവിപിക്ക് 12 സീറ്റുണ്ട്. ഒരു സീറ്റ് സ്വതന്ത്രന്‍ നേടി. കെഎസ്യുവിന്റെ കുത്തകയായിരുന്ന എല്‍ത്തുരുത്ത് സെന്റ് അലോഷ്യസില്‍ വിജയക്കൊടി പാറിച്ച എസ്എഫ്ഐ ഐസിഎ വടക്കേക്കാടും പിടിച്ചെടുത്തു. കേരള വര്‍മ കോളജ് തൃശൂര്‍ , എസ് എന്‍ നാട്ടിക, ലോ കോളജ് തൃശൂര്‍ എന്നിവ എസ്എഫ്ഐക്കൊപ്പമാണ്. കുന്നംകുളം വിവേകാനന്ദ എബിവിപി നിലനിര്‍ത്തി. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ കെഎസ്യുവിനാണ് ഭൂരിപക്ഷം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ തര്‍ക്കംമൂലം ഫലം പ്രഖ്യാപിച്ചിട്ടില്ല.

മത്സരിച്ച എസ്എഫ്ഐ നേതാക്കളെല്ലാം മിന്നുന്ന വിജയം നേടി.ശ്രീകൃഷ്ണ കോളേജില്‍ ചെയര്‍മാനായി എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ ബി സനീഷും ഗവ. ലോ കോളേജില്‍ വൈസ് ചെയര്‍മാനായി ജില്ലാ സെക്രട്ടറിയറ്റംഗം പി ഐ അഷിതയും തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ആര്‍ എല്‍ ജീവന്‍ലാല്‍ ചെയര്‍മാനായും ആന്‍സണ്‍ സി ജോയ് കൗണ്‍സിലറായും അനൂപ് ജനറല്‍ സെക്രട്ടറിയായും കേരളവര്‍മയില്‍ നിന്നും വിജയിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പസുകളിലും നഗരത്തിലും വിവിധ കേന്ദ്രങ്ങളിലും പ്രകടനം നടത്തി.

മാനേജ്മെന്റ് കെഎസ്യു ഒത്തുകളി ക്രൈസ്റ്റ് കോളേജില്‍ ചട്ടവിരുദ്ധമായി പോസ്റ്റല്‍ വോട്ട് ചെയ്യിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് യൂണിയനിലേക്ക് വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഫലം അട്ടിമറിക്കുന്നതിന് മാനേജ്മന്റും കെഎസ്യുവും ഒത്തുകളിച്ചു. സ്ഥലത്തില്ലാത്ത വിദ്യാര്‍ഥികളുടെ വോട്ട് പോസ്റ്റല്‍ വോട്ടായി ചെയ്ത് നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കയായിരുന്നു. ആകെയുള്ള 75 ക്ലാസ് പ്രതിനിധികളാണ് വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടത്. അതില്‍ന നാലു പേര്‍ ബാലറ്റു പേപ്പര്‍ കൈപ്പറ്റിയിട്ടില്ല. ഇവര്‍ ഒപ്പിട്ട് ബാലറ്റ് വാങ്ങിയതായി രേഖയുമില്ല. എന്നാല്‍ എഴുപത്തിയഞ്ച് വോട്ടും പോള്‍ ചെയ്തിരിക്കുന്നു. ടൂറിന് പോയ വിദ്യാര്‍ഥികളെ ചട്ടവിരുദ്ധമായി വോട്ടു ചെയ്യിച്ചതായാണ് വ്യക്തമാകുന്നത്. വോട്ടെടുപ്പ് വേളയില്‍ സ്ഥലത്തില്ലാത്തവരുടെ വോട്ട് രേഖപ്പേടുത്തിയത് ലിംങ്ദോ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഗുരുതരമായ തെറ്റാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. എസ്എഫ്ഐയും എഐഎസ്എഫും ചേര്‍ന്ന എല്‍ഡിഎസ്എഫ് മുന്നണി പരാതി നല്‍കിയതിനാല്‍ ഇവിടെ ഫലപ്രഖ്യാപനം തടഞ്ഞിരിക്കുകയാണ്.

ചട്ട പ്രകാരം പോസ്റ്റല്‍ വോട്ട് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാവില്ല. ഈ വോട്ട് പരിഗണിച്ചില്ലെങ്കില്‍ പാര്‍ലമെന്ററി രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് ജനറല്‍ സീറ്റുകളില്‍ നാലെണ്ണം എസ്എഫ്ഐക്കും ഒരെണ്ണം എഐഎസ്എഫിനും ലഭിക്കും. ഫലത്തില്‍ യൂണിയന്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ നേടും. പോസ്റ്റല്‍ വോട്ടിനെപ്പറ്റി തെരഞ്ഞെടുപ്പിന് മുമ്പ് പരാമര്‍ശിച്ചിരുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇത് രഹസ്യമായി വച്ച് മാനേജ്മെന്റ് കെഎസ്യുവിന് വേണ്ടി നിലകൊള്ളുകയായിരുന്നുവെന്നാണ് ആരോപണം. റീപോളിങ്ങിനും തയ്യാറായില്ല.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: ജില്ല എസ്എഫ്ഐക്കൊപ്പം

മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മേല്‍ക്കൈ. ജില്ലയില്‍ സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 22 കോളേജുകളില്‍ 13ലും എസ്എഫ്ഐ യൂണിയന്‍ ഭരണംനേടി. കെഎസ്യു-എംഎസ്എഫ് സഖ്യത്തില്‍ നിന്ന് നാല് കോളേജുകള്‍ എസ്എഫ്ഐ തനിച്ച് മത്സരിച്ച് പിടിച്ചെടുത്തു. ചുങ്കത്തറ മാര്‍ത്തോമ കോളേജ്, പെരിന്തല്‍മണ്ണ എസ്എന്‍ഡിപി കോളേജ്, തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജ്, മലപ്പുറം ഐഎച്ച്ആര്‍ഡി കോളേജ് എന്നിവയുടെ ഭരണം എസ്എഫ്ഐ നേടി. പൊന്നാനി എംഇഎസ് കോളേജില്‍ തുടര്‍ച്ചയായി ഒമ്പതാം തവണ എസ്എഫ്ഐ യൂണിയന്‍ ഭരണം കരസ്ഥമാക്കി. എടപ്പാള്‍ ഐഎച്ച്ആര്‍ഡി കോളേജ്, ദാറുല്‍ഹുദാ കോളേജ് പൂക്കരത്തറ, പുത്തനങ്ങാടി സെന്റ് മേരീസ് കോളേജ്, എന്നിവിടങ്ങളിലും യൂണിയന്‍ ഭരണം എസ്എഫ്ഐക്കാണ്. യുഡിഎസ്എഫ് സഖ്യത്തിന്റെ കുത്തകയായിരുന്ന മലപ്പുറം ഗവ. കോളേജിലെ വൈസ്ചെയര്‍മാന്‍ , ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനങ്ങള്‍ അട്ടിമറി വിജയത്തിലൂടെയാണ് എസ്എഫ്ഐ നേടിയത്.
അരാഷ്ട്രീയതയ്ക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരായി എസ്എഫ്ഐ നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. എസ്എഫ്ഐക്ക് വിജയം നല്‍കിയ വിദ്യാര്‍ഥികളെ അഭിവാദ്യംചെയ്തു. പരാജയത്തില്‍ വിറളിപൂണ്ട് ക്യാമ്പസുകളില്‍ അക്രമം അഴിച്ചുവിടാനുള്ള യുഡിഎസ്എഫ് സഖ്യത്തിന്റെ നീക്കത്തിന് കനത്ത വിലനല്‍കേണ്ടി വരുമെന്നും സെക്രട്ടറിയറ്റ് മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയിലെ ക്യാമ്പസുകളില്‍ വെള്ളിയാഴ്ച പ്രകടനം നടത്താന്‍ ആഹ്വാനംചെയ്തു.

കെഎസ്യു തകര്‍ന്നടിഞ്ഞു

മലപ്പുറം: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കെഎസ്യുവിന് ദയനീയ തോല്‍വി. മാതൃസംഘടനയായ മുസ്ലിംലീഗിന്റെ പാത പിന്തുടര്‍ന്ന് എംഎസ്എഫ് ഒതുക്കിയതോടെ കെഎസ്യു മിക്ക കോളേജുകളില്‍നിന്നും തുടച്ചുമാറ്റപ്പെട്ടു. കെഎസ്യുവിന്റെ എക്കാലത്തെയും ശക്തികേന്ദ്രമായ മമ്പാട് എംഇഎസിലും ജില്ലാ പ്രസിഡന്റിന്റെ തട്ടകമായ സര്‍വകലാശാല ക്യാമ്പസിലും ദയനീയ പരാജയമാണ് കെഎസ്യു നേരിട്ടത്. സര്‍വകലാശാലയില്‍ ഒരു ഡിപ്പാര്‍ട്മെന്റുപോലും നേടിയെടുക്കാന്‍ കെഎസ്യുവിന് ഇത്തവണ കഴിഞ്ഞില്ല. പ്രസിഡന്റിന്റെ ഗ്രൂപ്പ്കളിയും താന്‍പ്രമാണിത്തവുമാണ് പരാജയകാരണമെന്നാരോപിച്ച് യൂണിറ്റ് ഭാരവാഹികള്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

കാലങ്ങളായി മുന്നണിയായി മത്സരിക്കുന്ന എംഎസ്എഫും കെഎസ്യുവും മിക്കയിടത്തും ഒറ്റക്കാണ് മത്സരിച്ചിരുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി ബ്ലോക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെഎസ്യു ജില്ലാ പ്രസിഡന്റ് റിയാസ് മുക്കോളിക്കെതിരെ കോണ്‍ഗ്രസ് റിബല്‍ മത്സരിച്ചിരുന്നു. അന്ന് ലീഗ് പിന്തുണയോടെ റിബലാണ് ജയിച്ചത്. ഇതിന്റെ വിരോധത്തിലാണ് കെഎസ്യു ഒറ്റക്ക് മത്സരിച്ചാല്‍ മതിയെന്ന് പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിച്ചത്. കമ്മിറ്റി ഭാരവാഹികളോടോ നേതൃത്വവുമായോ ആലോചിക്കാതെ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് ഇത് തെളിയിക്കുന്നതായി യൂണിറ്റ് ഭാരവാഹികള്‍ വിലയിരുത്തുന്നു.

ജില്ലയിലേറ്റ കനത്തപരാജയത്തിന് ഇടയാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പ്രസിഡന്റിനാണെന്നും അതിനാല്‍ രാജിവച്ച് പുറത്തുപോകണമെന്നുമാണ് ഇക്കൂട്ടരുടെ ആവശ്യം. എ ഗ്രൂപ്പുകാരനായ പ്രസിഡന്റ് ഐ ഗ്രൂപ്പുകാരെ പാടെ അവഗണിക്കുകയാണെന്നും ആരോപണമുണ്ട്. കഴിഞ്ഞദിവസം നടന്ന ജില്ലാ ക്യാമ്പില്‍ എ ഗ്രൂപ്പുകാരെ പങ്കെടുപ്പിച്ചിട്ടില്ല. കോളേജ് ഭാരവാഹികള്‍ക്കുപകരം സ്കൂള്‍ കുട്ടികളെ സംഘടിപ്പിച്ച് ഹാള്‍ നിറക്കുകയായിരുന്നുവെന്ന് ഐ വിഭാഗം ആരോപിക്കുന്നു. സജീവമായി രാഷ്ട്രീയത്തിലിടപെടാതെ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാധ്യമശ്രദ്ധനേടാന്‍ ശ്രമിക്കുകയാണ് പ്രസിഡന്റെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ചില സ്ഥലങ്ങളില്‍ നാമനിര്‍ദേശ പത്രികപോലും നല്‍കാന്‍ സാധിച്ചിട്ടില്ല. അതിനിടെ മലപ്പുറം ഗവ. കോളേജിലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ ഡിസിസി ഓഫീസ് പരിസരത്തുവച്ച് റിയാസ് മുക്കോളിക്കെതിരെ മുദ്രാവാക്യം വിളിക്കുകയുംചെയ്തു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്എഫ്ഐക്ക് വന്‍ വിജയം

പാലക്കാട്: വ്യാഴാഴ്ച നടന്ന കോളേജ്യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഭൂരിഭാഗം ക്യാമ്പസുകളിലും എസ്എഫ്ഐ മികച്ച വിജയം നേടി. പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ്, ആലത്തൂര്‍ എസ്എന്‍ , ഒറ്റപ്പാലം എന്‍എസ്എസ്എസ്, നെന്മാറ എന്‍എസ്എസ്, ശ്രീകൃഷ്ണപുരം വിടിബി, തുഞ്ചത്തെഴുത്തച്ഛന്‍ കോളേജ്, അട്ടപ്പാടി ഐഎച്ച്ആര്‍ഡി, ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജ്, കോട്ടായി ഐഎച്ച്ആര്‍ഡി എന്നീ കോളേജുകളില്‍ എല്ലാ സീറ്റുകളും എസ്എഫ്ഐ നേടി. തൃത്താല മൈനോറിറ്റി കോളേജില്‍ എംഎസ്എഫിന്റെ കുത്തക തകര്‍ത്ത് മൂന്ന് സീറ്റ് നേടി. സവാസ് (യുയുസി), ഇക്ബാല്‍ (ജനറല്‍സെക്രട്ടറി) ഷിമ(വൈസ്ചെയര്‍പേഴ്സണ്‍)എന്നിവരാണ് വിജയിച്ചത്. ഷൊര്‍ണൂര്‍ എസ്എന്‍ കോളേജും എസ്എഫ്ഐ യൂണിയന്‍ നിലനിര്‍ത്തി. കല്ലേപ്പുള്ളി ഐഎച്ച്ആര്‍ഡി, വടക്കഞ്ചേരി ഐഎച്ച്ആര്‍ഡി, കൊഴിഞ്ഞാമ്പാറ ഗവ. കോളേജ്, മൈനോറിറ്റി കോളേജുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ ക്ലാസുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അധ്യാപകര്‍ തെറ്റായ രീതിയില്‍ വോട്ടുചെയ്യാന്‍ പറഞ്ഞതിന്റെ ഭാഗമായും അസാധുവോട്ട് ചെയ്യാന്‍ പറഞ്ഞതിന്റെ ഭാഗമായും അസാധുവോട്ട് പക്ഷപാതിത്വപരമായി തീരുമാനിച്ചതിന്റെ ഭാഗമായി എസ്എഫ്ഐ യൂണിവേഴ്സിറ്റിയില്‍ പരാതി കൊടുക്കുകയും ചെയ്തു. പട്ടാമ്പി സംസ്കൃത കോളേജില്‍ കെഎസ്യു അക്രമത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

പല ക്യാമ്പസുകളിലും കെഎസ്യു, എബിവിപി, എംഎസ്എഫ് കൂട്ടുകെട്ടിനെയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. അരാഷ്ട്രീയതയ്ക്കും വര്‍ഗീയതയ്ക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെയും യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് എല്ലാ കോളേജുകളിലും എസ്എഫ്ഐ വിജയത്തിലൂടെ പ്രതിഫലിച്ചത്. എസ്എഫ്ഐക്ക് വോട്ടുരേഖപ്പെടുത്തിയ എല്ലാവിദ്യാര്‍ഥികളേയും ജില്ലാകമ്മിറ്റി അഭിവാദ്യം ചെയ്തു.

deshabhimani 300911

4 comments:

  1. കച്ചവട വിദ്യാഭ്യാസ നയത്തിന് താക്കീതായി കലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കോളേജ് ക്യാമ്പസുകളില്‍ എസ്എഫ്ഐയുടെ പടയോട്ടം.

    ReplyDelete
  2. കോഴിക്കോട്: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 22 കോളേജുകളില്‍ 18ല്‍ എസ്എഫ്ഐ വിജയിച്ചു. 31 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ 25 എണ്ണവും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഫാറൂഖ് കോളേജില്‍ രണ്ട് കൗണ്‍സിലര്‍ സ്ഥാനങ്ങളും എംഎസ്എഫില്‍നിന്നും പിടിച്ചെടുത്തു. കഴിഞ്ഞതവണ നഷ്ടപ്പെട്ട ഐഎച്ച്ആര്‍ഡി തിരുവമ്പാടി, ഐഎച്ച്ആര്‍ഡി കോഴിക്കോട് എന്നീ കോളേജുകള്‍ എസ്എഫ്ഐ തിരിച്ചുപിടിച്ചു. എംഎസ്എഫ്-കെഎസ്യു സഖ്യത്തിന് അഞ്ച് കൗണ്‍സിലര്‍സ്ഥാനങ്ങള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ദേവഗിരി കോളേജിലെ സ്റ്റുഡന്റ് എഡിറ്ററായി അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിന്‍നാഥ് പുത്തഞ്ചേരി വിജയിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ. ആര്‍ട്സ് കോളേജ്, ചേളന്നൂര്‍ എസ് എന്‍ കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, എസ്എന്‍ഡിപി കോളേജ് കൊയിലാണ്ടി, എസ്എന്‍ കോളേജ് വടകര, ഐഎച്ച്ആര്‍ഡി തിരുവമ്പാടി, ഐഎച്ച്ആര്‍ഡി കോഴിക്കോട്, ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളില്‍ ഉജ്ജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്. മടപ്പള്ളി ഗവ. കോളേജ്, മൊകേരി ഗവ. കോളേജ്, സികെജി പേരാമ്പ്ര, മുചുകുന്ന് ഗവ. കോളേജ്, ഐഎച്ച്ആര്‍ഡി കല്ലാച്ചി, കുന്നമംഗലം സാവിത്രി സാബു എന്നീ കോളേജുകളില്‍ നേരത്തെതന്നെ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു. അരാഷ്ട്രീയതക്കും വര്‍ഗീയതക്കും, വിദ്യാഭ്യാസ കച്ചവടത്തിനുമെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ എസ്എഫ്ഐക്ക് ഒപ്പമാണെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി. എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അഭിവാദ്യം ചെയ്തു.

    ReplyDelete
  3. കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലെ കോളേജുകളില്‍ നടന്ന യൂണിയന്‍ തെരെഞ്ഞടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് ഉജ്വലവിജയം. ആകെ ഏഴ് കോളേജുകളില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ആറിലും എസ്എഫ്ഐ വിജയിച്ചു. മുട്ടില്‍ ഡബ്ല്യു എംഒ കോളേജില്‍ മാത്രമാണ് എംഎസ്എഫിന് വിജയിക്കാന്‍ കഴിഞ്ഞത്. കെഎസ്യുവിന് ഒരിടത്തും വിജയിക്കാന്‍ കഴിഞ്ഞില്ല.

    ReplyDelete
  4. ബത്തേരി: സെന്റ് മേരീസ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്എക്ക് ഉജ്ജ്വല വിജയം. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് ജനറല്‍ സീറ്റുകളില്‍ ആറും നേടിയാണ് എസ്എഫ്ഐ കോളേജില്‍ വിജയം ഉറപ്പിച്ചത്. കെഎസ്യു- എംഎസ്എഫ് സഖ്യത്തെയാണ് തനിച്ച് മത്സരിച്ച എസ്എഫ്ഐ നേരിട്ടത്. നോമിനേഷന്‍ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കാരണമാണ് സെന്റ് മേരീസ് കോളേജിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. കലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ മറ്റ് കോളേജുകളില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടന്നിരുന്നു. പി സനീഷ് (ചെയര്‍മാന്‍), അഞ്ജു പോള്‍ (െവൈസ് ചെയര്‍മാന്‍), ആര്‍ കെ അബ്ദുള്ള (ജനറല്‍ സെക്രട്ടറി), താര എസ് രാജ് (ജോ. സെക്രട്ടറി), നിഖില്‍ (യുയുസി), പി അനില്‍ (ജനറല്‍ക്യാപ്റ്റന്‍)എന്നിവരാണ് വിജയിച്ച എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ . ഫൈറൂസ് (യുയുസി), ഫാസില്‍ (ഫൈന്‍ആര്‍ട്സ്), റിജിന്‍ (എഡിറ്റര്‍) കെഎസ്യു സഖ്യം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബത്തേരിയില്‍ ആഹ്ലാദപ്രകടനം നടത്തി. ജില്ലാസെക്രട്ടറി സനു രാജപ്പന്‍ , എന്‍ ഫെബിന്‍ എന്നിവര്‍ സംസാരിച്ചു.

    ReplyDelete