Wednesday, September 28, 2011

"ഭരണമാണത്രേ, ഇത് ഭരണമാണത്രേ"

ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് എരിവും പുളിയും പകരാന്‍ വിഭവങ്ങള്‍ക്ക് തെല്ലും പഞ്ഞമുണ്ടായില്ല. ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച ഇ പി ജയരാജന്‍മുതല്‍ ഉപസംഹരിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍വരെ കത്തിക്കയറി. ഇടയ്ക്കിടെ തീയും പുകയും ഉയര്‍ന്നത് പ്രക്ഷുബ്ധരംഗങ്ങള്‍ക്കും വകനല്‍കി. മന്ത്രിമാരുടെ വ്യക്തിഗത പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിച്ച മുന്‍ മന്ത്രി ജി സുധാകരന്‍ ഉഗ്രന്‍ ഫോമില്‍തന്നെയായിരുന്നു. പനിയും പകര്‍ച്ചവ്യാധിയുംമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന മരണവും ദുരിതങ്ങളും തോമസ് ഐസക് അടിയന്തര പ്രമേയ നോട്ടീസിലൂടെ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഡല്‍ഹിയാത്ര വിലാപകാവ്യമായി മാറിയെന്ന അഭിപ്രായമാണ് ഇ പി ജയരാജനുള്ളത്. നൂറുദിന പരിപാടിയില്‍ പരസ്യം നല്‍കി ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി പ്രതിസ്ഥാനത്താണെന്ന് ഇ പി പറഞ്ഞത് കെ ശിവദാസന്‍ നായര്‍ക്കും മറ്റും ബോധിച്ചില്ല. പ്രതിയല്ലെങ്കില്‍ അക്കാര്യം മുഖ്യമന്ത്രി പറയട്ടെയെന്നായി ഇ പി ജയരാജന്‍ . ഇരുപക്ഷവും കൊമ്പുകോര്‍ത്തെങ്കിലും മുഖ്യമന്ത്രി മൗനം പാലിച്ചതേയുള്ളൂ. ജീവനക്കാരുടെ സ്ഥലംമാറ്റത്തിലെ അഴിമതി, സ്വകാര്യ പ്രാക്ടീസ് പിന്‍വലിക്കുന്നതിനുള്ള പണപ്പിരിവ്, ജഡ്ജിമാര്‍ക്ക് നേരെയുള്ള ഭീഷണി.... വിചാരണ നീണ്ടു. ഉമ്മന്‍ചാണ്ടി രാജിവച്ച് വേണമെങ്കില്‍ ചെന്നിത്തല മുഖ്യമന്ത്രിയായിക്കോട്ടെ- ഇ പി മുന്നോട്ടുവച്ച പോംവഴി ഭരണപക്ഷം ചെവിക്കൊള്ളുമോയെന്ന് വരുംനാളുകളിലറിയാം.

നേരും ചൊവ്വുമുള്ള ഒരാളും മന്ത്രിമാരുടെ കൂട്ടത്തിലില്ലെന്ന് കുറഞ്ഞപക്ഷം ഉമ്മന്‍ചാണ്ടിയെങ്കിലും ഓര്‍ത്താല്‍ നന്നെന്ന അഭിപ്രായക്കാരനാണ് ജി സുധാകരന്‍ . കെ എം മാണിയും കുഞ്ഞാലിക്കുട്ടിയും പ്രത്യേക അജന്‍ഡയുള്ളവരാണ്. ആര്യാടനും ടി എം ജേക്കബിനും കഴിവുണ്ടെങ്കിലും ഭൗതികസാഹചര്യം പോര. പിന്നെ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബാണ്. "എന്റെ റബ്ബേ എന്ന് വിളിച്ചുപോകും" സി എന്‍ ബാലകൃഷ്ണന്‍ - നന്നായി സംസാരിക്കും. പക്ഷേ, ഭരിക്കുന്നത് വേറെ ആരോ ആണത്രേ. ശിവകുമാര്‍ ... ശിവ..ശിവ ഒന്നും പറയേണ്ട. അടൂര്‍ പ്രകാശിന് ഭരണം പറ്റിയ പണിയല്ല. ഗണേശന് അഭിനയമാണ് പ്രധാനം. ജയലക്ഷ്മി ഇന്നുവരെ മിണ്ടിയിട്ടില്ല. ഇബ്രാഹിം കുഞ്ഞിനെ "കുഴികളുടെ പ്രിയകാമുകന്‍" എന്നല്ലാതെ എന്തു വിശേഷിപ്പിക്കാനാണ്. പി ജെ ജോസഫ് ഇപ്പോഴും ആകാശത്ത് എവിടെയോ ആണ്... ഇങ്ങനെപോയി സുധാകര നിരീക്ഷണം.

നൂറുദിനപരിപാടി വെറും മാജിക് ആയിരുന്നെന്ന് അദ്ദേഹം തറപ്പിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തങ്കലിപികളില്‍ എഴുതണമെന്നാണ് പരസ്യം. അതിന് തങ്കം എവിടെനിന്ന് കിട്ടുമെന്ന് സുധാകരന്‍ ആരാഞ്ഞു.

ഭരണത്തെക്കുറിച്ചുള്ള സ്വന്തംകവിതയും അദ്ദേഹം അവതരിപ്പിച്ചു. "ഭരണമാണത്രേ, ഇത് ഭരണമാണത്രേ/നിങ്ങള്‍ ഞെളിയുന്നു, ആവേശത്തില്‍ തിരമാലകളേറി/പുളകം കൊണ്ടീടല്ലേ, സചിവോത്തമന്മാരെ, തിരയില്‍ ചുഴിയുണ്ട്, സ്രാവുണ്ട്, നിങ്ങള്‍ പെറ്റ കടല്‍ മാക്രിയുണ്ട്..." എന്ന് തുടങ്ങിയ കവിത "ഓടുക ബഹുദൂരം/മായുക അതിവേഗം/പാവമാം ഞങ്ങള്‍ സ്വസ്ഥമായി ശ്വസിച്ചോട്ടെ..." എന്നാണ് അവസാനിച്ചത്.

പ്രചാരണത്തിന് ഗീബല്‍സിനെയും ചതിക്ക് ഷൈലോക്കിനെയും കടമെടുത്ത സര്‍ക്കാരാണെന്നാണ് പി ശ്രീരാമകൃഷ്ണന്റെ പക്ഷം. രാജഭരണത്തിന്റെ ഹാങ്ഓവറിലാണ് ഇപ്പോഴും മുഖ്യമന്ത്രി. എല്ലാറ്റിനും തന്റെ അടുത്ത് വരണമെന്ന മനോഭാവം മറിച്ചൊന്നുമല്ല വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെന്‍ഷന്‍പ്രായം വിഷയം ഉന്നയിച്ച ശ്രീരാമകൃഷ്ണന്‍ ഇക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. 120 ദിവസംകൊണ്ട് 1000 ദിവസത്തെ കാര്യങ്ങള്‍ ചെയ്തുവെന്നായിരുന്നു കെ മുരളീധരന്റെ നിലപാട്. മുരളിയുടെ ഉമ്മന്‍ചാണ്ടി സ്തുതികേട്ട പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പഴയ കാര്യങ്ങള്‍ ചിലതുകൂടി ഓര്‍ത്താല്‍ നന്നായിരിക്കുമെന്ന് ഓര്‍മിപ്പിച്ചു. കരുണാകരമന്ത്രിസഭയില്‍നിന്നുള്ള ഉമ്മന്‍ചാണ്ടിയുടെ രാജി, ഐഎസ്ആര്‍ഒ ചാരക്കേസ്, പ്രതിച്ഛായ ചര്‍ച്ച, ഇതെല്ലാം മറന്നുപോയോയെന്നായി വി എസ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ മേല്‍ കുറ്റിയടിച്ച് നടത്തുന്ന ആത്മപ്രശംസകൊണ്ട് രക്ഷപ്പെടില്ലെന്നും വി എസ് വ്യക്തമാക്കി. കുട്ടികളെ മായക്കണ്ണാടിയിലൂടെ നായഗ്ര വെള്ളച്ചാട്ടവും താജ്മഹലും കാണിക്കുന്നതുപോലെയാണ് സര്‍ക്കാരിന്റെ നൂറുദിനങ്ങളെന്ന് ഇ കെ വിജയന്‍ . ഇല്ലാത്ത വാറിന്റെ (ചാട്ടവാര്‍) വല്ലാത്ത ജാടയിലാണ് ചീഫ് വിപ്പ് പി സി ജോര്‍ജെന്ന് മാത്യു ടി തോമസ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സ്വന്തമാക്കിയതില്‍ എ എ അസീസ് അരിശംകൊണ്ടു. "ഞങ്ങളുടെ കുഞ്ഞിനെ നിങ്ങള്‍ എന്തിന് മടിയില്‍വച്ചെന്നായി" അസീസ്. കുഞ്ഞിനെ കുളിപ്പിച്ച് നല്ല വസ്ത്രം ധരിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രിയുടെ ആശ്വാസവാക്കുകള്‍ . പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പി ശ്രീരാമകൃഷ്ണന് മുഖ്യമന്ത്രി മറുപടി നല്‍കി. പി തിലോത്തമന്‍ , കെ എന്‍ എ ഖാദര്‍ , സി എഫ് തോമസ്, സണ്ണി ജോസഫ്, പി ഉബൈദുള്ള, സി പി മുഹമ്മദ്, പാലോട് രവി, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ധനാഭ്യര്‍ഥനയിന്മേല്‍ നടന്ന വോട്ടെടുപ്പ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി. 67നെതിരെ 72 വോട്ടിന് ബില്‍ പാസാക്കിയപ്പോഴാണ് ഭരണപക്ഷനിരകളില്‍ ശ്വാസം നേരെ വീണത്. പനി മരണത്തെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാവിലെ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

കെ ശ്രീകണ്ഠന്‍ deshabhimani

1 comment:

  1. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് എരിവും പുളിയും പകരാന്‍ വിഭവങ്ങള്‍ക്ക് തെല്ലും പഞ്ഞമുണ്ടായില്ല. ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച ഇ പി ജയരാജന്‍മുതല്‍ ഉപസംഹരിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍വരെ കത്തിക്കയറി. ഇടയ്ക്കിടെ തീയും പുകയും ഉയര്‍ന്നത് പ്രക്ഷുബ്ധരംഗങ്ങള്‍ക്കും വകനല്‍കി. മന്ത്രിമാരുടെ വ്യക്തിഗത പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിച്ച മുന്‍ മന്ത്രി ജി സുധാകരന്‍ ഉഗ്രന്‍ ഫോമില്‍തന്നെയായിരുന്നു. പനിയും പകര്‍ച്ചവ്യാധിയുംമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന മരണവും ദുരിതങ്ങളും തോമസ് ഐസക് അടിയന്തര പ്രമേയ നോട്ടീസിലൂടെ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

    ReplyDelete