Tuesday, September 27, 2011

തൃണമൂല്‍ നേതാവിന്റെ കൊല: കുറ്റപത്രത്തില്‍നിന്ന് മന്ത്രിയുടെ പേര് ഒഴിവാക്കി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശികനേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ തപന്‍ ദത്ത കൊല്ലപ്പെട്ട കേസിന്റെ കുറ്റപത്രത്തില്‍ മമത മന്ത്രിസഭയിലെ തൃണമൂല്‍ മന്ത്രിയുടെ പേര്. എന്നാല്‍ , കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം മന്ത്രിയുടെ പേര് നീക്കി. സംസ്ഥാന കാര്‍ഷികവിപണന മന്ത്രി അരൂപ് റായിയുടെ പേരാണ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്.

ഹൗറ ജില്ലയിലെ ബല്ലിയില്‍ ഇക്കൊല്ലം മെയ് ആറിനാണ് തപന്‍ ദത്ത വെടിയേറ്റു മരിച്ചത്. ജേയ്പുര്‍ തടാകം നികത്തുന്നതിനെതിരായ ജനകീയപ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തയാളാണ് തപന്‍ ദത്ത. ഇതിന്റെ വൈരാഗ്യത്താലാണ് കൊലയെന്നാണ് പൊലീസ് സംശയം. തൃണമൂല്‍ കോണ്‍ഗ്രസ് ഹൗറ ജില്ലാ പ്രസിഡന്റായിരുന്നു അരൂപ് റായ്. കൊലക്കേസില്‍ ഹൗറ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പേര് പരാമര്‍ശിച്ച അരൂപ് റായ് സംസ്ഥാന കാര്‍ഷിക വിപണന മന്ത്രിയാണെന്ന് കഴിഞ്ഞ ദിവസം സിഐഡി വിഭാഗം അറിയിച്ചിരുന്നു. ഇത് വാര്‍ത്തയായതോടെ കുറ്റപത്രത്തില്‍ അരൂപ് റായിയുടെ പേരില്ലെന്ന് സിഐഡി വിഭാഗം ഡിജിപി ബി വി തമ്പി അറിയിച്ചു. കുറ്റപത്രത്തില്‍ പതിനാറാം പേജിലാണ് അരൂപ് റായിയുടെ പേരുണ്ടായിരുന്നത്. കൊല്ലപ്പെട്ട തപന്‍ ദത്തയുടെ ഭാര്യ പ്രതിമയും കുറ്റപത്രം വായിക്കുകയും അരൂപ് റായിയുടെ പേര് കണ്ടുവെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

ജലഭഭൂമി സംരക്ഷണ സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ തപന്‍ ദത്തയെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ തൃണമൂല്‍ നേതാക്കള്‍ കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസില്‍ തൃണമൂല്‍ നേതാവ് ഷഷ്ടി ഗായേന്‍ , സഹോദരന്‍ അസിത് ഗായേന്‍ എന്നിവരടക്കം അഞ്ചു പേരെ അറസ്റ്റുചെയ്തിരുന്നു.
(വി ജയിന്‍)

ദേശാഭിമാനി 270911

1 comment:

  1. തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശികനേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ തപന്‍ ദത്ത കൊല്ലപ്പെട്ട കേസിന്റെ കുറ്റപത്രത്തില്‍ മമത മന്ത്രിസഭയിലെ തൃണമൂല്‍ മന്ത്രിയുടെ പേര്. എന്നാല്‍ , കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം മന്ത്രിയുടെ പേര് നീക്കി. സംസ്ഥാന കാര്‍ഷികവിപണന മന്ത്രി അരൂപ് റായിയുടെ പേരാണ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്.

    ReplyDelete