Monday, September 26, 2011

പകര്‍ച്ചവ്യാധി: യോഗം പ്രഹസനമായി

പകര്‍ച്ചവ്യാധി തടയാന്‍ ആരോഗ്യവകുപ്പ് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത അടിയന്തരയോഗം പ്രഹസനമായി. പകര്‍ച്ചവ്യാധി തടയുന്നതിന് ശാസ്ത്രീയമായ മാര്‍ഗനിര്‍ദേശങ്ങളൊന്നുമുണ്ടായില്ല. ആശുപത്രികളില്‍ ഡോക്ടര്‍മാരുടേയും മറ്റു ജീവനക്കാരുടേയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മരുന്നുമില്ല. ഇക്കാര്യങ്ങളില്‍ ഒരു നടപടിക്കും നിര്‍ദേശമില്ല. കൂടുതല്‍ ഫണ്ടും അനുവദിച്ചില്ല. യോഗത്തില്‍ ജില്ലയിലെ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പങ്കെടുത്തില്ല. എത്തിയ എംഎല്‍എമാരില്‍ യുഡിഎഫുകാര്‍ ആരുമുണ്ടായിരുന്നില്ല. യോഗത്തില്‍ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു. യുഡിഎഫ് ജനപ്രതിനിധികളും മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്തെത്തി.

മാലിന്യനിര്‍മാര്‍ജനത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ക്ക് 10,000 രൂപവീതം അനുവദിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , പല സ്ഥാപനങ്ങള്‍ക്കും ഈ ഫണ്ട് ലഭിച്ചില്ലെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. അതിനാല്‍ മാലിന്യനിര്‍മാര്‍ജനം നടത്താനാവാത്ത സ്ഥിതിയാണ്. എന്നാല്‍ , അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതില്‍ ജനപ്രതിനിധികള്‍ക്കുള്ള പരിചയക്കുറവാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നുമായിരുന്നു ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ദിലീപ്കുമാറിന്റെ മറുപടി. മാലിന്യനിര്‍മാര്‍ജനത്തിന് എല്ലാ വകുപ്പുകളെയും ഏകോപ്പിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. വാര്‍ഡുകളില്‍ ഈ ആഴ്ച കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗങ്ങള്‍ ചേരും. യോഗത്തില്‍ എഡിഎം ടി വി ശോഭന അധ്യക്ഷയായി. എംഎല്‍എമാരായ ബി ഡി ദേവസി, വി എസ് സുനില്‍കുമാര്‍ , കെ വി അബ്ദുല്‍ഖാദര്‍ , ഡിഎംഒ ഡോ. വി വി വീനസ് തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പകര്‍ച്ചവ്യാധികള്‍തടയുന്നതിന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. അടിയന്തരസാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ ഫണ്ടും അനുവദിച്ചിരുന്നു.

പനി ക്ലിനിക്ക് പ്രഖ്യാപനത്തിലൊതുങ്ങി

കോഴിക്കോട്: പകര്‍ച്ചപ്പനി പടരാതിരിക്കാന്‍ മെഡിക്കല്‍ കോളേജിലും മറ്റു ആശുപത്രികളിലും പ്രത്യേക പനി ക്ലിനിക്ക് തുടങ്ങുമെന്ന മന്ത്രിയുടെ പ്രഖ്യാപനം കടലാസില്‍ മാത്രം. പ്രത്യേക പനി ക്ലിനിക് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍പ്രകാശ് ഉന്നതതല സര്‍വകക്ഷിയോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നു. "പനി വ്യാപകമായാല്‍ എല്ലാ കമ്യൂണിറ്റി ആശുപത്രികളിലും പ്രത്യേകമായി പനി ക്ലിനിക്കുകള്‍ ആരംഭിക്കാറുണ്ട്. അത് എല്ലായിടങ്ങളിലും നേരത്തെതന്നെയുണ്ട്". മെഡിക്കല്‍ കോളേജില്‍ പ്രത്യേക പനി ക്ലിനിക്കുകളെക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ല. മന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബന്ധപ്പെട്ടവരുടെ പ്രതികരണമിതായിരുന്നു.

ജില്ലയില്‍ പല കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും എലിപ്പനി ബാധിച്ചവര്‍ക്ക് ആവശ്യമായ മരുന്ന് ലഭ്യമല്ലെന്ന ആക്ഷേപമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം വെള്ളയിലും വെള്ളിമാടുകുന്നിലെയും ആശുപത്രികളില്‍ മരുന്നില്ലായിരുന്നു. പലര്‍ക്കും മരുന്ന് പുറത്തേക്ക് എഴുതുകയായിരുന്നു. ശുചിത്വ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതിനാല്‍ ജില്ലയില്‍ എലിപ്പനി ആശങ്കാകുലമായി ഇപ്പോഴും തുടരുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഒഴിവുള്ള ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞിട്ടും നിലവിലുള്ള ഡോക്ടര്‍മാരെ കൂടാതെ ആരെയും പുതുതായി നിയോഗിച്ചിട്ടില്ല. 25 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ എല്ലാ സംഘടനകളെയും യോജിപ്പിച്ച് ശുചീകരണവാരം ആരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും ജില്ലയില്‍ ഒക്ടോബര്‍ രണ്ടുമുതല്‍ ശുചിത്വോത്സവമായി ആചരിക്കുമെന്നാണ് കലക്ടര്‍ പി ബി സലീം അറിയിച്ചത്. തിങ്കളാഴ്ച പകല്‍ 12ന് കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിനായി ശില്‍പശാലയും സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗവും ചേരും. 28ന് എഇഒ, ഡിഇഒമാരുടെയും 29, 30 തീയതികളില്‍ സ്കൂള്‍ പ്രധാനാധ്യാപകരുടെയും യോഗം ചേരും.

deshabhimani 260911

1 comment:

  1. പകര്‍ച്ചവ്യാധി തടയാന്‍ ആരോഗ്യവകുപ്പ് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത അടിയന്തരയോഗം പ്രഹസനമായി. പകര്‍ച്ചവ്യാധി തടയുന്നതിന് ശാസ്ത്രീയമായ മാര്‍ഗനിര്‍ദേശങ്ങളൊന്നുമുണ്ടായില്ല. ആശുപത്രികളില്‍ ഡോക്ടര്‍മാരുടേയും മറ്റു ജീവനക്കാരുടേയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മരുന്നുമില്ല. ഇക്കാര്യങ്ങളില്‍ ഒരു നടപടിക്കും നിര്‍ദേശമില്ല. കൂടുതല്‍ ഫണ്ടും അനുവദിച്ചില്ല. യോഗത്തില്‍ ജില്ലയിലെ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പങ്കെടുത്തില്ല. എത്തിയ എംഎല്‍എമാരില്‍ യുഡിഎഫുകാര്‍ ആരുമുണ്ടായിരുന്നില്ല. യോഗത്തില്‍ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു. യുഡിഎഫ് ജനപ്രതിനിധികളും മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്തെത്തി.

    ReplyDelete