തന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ മൃഗീയമായി പീഡിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ആര്‍ ബാലകൃഷ്ണപിള്ള തടവില്‍ നിന്ന് ചാനല്‍ ലേഖകനോട് ഫോണില്‍ സംസാരിച്ചത് വിവാദമായി. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ച പിള്ള ചികിത്സയുടെ മറവില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖവാസത്തിലാണ് ഇപ്പോള്‍ . ആശുപത്രിയില്‍നിന്ന് ജയില്‍നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്. പിള്ളയുടെ പേരിലുള്ള 9447155555 നമ്പര്‍ ഫോണില്‍ വിളിച്ചാണ് ചാനല്‍ ലേഖകന്‍ സംസാരിച്ചത്.
അധ്യാപകനെ കൊല്ലാന്‍ ശ്രമിച്ചതില്‍ തനിക്ക് പങ്കില്ലെന്നും ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ പാര്‍ടി അണികളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നുമുള്ള സംഭാഷണമാണ് ചാനല്‍ പുറത്തുവിട്ടത്. അധ്യാപകന്റെ വധശ്രമക്കേസില്‍ പിള്ളയുടെ ഈ ഫോണ്‍വിളി നിര്‍ണായകമായേക്കും. സംഭവത്തിനുപിന്നില്‍ പിള്ളയാണെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ അദ്ദേഹം ഇതിനുമുമ്പ് വിളിച്ച കോളുകളും പൊലീസ് പരിശോധിക്കും. താന്‍ പറയുന്ന കാര്യങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പിള്ള ചാനല്‍ ലേഖകനുമായി സംസാരിച്ചത്. ജയില്‍പുള്ളി ഫോണ്‍ ഉപയോഗിക്കുന്നത് 2010ലെ ജയില്‍നിയമവും ഇന്ത്യന്‍ ശിക്ഷാനിയമവും അനുസരിച്ച് ശിക്ഷാര്‍ഹമാണ്. ഒരു കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്കെതിരെ ഫോണ്‍ ഉപയോഗിച്ചതിന് നേരത്തെ പൊലീസ് കേസെടുത്തിട്ടുണ്ട്. പിള്ള നിയമലംഘനം നടത്തിയതായി വ്യക്തമായിട്ടും സര്‍ക്കാരില്‍നിന്ന് ഒരു നടപടിയും ഉണ്ടായില്ല. പിള്ള ഫോണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിയമവിരുദ്ധമാണെന്നു മാത്രമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. അതേസമയം, ആശുപത്രിയില്‍ പിള്ള സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞപ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി തെളിവുണ്ട്. ഫെബ്രുവരിയില്‍ കോട്ടയം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കടക്കം പിള്ള വിളിച്ചിരുന്നു.
ഗുരുതരരോഗം ബാധിച്ചതായി പറഞ്ഞ് ആഗസ്ത് അഞ്ചിനാണ് പിള്ള തിരുവനന്തപുരം നഗരത്തിലെ പഞ്ചനക്ഷത്ര ആശുപത്രിയില്‍ എത്തുന്നത്. ആശുപത്രിയില്‍ പൊലീസ് കാവലില്‍ സകല സുഖസൗകര്യങ്ങളോടുംകൂടി കഴിയുന്ന പിള്ളയ്ക്കൊപ്പം നിയമംലംഘിച്ച് സഹായികളെ നിര്‍ത്താനും സര്‍ക്കാര്‍ അനുവദിച്ചു. പരോളില്‍ ഇറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പിള്ള പരസ്യമായി പ്രതികരിച്ചതും വിവാദമായിരുന്നു. ജയില്‍നിയമങ്ങള്‍ ലംഘിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിള്ളയെ ആശുപത്രിയിലാക്കിയത്. ഒരുമാസത്തെ പരോള്‍ കഴിഞ്ഞ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മടങ്ങിയെത്തിയ പിള്ളയ്ക്ക് മിന്നല്‍വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കിയാണ് സുഖവാസത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കിയത്. രാത്രി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇറക്കിയ ഉത്തരവ് പ്രത്യേക ദൂതന്‍വശം ജയിലില്‍ എത്തിക്കുകയും രാത്രിതന്നെ പിള്ളയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
"വിളിച്ചെന്നേ പറയരുത്.. എനിക്ക് പാടില്ലല്ലോ..."
ലേഖകന്‍ : സാറിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലെ ഒരു സംഭവം ഉണ്ടായല്ലോ?
പിള്ള: ഉടമസ്ഥതയിലുള്ള സ്കൂളില്‍ ഉണ്ടായിട്ടില്ല, അധ്യാപകന് ഏതോ പ്രശ്നമുള്ളതായി പത്രത്തില്‍ കണ്ടു. എനിക്ക് കോണ്‍ടാക്ട് ഒന്നും ഇല്ലല്ലോ? ഞാന്‍ സാറന്മാരോടും പാര്‍ടിക്കാരോടും പറഞ്ഞിട്ടുണ്ട് അന്വേഷണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്. എന്റേതായി ഇതൊന്നും ടിവിയില്‍ കൊടുക്കരുത്.
ചോദ്യം: സാറാണ് പിന്നിലെന്ന് ബന്ധുക്കള്‍ പറയുന്നല്ലോ?
ഉത്തരം: ബന്ധുക്കള്‍ എനിക്ക് എതിരാണല്ലോ? അവരാണ് യഥാര്‍ഥത്തില്‍ ... ഒരധ്യാപകന് കൊടുക്കേണ്ട ജോലി തട്ടിയെടുത്തതാണ് അവിടത്തെ പ്രശ്നം. എനിക്ക് പ്രശ്നമില്ല. സാറന്മാരുമായാണ് പ്രശ്നം. എന്നെ കക്ഷി ചേര്‍ത്തപ്പോള്‍ എനിക്ക് വക്കീലിനെ വയ്ക്കാതിരിക്കാന്‍ ആവില്ലല്ലോ...
ചോദ്യം: പ്രതിപക്ഷം പറയുന്നത് സാറും ഗണേശ് സാറും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കിയെന്നാണ്...
ഉത്തരം: അവര്‍ തെളിയിക്കട്ടെ.. ഞാന്‍ ജയിലിലാ... ആശുപത്രി എന്നു പറഞ്ഞാല്‍ ജീവനക്കാര്‍ സ്ട്രിക്ടാണ്... ഞാന്‍ അത്ര നല്ല അവസ്ഥയിലല്ല ശാരീരികമായിട്ട്... വന്നതിനേക്കാള്‍ ബുദ്ധിമുട്ടിലാണ് കഴിയുന്നത്...
ചോദ്യം: ട്രീറ്റ്മെന്റ് ഒക്കെ എങ്ങനെ?
ഉത്തരം: അമേരിക്കയില്‍നിന്ന് റിപ്പോര്‍ട്ട് വരേണ്ടതുണ്ട്... വന്നിട്ടില്ല... ട്രീറ്റ്മെന്റ് തുടങ്ങാന്‍ അത് വരണം... ഏതായാലും ഇത് തെളിയുമല്ലോ... പ്രതിപക്ഷനേതാവ് പറഞ്ഞത് തെറ്റാണെന്ന് നിങ്ങള്‍ക്ക് പറയേണ്ടിവരും...
ചോദ്യം: ഗണേശ് രാജി വയ്ക്കണമെന്ന ആവശ്യം...
ഉത്തരം: അധ്യാപകനെ അഡ്മിറ്റ് ചെയ്ത സമയത്ത് ഒരു കുഴപ്പവും ഇല്ലായിരുന്നെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്... എട്ടു മണിക്കൂര്‍ ബോധക്കേട് ഇല്ലായിരുന്നു. ആശുപത്രിയില്‍ അധ്യാപകനെ കാണാന്‍ വന്ന ചില സാറന്മാര്‍ എന്നേയും കാണാന്‍ വന്നിരുന്നു... സ്റ്റാഫ് സെക്രട്ടറിയായ വിവേകാനന്ദന്‍ എന്ന അധ്യാപകനാണ് അയാളെ കൊണ്ടുപോയത്... പല പ്രാവശ്യം ചോദിച്ചിട്ടും ആക്സിഡന്റ് ആണെന്നാണ് പറഞ്ഞത്... പിന്നെ പറയാം പിന്നെ പറയാം എന്ന് പറഞ്ഞിട്ട് ഒന്നും പറഞ്ഞില്ല എന്നാണ് എന്നോട് പറഞ്ഞത്...
ചോദ്യം: പൊലീസ് പറയുന്നത് മൊഴിയെടുക്കാന്‍ ആയിട്ടില്ല എന്നാണ്?
ഉത്തരം: ഇവിടെ വന്നപ്പോള്‍ ഉള്ള കാര്യമായിരിക്കും... എനിക്ക് അറിയാന്‍ മാര്‍ഗമില്ലല്ലോ... ഞാന്‍ അതിന്റെ പിറകെ അല്ലല്ലോ...പൊലീസ് മൊഴി എടുക്കുമായിരിക്കും... ഞാന്‍ പറഞ്ഞതായിട്ടേ പറയരുത്... ദയവായി എന്നെ ഉപദ്രവിക്കരുത്... ഞാന്‍ കഴിഞ്ഞു പൊയ്ക്കോട്ടെ.. മര്യാദയുടെ പേരിലാണ് ഞാന്‍ ഫോണ്‍ എടുത്തത്...
ചോദ്യം: സാറിന്റെ അഭിപ്രായം ജനങ്ങളെ അറിയിക്കേണ്ടേ? എല്ലാവരും കുറ്റപ്പെടുത്തുന്ന അവസ്ഥയാണല്ലോ?
ഉത്തരം: ഒരഭിപ്രായവും അറിയിക്കേണ്ട... നിങ്ങള്‍ അന്വേഷിച്ചതായി കൊടുക്കാം... എന്നെ വിളിച്ചെന്നേ പറയരുത്... എനിക്ക് പാടില്ലല്ലോ... ശരിയല്ലല്ലോ... ഞാന്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നയാളാണ്... പത്രസമ്മേളനമോ പത്രപ്രസ്താവനയോ ഒന്നും എനിക്ക് പാടില്ല... ദയവായി എന്നെ ഉപദ്രവിക്കരുത്... എന്റെ അസുഖം മാറ്റിക്കോട്ടെ... സ്കൂളില്‍ ചെന്ന് അധ്യാപകരോട് അന്വേഷിച്ച് വിവരങ്ങള്‍ ശേഖരിച്ചോളൂ... ഞാന്‍ ഒരഭിപ്രായവും പറഞ്ഞിട്ടില്ല.
മരണമൊഴിയെടുക്കാനാകാതെ മജിസ്ട്രേട്ട് മടങ്ങി
പൈശാചിക പീഡനത്തിനിരയായി അത്യാസന്നനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്് ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അധ്യാപകന്‍ അബോധാവസ്ഥയിലായതിനാല്‍ മരണമൊഴിയെടുക്കാനാകാതെ മജിസ്ട്രേട്ട് തിരിച്ചുപോയി. മാരകമായ മുറിവിനെത്തുടര്‍ന്ന് ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനായിട്ടില്ല. കൃത്രിമശ്വാസം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായാലേ ശസ്ത്രക്രിയ നടത്താനാവൂ.
തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (5) എ എം അഷറഫ് ആണ് കൃഷ്ണകുമാറിന്റെ മൊഴിയെടുക്കാന്‍ വ്യാഴാഴ്ച വൈകിട്ട് മെഡിക്കല്‍ കോളേജിലെത്തിയത്. സര്‍ജിക്കല്‍ ഐസിയുവില്‍ കഴിയുന്ന കൃഷ്ണകുമാറിനെ മജിസ്ട്രേട്ട് സന്ദര്‍ശിച്ചെങ്കിലും ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കുശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. കൃഷ്ണകുമാര്‍ അത്യാസന്ന നിലയിലായതിനാല്‍ ആശുപത്രിയിലെത്തി മൊഴി എടുക്കണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കര സിഐ വ്യാഴാഴ്ച രാവിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കലാം പാഷയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിജെഎം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ടി (5)നെ മൊഴിയെടുക്കാന്‍ ചുമതലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ രഹസ്യാന്വേഷണവിഭാഗവും കൊട്ടാരക്കര സിഐയും മെഡിക്കല്‍ കോളേജിലെത്തി കൃഷ്ണകുമാറിന്റെ ഭാര്യയുടെ മൊഴിയെടുത്തു.
അതിനിടെ, ഒരു കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടതുവച്ച് കേസിനെ വഴിതിരിച്ചുവിടാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തി. ഈ കാര്‍ പെട്രോള്‍ തീര്‍ന്ന് റോഡരികില്‍ തല്‍ക്കാലം നിര്‍ത്തിയിട്ടതാണെന്നും കണ്ടെത്തി. കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് കേസിന്റെ മേല്‍നോട്ടം വഹിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐജി പത്മകുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പിള്ളയുടെ ബന്ധുവായ ബസ് ഉടമയുടെ ക്വട്ടേഷന്‍ സംഘമാണ് സംശയത്തിന്റെ നിഴലിലുള്ളത്. വ്യാഴാഴ്ച രാവിലെ പത്തനാപുരത്തിനടുത്ത് കണ്ടെത്തിയ വെള്ള അള്‍ട്ടോ കാര്‍ ദുരൂഹതയുണര്‍ത്തിയിരുന്നു.
ഇതിനിടെ, അന്വേഷണം വഴിതെറ്റിച്ച് കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നീക്കം ആരംഭിച്ചു. വാളകത്തെ സ്കൂളിലേക്ക് എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ബലപ്രയോഗം നടത്തി. ഗണേശ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകള്‍ പത്താനാപുരത്ത് മാര്‍ച്ച് നടത്തി. കേസ് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചതായി ഡിജിപി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കടയ്ക്കല്‍ സ്വദേശിയായ ജ്യോത്സ്യനെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജ്യോത്സ്യന്‍ ശ്രീകുമാര്‍ , ഭാര്യ, മകന്‍ എന്നിവരെയാണ് പുനലൂര്‍ ഡിവൈഎസ്പി വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരെ പുനലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ രാത്രി വൈകിയും ചോദ്യംചെയ്തു. ചൊവ്വാഴ്ച വൈകിട്ട് സ്കൂളില്‍നിന്ന് വന്നശേഷം ശ്രീകുമാര്‍ കടയ്ക്കലില്‍ ജ്യോത്സ്യനെ കാണാന്‍ പോയെന്ന് ഭാര്യ ഗീത പൊലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശത്തുള്ള ജ്യോത്സ്യന്മാരെയെല്ലാം വ്യാഴാഴ്ച ഡിവൈഎസ്പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. പത്തനാപുരത്ത് പട്ടാഴി-പിടവൂര്‍ റോഡിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കെഎല്‍ 23-8632 നമ്പര്‍ അള്‍ട്ടോ കാര്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. എന്നാല്‍ , രാത്രി പെട്രോള്‍ തീര്‍ന്നതിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടതാണ് കാറെന്ന് പിന്നീടു വ്യക്തമായി.
deshabhimani 300911
തന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ മൃഗീയമായി പീഡിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ആര്‍ ബാലകൃഷ്ണപിള്ള തടവില്‍ നിന്ന് ചാനല്‍ ലേഖകനോട് ഫോണില്‍ സംസാരിച്ചത് വിവാദമായി. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ച പിള്ള ചികിത്സയുടെ മറവില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖവാസത്തിലാണ് ഇപ്പോള്‍ . ആശുപത്രിയില്‍നിന്ന് ജയില്‍നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്.
ReplyDeleteവാളകം ആര്‍ വി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തന്റേതല്ലെന്നും അധ്യാപകനെ ആക്രമിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മന്ത്രി കെ ബി ഗണേശ്കുമാര്‍ . സ്കൂളുമായി തനിക്ക് ബന്ധമൊന്നുമില്ല. അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും അറിയില്ല. അച്ഛനാണ് സ്കൂളിന്റെ ഉടമസ്ഥന്‍ . അദ്ദേഹം ജയിലിലുമാണ്. താന്‍ ആ സ്കൂളില്‍ പോയിട്ട് ആറു വര്‍ഷമായി. അധ്യാപകന് മര്‍ദനമേറ്റ സംഭവം നിര്‍ഭാഗ്യകരമാണ്. സംഭവത്തെക്കുറിച്ച് ശക്തമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തട്ടെയെന്നും ഗണേശ്കുമാര്‍ പറഞ്ഞു.
ReplyDelete