Thursday, September 29, 2011

"കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം" പ്രകാശനംചെയ്തു

പാട്യം(കണ്ണൂര്‍): അരോളി പാട്യം പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ "കണ്ണൂര്‍ ജില്ല: കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം" പുറത്തിറങ്ങി. പാട്യം ഗോപാലന്‍ അനുസ്മരണത്തോടനുബന്ധിച്ച് കൊട്ടയോടിയില്‍ നടന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രകാശനം നിര്‍വഹിച്ചു. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചോര കിനിയുന്ന ചരിത്രത്തിന്റെ ആദ്യഭാഗമാണ് കൃതി. 1940 സെപ്തംബര്‍ 15ന് തലശേരി ജവഹര്‍ഘട്ടില്‍ അബുവിന്റെയും ചാത്തുക്കുട്ടിയുടെയും രക്തസാക്ഷിത്വത്തിലേക്കു നയിച്ച ഐതിഹാസിക ചെറുത്തുനില്‍പിലെ വളണ്ടിയര്‍ ക്യാപ്റ്റന്‍ കുനിയില്‍ കൃഷ്ണന്‍ ഏറ്റുവാങ്ങി. ചീഫ് എഡിറ്റര്‍ പി ജയരാജന്‍ ആമുഖഭാഷണം നടത്തി. എഡിറ്റര്‍ സി പി അബൂബക്കര്‍ പുസ്തകം പരിചയപ്പെടുത്തി.

ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണെന്നും രാജാക്കന്മാരല്ലെന്നും പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ പരമ്പരാഗത ചരിത്രത്തില്‍ ജനങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം പ്രസിദ്ധീകരിക്കുന്നതിന്റെ പ്രസക്തിയും ഇതാണ്. യഥാര്‍ഥ ചരിത്രം പുതുതലമുറയെ പഠിപ്പിക്കുകയാണ് ലക്ഷ്യം. രണ്ടാം സഞ്ചികയില്‍1941 മുതല്‍ 1957 വരെയുള്ള ചരിത്രമാണ് ഉള്‍പ്പെടുത്തുകയെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂര്‍ , കാസര്‍കോട് ജില്ലകളും വയനാടിന്റെ വടക്കന്‍ ഭാഗങ്ങളുമുള്‍പ്പെട്ട പ്രദേശത്തെ സാമൂഹ്യവികാസത്തിന്റെ നേര്‍ചിത്രമാണ് പുസ്തകത്തിലെ പ്രതിപാദ്യം. രണ്ടുവര്‍ഷം നീണ്ട പഠനപ്രവര്‍ത്തനങ്ങളിലൂടെയാണ് തയ്യാറാക്കിയത്. നവോത്ഥാന കാലഘട്ടം മുതല്‍ സ്വാതന്ത്ര്യപ്രാപ്തിവരെയുള്ള ചരിത്രസംഭവങ്ങളുടെ അറിയപ്പെടാത്ത ഏടുകളിലേക്ക് വെളിച്ചം വീശുന്നു ഒന്നാം സഞ്ചിക. ശ്രീ നാരായണ ഗുരുവിന്റെ മലബാര്‍ സന്ദര്‍ശനവും വാഗ്ഭടാനന്ദന്‍ ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരുടെ പ്രവര്‍ത്തനങ്ങളും വടക്കേ മലബാറില്‍ എങ്ങനെ പുരോഗമന ശക്തികളുടെ വളര്‍ച്ചയ്ക്ക് വഴികാട്ടിയെന്ന് പുസ്തകത്തില്‍ വിവരിക്കുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ ഇടതുപക്ഷം കമ്യൂണിസ്റ്റ് പാര്‍ടിയായി രൂപപ്പെട്ടതും ആയിരക്കണക്കിനാളുകള്‍ ചോരചിന്തിയും ജീവന്‍ നല്‍കിയും നടത്തിയ ഐതിഹാസിക പോരാട്ടങ്ങളും ആവേശം തുടിക്കുന്ന അധ്യായങ്ങളാണ്. മണ്ണും മനുഷ്യനും ചരിത്രത്തിലേക്ക്, ചെറുത്തുനില്‍പുകളിലൂടെ, നവോത്ഥാനം, ദേശീയ പ്രസ്ഥാനം, കര്‍ഷക- തൊഴിലാളി- വിദ്യാര്‍ഥി- യുവജന പ്രസ്ഥാനങ്ങള്‍ എന്നിവയെല്ലാം വിശദമായി പ്രതിപാദിക്കുന്നു. അമൂല്യ രേഖകളും ചരിത്രത്തില്‍ ഇടംനേടാത്ത വസ്തുതകളും കൊണ്ട് സമ്പന്നമാണ് ഗ്രന്ഥം.

കീച്ചേരി രാഘവന്‍ (കോ ഓര്‍ഡിനേറ്റര്‍), ഡോ. സി ബാലന്‍ , കവിയൂര്‍ രാജഗോപാലന്‍ , പയ്യന്നൂര്‍ കുഞ്ഞിരാമന്‍ , ജി ഡി നായര്‍ , ഇ വി സജ്നേഷ് എന്നിവര്‍കൂടി ഉള്‍പ്പെട്ടതാണ് എഡിറ്റോറിയല്‍ ബോര്‍ഡ്. 440 പേജുള്ള പുസ്തകത്തിന്റെ വില 200 രൂപയാണ്. പാട്യം ഗവേഷണകേന്ദ്രത്തിന്റെ ഫോണ്‍ നമ്പര്‍ : 0497- 2700569, 2700659

deshabhimani 290911

2 comments:

  1. അരോളി പാട്യം പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ "കണ്ണൂര്‍ ജില്ല: കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം" പുറത്തിറങ്ങി. പാട്യം ഗോപാലന്‍ അനുസ്മരണത്തോടനുബന്ധിച്ച് കൊട്ടയോടിയില്‍ നടന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രകാശനം നിര്‍വഹിച്ചു. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചോര കിനിയുന്ന ചരിത്രത്തിന്റെ ആദ്യഭാഗമാണ് കൃതി. 1940 സെപ്തംബര്‍ 15ന് തലശേരി ജവഹര്‍ഘട്ടില്‍ അബുവിന്റെയും ചാത്തുക്കുട്ടിയുടെയും രക്തസാക്ഷിത്വത്തിലേക്കു നയിച്ച ഐതിഹാസിക ചെറുത്തുനില്‍പിലെ വളണ്ടിയര്‍ ക്യാപ്റ്റന്‍ കുനിയില്‍ കൃഷ്ണന്‍ ഏറ്റുവാങ്ങി. ചീഫ് എഡിറ്റര്‍ പി ജയരാജന്‍ ആമുഖഭാഷണം നടത്തി. എഡിറ്റര്‍ സി പി അബൂബക്കര്‍ പുസ്തകം പരിചയപ്പെടുത്തി.

    ReplyDelete
  2. http://kololambu.blogspot.com/2011/09/blog-post.html

    yea.. do you guys any few minutes to read this and put a comment?

    ReplyDelete