Friday, September 23, 2011

രോഗികളെ സര്‍ക്കാര്‍ കൊലയ്ക്ക് കൊടുക്കുന്നു: വി എസ്

എലിപ്പനി : രോഗനിര്‍ണയ കിറ്റും മരുന്നും ഇല്ല

സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ എലിപ്പനി ബാധിച്ച് രോഗികള്‍ കൂട്ടത്തോടെ മരിച്ചുവീണത് രോഗനിര്‍ണയം മുടങ്ങിയതും മരുന്ന് നല്‍കാത്തതും കൊണ്ടാണെന്ന് വ്യക്തമായി. എലിപ്പനി ബാധിച്ച് രണ്ടാഴ്ചയ്ക്കകം അമ്പതോളം പേര്‍ മരിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉള്‍പ്പെടെ എലിപ്പനി നിര്‍ണയിക്കുന്നതിനുള്ള ഐജിഎം ലെപ്റ്റോപാന്‍ കിറ്റ് തീര്‍ന്നിട്ട് രണ്ടാഴ്ചയിലേറെയായി. എലിപ്പനിബാധിതര്‍ക്ക് പ്രധാനമായും നല്‍കേണ്ട ക്രിസ്റ്റലൈന്‍ പെന്‍സിലിനും ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലില്ല. സ്ഥിതി അത്യന്തം സങ്കീര്‍ണമായതിനെത്തുടര്‍ന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് എത്തുന്നത് പ്രമാണിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എവിടെനിന്നോ 5000 വയല്‍ ക്രിസ്റ്റലൈന്‍ പെന്‍സിലിന്‍ എത്തിച്ചു. എന്നാല്‍ , ഇത് രണ്ട് ദിവസത്തേക്കുപോലും തികയില്ല. രോഗനിര്‍ണയത്തിന് രോഗികളുടെ രക്തസാമ്പിളുകള്‍ ആശുപത്രി ലാബിലേക്ക് വാങ്ങിവച്ചിരുന്നുവെങ്കിലും വ്യാഴാഴ്ച വൈകിട്ട് മാത്രമാണ് ഏതാനും ലെപ്റ്റോപാന്‍ കിറ്റ് എത്തിച്ചത്. രക്തസാമ്പിളുകളുടെ പരിശോധന വെളളിയാഴ്ചയേ നടക്കൂ. ഈ കിറ്റുകളും ഏതാനും ദിവസത്തേക്കു മാത്രമേ തികയൂ.

എലിപ്പനിയും ഡെങ്കിപ്പനിയും നിര്‍ണയിക്കുന്നതിനുള്ള കിറ്റുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയിട്ട് രണ്ടുമാസമായി. എന്നാല്‍ , കിറ്റുകള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ഇനിയും തുടങ്ങിയിട്ടില്ല. രോഗനിര്‍ണയം വൈകിയതിനാല്‍ ലക്ഷണം നോക്കിയാണ് ആശുപത്രികളില്‍ രോഗികള്‍ക്ക് ചികിത്സ നല്‍കിയത്. എന്നാല്‍ ,എല്ലാ രോഗികളിലും ആദ്യഘട്ടത്തില്‍ രോഗലക്ഷണം പ്രകടമാവണമെന്നില്ല. ഇത്തരം അവസരങ്ങളില്‍ രോഗികള്‍ക്ക് പെട്ടെന്ന് രോഗം മൂര്‍ഛിക്കുകയും ജീവന്‍ അപകടത്തിലാവുകയും ചെയ്തു. കൂടുതല്‍ പേരും ഇങ്ങനെയാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ "ദേശാഭിമാനി"യോട് പറഞ്ഞു.

ഇതോടൊപ്പം ആശുപത്രികളിലെ ശുചിത്വ സംവിധാനം അവതാളത്തിലാക്കിയതും മരണനിരക്ക് ഉയര്‍ത്തി. അതിതീവ്രപരിചരണ വിഭാഗംപോലും അണുബാധ ഭീഷണിയിലാണ്. രോഗികള്‍ ചികിത്സ തേടിയെത്താന്‍ വൈകുന്നതും അവരുടെ ആരോഗ്യപ്രശ്നവുമാണ് മരണത്തിന് കാരണമെന്ന മന്ത്രിയുടെ വാദം പൊളിയുന്നതാണ് വിവിധ ആശുപത്രികളില്‍നിന്ന് ലഭിക്കുന്ന ഈ വിവരങ്ങള്‍ . ആശുപത്രികളില്‍ എത്തിയശേഷമാണ് മിക്ക രോഗികളുടെയും നില ഗുരുതരമായതെന്നും വ്യക്തമാണ്.

മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും പ്രധാന ആന്റിബയോട്ടിക്കുകളായ വാന്‍കോമൈസിന്‍ , ക്ലോസാസൈക്ലിന്‍ ഇഞ്ചക്ഷനുകളും ഡോക്സിസൈക്ലിന്‍ കാപ്സ്യൂളും തീര്‍ന്നിട്ട് ആഴ്ചകളായി. രക്താര്‍ബുദ രോഗികള്‍ക്ക് നല്‍കുന്ന സൈറ്റാറാബിന്‍ , എല്‍ ആസ്പിരിനൈസ്, രക്തസമ്മര്‍ദത്തിന് നല്‍കുന്ന അനാലാപ്റില്‍ , അറ്റനെലോള്‍ തുടങ്ങിയ മരുന്നുകളും ഇല്ല. പകര്‍ച്ചപ്പനി പിടിപെടുന്ന അവസരങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ പ്രത്യേക പനിവാര്‍ഡുകള്‍ തുറന്നിരുന്നു. ഈ വര്‍ഷം സ്ഥിതി അത്യന്തം രൂക്ഷമായിട്ടും ഒരിടത്തും വാര്‍ഡ് തുറന്നില്ല. മെഡിക്കല്‍ ക്യാമ്പും നടത്തിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ വെന്റിലേറ്ററുകള്‍പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
 
രോഗികളെ സര്‍ക്കാര്‍ കൊലയ്ക്ക് കൊടുക്കുന്നു: വി എസ്

സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ത്തും രോഗ പ്രതിരോധ-ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയും സര്‍ക്കാര്‍ പാവപ്പെട്ട രോഗികളെ കൊലയ്ക്ക് കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി എസ്.

എലിപ്പനിയും മഞ്ഞപ്പിത്തവും കോളറയും പടര്‍ന്നു പിടിച്ച് സംസ്ഥാനം വിറച്ച് മരവിക്കുകയാണ്. കഴിഞ്ഞ നാലു മാസംകൊണ്ട് ആതുര ശുശ്രൂഷാ സംവിധാനത്തെ തകര്‍ത്ത് അരാജകത്വത്തിലാക്കി. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. പകര്‍ച്ചവ്യാധികളില്‍പെട്ട് നാട് വിറയ്ക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലേക്ക് പോയിരിക്കയാണ്.

സംസ്ഥാനത്ത് ഏറെ കൊട്ടിഘോഷിച്ച് റെയില്‍വേ മന്ത്രിയെ കൊണ്ടുവന്നിട്ട് ആകെ എടുത്ത തീരുമാനം കോച്ച് ഫാക്ടറിക്ക് തറക്കല്ലിടുമെന്നാണ്. ഈ കോച്ച് ഫാക്ടറി എല്‍ഡിഎഫ് ഭരണകാലത്ത് അനുവദിച്ചതാണ്. അന്നത്തെ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവാണ് ഇതനുവദിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരാണ് സ്ഥലം ഏറ്റെടുത്ത് നല്‍കിയത്. ഇത് യുഡിഎഫിന്റെ നേട്ടമെന്ന് പറയുന്നത് ഉളുപ്പില്ലായ്മയാണ്. മന്ത്രിമാര്‍ ഒന്നടങ്കം പോയത് ആസൂത്രണ കമീഷനെക്കൂടി കാണാനാണത്രെ. പ്രതിദിനം ഗ്രാമപ്രദേശങ്ങളില്‍ 26 രൂപയും നഗരങ്ങളില്‍ 32 രൂപയും വരുമാനമുണ്ടെങ്കില്‍ ആ കുടുംബം ദാരിദ്ര്യരേഖയ്ക്ക് മുകളിലെന്നു പറഞ്ഞത് ഈ ആസൂത്രണ കമീഷനാണ്. വീട്ടമ്മമാര്‍ ഈ ആസൂത്രണ കമീഷന്‍ അംഗങ്ങളെ ചൂലെടുത്ത് അടിക്കണം.

ടു ജി അഴിമതി അന്നത്തെ ധനമന്ത്രി പി ചിദംബരം അറിഞ്ഞുകൊണ്ടാണെന്ന് ധനമന്ത്രി പ്രണബ്മുഖര്‍ജി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞിരിക്കയാണ്. പ്രധാനമന്ത്രിയും ധനമന്ത്രിയും അറിഞ്ഞാണ് ഇടപാടെന്ന മന്ത്രി രാജയുടെ മൊഴി ശരിവയ്ക്കുന്നതാണ് ഈ കത്ത്. ലോട്ടറിമാഫിയയുടെ സംരക്ഷകന്‍കൂടിയാണ് ചിദംബരം. അന്ന് സിബിഐ അന്വേഷണം തടയാന്‍ ശ്രമിച്ചതും പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ നിയമമാക്കാതിരിക്കാന്‍ ചരടുവലിക്കുന്നതും ചിദംബരമാണെന്നും വി എസ് പറഞ്ഞു.

deshabhimani 230911

1 comment:

  1. സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ത്തും രോഗ പ്രതിരോധ-ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയും സര്‍ക്കാര്‍ പാവപ്പെട്ട രോഗികളെ കൊലയ്ക്ക് കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി എസ്.

    ReplyDelete