Tuesday, September 27, 2011

പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം കരുത്തുപകരും: പിണറായി

വീണ്ടും ചുവപ്പണിയാന്‍ തലസ്ഥാനം ഒരുങ്ങി

ദേശീയ സ്വാതന്ത്ര്യസമരപാരമ്പര്യത്തിന്റെ ചരിത്രമുറങ്ങുന്ന തലസ്ഥാനനഗരി സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനം വന്‍വിജയമാക്കാനുള്ള തയ്യാറെടുപ്പില്‍ . 2012 ഏപ്രിലില്‍ കോഴിക്കോട്ട് നടക്കുന്ന 20-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായാണ് ഫെബ്രുവരി ഏഴു മുതല്‍ 10 വരെ തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനം ചേരുന്നത്. രാജഭരണകാലത്തെ അനീതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി കാര്‍ഷികസമരം പൊട്ടിപ്പുറപ്പെട്ട തിരുവനന്തപുരം ജില്ല അടിസ്ഥാനവര്‍ഗത്തിന്റെ അവകാശപ്പോരാട്ടങ്ങള്‍ക്ക് എന്നും വേദിയായിട്ടുണ്ട്. ഇവിടെനിന്ന് ഉദിച്ചുയര്‍ന്ന ധീരവിപ്ലവകാരികള്‍ അനവധിയാണ്.

കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ നിരോധനം നിലനിന്ന കാലത്ത് സഖാക്കള്‍ പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, ഇ കെ നായനാര്‍ , കെ സി ജോര്‍ജ്, എം എന്‍ ഗോവിന്ദന്‍നായര്‍ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കള്‍ പഴയ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് പാര്‍ടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം ഫലമായി തിരുവനന്തപുരം ജില്ലയില്‍ പാര്‍ടിക്ക് ശക്തമായ അടിത്തറയുണ്ടായി. എ കെ ജി നേതൃത്വം നല്‍കിയ എണ്ണമറ്റ സമരങ്ങള്‍ക്കാണ് തലസ്ഥാനജില്ല വേദിയായത്. മുടവന്‍മുകള്‍ മിച്ചഭൂമിസമരമാണ് ഇതില്‍ പ്രധാനം. അഖിലേന്ത്യാസമരത്തിന്റെ ഭാഗമായി നടന്ന തിരുവിതാംകൂര്‍ സമരവും ശ്രദ്ധനേടി. സര്‍ സി പി രാമസ്വാമി അയ്യരുടെ ദുര്‍നയങ്ങള്‍ക്കെതിരായ പോരാട്ടമായിരുന്നു അത്. കമ്യൂണിസ്റ്റ്പാര്‍ടി സംസ്ഥാനത്ത് രൂപംകൊള്ളുന്നതിനു മുന്‍പ് ആദ്യത്തെ കമ്യൂണിസ്റ്റ് ലീഗിന് നേതൃത്വം നല്‍കിയ പൊന്നറ ശ്രീധര്‍ ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനം ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിന് ശക്തിപകര്‍ന്ന ധീരവിപ്ലവകാരിയായിരുന്നു.

കാട്ടായിക്കോണം വി ശ്രീധര്‍ , ഫക്കീര്‍ഖാന്‍ , ഐ സ്റ്റുവര്‍ട്ട്, കെ വി സുരേന്ദ്രനാഥ്, ജി എസ് മണി, കൊച്ചുമണി, കാട്ടായിക്കോണം സദാനന്ദന്‍ , പൗഡിക്കോണം കൃഷ്ണന്‍നായര്‍ , കെ എം ശ്രീധര്‍ തുടങ്ങി പാര്‍ടിയുടെ ആദ്യകാലനേതാക്കളും അവണാകുഴി സദാശിവന്‍ , വാമനപുരം സഹദേവന്‍ , ആര്‍ പ്രകാശം തുടങ്ങിയ നേതാക്കളും ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തി പകര്‍ന്നു. കയ്യൂര്‍ , കരിവെള്ളൂര്‍ , കാവുമ്പായി, വയലാര്‍ വിപ്ലവസമരങ്ങള്‍ക്ക് മുന്‍പ് സര്‍ സി പിയുടെ മര്‍ദകവാഴ്ചക്കെതിരെ ജീവന്‍ നല്‍കി ഉജ്വലപോരാട്ടം സംഘടിപ്പിച്ച കല്ലറ-പാങ്ങോട് സമരനായകരുടെ ദേശവുമാണിവിടം. പേട്ട രാജേന്ദ്രന്റെയും നെയ്യാറ്റിന്‍കര വീരരാഘവന്റെയും തുടിച്ചു നില്‍ക്കുന്ന രക്തസാക്ഷിത്വ സ്മരണകളിലാണ് തിരുവനന്തപുരം സമ്മേളനം ചേരുന്നത്. തലസ്ഥാന ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ ബഹുജനപ്രസ്ഥാനമാക്കിയ മുഖ്യശില്‍പ്പി കാട്ടായിക്കോണം വി ശ്രീധറിന്റെ ഓര്‍മയും പ്രസ്ഥാനത്തിന്റെ ഉള്ളിലുണ്ട്. നവോത്ഥാനപ്രസ്ഥാനത്തിന്റെ നെടുനായകരായ ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമികള്‍ക്കും ജന്മമേകിയ മണ്ണുമാണിത്. നവോത്ഥാനനായകരും സാംസ്കാരികപ്രതിഭകളും കര്‍മധീരരായ വിപ്ലവകാരികളും ഉഴുതുമറിച്ച മണ്ണിലാണ് ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം പടര്‍ന്നു പന്തലിച്ചത്. 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി ഒന്നുവരെ നടന്ന 13-ാം പാര്‍ടി കോണ്‍ഗ്രസിനും 2000ല്‍ നടന്ന പാര്‍ടി പ്ലീനത്തിനും പിന്നാലെയാണ് തലസ്ഥാനനഗരി സിപിഐ എമ്മിന്റെ കരുത്ത് പ്രകടമാക്കുന്ന സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്നത്.

പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം കരുത്തുപകരും: പിണറായി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കും അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കുമെതിരായ പ്രക്ഷോഭങ്ങള്‍ക്ക് സിപിഐ എം സംസ്ഥാന സമ്മേളനം കൂടുതല്‍ കരുത്തുപകരുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സമ്മേളനനടത്തിപ്പിനുള്ള സ്വാഗതസംഘം രൂപീകരണയോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനാരോഗ്യകരമായ ഒരു പ്രവണതയും ഇപ്പോള്‍ പാര്‍ടിയെ അലട്ടുന്നില്ല. തികച്ചും ആരോഗ്യകരമായ സമ്മേളനമായിരിക്കും തിരുവനന്തപുരത്ത് നടക്കുക. ഈ സമ്മേളനത്തോടെ പാര്‍ടിയിലെ വിഭാഗീയപ്രവണത ഇല്ലാതാകും. പാര്‍ടിയെക്കുറിച്ച് വല്ലാതെ ചിന്തിക്കുന്ന ചിലര്‍ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ വലിയ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അത്തരക്കാര്‍ സമ്മേളനത്തോടെ നിരാശരാകും. കോഴിക്കോട്ട് ചേരുന്ന 20-ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ നല്ലനിലയില്‍ നടക്കുകയാണ്. 27,547 ബ്രാഞ്ചാണ് സംസ്ഥാനത്തുള്ളത്. 3,70,818 പാര്‍ടി അംഗങ്ങളുണ്ട്. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ 1915 ലോക്കല്‍ സമ്മേളനം നടക്കും. ഏരിയാസമ്മേളനങ്ങള്‍ നവംബര്‍ 15 മുതല്‍ നടക്കും. ജില്ലാ സമ്മേളനങ്ങള്‍ ഡിസംബറില്‍ തുടങ്ങും.

കമ്യൂണിസ്റ്റ് പാര്‍ടിയല്ലാതെ ഇത്രയും വിപുലമായ രീതിയില്‍ സമ്മേളനങ്ങള്‍ നടത്തുന്ന ഏത് പാര്‍ടിയുണ്ട്. ജനാധിപത്യം അവകാശപ്പെടുന്ന ഏറെ പാര്‍ടികളുണ്ട് നാട്ടില്‍ . എന്നാല്‍ , അത്തരം പാര്‍ടികളില്‍ ജനാധിപത്യത്തിന്റെ കണികപോലുമില്ല.

ജനകീയമുന്നേറ്റങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന നിലപാട് തുടര്‍ന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരും. മനുഷ്യത്വമില്ലാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. എല്‍ഡിഎഫ് അധികാരത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുമായിരുന്ന നേട്ടങ്ങള്‍ ഇല്ലാതാക്കി. വികസനപ്രവൃത്തികള്‍ അട്ടിമറിച്ചു. ജനിക്കുന്ന കുട്ടികളുടെ പേരില്‍ പതിനായിരം രൂപയുടെ സ്ഥിരനിക്ഷേപം ആരംഭിക്കുന്ന പദ്ധതി വേണ്ടെന്നുവച്ചു. സമഗ്രഇന്‍ഷുറന്‍സ് പദ്ധതി തകര്‍ത്തു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ഉപേക്ഷിക്കാന്‍ യുഡിഎഫിന് ഒരു മടിയുമുണ്ടായില്ല. അസംഘടിത മേഖലയിലെ സ്ത്രീത്തൊഴിലാളികള്‍ക്ക് ഒരു മാസത്തെ വേതനത്തോടുകൂടിയ പ്രസവാവധി നിഷേധിച്ചു. ഒരു രൂപ അരി പദ്ധതി കൊണ്ടുവന്നപ്പോള്‍ സര്‍ക്കാരിന് 201 കോടി രൂപ ലാഭം കിട്ടി. ആശുപത്രികളില്‍ മരുന്നും ഡോക്ടര്‍മാരുമില്ല. രോഗപ്രതിരോധനടപടികളില്ല.

നൂറുദിവസം പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ പരസ്യം നല്‍കുക വഴി പരസ്യം കിട്ടിയവര്‍ക്ക് നല്ല വരുമാനമുണ്ടായതിനപ്പുറം ഈ സര്‍ക്കാര്‍ ഒന്നുംചെയ്തില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതിക്കേസുകളിലകപ്പെട്ട് ജയില്‍ കാത്തുകിടക്കുകയാണ്. കോടതിക്കുനേരെ ഉമ്മന്‍ചാണ്ടി ചീഫ് വിപ്പിനെ ഇറക്കിവിട്ടിരിക്കുകയാണ്. വിജിലന്‍സ് ജഡ്ജിയെ അധിക്ഷേപിച്ച ആള്‍ക്ക് ഭ്രാന്താണെന്ന് കോണ്‍ഗ്രസ് എംഎല്‍എതന്നെ പറയുന്നു. അഴിച്ചുവിട്ട കാളയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇയാളെ വിശേഷിപ്പിക്കുന്നു. നീതിന്യായവ്യവസ്ഥയെ ചീഫ് വിപ്പ് കടന്നാക്രമിച്ചു. ഉമ്മന്‍ചാണ്ടിയാണ് ഇതിന്റെ ഗുണഭോക്താവ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഉന്നതനീതിപീഠം ഇടപെടണം. ബംഗാളില്‍ പാര്‍ടി കടുത്ത ആക്രമണങ്ങളെ നേരിടുന്ന ഘട്ടത്തിലാണ് സമ്മേളനം. ത്രിപുരയിലും കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുന്നു. ഇതെല്ലാം അതിജീവിച്ച് പാര്‍ടി മുന്നേറും- പിണറായി പറഞ്ഞു.

deshabhimani 270911

1 comment:

  1. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കും അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കുമെതിരായ പ്രക്ഷോഭങ്ങള്‍ക്ക് സിപിഐ എം സംസ്ഥാന സമ്മേളനം കൂടുതല്‍ കരുത്തുപകരുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സമ്മേളനനടത്തിപ്പിനുള്ള സ്വാഗതസംഘം രൂപീകരണയോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete