Sunday, September 18, 2011

കോടികള്‍ ചെലവിട്ട് മോഡിയുടെ മുഖംമിനുക്കല്‍ ഉപവാസം

അഹമ്മദാബാദ്: പ്രതിച്ഛായ മിനുക്കലിന്റെ ഭാഗമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ മൂന്നുദിവസത്തെ സദ്ഭാവനായജ്ഞം ആരംഭിച്ചു. ഗുജറാത്ത് വംശഹത്യയില്‍ മോഡിയുടെ പങ്കിനെക്കുറിച്ചുള്ള വിചാരണക്കോടതി വിധി വരാനിരിക്കെയാണ് സമാധാനം, ഐക്യം, മതസൗഹാര്‍ദം എന്ന മുദ്രാവാക്യമുയര്‍ത്തി കോടികള്‍ മുടക്കിയുള്ള മുഖംമിനുക്കല്‍യജ്ഞം ആരംഭിച്ചത്. തന്റെ 62-ാം പിറന്നാള്‍ദിനത്തിലാണ് മോഡിയുടെ ഉപവാസം ആരംഭിച്ചത്. ഖജനാവില്‍നിന്ന് കോടികള്‍ ധൂര്‍ത്തടിച്ചുള്ള യജ്ഞത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ ശങ്കര്‍സിങ് വഗേല, അര്‍ജുന്‍ മൊദ്വാഡിയ എന്നിവരും ഉപവാസമാരംഭിച്ചു.

മോഡിയുടെ ധൂര്‍ത്തിനെതിരെ നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് രംഗത്തെത്തി. മോഡി നിരാഹാരം നടത്തുന്ന മൂന്നു ദിവസവും പാവപ്പെട്ട 200 കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി താന്‍ "സദ്ഭാവനായജ്ഞം" അനുഷ്ഠിക്കുമെന്ന് മല്ലിക സാരാഭായ് പറഞ്ഞു. പാതി മലയാളികൂടിയായ മല്ലിക ശനിയാഴ്ച അഹമ്മദാബാദില്‍ കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.

ഗുജറാത്ത് സര്‍വകലാശാലയുടെ ശീതീകരിച്ച കണ്‍വന്‍ഷന്‍ സെന്ററിലാണ് മോഡിയുടെ സദ്ഭാവനായജ്ഞം. അഞ്ചുലക്ഷം രൂപയാണ് ഈ ഹാളിന്റെ ദിവസവാടക. രാജ്യമെമ്പാടും മാധ്യമങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ പരസ്യവും നല്‍കി. കനത്ത പൊലീസ് കാവലിലാണ് ഉപവാസം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംഭവിച്ച "വീഴ്ചകളില്‍" മോഡി "പശ്ചാത്താപം" പ്രകടിപ്പിച്ചു. എന്നാല്‍ , 2002ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ ഖേദിക്കാന്‍ ഉപവാസത്തിന്റെ തുടക്കത്തില്‍ മോഡി വിതരണംചെയ്ത പ്രസ്താവനയിലും സന്നദ്ധനായില്ല.
ബിജെപിയുടെ കേന്ദ്രനേതൃത്വത്തിലേക്ക് കണ്ണുനട്ടുള്ള നീക്കമാണ് മോഡിയുടേതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. ജാതിരാഷ്ട്രീയവും മതസ്പര്‍ധയും നാടിന് ഗുണംചെയ്യില്ലെന്ന് തിരിച്ചറിഞ്ഞതായാണ് മോഡിയുടെ പ്രസ്താവന. തന്റെ യജ്ഞം വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അന്ത്യംകുറിക്കുമെന്നും മോഡി അവകാശപ്പെട്ടു. ബിജെപിയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമമാണ് മോഡിയുടേതെന്ന് ബിജെപിയിലെതന്നെ ഒരു വിഭാഗം പറയുന്നു. ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, രാജ്നാഥ്സിങ്, അരുണ്‍ ജയ്റ്റ്ലി, രവിശങ്കര്‍ പ്രസാദ്, മുക്താര്‍ അബ്ബാസ് നഖ്വി, രാജീവ് പ്രതാപ് റൂഡി തുടങ്ങിവര്‍ സദ്ഭാവനായജ്ഞത്തിന്റെ വേദിയിലുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ , എഐഎഡിഎംകെ പ്രതിനിധി എം തമ്പിദുരൈ എന്നിവരും വേദിയിലുണ്ടായിരുന്നു. എന്നാല്‍ , ദീര്‍ഘകാലമായി ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദളി (യു)ന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

സബര്‍മതി ആശ്രമത്തിനുമുന്നിലെ നടപ്പാതയിലാണ് കോണ്‍ഗ്രസ് നേതാക്കളായ ശങ്കര്‍സിങ് വഗേലയും അര്‍ജുന്‍ മൊദ്വാഡിയയും ഉപവാസമാരംഭിച്ചത്. മോഡിയുടെ ഉപവാസമാരംഭിക്കുന്നതിന് ഒരുമണിക്കൂര്‍മുമ്പാണ് ഇവരുടെ ഉപവാസമാരംഭിച്ചത്. സര്‍ക്കാര്‍സംവിധാനങ്ങളാകെ ദുരുപയോഗംചെയ്തുള്ള മുഖ്യമന്ത്രിയുടെ ഉപവാസത്തിന്റെ ആവശ്യമെന്താണെന്ന് മുന്‍ മുഖ്യമന്ത്രികൂടിയായ വഗേല ചോദിച്ചു.

deshabhimani 180911

1 comment:

  1. പ്രതിച്ഛായ മിനുക്കലിന്റെ ഭാഗമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ മൂന്നുദിവസത്തെ സദ്ഭാവനായജ്ഞം ആരംഭിച്ചു. ഗുജറാത്ത് വംശഹത്യയില്‍ മോഡിയുടെ പങ്കിനെക്കുറിച്ചുള്ള വിചാരണക്കോടതി വിധി വരാനിരിക്കെയാണ് സമാധാനം, ഐക്യം, മതസൗഹാര്‍ദം എന്ന മുദ്രാവാക്യമുയര്‍ത്തി കോടികള്‍ മുടക്കിയുള്ള മുഖംമിനുക്കല്‍യജ്ഞം ആരംഭിച്ചത്. തന്റെ 62-ാം പിറന്നാള്‍ദിനത്തിലാണ് മോഡിയുടെ ഉപവാസം ആരംഭിച്ചത്. ഖജനാവില്‍നിന്ന് കോടികള്‍ ധൂര്‍ത്തടിച്ചുള്ള യജ്ഞത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ ശങ്കര്‍സിങ് വഗേല, അര്‍ജുന്‍ മൊദ്വാഡിയ എന്നിവരും ഉപവാസമാരംഭിച്ചു.

    ReplyDelete