Monday, September 26, 2011

ഡല്‍ഹി ദൗത്യം പൊളിഞ്ഞു; ആന്റണിക്കെതിരെ 'എ' ഗ്രൂപ്പില്‍ അമര്‍ഷം

കേന്ദ്രമന്ത്രി എ കെ ആന്റണിക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സഹായകരമല്ലാത്ത നിലപാടുകളാണ് ആന്റണി സ്വീകരിക്കുന്നതെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. പരസ്യമായി രംഗത്തിറങ്ങിയിട്ടില്ലെങ്കിലും ഈപോക്ക് നല്ലതിനല്ലെന്ന് എഗ്രൂപ്പുകാര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം രണ്ടുതവണ നടത്തിയ ഡല്‍ഹി സന്ദര്‍ശനവും പൊളിച്ചത് ആന്റണി മുന്‍കയ്യെടുത്തിട്ടാണെന്നാണ് എ ഗ്രൂപ്പുകാരുടെ കണ്ടെത്തല്‍. ഒട്ടും ശരിയല്ലാത്ത സമയത്തായിരുന്നു കേരളസംഘം രണ്ടുതവണയും ഡല്‍ഹിക്ക് പോയത്. ഈ സമയത്ത് തന്നെ സന്ദര്‍ശനാനുമതി ലഭിച്ചതിന് പിന്നില്‍ ആന്റണിയായിരുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ കണ്ടെത്തല്‍.

പ്രധാനമന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ ആരും സ്ഥലത്തില്ലാത്ത സമയത്തായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം ഡല്‍ഹിയിലെത്തിയത്. അതുകൊണ്ടുതന്നെ നാഴികയ്ക്ക് നാല്‍പതുവട്ടം കേരളത്തില്‍ വന്നുപോകുന്ന ചില സഹമന്ത്രിമാരെകണ്ട് പിടിച്ചുനില്‍ക്കാനുള്ള ഉറപ്പുകളുംവാങ്ങി മടങ്ങിവരേണ്ടിവന്നു സംസ്ഥാന സംഘത്തിന്.

ഇത് രണ്ടാം പ്രാവശ്യമാണ് കുട്ട്യലി കൊല്ലത്തുപോയപോലെയെന്ന പഴമൊഴിയെ അര്‍ത്ഥവത്താക്കി സംസ്ഥാന മന്ത്രിമാര്‍ ഡല്‍ഹിക്ക് പോയിവരുന്നത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിതലസംഘം ആദ്യം ഡല്‍ഹി സന്ദര്‍ശിച്ചതും തെറ്റായ സമയത്തായിരുന്നു. അന്നാ ഹസാരയുടെ നിരാഹാര സമരത്തിന്റെ സമയത്തായിരുന്നു അത്.
മാധ്യമങ്ങളുടെ ശ്രദ്ധ പൂര്‍ണമായും ഹസാരെയിലേക്ക് തിരിഞ്ഞതോടെ ആ പ്രശ്‌നം പരിഹരിക്കാനുള്ള തിരക്കിലായി പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും. ഒടുവില്‍ ചടങ്ങിനെന്നപോലെ സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹി സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങേണ്ടിവന്നു.

ഇത്തവണയും അതുതന്നെയാണ് സംഭവിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കേന്ദ്രധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയും സ്ഥലത്തില്ലാത്ത സമയത്തായിരുന്നു കേരളസംഘത്തിന്റെ സന്ദര്‍ശനം. കപില്‍സിബലിനെപോലും കാണാന്‍ ഈ സംഘത്തിന് കഴിഞ്ഞതുമില്ല. ഒടുവില്‍ കേന്ദ്രമന്ത്രിസഭയിലെ എ കെ ആന്റണി അടക്കമുള്ള മലയാളി മന്ത്രിമാരെ കണ്ട് നിവേദനം നല്‍കി മടങ്ങേണ്ടിവന്നു ഈ സംഘത്തിന്.

16 കേന്ദ്രമന്ത്രിമാരെ കണ്ടുവെന്ന് മുഖ്യമന്ത്രിയും സംഘവും അവകാശപ്പെടുന്നുണ്ടെങ്കിലും കൃത്യമായ ഉറപ്പ് നല്‍കാന്‍ കഴിയുന്നവര്‍ അവരിലാരും തന്നെ ഇല്ല. ലഭിച്ചുവെന്ന് മുഖ്യമന്ത്രിപറയുന്ന ഉറപ്പുകളിലേറെയും നല്‍കിയതാവട്ടെ സഹമന്ത്രിമാരും. സഹമന്ത്രിമാരുടെ ഉറപ്പുകള്‍ പാലിക്കപ്പെട്ട ചരിത്രം അവകാശപ്പെടാന്‍ കഴിയുന്നവരാരും ഇന്ന് കേരളത്തിന്റെ പ്രതിനിധികളായി കേന്ദ്രത്തിലില്ലെന്നതും ഇതോടൊപ്പം വായിക്കണം.

കേരളത്തിന് ഐ ഐ ടി നല്‍കുമെന്ന് ഉറപ്പ് നല്‍കിയത് സഹമന്ത്രി ഇ അഹമ്മദായിരുന്നു. റയില്‍വേ സഹമന്ത്രിയായിരുന്നപ്പോള്‍ അഹമ്മദ് നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് അടുത്തിടെ കുറ്റപ്പെടുത്തിയത് കേരളത്തിലെ റയില്‍വേ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദായിരുന്നുവെന്നത് മറക്കാന്‍ പറ്റില്ല. ഐ ഐ ടിയുടെ കാര്യത്തില്‍ മുമ്പ് മന്‍മോഹന്‍സിംഗ് നല്‍കിയ ഉറപ്പുപോലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. അപ്പോഴാണ് ഒരു സഹമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കുന്നത്.
ഇത്തവണ പ്രധാനമന്ത്രിയും ധനമന്ത്രിയും ഡല്‍ഹിയിലുണ്ടാവില്ലെന്ന് നേരത്തേ അറിയാമായിരുന്നതാണ്. എന്നിട്ടും ഈ ദിവസങ്ങളില്‍ തന്നെ സന്ദര്‍ശനാനുമതി വാങ്ങിനല്‍കിയത് ആന്റണി അറിഞ്ഞുതന്നെയാണ്.

മുമ്പ് മുഖ്യമന്ത്രിക്കസേരയില്‍നിന്നും തന്നെ നാണംകെടുത്തി താഴെയിറക്കിയതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ കരങ്ങളാണുള്ളതെന്ന് ആന്റണി ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അന്ന് അമ്മയുടെ ചിത്രവും നെഞ്ചോട് ചേര്‍ത്തുപിടിച്ച് കഌഫ് ഹൗസില്‍നിന്നും ദയനീയമായി ഇറങ്ങേണ്ടിവന്നത് ആന്റണിക്ക് ഇനിയും മറക്കാനാവുന്നതല്ല. തനിക്കുണ്ടായ പതനം അതേരീതിയില്‍ ഉമ്മന്‍ചാണ്ടിക്കും ഉണ്ടാകണമെന്നത് ആന്റണിയുടെ രഹസ്യമോഹമാണെന്നാണ് എ ഗ്രൂപ്പുകാര്‍ വിശ്വസിക്കുന്നത്.

തുടക്കം മുതല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോട് അനുഭാവമല്ലാത്ത നിലപാടാണ് ആന്റണി സ്വീകരിക്കുന്നതത്രേ. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിനോട് മറ്റ് കേന്ദ്രമന്ത്രിമാരെല്ലാം നിഷേധാത്മക നിലപാട് സ്വീകരിച്ചപ്പോള്‍ സഹകരിക്കാന്‍ തയ്യാറായ ഏക മന്ത്രി എ കെ ആന്റണിയാണ്. അന്ന് സംസ്ഥാനത്തോട് കാട്ടിയ സഹകരണം ഇപ്പോള്‍ ആന്റണിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ആന്റണിക്കെതിരെ പരസ്യമായൊരു നിലപാടെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് എ ഗ്രൂപ്പ്. ഹൈക്കമാന്‍ഡില്‍ ഇപ്പോഴും സ്വാധീനം ആന്റണിക്കുതന്നെയാണ്. ഈ സ്വാധീനം ആന്റണിക്കെതിെര നിലപാടെടുക്കുന്നവരുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാന്‍ പോന്നതുമാണ്. അതുകൊണ്ടാണ് തുറന്ന ഏറ്റുമുട്ടലിലേക്ക് കടക്കാന്‍ അവര്‍ മടിക്കുന്നതും.

janayugom 260911

1 comment:

  1. കേന്ദ്രമന്ത്രി എ കെ ആന്റണിക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സഹായകരമല്ലാത്ത നിലപാടുകളാണ് ആന്റണി സ്വീകരിക്കുന്നതെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. പരസ്യമായി രംഗത്തിറങ്ങിയിട്ടില്ലെങ്കിലും ഈപോക്ക് നല്ലതിനല്ലെന്ന് എഗ്രൂപ്പുകാര്‍ പറയുന്നു.

    ReplyDelete