Friday, September 30, 2011

മണിയും മമതയുമില്ലാത്ത മാണി

നൂറുദിന നേട്ടങ്ങളില്‍പ്പെടുത്താന്‍ ചില നിര്‍ദേശങ്ങള്‍ സാജുപോള്‍ മുന്നോട്ടുവച്ചു. അംഗോളക്കാരി ലൈല ലോപ്സിന് ലോകസുന്ദരിപ്പട്ടം. പന്ത്രണ്ടിനം തവളകളെ കണ്ടെത്തി. മോഹന്‍ലാല്‍ മുന്നൂറ് സിനിമ തികച്ചു. "ആദാമിന്റെ മകന്‍ അബു"വിന് ഓസ്കര്‍ എന്‍ട്രി... ഇങ്ങനെ പോയാല്‍ ലോകത്ത് സംഭവിക്കാനിരിക്കുന്നതിനും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവകാശിയാകുമെന്ന് സാജുപോളിന് തീര്‍ച്ച. റവന്യൂ, നികുതി വകുപ്പുകളുടെ ധനാഭ്യര്‍ഥനചര്‍ച്ച തുടങ്ങിയ സാജുപോള്‍ നര്‍മംപൊതിഞ്ഞ കൂരമ്പുകളാണ് സമ്മാനിച്ചത്. ധനമന്ത്രി കെ എം മാണിയില്‍നിന്ന് "മണിയും മമതയും" പ്രതീക്ഷിക്കരുതെന്നാണ് സാജുപോളിന്റെ പക്ഷം. തോമസ് ഐസക്കിന്റെ ഒരു ബജറ്റിനൊപ്പമെത്താന്‍ മാണിയുടെ പത്തെണ്ണം വേണ്ടിവരും. മുഖ്യമന്ത്രിയുടെ ഓഫീസ് തുറന്നുവച്ചത് സര്‍ക്കാരിന്റെ നേട്ടമായി കൂട്ടാന്‍ അതങ്ങ് ഉഗാണ്ടയിലാണോ എന്നായി സാജുപോള്‍ . പത്മനാഭസ്വാമി ക്ഷേത്രം സംരക്ഷിക്കുമെന്ന വാഗ്ദാനം കണ്ടപ്പോള്‍ "പിന്നെ ഇടിച്ചുനിരത്തുമോ" എന്ന് സാജു ആരാഞ്ഞു.

ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതത്തിന്റെ പുറത്താണ് സര്‍ക്കാരെന്ന് എം ഹംസ. മഴ നിന്നാലും മരം പെയ്യും. അതുപോലെ കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കുറെക്കാലംകൂടി നിലകൊള്ളും. പക്ഷേ, അന്യന്റെ അധ്വാനഫലം ഇങ്ങനെ കൊള്ളയടിക്കരുതെന്നാണ് ഹംസയ്ക്ക് ഉപദേശിക്കാനുള്ളത്. അട്ടപ്പാടിയിലെ ആദിവാസിഭൂമി തട്ടിച്ചെന്ന് പറഞ്ഞ് ബഹളംകൂട്ടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുമ്പാകെ ഹംസ ഒരു അപേക്ഷ വച്ചു. വി എസും എ കെ ബാലനും ഭൂമി തട്ടിയെടുത്തില്ലെന്ന് ഇനിയെങ്കിലും തുറന്നുപറയണം. കാരണം, അട്ടപ്പാടിയിലെ ആദിവാസിഭൂമി സംബന്ധിച്ച എല്ലാ കാര്യവും അറിയാവുന്ന ആളായി മന്ത്രിയായ തിരുവഞ്ചൂര്‍ മാറി. ഈ സര്‍ക്കാര്‍ വിളിച്ചാല്‍ ഐഎഎസുകാരൊന്നും വരില്ലെന്നും ഹംസയ്ക്ക് ഉറപ്പാണ്. അല്‍പ്പായുസ്സ് ആയതിനാല്‍ വെറുതെ തല വയ്ക്കുന്നതെന്തിന് എന്ന ചിന്തയിലാണ് ഐഎഎസുകാര്‍ . അല്ലെങ്കില്‍ പാലക്കാട്ടും തൃശൂരുമൊക്കെ കലക്ടര്‍മാരെ കിട്ടുമായിരുന്നില്ലേയെന്ന് ഹംസ ചോദിച്ചു.

മഹാഭാരതത്തിലെ ശിഖണ്ഡിയുടെ ജന്മരഹസ്യം വെളിപ്പെടുത്തിയ കെ കെ ജയചന്ദ്രനോട് സഭയിലെ ശിഖണ്ഡിയെക്കുറിച്ചായി ചോദ്യം. പി സി ജോര്‍ജ്- മറുപടി ഉടന്‍ വന്നു. അതല്ലേ ഉമ്മന്‍ചാണ്ടി മുന്നില്‍ നിര്‍ത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മറുചോദ്യം. മാണിയെയും ഉമ്മന്‍ചാണ്ടിയെയും കുറിച്ച് ജോര്‍ജ് പറഞ്ഞതൊക്കെ തങ്ങളുടെ പക്കലുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മന്ത്രിമാര്‍ ഒരു കാര്യത്തില്‍ നല്ല ഐക്യത്തിലാണ്. അത് കേസ് ഒതുക്കുന്നതിലാണെന്നുമാത്രം. പക്ഷേ, നൂല് പൊട്ടിയ പട്ടംപോലെ എത്ര നാള്‍ ഈ സര്‍ക്കാരിന് പറക്കാനാകുമെന്ന് ജയചന്ദ്രന്‍ സന്ദേഹിച്ചു.

ദേശീയോദ്ഗ്രഥനസമിതിയുടെ യോഗത്തില്‍ കേരളത്തെ പ്രതിനിധാനംചെയ്ത് ആരും പങ്കെടുത്തില്ലെന്ന സാജുപോളിന്റെ വിമര്‍ശത്തോട് പ്രതികരിച്ച പി കെ ബഷീര്‍ പൊല്ലാപ്പിലായി. കേന്ദ്രമന്ത്രി ഇ അഹമ്മദ് യോഗത്തില്‍ പങ്കെടുത്തുവെന്നായിരുന്നു ബഷീറിന്റെ ആശ്വാസം. അഖിലേന്ത്യാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനംചെയ്യുന്ന പാര്‍ടിയാണ് മുസ്ലിംലീഗ് എന്നായി സാജുപോള്‍ . ചീഫ് വിപ്പ് പി സി ജോര്‍ജ് ഒടുവില്‍ വാതുറന്നു. മാണിസാറിന് ഒരു വിലയുമില്ലേയെന്നായിരുന്നു ജോര്‍ജിന്റെ ചോദ്യം. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ നല്‍കിയപ്പോള്‍ മാണി ധനമന്ത്രിയായിരുന്നെങ്കിലും ക്രെഡിറ്റ് നായനാരുടെ പേരിലായത്രേ. ഇപ്പോഴിതാ കര്‍ഷക പെന്‍ഷന്‍ അനുവദിച്ചിരിക്കുന്നു. അത് ഉമ്മന്‍ചാണ്ടിയുടെ അക്കൗണ്ടിലും. ഒരുവര്‍ഷം ഉറങ്ങാതിരുന്നിട്ട് അടുത്ത രണ്ടുവര്‍ഷം സുഖമായി ഉറങ്ങിക്കോളൂവെന്ന് തിരുവഞ്ചൂരിന് ജോര്‍ജുവക ഉപദേശം.

നൂറുദിനപരിപാടിയുടെ അശാസ്ത്രീയതയിലേക്ക് വിരല്‍ചൂണ്ടിയ പ്രൊഫ. സി രവീന്ദ്രനാഥ് ഒരിക്കല്‍ക്കൂടി സഭയെ ക്ലാസ്റൂമാക്കി. "നിയോ കണ്‍സര്‍വേറ്റിസം" എന്ന വാക്കുകൂടി തന്റെ സംഭാവനയായി പിടിച്ചോളാനായി കെ എം മാണി പറഞ്ഞു. സാത്താന്‍ ദൈവത്തിന്റെ വേഷം ചമയുമെന്ന ചൊല്ല് പലപ്പോഴും അന്വര്‍ഥമാക്കുന്നതില്‍ വിരുതനാണ് കെ എം മാണി. സിപിഐ എം നവയാഥാസ്ഥിതികത്വത്തിന്റെ (നിയോ കണ്‍സര്‍വേറ്റിസം) പിടിയിലാണെന്നായിരുന്നു മാണിയുടെ കണ്ടെത്തല്‍ . ഏത് പുസ്തകത്തിലാണ് ഈ വാക്കുള്ളതെന്ന് തോമസ് ഐസക് ആരാഞ്ഞു. "ഓരോ വാക്കും ഓരോരുത്തര്‍ സംഭാവന ചെയ്യുന്നതാണ്. ഇത് കെ എം മാണിയുടെ വകയായി ഇന്നുമുതല്‍ ലോകത്ത് ഉണ്ടാകും" മാണിയുടെ മറുപടി. വളരെ ഭാവനയുള്ള മന്ത്രിയാണ് കുഞ്ഞാലിക്കുട്ടിയെന്നാണ് മാണിയുടെ അഭിപ്രായം. ഇല്ലെങ്കില്‍ "എമര്‍ജിങ് കേരള" എന്നൊക്കെ പറയുമായിരുന്നോ. ഉമ്മന്‍ചാണ്ടിയാകട്ടെ അതിലും കേമന്‍ . നിമിഷനേരംകൊണ്ട് എത്ര കുരുക്കഴിച്ചു. മാലപ്പടക്കംപോലെ വിസ്മയം സൃഷ്ടിക്കുകയല്ലേ. ആത്മസുഖത്തിന് മാണിക്ക് ഇനി എന്തുവേണം.

ടി എന്‍ പ്രതാപന്‍ , ഇ ചന്ദ്രശേഖരന്‍ , വി ടി ബലറാം, വി എം ഉമ്മര്‍ , പി സി വിഷ്ണുനാഥ്, എ കെ ശശീന്ദ്രന്‍ , ജി എസ് ജയലാല്‍ , സി മമ്മൂട്ടി, കെ ശിവദാസന്‍നായര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പാമൊലിന്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനെക്കുറിച്ച് സഭ നിര്‍ത്തി ചര്‍ച്ചചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി എസ് സുനില്‍കുമാറാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. വാളകം സ്കൂളിലെ അധ്യാപകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും സഭയുടെ ശ്രദ്ധയില്‍ വന്നു. മന്ത്രി ഗണേഷ്കുമാറിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് വിഷയം ഉന്നയിച്ച പി അയിഷാപോറ്റി ആവശ്യപ്പെട്ടു.

കെ ശ്രീകണ്ഠന്‍ deshabhimani 300911

1 comment:

  1. നൂറുദിന നേട്ടങ്ങളില്‍പ്പെടുത്താന്‍ ചില നിര്‍ദേശങ്ങള്‍ സാജുപോള്‍ മുന്നോട്ടുവച്ചു. അംഗോളക്കാരി ലൈല ലോപ്സിന് ലോകസുന്ദരിപ്പട്ടം. പന്ത്രണ്ടിനം തവളകളെ കണ്ടെത്തി. മോഹന്‍ലാല്‍ മുന്നൂറ് സിനിമ തികച്ചു. "ആദാമിന്റെ മകന്‍ അബു"വിന് ഓസ്കര്‍ എന്‍ട്രി... ഇങ്ങനെ പോയാല്‍ ലോകത്ത് സംഭവിക്കാനിരിക്കുന്നതിനും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവകാശിയാകുമെന്ന് സാജുപോളിന് തീര്‍ച്ച. റവന്യൂ, നികുതി വകുപ്പുകളുടെ ധനാഭ്യര്‍ഥനചര്‍ച്ച തുടങ്ങിയ സാജുപോള്‍ നര്‍മംപൊതിഞ്ഞ കൂരമ്പുകളാണ് സമ്മാനിച്ചത്. ധനമന്ത്രി കെ എം മാണിയില്‍നിന്ന് "മണിയും മമതയും" പ്രതീക്ഷിക്കരുതെന്നാണ് സാജുപോളിന്റെ പക്ഷം. തോമസ് ഐസക്കിന്റെ ഒരു ബജറ്റിനൊപ്പമെത്താന്‍ മാണിയുടെ പത്തെണ്ണം വേണ്ടിവരും. മുഖ്യമന്ത്രിയുടെ ഓഫീസ് തുറന്നുവച്ചത് സര്‍ക്കാരിന്റെ നേട്ടമായി കൂട്ടാന്‍ അതങ്ങ് ഉഗാണ്ടയിലാണോ എന്നായി സാജുപോള്‍ . പത്മനാഭസ്വാമി ക്ഷേത്രം സംരക്ഷിക്കുമെന്ന വാഗ്ദാനം കണ്ടപ്പോള്‍ "പിന്നെ ഇടിച്ചുനിരത്തുമോ" എന്ന് സാജു ആരാഞ്ഞു.

    ReplyDelete