Sunday, September 25, 2011

എല്ലാമറിഞ്ഞ് ഒന്നുമറിയാതെ ഉമ്മന്‍ചാണ്ടി

നീതിപീഠത്തിനെതിരെ ആളെയിറക്കിവിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒന്നുമറിയാത്ത ഭാവത്തില്‍ നില്‍ക്കുന്നു. പാമൊലിന്‍ കേസില്‍ തുടരന്വേഷണ ഉത്തരവു വന്നശേഷം അന്വേഷണം തടയാന്‍ തുടര്‍ച്ചയായ നീക്കമുണ്ടായി. ജഡ്ജിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് നല്‍കിയ പരാതി അതിലൊന്നായിരുന്നു. അപ്പോഴെല്ലാം താനൊന്നും അറിഞ്ഞില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞുകൊണ്ടിരുന്നു. നിയമത്തെ ബഹുമാനിക്കുന്നതായും അപ്പീലിനില്ലെന്നും ആവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി അന്വേഷണം തടയാന്‍ അണിയറയില്‍ ചരടുവലിച്ചു. തുടരന്വേഷണത്തിനെതിരെ അഞ്ചാം പ്രതി ജിജി തോംസണ്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍ എത്തിയപ്പോഴും ഒന്നും അറിയില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. സംസ്ഥാനത്തിന്റെ നിയമചരിത്രത്തിലാദ്യമായി വ്യക്തിപരമായ അധിക്ഷേപത്തെ തുടര്‍ന്ന് ഒരു ജഡ്ജി കേസ് നടത്തിപ്പില്‍ നിന്ന് പിന്മാറിയപ്പോഴും ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഇതുതന്നെ.

ജഡ്ജി പിന്മാറിയതുകൊണ്ട് നിയമത്തിന്റെ പിടിയില്‍നിന്ന് ഉമ്മന്‍ചാണ്ടിക്കു രക്ഷപ്പെടാനാകില്ലെന്ന് പാമൊലിന്‍ കേസ് രേഖകള്‍ വ്യക്തമാക്കുന്നു. കുറ്റം ഭക്ഷ്യവകുപ്പിന്റെ തലയില്‍ കെട്ടിവച്ച് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് മാറ്റിവച്ച് പുതിയ ഒരെണ്ണം കോടതിയില്‍ സമര്‍പ്പിച്ചത്. ആ നീക്കം തടഞ്ഞ് കൂടുതല്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. പാമൊലിന്‍ ഇറക്കുമതിവിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നത്, സേവനനികുതി എന്ന പേരില്‍ കമീഷന്‍ വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചത്, ഒന്നരമാസം ഫയല്‍ ധനമന്ത്രിയുടെ ഓഫീസില്‍ സൂക്ഷിച്ചത്, ആഗോള ടെന്‍ഡര്‍ എന്ന വ്യവസ്ഥ ലംഘിച്ച് സാധാരണ ടെന്‍ഡര്‍ പോലുമില്ലാതെ അനുമതി നല്‍കിയത് തുടങ്ങി ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്ന കുരുക്കുകള്‍ ഏറെ. ജിജി തോംസണെ 1988ലെ അഴിമതിനിരോധന നിയമം അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ കത്ത് പിന്‍വലിക്കാന്‍ അധികാരത്തില്‍ വന്ന് 22-ാം ദിവസം ഉത്തരവിട്ടതും അദ്ദേഹത്തെ ഹൈക്കോടതിയിലേക്ക് അയച്ചതും പാമൊലിന്‍ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമോപദേശം നല്‍കിയ ആളെ വിജിലന്‍സ് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തിക സൃഷ്ടിച്ച് അവരോധിച്ചതും പി സി ജോര്‍ജിനെ കയറൂരിവിട്ടതുമെല്ലാം ഏതുവിധേനയും രക്ഷപ്പെടാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണ്.

ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി തന്നെ പ്രതിയാക്കിയത് അനീതിയാണെന്നും പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ രണ്ടാംപ്രതി ടി എച്ച് മുസ്തഫ ഫെബ്രുവരി ആദ്യം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. തുടര്‍ന്ന്, കൂടുതല്‍ അന്വേഷണത്തിന് കോടതി ഉത്തരവ് വന്നു. ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിപദം നഷ്ടമാകുമെന്ന് ഉറപ്പായപ്പോള്‍ കേസ് തകിടം മറിക്കാന്‍ സര്‍വായുധങ്ങളും പ്രയോഗിച്ചു. വിജിലന്‍സ് ഡയറക്ടര്‍ വ്യാജരേഖ സൃഷ്ടിച്ചു, ജോര്‍ജ് വിജിലന്‍സ് ജഡ്ജിക്കെതിരെ പരാതികളയച്ചു, ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. ജോര്‍ജ് നാടുനീളെ നടന്ന് ജഡ്ജിയെ അധിക്ഷേപിച്ചു. ഉമ്മന്‍ചാണ്ടിയെ കണ്ടശേഷമാണ് ജോര്‍ജ് രാഷ്ട്രപതിക്കും മറ്റും പരാതി അയച്ചത്. ജിജി തോംസണ്‍ ഹൈക്കോടതിയില്‍ എത്തിയത് മൂന്നു വട്ടം ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയാണ്. കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയെങ്കിലും ജഡ്ജിയെ വെറുതെ വിടില്ലെന്ന് ജോര്‍ജ് ശനിയാഴ്ച പ്രഖ്യാപിച്ചു. ജോര്‍ജിന്റെ വായടപ്പിക്കണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആവശ്യപ്പെട്ടെങ്കിലും ഉമ്മന്‍ചാണ്ടിക്ക് കുലുക്കമില്ല. ജോര്‍ജിന്റെ പരാതി വ്യക്തിപരമാണെന്നും നിയമം അനുസരിക്കുമെന്നും പറയുന്ന ഉമ്മന്‍ചാണ്ടി ജഡ്ജിക്കെതിരെ താന്‍ വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്ന് നല്ലപിള്ള ചമയുന്നു.
(കെ എം മോഹന്‍ദാസ്)

കേസ് വഴിത്തിരിവില്‍ : പിടിവീഴുമെന്നായപ്പോള്‍ ഭീഷണി, സമ്മര്‍ദം

"അഴിമതിയുടെ വിപത്ത് നിയമപരമായ സാങ്കേതികയുടെ പരവതാനികള്‍ക്കിടയില്‍ ഒളിക്കപ്പെടേണ്ടതല്ല"- പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ 2005ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സുപ്രീംകോടതി പ്രകടിപ്പിച്ച വികാരമാണിത്. അന്ന് സാക്ഷിപ്പട്ടികയില്‍ 23-ാം സ്ഥാനത്തായിരുന്നു ഉമ്മന്‍ചാണ്ടി. സാക്ഷിക്കൂട്ടില്‍നിന്ന് അദ്ദേഹം പ്രതിക്കൂട്ടിലേക്കാകുമോയെന്നാണ് കേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. പിടിവീഴുംമുമ്പ് എങ്ങനെയും തലയൂരുകയാണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. ആളെയിറക്കി ജഡ്ജിയെ ആക്രമിക്കുക, നിയമവാഴ്ചയെ വെല്ലുവിളിക്കുക... ഇതൊക്കെയാണ് കോടതിയെ വരുതിയിലാക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്ത വഴി. ഇതോടെ കേസ് പുതിയ വഴിത്തിരിവിലായി.

ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ ആദ്യം ആവശ്യപ്പെട്ടത് വിജിലന്‍സ് തന്നെയാണ്. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം വിജിലന്‍സ് മലക്കംമറിഞ്ഞു. യുഡിഎഫിന് ഭൂരിപക്ഷം കിട്ടുമെന്ന് വന്നപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി തട്ടിക്കൂട്ട് റിപ്പോര്‍ട്ട് നല്‍കി. അത് തള്ളി വീണ്ടും അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി സ്വരം മാറ്റി. ജഡ്ജിയെയും കോടതിയെയും ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുക എന്നതായി പുതിയ നീക്കം. അതിന് ആയുധമാക്കിയത് ചീഫ് വിപ്പിനെയും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയ്ക്കൊടുവിലാണ് പി സി ജോര്‍ജ് വിജിലന്‍സ് ജഡ്ജിയെ അധിക്ഷേപിച്ച് രംഗത്തുവന്നത്. തുടരന്വേഷണത്തിന് ഉത്തരവിടുംമുമ്പും അതിനുശേഷവും ഉമ്മന്‍ചാണ്ടിയും ജോര്‍ജും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ജഡ്ജിയെ പരമാവധി അധിക്ഷേപിച്ച് കേസില്‍നിന്നു പിന്മാറ്റുകയെന്നതാണ് ഇരുവരും മെനഞ്ഞ തന്ത്രം.

സംസ്ഥാനത്തുടനീളം വാര്‍ത്താസമ്മേളനം നടത്തി ജോര്‍ജ് ജഡ്ജിയെ ചീത്തവിളിച്ചു. അവര്‍ ലക്ഷ്യം നേടി എന്നു വേണം കരുതാന്‍ . ജഡ്ജിയുടെ പിന്മാറ്റം അതാണ് തെളിയിക്കുന്നത്. ഇനി കേസ് ഏതുവഴിക്ക് പോകുമെന്നത് നിയമവൃത്തങ്ങള്‍ ഉറ്റുനോക്കുകയാണ്. തുടരന്വേഷണ റിപ്പോര്‍ട്ട് എന്തായിരിക്കുമെന്നതാണ് അടുത്ത ചോദ്യം. ആദ്യ റിപ്പോര്‍ട്ട് ആവര്‍ത്തിച്ചാല്‍ വിജിലന്‍സ് അന്വേഷണത്തിന്റെ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടും. പാമൊലിന്‍ കേസില്‍ മാത്രമല്ല, ഒരു കേസിലും ശക്തമായ നിലപാട് എടുക്കാന്‍ വിജിലന്‍സിന് ധാര്‍മികതയില്ലെന്ന നിലവരും. പാമൊലിന്‍ കേസിലെ പ്രതികളായ മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യുതുടങ്ങിയവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജികളില്‍നിന്ന് വിജിലന്‍സ് കോടതി പിന്‍വാങ്ങിയിരിക്കയാണ്.
(കെ ശ്രീകണ്ഠന്‍)

ജോര്‍ജിന്റെ പരാതി ജില്ലാ ജഡ്ജി തിരിച്ചയച്ചു

കോട്ടയം: പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ജഡ്ജി പി കെ ഹനീഫക്കെതിരെ സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് തിരുവനന്തപുരം ജില്ലാ ജഡ്ജിക്ക് അയച്ച പരാതി തിരിച്ചയച്ചു. പരാതി അയക്കേണ്ടത് ജില്ലാ ജഡ്ജിക്കല്ലെന്ന മറുപടിയോടെയാണ് മടക്കിയത്. വിജിലന്‍സ് കോടതിയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിക്ക് ആവശ്യമെങ്കില്‍ പരാതി അയക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും അയച്ച പരാതികളില്‍ ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. എല്ലാ നിയമവശവും പരിശോധിച്ചാണ് പരാതി അയച്ചതെന്നായിരുന്നു ജോര്‍ജിന്റെ അവകാശവാദം. കത്തയച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ വിടുവായത്തങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും പൊള്ളത്തരമാണ് ഇപ്പോള്‍ പുറത്താകുന്നത്. പരാതി അയച്ച് ഏഴു ദിവസത്തിനുള്ളില്‍ പ്രസിഡന്റും മറ്റുള്ളവരും നടപടി എടുത്തില്ലെങ്കില്‍ മറ്റു കാര്യങ്ങളിലേക്ക് കടക്കുമെന്ന് ചാനല്‍ ചര്‍ച്ചകളില്‍ ജോര്‍ജിന്റെ ഭീഷണിയുണ്ടായിരുന്നു.

deshabhimani 250911

1 comment:

  1. നീതിപീഠത്തിനെതിരെ ആളെയിറക്കിവിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒന്നുമറിയാത്ത ഭാവത്തില്‍ നില്‍ക്കുന്നു. പാമൊലിന്‍ കേസില്‍ തുടരന്വേഷണ ഉത്തരവു വന്നശേഷം അന്വേഷണം തടയാന്‍ തുടര്‍ച്ചയായ നീക്കമുണ്ടായി. ജഡ്ജിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് നല്‍കിയ പരാതി അതിലൊന്നായിരുന്നു. അപ്പോഴെല്ലാം താനൊന്നും അറിഞ്ഞില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞുകൊണ്ടിരുന്നു. നിയമത്തെ ബഹുമാനിക്കുന്നതായും അപ്പീലിനില്ലെന്നും ആവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി അന്വേഷണം തടയാന്‍ അണിയറയില്‍ ചരടുവലിച്ചു. തുടരന്വേഷണത്തിനെതിരെ അഞ്ചാം പ്രതി ജിജി തോംസണ്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍ എത്തിയപ്പോഴും ഒന്നും അറിയില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. സംസ്ഥാനത്തിന്റെ നിയമചരിത്രത്തിലാദ്യമായി വ്യക്തിപരമായ അധിക്ഷേപത്തെ തുടര്‍ന്ന് ഒരു ജഡ്ജി കേസ് നടത്തിപ്പില്‍ നിന്ന് പിന്മാറിയപ്പോഴും ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഇതുതന്നെ.

    ReplyDelete